ചമ്പു

ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപമാണ് ചമ്പു. സംസ്കൃതത്തിൽ ആവിർഭവിച്ച് മലയാളത്തിലും മറ്റു പല ഭാഷകളിലും പ്രചാരം നേടിയ കാവ്യരൂപമാണിത് . ചമ്പുവിന് പ്രബന്ധം എന്ന സംജ്ഞയാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. 'ഗദ്യ പദ്യാത്മകം കാവ്യം ചമ്പുരിത്യഭിധീയതേ' എന്നിപ്രകാരമാണ് സാഹിത്യദർപ്പണമെന്ന സംസ്കൃത അലങ്കാര ശാസ്ത്രഗ്രന്ഥത്തിൽ ചമ്പുവിനു ലക്ഷണനിർണ്ണയം ചെയ്തിരിക്കുന്നത്. പൊതുവേ കഥാഭാഗം പദ്യത്തിലും വർണ്ണന ഗദ്യത്തിലുമായിരിക്കും. വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ്. എന്നാൽ വൃത്തഗന്ധിയല്ല്ലാത്ത ഗദ്യവും ആധുനിക ചമ്പുക്കളിൽ പ്രയോഗിച്ച് കാണുന്നുണ്ട്.

ആവിർഭാവം

11-ാം നൂറ്റാണ്ടിലാണ് സംസ്കൃതത്തിൽ ചമ്പുക്കളുടെ ആവിർഭാവം. കഥാഭാഗം ഗദ്യത്തിലും നീതിസാരങ്ങൾ പദ്യത്തിലും നിബന്ധിച്ചിരിക്കുന്ന പഞ്ചതന്ത്രത്തിൽ നിന്നായിരിക്കണം ചമ്പുക്കളുടെ ഉല്പത്തി എന്നു കരുതപ്പെടുന്നു.[1]ത്രിവിക്രമഭട്ടന്റെ നളചമ്പുവാണ് ആദ്യമുണ്ടായ ചമ്പുകാവ്യം.ഭോജരാജാവിന്റെ രാമായണം ചമ്പുവാണ് മറ്റൊരു പ്രധാനകൃതി.

പ്രത്യേകതകൾ

കാവ്യോദ്ദേശ്യത്തിലും ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തുന്ന ഇവയ്ക്ക് മലയാള സാഹിത്യ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട് . ചമ്പുക്കളുടെ ഗദ്യഭാഗങ്ങൾ വർണനാപരങ്ങളാണ്. താള നിബദ്ധവും അലങ്കാരമയവുമായ ഗദ്യശൈലിയാണ് ഇവയിൽ പ്രയോഗിച്ചിട്ടുള്ളത്. പാദങ്ങൾ തിരിച്ചിട്ടില്ലെങ്കിലും പദ്യമെന്നപോലെ ചൊല്ലാവുന്ന ഗദ്യമാണിത്. നിരണംകൃതികളിലെയും, തുള്ളൽകൃതികളിലെയും പദ്യത്തെ അനുസ്മരിപ്പിക്കുന്നതാണ് ഗദ്യത്തിന്റെ താളഘടന. സമകാലിക സാമൂഹ്യ ജീവിതത്തിന്റെ യഥാതഥമായ ചിത്രം വരച്ചുകാട്ടുന്നവയാണ് ഈ ഗദ്യഭാഗങ്ങൾ പലതും.അക്കാലത്തെ വിവിധ ജനവിഭാഗങ്ങളുടെ സാമാന്യ ജീവിതരീതി നർമരസപ്രധാനമായി വിവരിക്കാൻ ഈ ഗദ്യഭാഗങ്ങൾ ഉപയോഗിച്ചിരുന്നു. പൗരാണിക കഥകളുടെ ആഖ്യാനത്തെ വർത്തമാനകാല കേരളീയ ജീവിതത്തിന്റെ ചിത്രീകരണവുമായി കൂട്ടിയിണക്കാൻ ഈ ഗദ്യഭാഗങ്ങളെ മണിപ്രവാള കവികൾ ഉപയോഗിച്ചു.പദങ്ങളുടെ അതിശയകരമായ പ്രവാഹം, ആശയങ്ങളുടെ നൂതനത്വം, രസകരങ്ങളായ മനോധർമം എന്നിവയാൽ അസുലഭമായ വിശിഷ്ട കവിതാരൂപമാണ് ചമ്പുക്കൾ.

മലയാളത്തിൽ

12-ാം നൂറ്റാണ്ടിനു ശേഷമാണ് ഈ പ്രസ്ഥാനം സംസ്കൃതത്തിൽ നിന്നു മലയാള ഭാഷയിലേക്കു കടന്നു വന്നത്. കേരളീയ സംസ്കൃത ചമ്പുക്കളിൽ ആദ്യത്തേതാണ് ദിവാകരൻ എഴുതിയ 'അമോഘ രാഘവം'. ചാക്യാർ കൂത്തിന്റെ ആവശ്യത്തിലേക്കാണ് ചമ്പൂപ്രബന്ധങ്ങൾ രചിച്ചു തുടങ്ങിയത്. പുരാണകഥകൾ ആസ്പദമാക്കിയുള്ള ചമ്പുക്കളാണ് കൂത്തിന് ഉപയോഗിച്ചിരുന്നത്. ചാക്യാർ കൂത്തിന് പുറമേ പാഠകം എന്ന ക്ഷേത്രകലയ്ക്കും ചമ്പുക്കൾ പ്രയോജനകരമായി. മലയാളത്തിലുണ്ടായ ആദ്യത്തെ ചമ്പൂകാവ്യമാണ് ദേവൻ ശ്രീകുമാരന്റെ 'ഉണ്ണിയച്ചീചരിതം'.[1] സ്ത്രീ സൗന്ദര്യ പ്രശംസാരൂപത്തിലുള്ള ആദ്യകാല മണിപ്രവാള കൃതികളിൽ പ്രസിദ്ധങ്ങളായ മൂന്നെണ്ണം ചമ്പുക്കളായിരുന്നു: ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം. ഇവ മൂന്നും പ്രാചീനചമ്പുക്കളായി അറിയപ്പെടുന്നു. 13-ആം നൂറ്റാണ്ട് മുതൽ 16-ആം നൂറ്റാണ്ട് ഉൾപ്പെടെയുള്ള കാലം മലയാളത്തിലെ ചമ്പുക്കളുടെ ശുക്രദശയായി കരുതപ്പെടുന്നു. ഈ സാഹിത്യരൂപത്തിൽ 300 ലേറെ കൃതികളുണ്ട്‌ . പുനം നമ്പൂതിരിയുടേതെന്ന് കരുതപ്പെടുന്ന രാമായണം ചമ്പു, മഴമംഗലം നമ്പൂതിരിയുടെ നൈഷധംചമ്പു, ഭാരതം ചമ്പു, ക്ഷേത്രപ്രശസ്തികൾ അവതരിപ്പിക്കുന്ന വെല്ലൂർ നാദോദയം തുടങ്ങിയവയാണ് പ്രസിദ്ധ ചമ്പുക്കൾ. 16-ആം നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ട ഈ ചമ്പുക്കൾ മധ്യകാലചമ്പുക്കൾ എന്നറിയപ്പെടുന്നു.

ഇതും കൂടി കാണുക

അവലംബം

  1. ' എരുമേലി ,മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ,കറന്റ് ബുക്സ് ,2008
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.