മണ്ഡരി
തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് മണ്ഡരി. കേരളത്തിലെ ഒരു അധിനിവേശ ഇനമാണ് മണ്ഡരി. ആർത്രോപോട ഫൈലത്തിലെ അരക്കിനിട എന്ന എട്ടുകാലുള്ള ജീവി വിഭാഗത്തിൽ പെട്ട മൈറ്റുകൾ (Mites) ആണ് ഇവ. അരമില്ലീമീറ്ററിലും താഴെ മാത്രം ആണ് വലിപ്പം. ഈ സൂക്ഷമ ജീവിയ്ക്ക് ആമയുടെ ആകൃതിയാണുള്ളത്. ഇതിന്റെ ശരീരം നിറയെ രോമങ്ങളും കൂടാതെ നാല് ജോടി കാലുകളുമുണ്ട്. ഇതിന് പറക്കാനോ വേഗത്തിൽ സഞ്ചരിക്കാനോ ഉള്ള കഴിവില്ല. എന്നാൽ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകതക. ഒറ്റ കോളനിയിൽ ആയിരത്തിലേറേ ജീവികളുണ്ടാവും. ഇതിന്റെ ജീവിത ചക്രം 12 മുതൽ 14 ദിവസം വരെയാണ്. 1998 ലാണ് ഈ കീടം കേരളത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.[1]മെക്‌സിക്കൻ സ്വദേശിയായ ഈ കീടം ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ തെങ്ങ് കർഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയിൽ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.[2]
മണ്ഡരി Aceria guerreronis | |
---|---|
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Arachnida |
Subclass: | Acari |
Order: | Prostigmata |
Family: | Eriophyidae |
Genus: | |
Species: | A. guerreronis |
Binomial name | |
Aceria guerreronis Keifer, 1965 | |
കീടബാധാ ലക്ഷണം
ഏകദേശം 30-45 ദിവസം പ്രായമായ മച്ചിങ്ങകളിലാണ് മണ്ഡരിയുടെ ഉപദ്രവം കൂടുടലായിട്ടുണ്ടാവുക. മച്ചിങ്ങയുടെ മോടിനുള്ളിലെ മൃദു കോശങ്ങളിൽ നിന്നും ഇവ കൂട്ടം കൂട്ടമായി നീരൂറ്റിക്കുടിയ്ക്കുന്നു. തൽഫലമായി മച്ചിങ്ങ വിളഞ്ഞ് വരുമ്പോൾ ചുരുങ്ങി ഇളം തവിട്ടുനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. മച്ചിങ്ങ രണ്ട് മാസം പ്രായമാകുമ്പോള് ഈ പാടുകൾ വിള്ളലോടു കൂടിയ കരിച്ചിലായി മാറുന്നു. തന്മൂലം കരിക്കും നാളികേരവും വികൃതരൂപമാകുന്നതിനുപുറമേ നാളികേരത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു. തൊണ്ടിന്റെ കനം, ചകിരിനാരുകളുടെ തോത് എന്നിവയിലും ഈ കുറവുകൾ കാണാം. ചകിരി കട്ടപിടിയ്ക്കുന്നതിനാൽ നാളികേരം പൊതിയ്ക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വായുവിലൂടെ പെട്ടെന്ന് വ്യാപിക്കുന്നതാണ് മണ്ഡരിയുടെ അടിസ്ഥാനസ്വഭാവം എന്നതിനാൽ ഇതിന്റെ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്.
അവലംബം
- ഇന്ത്യൻ നാളികേര ജേണൽ (ലക്കം 36)
- http://www.mathrubhumi.com/static/others/special/php/print.php?id=42009