ബഡ്ജറെഗാർ

വളർത്തുപക്ഷിയായി പ്രചാരത്തിൽ കാണപ്പെടുന്ന നീണ്ട വാലുള്ള ഒരിനം ചെറിയ ഓസ്ട്രേലിയൻ തത്തയാണു് ബഡ്ജറെഗാർ (budgerigar) (Melopsittacus undulatus) /ˈbʌdʒərᵻɡɑːr/.

ധാന്യവിത്തുകളാണു് ഇത്തരം ചെറുതത്തകളുടെ പ്രധാന ഭക്ഷണം. മെലോപ്സിറ്റാക്കസ് ജനുസ്സിൽ പെട്ട ഓസ്ട്രേലിയയിലെ ഏക ഇനമാണു് ബഡ്ജി എന്നു കൂടി വിളിപ്പേരുള്ള ഈയിനം തത്തകൾ. മരുഭൂമിയുടെസ്വഭാവമുള്ള കഠിനമായ ഓസ്ട്രേലിയൻ പരിസ്ഥിതികളിൽ അരക്കോടി വർഷങ്ങളായി ഇവ നിലനിന്നുപോന്നിട്ടുണ്ടു്. പ്രകൃത്യാ ഇവയുടെ ഉടലിനു് പച്ചയും മഞ്ഞയും കലർന്ന നിറമാണ്. പിൻകഴുത്തും പിറകുവശവും ചിറകുകളും ഇരുണ്ട ചുഴിയടങ്ങൾ കാണാം. എന്നാൽ കൂട്ടിൽ വളർത്തുന്നവയ്ക്ക് നീല, വെളുപ്പ്, മഞ്ഞ, നരച്ച നിറങ്ങൾ എന്നിവയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടു്. തീരെച്ചെറിയ വലിപ്പം, ചെലവുകുറഞ്ഞ പരിപാലനം, മനുഷ്യശബ്ദത്തെ അനുകരിക്കാനുള്ള കഴിവ് എന്നീ മെച്ചങ്ങളുള്ളതിനാൽ ഇവ ലോകമെമ്പാടും ജനപ്രിയമായ വളർത്തുപക്ഷികളാണു്. 1805-ൽ ആദ്യമായി രേഖപ്പെടുത്തിയ ഈയിനം തത്തകൾ ഇപ്പോൾ നായ്ക്കളും പൂച്ചകളും കഴിഞ്ഞാൽ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള ഓമനമൃഗങ്ങളാണു്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.