ബുധനൂർ

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ഒരു പഞ്ചായത്താണ് ബുധനൂർ. ഇംഗ്ലീഷ്: Budhanoor. വളരെയധികം ചരിത്രങ്ങൾ ഉള്ള നാടാണിത്. ബുദ്ധന്മാരുടെ ഊര് എന്നത് ചുരുങ്ങിയാണ് ബുധനൂർ എന്നായത്. സമ്പന്നമായ ദ്രാവിഡ സംസ്കാരത്തെ അനുസ്മരിപ്പിക്കുന്ന ആചാരങ്ങൾ ഈ നാട്ടിൽ ഇപ്പോഴുമുണ്ട്. കാര്ഷികമേഖല സമൃദ്ധം ആയിരുന്നതിനാൽ മെച്ചപ്പെട്ട ഒരു സംപത്ഘടനയായിരുന്ന്നു ഉണ്ടായിരുന്നത്. പാട്ടക്കാരുടെ കൃഷിഭൂമിയിൽമേലുള്ള അകാശവും കുടികിടപ്പുകാരുടെ കുടികിടപ്പും സംരക്ഷിക്കുന്നതിനുള്ള സമരങ്ങളോടൊപ്പം തന്നെ സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും ഈ പ്രദേശത്ത് നിരവധി നടത്തിയിട്ടുണ്ട്. കരംതീരുവ വോട്ടവകാശം അവസാനിപ്പിച്ച് പ്രായപൂർത്തി വോട്ടവകാശത്തിന് വേണ്ടി എണ്ണയ്ക്കാട്ടു നടന്ന സമരം ഒരു ചരിത്ര സംഭവമാണ്. വില്ലേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്ന ഹാളിനു മുമ്പിൽ പ്ളക്കാർഡുമേന്തി നടന്ന സമരമാണ് ജനാധിപത്യ അവകാശത്തിനു വേണ്ടി ആദ്യമായി ഉണ്ടായ പോരാട്ടം.

ഭൂമിശാസ്ത്രം

കേരളത്തിലെ തീര സമതലത്തിന്റെ ഏറ്റവും കിഴക്കൻ മേഖലയിൽപ്പെടുന്ന ഒരു പഞ്ചായത്താണ് ബുധനൂർ. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി കിടക്കുന്നു. തെക്കും പടിഞ്ഞാറും അച്ചൻകോവിലാറും അതിന്റെ കൈവഴിയും വടക്ക് പാണ്ടനാട് പഞ്ചായത്തും കിഴക്ക് പുലിയൂർ പഞ്ചായത്തും അതിരുകളാണ്. കിഴക്ക് ചെങ്ങന്നൂരും തെക്കുപടിഞ്ഞാറായി മാവേലിക്കരയുമാണ് അടുത്തുള്ള പ്രധാന നഗരങ്ങൾ. 

കൃഷി

മദ്ധ്യതിരുവിതാംകൂറിന്റെ നെല്ലറയെന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്നതാണ് ഈ കൊച്ചു ഗ്രാമം. സുലഭമായ ജലലഭ്യതയും എക്കൽ അടിഞ്ഞുള്ള ഫലഭൂയിഷ്ഠമായ മണ്ണും കൃഷിയ്ക്കനുയോജ്യമാണ്. പഞ്ചായത്തിന്റെ തെക്കുകൂടി ഒഴുകിപ്പോകുന്ന അച്ചൻകോവിലാറും പടിഞ്ഞാറുകൂടി ഒഴുകിപ്പോകുന്ന അച്ചൻകോവിലാറിന്റെ കൈവഴിയും, വടക്കു ഭാഗത്തുകൂടി ഒഴുകിപ്പോകുന്ന ഇല്ലിമല മൂഴിക്കൽ തോടുമാണ് പ്രധാനപ്പെട്ട ജലസ്രോതസ്സുകൾ.

വ്യവസായം

ഇവിടുത്തെ പ്രധാന വ്യവസായം ഇഷ്ടിക നിർമ്മാണം ആണ്.നൂറ്റാണ്ടുകളുടെ പഴക്കം ഈ വ്യവസായത്തിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഗതാഗതം

ചെങ്ങുന്നൂർ മാന്നാർ റോഡും, ഹരിപ്പാട് ഇലഞ്ഞിമേൽ റോഡുമാണ് പ്രധാനപ്പെട്ട ഗതാഗത മാർഗ്ഗങ്ങൾ. അച്ചൻകോവിലാറിന്റെ കുറുകെയുള്ള ഇട്ടനാർകടവു പാലവും കുട്ടമ്പേരൂർകടവു പാലവും കോടൻചിറയിലും ഇല്ലിമലത്തോട്ടിലുമുള്ള ചെറിയ പാലങ്ങളാണ് മറ്റു പഞ്ചായത്തുകളുമായി ബന്ധപ്പെടുവാൻ സഹായിക്കുന്നത്. ചെങ്ങന്നൂർ മാന്നാർ റോഡിലാണ് പ്രധാനമായും ബസ്സ് സർവ്വീസ് ഉള്ളത്.

വിദ്യാഭ്യാസം

ബുധനൂരിൽ വിദ്യാഭ്യാസത്തിന്റെ പ്രാരംഭദിശ കുറിക്കുന്നതിൽ ആദ്യമായി രംഗത്തുവരികയും അതിനുവേണ്ടി ഒരു സ്ക്കൂൾ നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം സംഭാവന ചെയ്തതും ചെറുതിട്ടയിൽ പരമേശ്വരൻ വല്ല്യത്താനാണ്. ആയതിനാൽ അദ്ദേഹത്തെ ബുധനൂരിലെ ആദ്യ സാമൂഹിക പരിഷ്ക്കർത്താവ് എന്നു വിശേഷിപ്പിക്കുന്നു. 1905-ൽ ആണ് ബുധനൂർ ഗവ.ഹൈസ്ക്കൂൾ GHSS Budhanoor ആരംഭിച്ചത്. തുടർന്ന് ഇതൊരു യു.പി.സ്ക്കൂൾ ആയി ഉയർത്തി. 1964-ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. പഞ്ചായത്തിലുള്ള നിരവധി പ്രശസ്തരായ ആളുകളെ സംഭാവന ചെയ്ത പഞ്ചായത്തിലെ ഹൈസ്ക്കൂളാണിത്.

ആരാധനാലയങ്ങൾ

  • കുന്നത്തൂർ കുളങ്ങര ദേവി ക്ഷേത്രം Kunnathoor Kulangara Devi Kshethram.

ദുർഗ ദേവിയാണ് ബുധനൂർ കുന്നത്തൂർ കുളങ്ങര ക്ഷേത്രത്തിലെ ആരാധനാമൂർത്തി. ക്ഷേത്രത്തിലെ പത്താമുദയത്തിന് നടക്കുന്ന പള്ളിവിളക്ക് പ്രസിദ്ധമാണ്. 50 മീറ്ററോളം ഉയരം വരുന്ന രണ്ടു വിളക്കിലുമായി ലക്ഷം ദീപങ്ങൾ തെളിയിക്കുന്ന ഈ കാഴ്ച കേരളത്തിൽ അപൂർവ്വമാണ്. ഈ പ്രദേശത്തെ സാംസ്ക്കാരിക ഉയർച്ചയുടേയും, വാസ്തുകലയുടെയും പ്രതീകമാണ് ഈ ദീപക്കാഴ്ച്ച .

  • സെന്റ് ഏലിയാസ് പള്ളി St. Elias Orthodox Church

ഏലിയ പ്രവാചകന്റെ നാമത്തിൽ ഉള്ളതാണ് ഈ പള്ളി. ഫെബ്രുവരി മാസത്തിലാണ് പെരുന്നാൾ. ‌‌__സൂചിക__

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.