തിരുവേഗപ്പുറ

കേരളത്തിൽ പാലക്കാട് ജില്ലയിലെ തൂതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ തിരുവേഗപ്പുറ. പാലക്കാട്- മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് പഴയ മലബാർ ജില്ലയുടെ വള്ളുവനാട് താലൂക്കിൽ പെടുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം ഇവിടത്തെ പ്രധാന ആകർഷണമാണ്. നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ മാണി മാധവചാക്യാർ വർഷങ്ങളോളം ഇവിടത്തെ കൂത്തമ്പലത്തിൽ കൂത്തു നടത്തിയിരുന്നു.

തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം
തിരുവേഗപ്പുറ

തിരുവേഗപ്പുറ
10.873°N 76.125°E / 10.873; 76.125
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് m a സമദ്
വിസ്തീർണ്ണം 20.46ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26562
ജനസാന്ദ്രത 1298/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
679304
+466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം, ഭ്രാന്താചലം ക്ഷേത്രം, രായിരനെല്ലൂർ മല

പ്രശസ്തരായ വ്യക്തികൾ

സാമൂതിരി രാജാക്കന്മാരിൽ പ്രഗൽഭനും കൃഷ്ണഗീതി കർത്താവുമായ മാനവേദൻരാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദൻ രാജാവാണ്. മാനവേദൻ തന്റെ കൃതിയായ പൂർവ്വഭാരത ചമ്പുവിൽ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി ഉള്ളുർ അദ്ദേഹത്തിന്റെ കേരള സാഹിത്യചരിത്രത്തിൽ ‍(അദ്ധ്യായം 33) ഇക്കാര്യം പരാമർശിക്കുന്നുണ്ട്. പൂർവ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാൽ എഴുതപ്പെട്ടതാണ്.

മാനവിക്രമൻ സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടരക്കവികളിൽ അഞ്ചുപേർ (ജാതവേദസ്സ്, നാരായണൻ, അഷ്ടമൂർത്തി. രാമൻ, ഉദയൻ എന്നിവർ) തിരുവേഗപ്പുറക്കാരായിരുന്നു. തിരുവേഗപ്പുറ നമ്പൂതിരിമാർ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.

പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന പ്രൊഫസർ വാഴക്കുന്നം, ശാകുന്തളം, കർണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേയ്ക് തർജമ ചെയ്ത ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ (ഇദ്ദേഹം പ്രശസ്ത മലയാളം കവയിത്രി ബാലാമണിയമ്മയുടെ ഗുരുവായിരുന്നു)‍, പ്രശസ്ത ചെണ്ടവാദ്യ വിദ്വാൻ തിരുവേഗപ്പുറ രാമപ്പൊതുവാൾ, നോബൽ സമ്മാന ജേതാവായ സർ സി.വി.രാമന്റെ ശിഷ്യനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ടി.എം.കെ.നെടുങ്ങാടി, കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്രനിരൂപകൻ കെ. അപ്പുക്കുട്ടൻ നായർ എന്നിവർ തിരുവേഗപ്പുറക്കാരായിരുന്നു.

പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന്റെ വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുർ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. തന്റെ തത്ത്വശാസ്ത്രങ്ങൾ അദ്ദേഹം വ്യത്യസ്തമായരീതിയിൽ സമൂഹത്തെ ധരിപ്പിയ്ക്കുമായിരുന്നു. കൂടാതെ നാറാണത്തുഭ്രാന്തനെ കെട്ടിയിട്ടിരുന്നു എന്നുകരുതപ്പെടുന്ന ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പാറമുകളിലുള്ള ഈ ക്ഷേത്രത്തിലെ ആൽമരത്തിൽ ഇരുമ്പു ചങ്ങല ഇന്നും കാണാം.

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.