അമ്പലപ്പുഴ

ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. കൃഷി, മത്സ്യബന്ധനം, കയർ വ്യവസായം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗുരുവായൂർ, ആറന്മുള എന്നിവയാണ് മറ്റുള്ളവ. മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻ കേരളത്തിലുള്ള ക്ഷേത്രമായതിനാൽ 'തെക്കൻ ഗുരുവായൂർ' എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ൽ ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടത്തെ പാൽപ്പായസം വളരെ പ്രസിദ്ധമാണ്. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ തന്റെ യൗവനത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് തുള്ളൽ തുടങ്ങാൻ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, മകരമാസത്തിൽ പന്ത്രണ്ടുദിവസം നടക്കുന്ന കളഭാഭിഷേകം (പന്ത്രണ്ടുകളഭം), ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.