തെർമോപ്ലാസ്റ്റിക്
ചൂട് തട്ടിയാൽ മൃദുവാകുകയും തണുപ്പിച്ചാൽ ഉറച്ചു കട്ടിയാകുന്നതുമായ പോളിമറുകളാണ് തെർമോപ്ലാസ്റ്റിക്കുകൾ എത്ര തവണ വേണമെങ്കിലും ഈ പ്രക്രിയ പുനരാവർത്തിക്കാം. താപവും മർദ്ദവുമുപയോഗിച്ചാണ് ഉരുപ്പടികൾക്ക് രൂപം കൊടുക്കുന്നത്. തെർമോപ്ലാസ്റ്റിക്കുകൾ, ക്രിസ്റ്റലൈനോ, അമോർഫസോ, സെമിക്രിസ്റ്റലൈനോ ആവാം. ചൂടാക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുമ്പോൾ രാസപരിണാമങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല.
Disambiguation
ചരിത്രം
സെല്ലുലോസ് നൈട്രേറ്റും കർപ്പൂരവും സംയോജിപ്പിച്ച് കിട്ടിയ സെല്ലുലോയ്ഡ് ആണ് ആദ്യത്തെ തെർമോപ്ലാസ്റ്റിക്[1]. പഴയ കാലത്തെ ഫോട്ടോഗ്രാഫിക് ഫിലിം, ഗ്രാമഫോൺ റെക്കോഡുകൾ, എന്നിവ സെല്ലുലോയ്ഡ് കൊണ്ടു ഉണ്ടാക്കിയതാണ്. വിലകൂടിയ ആനക്കൊമ്പിനു പകരമായി സെല്ലുലോയ്ഡ് കൊണ്ടുളള വിലകുറഞ്ഞ സാമഗ്രികൾ ലഭ്യമായി. എളുപ്പം തീ പിടിച്ച് കത്തിപ്പോകാനിടയുളള സെല്ലുലോയ്ഡ് ഇന്ന് ടെന്നിസ് പന്തുകൾ നിർമ്മിക്കാനായി മാത്രമാണ് ഉപയോഗിക്കുന്നത്.
വർഗ്ഗീകരണം
തെർമോപ്ലാസ്റ്റിക്കുകളെ രസായനസ്വഭാവമനുസരിച്ചാണ് പൊതുവായി വർഗ്ഗീകരിക്കാറ്.
മുഖ്യമായവ
- പോളി ഒലിഫീനുകൾ
- പോളിസ്റ്റൈറീനുകൾ
- വൈനൈലുകൾ
- അക്രിലിക്കുകൾ
- ഫ്ലൂറോപോളിമറുകൾ
- പോളിയെസ്റ്ററുകൾ
- പോളിഅമൈഡുകൾ (നൈലോണുകൾ)
- പോളിഇമൈഡുകൾ
- പോളിഈഥറുകൾ
- സൾഫർ അടങ്ങിയ പോളിമറുകൾ
പ്ലാസ്റ്റിസൈസർ
ചില പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്സ് ട്രാൻസീഷൻ താപമാനം (Tg) താഴ്ത്തുവാനും, എളുപ്പം രൂപപ്പെടുത്തിയെടുക്കാനും ഉറച്ച ശേഷം ഉരുപ്പടികൾ പെട്ടെന്ന് പൊട്ടാതിരിക്കാനുമായിട്ടാണ് പ്ലാസ്റ്റിസൈസർ എന്ന രാസവസ്തു ചേർക്കുന്നത്. ഉദാഹരണത്തിന് പോളി വൈനൈൽ ക്ലോറൈഡ് പാകപ്പെടുത്തിയെടുക്കുമ്പോൾ ഥാലേറ്റ് എസ്റ്ററുകൾ പ്ലാസ്റ്റിസൈസർ ആയി ചേർക്കുന്നു.[2]
ഉപയോഗമേഖലകൾ
നിസ്സാരവിലക്കുളള സർവ്വാണി തെർമോപ്ലാസ്റ്റിക്കുകൾ (commodity thermoplastics) പാക്കിംഗിനാണ് ഉപയോഗിക്കാറ്. ഖര ദ്രവ സാമഗ്രികൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലും രൂപത്തിലുമുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലഭ്യമാണ്. പോളി എഥിലീൻ, പോളി സ്റ്റൈറീൻ, പോളി വൈനൈൽ ക്ലോറൈഡ്, പെറ്റ് എന്നിവ ഉദാഹരണം. പ്ലെക്സി ഗ്ലാസ്സ് എന്ന പേരിലറിയപ്പെടുന്ന പോളി മീഥൈൽ മീഥാക്രിലേറ്റ് ഗ്ലാസ്സിനു പകരമായി ഉപയോഗിക്കപ്പെടുന്നു. ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷഗുണങ്ങളുളള എഞ്ചിനിയറിംഗ് തെർമോപ്ലാസ്റ്റികുകൾ ഭാരവാഹന ക്ഷമതയുളള (load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനുതകുന്നു പോളിഅമൈഡ്, പോളി ഈഥർ, എന്നിവ ഈ വകുപ്പിൽ പെടുന്നു.
അവലംബം
- പ്ലാസ്റ്റിക്
- F.W. Billmeyer,Jr. (1962). Text Book of Polymer Science. Interscience,New York.