ബാലപീഡനം

കുട്ടികളെ ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ ഉപദ്രവിക്കുന്നതിനെയോ അവഗണിക്കുന്നതിനെയോ ബാലപീഡനം അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് എന്നു പറയാം[1]. ബാലപീഡനം കുട്ടിയുടെ വീട്ടിൽ വച്ചോ, കുട്ടി ഇടപെടുന്ന സ്കൂൾ, മദ്രസ, കളിസ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിൽ വച്ചോ നടക്കാം. കുട്ടികളെ തല്ലുന്നതും, ചീത്ത പറയുന്നതും യഥാക്രമം ശാരീരിക-മാനസിക പീഡനത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമാണ്. ബാലവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ബാലപീഡനമായി കണക്കാക്കപ്പെടുന്നു. അവഗണന, ശാരീരിക പീഡനം, മാനസിക പീഡനം, ലൈംഗിക പീഡനം എന്നിങ്ങനെ ബാലപീഡനം പ്രധാനമായും നാലു തരത്തിൽ ഉണ്ട്. അമേരിക്കയിൽ നടത്തിയ ഒരു പഠന പ്രകാരം ഇവയുടെ തോത് യഥാക്രമം 78.3%, 17.6%, 8.1%, 9.2% എന്നിങ്ങനെയാണ്. [2].

A girl who was burned during religious violence in Orissa, India.

അവഗണന

കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിൽ ആഹാരം, വസ്ത്രം, പാർപ്പിടം, ആരോഗ്യ രക്ഷ, മേൽനോട്ടം എന്നിവ നൽകാതിരിക്കലാണ് അവഗണന. ലക്ഷണങ്ങൾ - കുട്ടി കൃത്യമായി സ്കൂളിൽ പോകാതിരിക്കൽ, ആഹാരമോ പണമോ യാചിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക, ആവശ്യമുള്ള ആരോഗ്യപരിചരണം കിട്ടാതിരിക്കുക, ആവശ്യത്തിനു വസ്ത്രങ്ങളോ പഠന സാമഗ്രികളോ ഇല്ലാതിരിക്കുക എന്നിവയാണ്.

അവഗണിക്കപ്പെടുന്ന കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ച താമസത്തിലാവുന്നു.

ശാരീരിക പീഡനം

കുട്ടിയ്ക്ക് ശാരീരികക്ഷതമുണ്ടാക്കുന്ന പ്രവൃത്തികൾ മനപ്പൂർ‌വം ചെയ്യുന്നതാണ് ശാരീരിക പീഡനം. അടിക്കുക, പൊള്ളലേല്പിക്കുക എന്നിവ ശാരീരിക പീഡനങ്ങളാണ്.

ലൈംഗിക പീഡനം

മുതിർന്നവർ ലൈംഗിക ചൂഷണത്തിനായി കുട്ടിയെ ഉപയോഗിക്കുന്നതാണു ലൈംഗിക പീഡനം. ലൈംഗികവൃത്തികൾക്കായി നിർബന്ധിക്കുക, കുട്ടിയെ വിവാഹം ചെയ്തു ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ബലാത്സംഗം ചെയ്യുക, ലൈംഗികാവയവങ്ങൾ കുട്ടിയുടെ മുന്നിൽ പ്രദർശിപ്പിക്കുക, കുട്ടിയെ പോർണോഗ്രഫി കാണിക്കുക, കുട്ടിയുമായി ലൈംഗികബന്ധം നടത്തുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ തൊടുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ നോക്കുക, ചൈൽഡ് പോർണോഗ്രഫി നിർമ്മിക്കുക, അവ പ്രചരിപ്പിക്കുക എന്നിവ കുട്ടിയോടു ചെയ്യുന്ന ലൈംഗിക പീഡനങ്ങളാണ്. സമപ്രായക്കാർ തമ്മിൽ പ്രായത്തിന്റേതായ കൗതുകങ്ങൾ പങ്കുവെക്കുന്നത് ചൂഷണത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക അതിക്രമങ്ങൾ കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകാം. ചെറുപ്രായത്തിലെ ഗർഭധാരണവും പ്രസവവും അമ്മയുടേയും, കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം അല്ലെങ്കിൽ മരണ കാരണമായേക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കണക്കനുസരിച്ച് 15% മുതൽ 25% വരെ സ്ത്രീകളും 5% മുതൽ 15% വരെ പുരുഷന്മാരും കുട്ടികളായിരിക്കെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പീഡകരും കുട്ടികൾക്ക് പരിചയമുള്ളവരാണ്. പീഡോഫിലിയ (pedophilia) എന്ന മാനസികാവസ്ഥ ഉള്ളവരാണിക്കൂട്ടർ. പീഡകരിൽ 30% ബന്ധുക്കളും, 60% സുഹൃത്തുക്കൾ, ആയമാർ, അയൽക്കാർ എന്നിവരും, 10% അപരിചിതരും ആണ്. മൂന്നിലൊന്നു കേസുകളിലും, പീഡകനും പ്രായപൂർത്തി ആവാത്തവരാണ്. പ്രായത്തിനനുസരിച്ചു ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നൽകുന്നതും, നല്ലതും ചീത്തയുമായ സ്പർശനങ്ങളെ തിരിച്ചറിയാൻ പഠിപ്പിക്കുന്നതും ഒരു പരിധിവരെ ലൈംഗിക ചൂഷണം തടയാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനം പോക്സോ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. കുട്ടികൾക്ക് ലൈംഗികബന്ധത്തിന് ആവശ്യമായ ഉഭയസമ്മതം (consent) നൽകാനാവില്ലെന്നും, നൽകിയാൽ തന്നെ അത് മൂല്യവത്തല്ലെന്നും വിലയിരുത്തപ്പെടുന്നു. ഇതുപ്രകാരം പ്രായപൂർത്തി ആകാത്തവരുമായുള്ള ലൈംഗികബന്ധം ബാലപീഡനത്തിന്റെ വകുപ്പിൽ ഉൾപ്പെടുന്നതാണ്.

ഇതും കാണുക

അവലംബങ്ങൾ

  1. "www.thefreedictionary.com ബാലപീഡനം എന്ന പദത്തിനു നല്കിയിട്ടുള്ള അർത്ഥം". ശേഖരിച്ചത്: 15 September 2010.
  2. "ശിശുപീഡനം 2010: കണ്ടെത്തലുകളുടെ രത്നച്ചുരുക്കം" (PDF). Children’s Bureau, Child Welfare Information Gateway, Protecting Children Strengthening Families. ശേഖരിച്ചത്: May 2012. Check date values in: |accessdate= (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.