എതുക

എതുക ഒരു ശബ്‌ദാലങ്കാരമാണ്. പദ്യങ്ങളിലെ ഓരോ വരിയിലെയും ദ്വിതീയാക്ഷരങ്ങൾ ഒരുപോലെതന്നെ വരുന്ന പ്രാസവിശേഷത്തിനാണ്‌ 'എതുക' എന്നു പറയുന്നത്‌. 'ദ്വിതീയാക്ഷരപ്രാസം' എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. പാട്ടിന് നിർവ്വചനം നല്കുമ്പോൾ ലീലാതിലകകാരൻ എതുകയെ പരാമർശിക്കുന്നുണ്ട്. ‌

ദ്രവിഡ സംഘാതാക്ഷരനിബദ്ധം

എതുകമോനവൃത്ത വിശേഷയുക്തം പാട്ട്

എന്നാണ് ലീലാതിലകത്തിൽ പാട്ടിന് ലക്ഷണം നല്കിയിരിക്കുന്നത്‌. 'മോന' ആദ്യാക്ഷരപ്രാസമാണ്‌. എതുക, മോന, അന്താദിപ്രാസം എന്നിവ പ്രാചീന പാട്ടുകൃതികളിൽ സാർവ്വത്രികമായി ഉപയോഗിച്ചുവന്നിരുന്നു. രാമചരിതം, ഭാരതമാല, കണ്ണശരാമായണം, രാമകഥാപ്പാട്ട്‌, ഭാഷാ ഭഗവദ്‌ഗീത എന്നീ കൃതികളിൽ എതുക പൂർണമായും പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം. ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും ദ്വിതീയാക്ഷരപ്രാസം ധാരാളമായി പ്രയോഗിച്ചിരുന്നു. അതുപോലെ രാമപുരത്തുവാര്യരും ഉണ്ണായിവാര്യരും തങ്ങളുടെ കൃതികളിൽ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചിരുന്നു.

ഉദാഹരണം 1

കാനങ്കളിലരൻ കളിറുമായ് കരിണിയായ് കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടൻറ-

ൻറാനം വടിവുള്ളാനവടിവായവതരിത്താതിയേ! നല്ല വിനായകനെന്മൊരമലനേ!

ഞാനിതൊൻറു തുനിയിൻറതിനെൻ മാനതമെന്നും നാളതാർ തന്നിൽ നിരന്തരമിരുന്തരുൾ തെളി-

ന്തൂമറ്ററിവെനിക്കു വന്നുതിക്കുംവണ്ണമേ ഊഴിയേഴിലും നിറൈന്ത മറഞാനപൊരുളേ! - രാമചരിതം

ഉദാഹരണം 2

പാരായ് പുഷ്പിതകോമളവല്ലി പടർന്നൊളിവാർന്ന മഹീരുഹജാതികൾ

തീരേ പമ്പായാം നില്കിന്റിത് ധീരതപോയിതെനിക്കിവകണ്ടേ

താരാർപൊഴിലിതിലെങ്കുമുഴന്റേ താവിവരും മരുതാപെരുതായേ

തീരാവിരഹമഹാഗ്നിശരീരേ ദീപിക്കിന്റിതെനിക്കുകുമാരാ! - കണ്ണശ്ശരാമായണം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.