അയവെട്ടൽ

കന്നുകാലികൾ ഒരിക്കൽ കഴിച്ച ആഹാര പദാർത്ഥങ്ങളെ വീണ്ടും വായിലേക്കു തിരിച്ചെടുത്ത് ദഹിപ്പിക്കുന്ന പ്രക്രിയയാണ് അയവെട്ടൽ.

കന്നുകാലികളുടെ ആമാശയത്തിനു നാലറകളുണ്ട്. അതിൽ മൊത്തം ആമാശയത്തിന്റെ എൺപതുശതമാനം വലിപ്പം വരുന്ന റൂമൻ എന്ന ഒന്നാമത്തെ അറ ഭക്ഷ്യ വസ്തുക്കളുടെ ഒരു സംഭരണിയാണ്. അവിടെ ശേഖരിക്കപ്പെടുന്ന ഭക്ഷണം ജലവുമായി ചേർന്നു മയപ്പെടുന്നു. റൂമനിൽ സ്ഥിരമായുള്ള ഏകകോശ സസ്യജീവാണുക്കളുടെ പ്രവർത്തന ഫലമായി കുറഞ്ഞതോതിലുള്ള പുളിപ്പ് അവിടെ നടക്കുന്നു. ഇങ്ങനെ മയപ്പെട്ട നാരുകൾക്ക് കൂടുതൽ പ്രാതിനിധ്യമുള്ള ആഹാരസാധനം വായിലേക്കു വീണ്ടെടുത്ത് ചവച്ചരച്ച് ഉമിനീരുമായി കൂട്ടിക്കലർത്തി ആമാശയത്തിൻറെ മൂന്നാമത്തെ അറയായ ഒമേസത്തിലേക്കു തിരിച്ച് വിടുന്നു.

തേനീച്ചക്കൂടുപൊലെ ഖണ്ഡങ്ങളുള്ള ആമാശയത്തിൻറെ രണ്ടാമത്തെ അടുക്കിലാണ്‌ വായിലേക്കു പറഞ്ഞയക്കാനുള്ള ഉരുളകൾ രൂപം കൊള്ളുന്നത്. പചനേന്ദ്രിയസ്രവങ്ങൾ പങ്കെടുക്കാത്ത ഇത്തരം പ്രവർത്തനം താരതമ്യേന കടുപ്പമുള്ള സെല്ലുലോസിനെ ദഹിപ്പിക്കാൻ സഹായിക്കുന്നു. ഇതിനു സൂക്ഷ്മാണുക്കളുടെ സഹായവുമുണ്ട്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.