അയ്യമ്പാറ
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. താഴ്‌വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. ചൂട് കുറവുള്ളതിനാൽ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്.

അയ്യമ്പാറ | |
---|---|
ഭൂപ്രകൃതി | |
സ്ഥലം | കോട്ടയം, കേരളം |
Parent range | പശ്ചിമഘട്ടം |
Disambiguation
ഐതിഹ്യം
പണ്ട് ഇവിടം ഉൾപ്പെടുന്ന പ്രദേശം ഘോര വനമായിരുന്നുവെന്നും അക്കാലത്ത് അജ്ഞാതവാസത്തിനായി ഇറങ്ങിതിരിച്ച പഞ്ച പാണ്ഡവർ ഇതുവഴി വന്നിരുന്നു എന്നും പറയപ്പെടുന്നു. അവർ ഇവിടെ നിത്യആരാധനക്കായി പ്രതിഷ്ടിച്ചതാണ് ഇന്ന് ഇവിടെയുള്ള അയ്യപ്പക്ഷേത്രത്തിലെ വിഗ്രഹമെന്നും വിശ്വസിക്കപ്പെടുന്നു. ഇന്ന് ഈ ക്ഷേത്രം തലനാട് കാവുങ്കൽ ദേവീക്ഷേത്രത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. ഭീമന്റേതെന്നു കരുതപ്പെടുന്ന കാൽപ്പാടുകളും മൂന്നോ നാലോ പേർക്ക് കഷ്ടിച്ച് ഇരിക്കാവുന്നതുമായ ഗുഹയും ഈ പാറയിൽ ദൃശ്യമാണ്.
വഴി
ഈരാറ്റുപേട്ട-വാഗമൺ വഴിയിൽ തീക്കോയിയിൽനിന്ന് തിരിഞ്ഞ് തലനാട് മൂന്നിലവു റോഡിലൂടെ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യമ്പാറയിലെത്താം.
ചിത്രശാല
- അയ്യമ്പാറ