ഉറി

ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക തട്ടാവുന്ന സ്ഥലത്തു കെട്ടി തൂക്കിയിടുന്നു. പ്രധാനമായും പാകം ചെയ്ത്, മൺകലങ്ങളിലാക്കിയ ആഹാരസാധനങ്ങളാണ് ഇതിൽ സൂക്ഷിക്കുക. പാറ്റ പോലുള്ള കീടങ്ങളിൽനിന്നും പൂച്ച പോലുള്ള വീട്ടുമൃഗങ്ങളിൽനിന്നും പാകം ചെയ്ത ആഹാരം സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശം. മോരുണ്ടാക്കുന്നതിനു വേണ്ടി പാൽ ഉറയൊഴിച്ച് പുളിപ്പിക്കാനായി സൂക്ഷിച്ചിരുന്നത് ഉറിയിലായിരുന്നു. ഈ ഉറി അടുക്കളയുടെ തീച്ചൂടേൽക്കാത്ത കോണിലാണു കെട്ടുക. സാധാരണയായി ഗ്രാമങ്ങളിലെ നായാടികളാണ് ഉറി നിർമ്മിക്കുന്നത്. ഇടവഴികളിലൂടെ സഞ്ചരിച്ചു വീടുകൾ തോറും വിളിച്ചു ചോദിച്ചു കൊണ്ടുള്ള വിൽപ്പനരീതിയായിരുന്നു മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. ഇന്ന് ഈ രീതിയും ഉപകരണവും നാമാവശേഷമായിരിക്കുന്നുവെങ്കിലും നാട്ടിൻപുറങ്ങളിലെ അപൂർവം ചില വീടുകളിൽ ഇന്നും കാണപ്പെടുന്നു.

ഉറിയിൽ കലം അടുക്കിയിരിക്കുന്നു.
ഓല ഉറിയിൽ കലം തൂക്കിയിട്ടിരിക്കുന്നു.

ഘടന

കയർ കൊണ്ടു നിർമ്മിച്ച, വൃത്താകൃതിയുള്ള ഒരു വളയമാണ് ഇതിന്റെ അടിസ്ഥാനം. മൂന്നോ നാലോ കയർവള്ളികളിൽ ഇത് തൂക്കിയിടുന്നു. മുകളിൽ ഈ കയർ വള്ളികൾ ഒരു സ്ഥലത്ത് വീണ്ടും ഒന്നിപ്പിക്കുന്നു. തൂക്കിയിടാനുള്ള സജ്ജീകരണം മുകളറ്റത്തു കാണും.

==ചിത്രശാല==
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.