ഉത്തരായനം

സൂര്യന്റെ ദിനചലനപഥം ക്രമേണ വടക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസമാണ് ഉത്തരായനം. സംസ്കൃതത്തിൽ ഉത്തരം എന്ന വാക്കിനു വടക്കുഭാഗത്ത് എന്നും അയനം എന്ന വാക്കിനു യാത്ര എന്നുമാണ് അർത്ഥം. അതിനാൽ ഉത്തരായനം എന്ന വാക്കിനു 'വടക്കുഭാഗത്തേക്കുള്ള യാത്ര' എന്നർത്ഥം വരുന്നു.

ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലം സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ നിന്ന് തെക്കോട്ടോ വടക്കോട്ടോ നീങ്ങി ഉദിക്കുന്നതിനെയാണ് അയനം എന്നത് കൊണ്ട് പൊതുവിൽ വിവക്ഷിക്കപ്പെടുന്നത്. അതിൽ വർഷത്തിൽ ആറു മാസക്കാലം, സൂര്യൻ തെക്കു നിന്നും വടക്കോട്ടു സഞ്ചരിക്കുന്നു (സഞ്ചരിക്കുന്നു എന്നു പറയുമ്പോൾ സൂര്യൻ സഞ്ചരിക്കുകയല്ല, മറിച്ച് ഭൂമിയുടെ ഭ്രമണപരിക്രമണങ്ങളും അക്ഷങ്ങളുടെ ചരിവും മൂലം സൂര്യന്റെ ഉദയസ്ഥാനത്തിനുണ്ടാകുന്ന ആപേക്ഷികസ്ഥാനാന്തരമാണ് ഉദ്ദേശിക്കുന്നത്). ഈ ആറുമാസക്കാലത്തിൽ സൂര്യൻ മാർച്ച് 21നു ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ വരുന്നു. ആ ദിവസം സൂര്യൻ നേരെ കിഴക്കാണ് ഉദിക്കുന്നത്. ആ പ്രതിഭാസത്തെ മഹാവിഷുവം എന്ന് പറയുന്നു. വിഷുവങ്ങളുടെ സ്ഥാനനിർണ്ണയം നടത്തപ്പെട്ട സമയത്ത് മേടം രാശിയിലായിരുന്ന മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) പുരസ്സരണം മൂലം ഇപ്പോൾ മീനം രാശിയിലാണ്‌. എ.ഡി 2600 നോടടുത്ത് ഇത് കുംഭം രാശിയിലേക്ക് മാറും. അതുപോലെ തുലാം രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം ഇപ്പോൾ കന്നി രാശിയിലാണ്‌. അയനാന്തങ്ങൾക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.

ഡിസംബർ 22നു ദക്ഷിണ അയനാന്തത്തിൽ എത്തുന്ന സൂര്യൻ പിന്നീട് വടക്കോട്ട് സഞ്ചരിച്ചു തുടങ്ങുന്നു. മാർച്ച് 21നു മഹാവിഷുവത്തിൽ എത്തുകയും ജൂൺ 21നു ഉത്തര അയനാന്തത്തിൽ എത്തുന്നു. ആ സമയം സൂര്യൻ ഉത്തരായനരേഖയുടെ നേരെ മുകളിലായിരിക്കും.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.