തത്തച്ചിന്നൻ
ആറ്റക്കുരുവിയോളം മാത്രം വലിപ്പമുള്ള തത്തയാണ് തത്തച്ചിന്നൻ[2] [3][4][5] (ഇംഗ്ലീഷ്: Vernal Hanging Parrot). ഇത് വാഴക്കിളി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ലോറിക്കുലസ് വെർണാലിസ് എന്നാണ്.
തത്തച്ചിന്നൻ | |
---|---|
![]() | |
പരിപാലന സ്ഥിതി | |
Scientific classification | |
Kingdom: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Psittaciformes |
Family: | Psittacidae |
Genus: | Loriculus |
Species: | L. vernalis |
Binomial name | |
Loriculus vernalis Sparrman, 1787 | |
ശരീരഘടന

തത്തച്ചിന്നന്റെ ദേഹത്തിന് മരതകപ്പച്ച നിറമായിരിക്കും. വാലിന്റെ അല്പം മുകളിലായി രക്തവർണത്തിൽ വീതിയുള്ള ഒരു പട്ടയുണ്ട്. ചിറക് ഒതുക്കിയിരിക്കുമ്പോൾ ഈ പട്ട കാണാൻ കഴിയില്ല. ആൺപക്ഷിയുടെ കഴുത്തിന് നീല നിറവും പെൺപക്ഷിയുടേതിന് പച്ചയുമാണ്. വൃക്ഷങ്ങളിൽത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഈ പക്ഷികൾ ആഹാരം സമ്പാദിക്കുന്നത് മരങ്ങളുടെ ഇലകൾക്കിടയിൽ നിന്നാണ്. എപ്പോഴും ച്വീ-ച്വീ-ച്വീ എന്നുറക്കെ ശബ്ദിച്ചുകൊണ്ട് ചുറ്റും പറക്കുന്നു. വലിപ്പം കുറഞ്ഞ ശരീരവും തത്തക്കൊക്കും ചുവന്ന അടയാളവും തത്തച്ചിന്നനെ തിരിച്ചറിയാൻ സഹായിക്കുന്നു. പൊതുവേ എല്ലാ തത്തകൾക്കും കാണപ്പെടുന്ന നീണ്ടു കൂർത്ത വാൽ ഈ പക്ഷിക്കില്ല.
ജീവിതരീതി

മഴക്കാലത്താണ് തത്തച്ചിന്നൻ ധാരാളമായി കാണപ്പെടുന്നത്. ചുരുങ്ങിയ തോതിൽ ദേശാടനസ്വഭാവമുള്ളതിനാൽ എല്ലാക്കാലത്തും ഇവ ഒരു സ്ഥലത്തു കാണപ്പെടാറില്ല. തെങ്ങ്, തേക്ക്, ആൽവൃക്ഷം തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളിലേക്ക് ഇവ ച്വീ-ച്വീ-ച്വീ ശബ്ദമുണ്ടാക്കിക്കൊണ്ട് വളരെ വേഗത്തിൽ പറന്നു നടക്കും. അരയാലിലും പേരാലിലും പഴങ്ങൾ തിന്നാനും പൂവരശിൻ പൂവിലെ തേൻ കുടിക്കാനും വാഴച്ചുണ്ടിലെ തേൻകുടിക്കാനും തത്തച്ചിന്നൻ പറന്നടുക്കുന്നു. വാഴച്ചുണ്ടിൽ പലപ്പോഴും ഇവയെ കാണാൻ കഴിയുന്നതിനാൽ വാഴക്കിളിയെന്നും ഇതിനു പേരുണ്ട്. കടവാവലുകളെപ്പോലെ തൂങ്ങിക്കിടന്നാണ് ഇവ രാത്രിയിൽ ഉറങ്ങുന്നത്.
പ്രജനനം

തത്തച്ചിന്നൻ ഇണകളായോ നാലോ അഞ്ചോ എണ്ണമുള്ള ചെറുകൂട്ടങ്ങളായോ സഞ്ചരിക്കുന്നു. പാകമെത്തിയ കായ്കളുള്ള വൃക്ഷങ്ങളിൽ ഒരു പറ്റം (20-50 എണ്ണം) പക്ഷികളെ കാണാൻ കഴിയും. മറ്റു തത്തകളെപ്പോലെ തത്തച്ചിന്നനും മരപ്പൊത്തുകളിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയിടാനും കുഞ്ഞുങ്ങൾക്കു കിടക്കാനും പച്ച ഇലകൾ ശേഖരിച്ച് മെത്തയുണ്ടാക്കും. പച്ചിലക്കഷണങ്ങളെ വളരെ വിദഗ്ദ്ധമായ രീതിയിൽ മാളങ്ങളിലെത്തിച്ച ശേഷം അവ കടിച്ചെടുത്ത് കൂടുണ്ടാക്കാൻ തുടങ്ങും. നാടപോലെയുള്ള ഇലക്കഷണം കീറിയെടുത്ത് അതിന്റെ ഒരറ്റം മുതുകിൽ രക്തനിറത്തിലുള്ള തൂവലുകൾക്കിടയിൽ തിരുകും. ഇങ്ങനെ വയ്ക്കുന്ന ഇലക്കഷണങ്ങൾ കുറെയെല്ലാം താഴെ വീണു നഷ്ടപ്പെടുമെങ്കിലും അതൊന്നും ഗൌനിക്കാതെ ഇവ വീണ്ടും വീണ്ടും ഇലക്കഷണങ്ങൾ അരപ്പട്ടയിലെ തൂവലുകൾക്കിടയിൽ തിരുകി കുറെ കഷണങ്ങൾ ശേഖരിച്ചശേഷം കൂട്ടിലേക്കു മടങ്ങും. ഇങ്ങനെ കുറേ ഇലത്തുണ്ടുകൾ ശേഖരിച്ച ശേഷമേ മുട്ടയിടാറുള്ളൂ. മുട്ടകൾക്ക് തൂവെള്ള നിറമായിരിക്കും. പെൺപക്ഷിയാണ് കൂടുകെട്ടുന്നതും അടയിരിക്കുന്നതും.[6] [7] മൂന്നു മുട്ടകളാണ് ഇടുന്നത്.
പ്രത്യേകതകൾ
കള്ളു ശേഖരണത്തിനായി തെങ്ങിലും പനയിലും മറ്റും വച്ചിട്ടുള്ള കള്ളുപാനികളിൽനിന്നും തത്തച്ചിന്നൻ കള്ള് കുടിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
അവലംബം
- BirdLife International (2012). "Loriculus vernalis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത്: 26 November 2013.
- J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത്: 24 സെപ്റ്റംബർ 2017.
- കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 502. ISBN 978-81-7690-251-9.
|access-date=
requires|url=
(help) - Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
|access-date=
requires|url=
(help) - http://www.parrots.org/index.php/encyclopedia/profile/vernal_hanging_parrot/
- http://www.birding.in/birds/Psittaciformes/Psittacidae/vernal_hanging-parrot.htm
![]() |
വിക്കിമീഡിയ കോമൺസിലെ Loriculus vernalis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തത്തച്ചിന്നൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |