ജ്ഞാനപ്പാന
കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.

മിത്ത്
ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ഈ കൃതിയെന്നു വിശ്വസിക്കപ്പെടുന്നു.
കൃതി പൂർത്തിയാക്കിയതിനുശേഷം പൂന്താനം മേല്പ്പത്തൂര് ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാൻ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോൾ ജ്ഞാനപ്പാനയിൽ ഭഗവാൻ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളിചെയ്തെന്നും ഐതിഹ്യമുണ്ട്.
ദാർശനികത
അനുവാചക ഹൃദങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാർശനീക കാവ്യം(Penetrating Philosophical Poem) എന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി തന്റെ സന്ദേശം സന്നിവേശിപ്പിക്കുന്നു.
ചില വരികൾ
“ | കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ |
” |
“ | എണ്ണിയെണ്ണികുറയുന്നിതായുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും | ” |
“ | കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും |
” |
എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകൾ സരസമായ ഭാഷയിൽ ആവിഷ്കരിക്കാൻ അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളിൽ നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്. മഹാകവി ഉള്ളൂർ പരാമർശിക്കുന്നില്ലെങ്കിലും നൂറ്റെട്ടുഹരി എന്ന സ്തോത്രകൃതി പൂന്താനത്തിന്റേതാണ് എന്ന് പണ്ഡിതന്മാർ അംഗീകരിച്ചിട്ടുണ്ട്.[1]
നുറുങ്ങുകൾ
തൃശ്ശൂരിൽ തേക്കിൻ കാട് മൈതാനത്ത് ആർട്ട് ഓഫ് ലിവിംഗ് സംഘടനക്കാർ 2014 ഫെബ്രുവരി 2-ന് സംഘടിപ്പിച്ച 46,660 പേർ പങ്കെടുത്ത സമുഹ ജ്ഞാനപ്പാന പാരായണം ലോകത്തെ ആദ്യത്തെ ബൃഹത്തായ ഗ്രന്ഥപാരായണം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ലോകറെക്കോർഡായി രേഖപ്പെടുത്തിയിട്ടുണ്ട്.[2]
അവലംബങ്ങൾ
- പേജ് നം.521 ജ്ഞാനപ്പാന. കേരള വിജ്ഞാനകോശം 1988 രണ്ടാം പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ്
- "ജ്ഞാനപ്പാന സമുഹപാരായണം ഗിന്നസ് ബുക്കിൽ". മലയാളമനോരമ. 19 ജൂൺ 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-06-19 07:50:17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 19 ജൂൺ 2014. Check date values in:
|archivedate=
(help)