ജാതിക്കുമ്മി

അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച ഒരു കാവ്യ ശിൽപ്പമാണ് ജാതിക്കുമ്മി.

പ്രാധാന്യം

1905ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912ലാണ്.[1] ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ജാതി വ്യത്യാസത്തിന്റെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന സൃഷ്ടിയായി ഇതു വിലയിരുത്തപ്പെടുന്നു. ആശാന്റെ ദുരവസ്ഥ പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്.[2]

കാളിയരയത്തി പെറ്റതല്ലേ

കേളിയേറും വ്യാസമാമുനിയേ
നാളിക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
കോളാക്കിയോ തീണ്ടൽ ജ്ഞാനപ്പെണ്ണേ

അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂർ പ്രദേശങ്ങളിലും പാടിയും പകർത്തിയും ഒട്ടേറെപ്പേർ അത് ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങൾ പാടിക്കളിക്കയും ചെയ്തിരുന്നു. കീഴാളജനങ്ങൾക്കിടയിൽ പ്രചരിച്ച പ്രസ്തുതകൃതിയിൽനിന്നും ഉൾക്കൊണ്ട ഉണർവ് അവരിൽ ആത്മവിശ്വാസം വളർത്തുകയും അയിത്താചരണങ്ങളെ ധീരതയോടെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്തു. ‘ജാതിക്കുമ്മി’ ഉണർത്തിയ യുക്തിബോധം കരുത്താർജിച്ചതിന്റെ ഫലമായിട്ടാണ് ‘കൊച്ചി പുലയമഹാജനസഭ’യുടെ ആദ്യസമ്മേളനം എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്കൂളിൽ നടക്കാനിടയായത്. ‘‘നിരക്ഷരകുക്ഷികളായ കേരളത്തിലെ പുലയരും അവരെപ്പോലുള്ള മറ്റു നിർഭാഗ്യവാന്മാരും ‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും അക്കാലത്തിനിടക്ക് ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികൾ ഹരിനാമകീർത്തനങ്ങളും സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളിൽ തങ്ങളുടെ കുടിലുകൾക്കകത്തിരുന്ന് അവരത് പാടിരസിക്കുകയും പതിവായിരുന്നു. ‘ജാതിക്കുമ്മി’ അത്രയേറെ ജനസ്വാധീനം ആർജിച്ചശേഷമാണ് ‘ദുരവസ്ഥ’ പ്രത്യക്ഷപ്പെട്ടതുതന്നെ.’’ എന്നിങ്ങനെ ജാതിക്കുമ്മിയുടെ സാമൂഹ്യ പ്രാധാന്യത്തെക്കുറിച്ച് ടി.കെ.സി. വടുതല രേഖപ്പെടുത്തിയിട്ടുണ്ട്.[1].

ഉള്ളടക്കം

‘അമ്മാനക്കുമ്മി’ എന്ന നാടൻശീലിൽ 141 പാട്ടുകളാണ് ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയിൽ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിർവഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമർശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാൻപോകുന്ന ശങ്കരാചാര്യർക്ക് പറയ സമുദായത്തിൽപ്പെട്ട രണ്ടുപേർ മാർഗതടസം ഉണ്ടാക്കുന്നു. തുടർന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കിൽ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നൽകിയാണ് കൃതി അവസാനിക്കുന്നത്.[3] ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയൻ ചോദിക്കുന്നു. ‘‘ഗാത്രത്തിനോ തീണ്ടലാത്മാവിനോ?’’ എന്ന പറയന്റെ ചോദ്യത്തിനുമുന്നിൽ ആചാര്യസ്വാമിയുടെ ജാതിഗർവം അസ്തമിക്കുന്നു.

‘ഇക്കാണും ലോകങ്ങളീശ്വരന്റെ

മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!

ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവർണമേധാവിത്വത്തെ ചോദ്യം ചെയ്തു.

അവലംബം

  1. ജാതിക്കുമ്മിയുടെ രചനാകാലഘട്ടം മാധ്യമം ഓൺലൈൻ പതിപ്പിലെ വാർത്ത
  2. പണ്ഡിറ്റ് കെ പി കറുപ്പൻ, ജി. പ്രിയദർശനൻ ഭാഷാപോഷിണി ജനുവരി 2012
  3. ജാതിക്കുമ്മിയെക്കുറിച്ച് പുരോഗമനകലാസാഹിത്യസംഘത്തിന്റെ വെബ് സൈറ്റിൽ വന്ന വാർത്ത - ശേഖരിച്ചത് 14 ഒക്ടോബർ 2012
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.