ചെത്തുകാരൻ

തെങ്ങ്, പന എന്നീ മരങ്ങളിൽ നിന്ന് ലഹരിപാനീയമായ കള്ള് ഉല്പാദിപ്പിച്ച് ശേഖരിക്കുന്ന തൊഴിലാളിയെ ചെത്തുകാരൻ എന്ന് പറയുന്നു.

ചെത്തുകാരൻ പനയിൽ കയറുന്നു
ചെത്തുകാരൻ തൊഴിലിടത്തിൽ
ചെത്തുകാരൻ തെങ്ങിൽ നിന്ന് ഇറങ്ങുന്നു

കള്ള് ഉല്പാദിപ്പിക്കുന്നതിനും ശേഖരിക്കുന്നതിനും പറയുന്ന പേരാണ് ചെത്ത്. തെങ്ങിന്റേയോ പനയുടേയോ കുലകൾ വരുന്ന സമയത്ത് അവയുടെ ഇളംതണ്ട് ചെത്തിനിർത്തുമ്പോൾ അതിൽനിന്ന് ഊറിവരുന്ന നീരാണ് ലഹരിപാനീയമായ കള്ള്. ഇളംകള്ളിന് ലഹരി വളരെ കുറവായിരിക്കും. ഈ കള്ള് താഴെ ഇറക്കി കൂടുതൽ പുളിപ്പിക്കുമ്പോഴാണ് കള്ളുഷാപ്പുകളിൽ വിൽക്കപ്പെടുന്ന കള്ള് കിട്ടുന്നത്. ചെത്തിനിർത്തിയ തണ്ടിന്റെ അറ്റത്ത് ഒരു മൺകുടം കേറ്റിവച്ചാണ് ചെത്തുകാരൻ കള്ള് ശേഖരിക്കുന്നത്. തണ്ടിനെ അറ്റത്ത് ഒരോ ദിവസവും പുതിയ മുറിവായ് ഉണ്ടാക്കിയാണ് അയാൾ നിത്യവും കള്ളിന്റെ ലഭ്യത ഉറപ്പാക്കുന്നത്. ലഹരിനീർ ഊറിവരുന്നത് ഉത്തേജിപ്പിക്കാൻ അയാൾ ചെത്തിനിർത്തിയിരിക്കുന്ന കുലത്തണ്ടിൽ ഒരു പ്രത്യേക തടിക്കഷണം കൊണ്ട് കുറേ കൊട്ടുകൾ കൊടുക്കാറുണ്ട്.

ഉത്തരകേരളത്തിൽ ചെത്തുതൊഴിലാളിയെ ‘ഏറ്റുകാരൻ’ എന്നും തെങ്ങിൽ കയറി കള്ള് എടുക്കുന്നതിനെ ‘ഏറുക’ എന്നും വിളിക്കുന്നു. വളരെയധികം ശാരീരികാദ്ധ്വാനം ആവശ്യമുള്ള തൊഴിലാണ് ചെത്ത്. ചെത്തുകാരൻ നിത്യേന നാല് തവണയെങ്കിലും ഓരോ ചെത്തുതെങ്ങിലോ പനയിലോ കയറേണ്ടി വരും. ഓരോ ദിവസവും ധാരാളം മരത്തിൽ കയറേണ്ടിവരുന്നതിനാൽ അതിനായി അയാൾ പല എളുപ്പവഴികളും കണ്ടെത്താറുണ്ട്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.