പുല

ഒരു വ്യക്തിയുടെ മരണത്തെത്തുടർന്ന് ബന്ധുക്കളെ ബാധിക്കുന്നതായി കരുതപ്പെടുന്ന അശുദ്ധി. ശിശുജനനത്തെത്തുടർന്നും ഇപ്രകാരം അശുദ്ധി കല്പിക്കപ്പെടുന്നു. പരേതവ്യക്തിയുടെ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കുക എന്നത് മുഖ്യമായ ഒരു ഹൈന്ദവാചാരമാണ്. മിക്ക സമുദായക്കാർക്കിടയിലും പുലയുടെ ആചരണം നിലവിലുണ്ട്. പുലക്കാലത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതും മംഗളകരമായ കർമങ്ങൾ ചെയ്യുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും നിഷിദ്ധമായി കരുതപ്പെടുന്നു. മരണം സംഭവിച്ചാൽ ഉണ്ടാകുന്ന പുലയുടെ കാലാവധി പല സമുദായക്കാർക്കും പല കണക്കിലാണ്. ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും വൈശ്യന് പന്ത്രണ്ടും ശൂദ്രന് പതിനഞ്ചും ദിവസങ്ങൾ ആണ് പുല. ഈ കാലയളവിന്റെ അന്ത്യത്തിൽ പുല മാറാൻ ശുദ്ധികർമങ്ങൾ നടത്തിപ്പോരുന്നു. ഒരു സ്ത്രീ പ്രസവിച്ചാൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് മറ്റുള്ളവർ കല്പിക്കുന്ന അശുദ്ധിയെ വാലായ്മ എന്നും പെറ്റപുല എന്നും പറയുന്നു. 'ചത്താലും പെറ്റാലും പുല' എന്നു പൊതുവെ പറയാറുണ്ട്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.