അമീബ
പ്രോട്ടോസോവ (Protozoa) ഫൈലത്തിലെ സാർക്കോഡൈന (Sarcodina) വർഗത്തിൽ ഉൾപ്പെടുന്ന ഒരു ഏകകോശസൂക്ഷ്മജീവിയാണ് അമീബ.[1](ഇംഗ്ലീഷ്:Amoeba ,amœba , ameba) ശുദ്ധജലതടാകങ്ങളിലും ഇലകളും മറ്റും അഴുകിക്കിടക്കുന്ന ഓടകളിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഏകകോശസൂക്ഷ്മജീവികൾ മൊത്തത്തിൽ അമീബ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നുണ്ട്. 1755-ൽ ഒഗസ്റ്റ് ജൊഹൻ റോസൽ ഫൊൺ റോസനോഫ് എന്ന ശാസ്ത്രകാരനാണ് സർവസാധാരണമായി കണ്ടുവരുന്ന അമീബ പ്രോട്ടിയസിനെപ്പറ്റി(Amoeba proteus) ആദ്യവിവരണം നല്കിയത്[2]. അമീബകളിൽ ഭൂരിഭാഗവും സൂക്ഷ്മജീവികളാണെങ്കിലും, ചുരുക്കം ചിലവയെ നഗ്നനേത്രങ്ങൾ കൊണ്ടും കാണാൻ സാധിക്കും. 3 മി.മീ. വ്യാസം വരുന്ന പീലോമിക്സ (Pelomyxa) ഇക്കൂട്ടത്തിൽ പെടുന്നു. ജീവശാസ്ത്രത്തിൽ ഏറ്റവുമധികം പഠനവിഷയമായിട്ടുള്ള ജീവികളിൽ ഒന്നാണ് അമീബ.ജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള പ്രാണവായു ആഗിരണം ചെയ്യുന്നു. [3]
Amoeba | |
---|---|
![]() | |
Scientific classification | |
Domain: | Eukaryota |
Kingdom: | Amoebozoa |
Phylum: | Tubulinea |
Order: | Tubulinida |
Family: | Amoebidae |
Genus: | Amoeba Bory de Saint-Vincent, 1822 |
Species | |
Amoeba proteus |
ശരീരപ്രകൃതി
.svg.png)
അമീബയുടെ ശരീരത്തിന് ഒരു പ്രത്യേക ആകൃതിയില്ല. കട്ടിയുള്ള ഒരു ആവരണചർമത്തിന്റെ അഭാവവും കപടപാദങ്ങളുടെ(pseudopodia) രൂപവത്കരണവുമാണ് ഇതിനു കാരണം.
ശരീരത്തെ ഒരു നേരിയ ചർമം-പ്ളാസ്മാലെമ്മ (plasmalemma) ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലായി ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ളാസം (Protoplasm) കാണാം. പ്രോട്ടോപ്ളാസത്തിന് എക്റ്റോപ്ളാസം (ectoplasm) എന്നും എൻഡോപ്ളാസം (endoplasm) എന്നും രണ്ടു ഭാഗങ്ങളുണ്ട്. പുറമേ കാണുന്ന എക്റ്റോപ്ളാസം തെളിമയുള്ളതും അല്പം ഘനസ്വഭാവത്തോടുകൂടിയതുമാണ്. ഇതിനുള്ളിലായി അനവധി കണങ്ങളോടുകൂടിയ ദ്രവരൂപമുള്ള എൻഡോപ്ളാസം കാണാം. ഇതിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഒരു കോശകേന്ദ്രം (nucleus) ഉണ്ട്. ഇതിനു പുറമേ ആഹാരാംശങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒന്നോ അതിലധികമോ ഭക്ഷ്യ-രിക്തികകൾ (food vacuoles) കാണാം. വിസർജ്യവസ്തുക്കൾ ശേഖരിച്ച് വെളിയിൽ തള്ളുന്നത് സങ്കുഞ്ചനശീലരിക്തികകൾ (contractile vacuoles) വഴിയാണ്.
അമീബോയ്ഡ് ചലനം
അമീബയുടെ ചലനത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും പൊതുവേ സ്വീകാര്യമായ ഹൈമന്റെ സിദ്ധാന്തമനുസരിച്ച് എൻഡോപ്ളാസത്തെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു; പുറമേ കാണുന്ന ജെല്ലി പോലെയുള്ള പ്ളാസ്മാജെലും (plasmagel) അതിനുള്ളിലായി കാണുന്ന ദ്രവരൂപത്തിലുള്ള പ്ളാസ്മാസോളും (plasmasol). പ്ളാസ്മാസോളിന് മാത്രമേ ചലനശേഷിയുള്ളൂ. ശരീരാവരണമായ പ്ളാസ്മാലെമ്മ ഒരു ആധാരവസ്തുവിനോട് (substratum) ബന്ധപ്പെടുന്നു. ജലകണികകളാണ് സാധാരണ ആധാരവസ്തുവായി വർത്തിക്കുക. ചലനദിശയിലേക്കു പ്ളാസ്മാജെലിന്റെ ഏതെങ്കിലും ദുർബലഭാഗങ്ങളിലൂടെ പ്ളാസ്മാസോൾ പ്രവഹിക്കുന്നു. ഒരു കപടപാദം രൂപംകൊള്ളുന്നതിന്റെ ആദ്യഘട്ടമാണിത്. പ്ളാസ്മാസോൾ കപടപാദത്തിനുള്ളിൽ കടന്നുകഴിഞ്ഞാലുടൻ അതിന്റെ ബാഹ്യഭാഗം വശങ്ങളിൽ മാത്രം കട്ടികൂടി പ്ളാസ്മാജെലായി മാറുന്നു. ഇതൊരു ജലാറ്റിനനാളിയാകുന്നു. ഇതിനുള്ളിലൂടെയുള്ള പ്ളാസ്മാസോൾപ്രവാഹം തുടരുന്നതോടൊപ്പം അതിന്റെ പിന്നിലുള്ള പ്ളാസ്മാജെൽ പ്ളാസ്മാസോളായി മാറും. ഈ പ്രക്രിയമൂലം പ്ളാസ്മാസോളിന്റെ ഒരു നിരന്തര പ്രവാഹം ചലനദിശയിലേക്ക് ഉണ്ടാവുന്നു. ഈ മാറ്റങ്ങളത്രയും സംഭവിച്ചു കഴിയുമ്പോൾ ജലാറ്റിനനാളിയിലെ പ്ളാസ്മാജെൽ സങ്കോചിക്കുന്നതിനാൽ ശരീരത്തിന്റെ കൂടുതൽ ഭാഗവും മുന്നോട്ടു നീങ്ങുന്നു. ഈ പ്രക്രിയയുടെ ആവർത്തനഫലമായാണ് അമീബ ചലിക്കുന്നത്.
ഭക്ഷണം
അമീബയുടെ പ്രധാന ആഹാരവസ്തുക്കൾ ബാക്ടീരിയങ്ങൾ, ചെറിയ ആൽഗകൾ, ജൈവാംശങ്ങൾ എന്നിവയാണ്. വായയോ മറ്റു ദഹനാവയവങ്ങളോ ഇവയ്ക്കില്ല. ആഹാരം സ്വീകരിക്കുവാനും ദഹനോച്ഛിഷ്ടങ്ങൾ പുറംതള്ളാനും ശരീരത്തിന്റെ ഏതുഭാഗത്തിനും കഴിയും. കപടപാദങ്ങളാൽ ആഹാരവസ്തുവിനെ പൊതിഞ്ഞ് അല്പം ജലത്തോടുകൂടി ഉള്ളിലാക്കുന്നു; ഇത് ഒരു ഭക്ഷ്യരിക്തിക (food vacuole) ആയിത്തീരുന്നു. രിക്തികയുടെ ചുറ്റുമുള്ള പ്രോട്ടോപ്ളാസം ദഹനരസങ്ങൾ ഇതിലേക്ക് സ്രവിപ്പിക്കുകയും ദഹിച്ച പദാർഥങ്ങളെ ആഗിരണം ചെയ്തെടുക്കുകയും ചെയ്യും. ശ്വസനവും വിസർജനവും വിസരണംവഴിയാണ് നടക്കുന്നത്. ജലത്തിൽ ലയിച്ചുചേർന്നിരിക്കുന്ന ഓക്സിജൻ ശരീരത്തിന്റെ എല്ലാ ഭാഗത്തുകൂടിയും ഉള്ളിലേയ്ക്കു വ്യാപിക്കും. പരാസരണം (osmosis) മൂലം ശരീരത്തിൽ കടന്നുകൂടുന്ന അധികജലത്തെയും വിസർജ്യവസ്തുക്കളെയും സങ്കുഞ്ചനശീലരിക്തികകൾ പുറംതള്ളുന്നു. വരൾച്ച തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളിൽ ഒരു പരിരക്ഷണചർമം ഉത്പാദിപ്പിക്കപ്പെടുകയും അതിനുള്ളിൽ അനുകൂലകാലാവസ്ഥവരെ ഇവ നിഷ്ക്രിയരായി കഴിഞ്ഞുകൂടുകയും ചെയ്യാറുണ്ട്.
പ്രത്യുത്പാദനം
അലൈംഗിക പ്രത്യുത്പാദനംമൂലമാണ് വംശവർദ്ധനം നടക്കുന്നത്. പ്രധാനമായും വിഖണ്ഡനം (fission) നടക്കുന്നു. പൂർണവളർച്ച എത്തിയവ രണ്ടായി മുറിഞ്ഞ് രണ്ട് പുതിയ ജീവികൾ ആകുന്നു. ഇതിന് ദ്വിഖണ്ഡനം (binary fission) എന്നു പറയുന്നു. പ്രതികൂല സാഹചര്യങ്ങളിൽ ബഹുവിഖണ്ഡനം (multiple fission) വഴി പ്രത്യുത്പാദനം നടക്കാറുണ്ട്.
മനുഷ്യരുടെ കുടലിനുള്ളിൽ ആറുതരം അമീബകൾ കണ്ടുവരുന്നു. ഇവയിൽ പ്രധാനമായത് എന്റമീബ ഹിസ്റ്റോലിറ്റിക്കയാണ്(Entamoeba histolytica), അമീബിക അതിസാരം ഈ ജീവികൾ മൂലമാണുണ്ടാകുന്നത്. [4]
അവലംബം
- http://www.scienceclarified.com/Al-As/Amoeba.html
- http://www.jstor.org/pss/2463786
- പേജ് 215, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- http://www.dpd.cdc.gov/dpdx/HTML/Amebiasis.htm