അഞ്ചൽക്കാരൻ

കേരളത്തിലെ പരമ്പരാഗതമായ തപാൽ സമ്പ്രദായത്തിൽ തപാൽ ഉരുപ്പടികളുള്ള തോൽ സഞ്ചി വഹിച്ചുകൊണ്ട് ഓടുന്ന ആൾ അഞ്ചലോട്ടക്കാരൻ എന്നും ഉരുപ്പടിക്കെട്ട് ഏറ്റുവാങ്ങി കച്ചേരിയിൽ ഏല്പിക്കുന്ന ആൾ അഞ്ചൽക്കാരൻ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിൽ രാജഭരണകാലത്താണ് ഈ സമ്പ്രദായം നിലനിന്നിരുന്നത്.

ഒരഗ്രം മുനവാർത്തുകെട്ടി ശംഖുമുദ്ര പതിപ്പിച്ച മണി അടിയും മണികെട്ടിയ അരപ്പെട്ടയും ധരിച്ച് ഓട്ടക്കാരൻ ദിവസം 8 മൈൽ ഓടണമെന്നാണ് ഉത്തരവ്. അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കർഷിച്ചിരുന്നത് കൊണ്ട് ആൾക്കാർ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളൂ.

ഉത്രം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് കുടിയാനവര്‍ സർക്കാരിലേക്കയക്കുന്ന ഹര‍ജികളും സർക്കാർ ജീവനക്കാരുടെ കത്തുകളും കൂലി കൊടുക്കാതെ അഞ്ചൽ വഴി അയക്കാൻ ഉത്തരവായി. പൊതുജനങ്ങൾ കൂടെ അഞ്ചൽ സേവനം ഉപയോഗിച്ചു തുടങ്ങിയതോടെ അഞ്ചൽക്കാരൻ അഞ്ചൽ പിള്ളയായി. 1857-ൽ ആദ്യത്തെ അഞ്ചലാപ്പീസ് തിരുവിതാംകൂറിൽ ആരംഭിച്ചു [1]. കൊച്ചിയിലുണ്ടായിരുന്ന അഞ്ചലാപ്പീസ് ദിവാൻ തോട്ടക്കാട് ശങ്കുണ്ണിമേനോന്റെ കാലത്ത് സ്ഥാപിച്ചതാണ്.

അവലംബം

  1. കേരളവിജ്ഞാനകോശം 1988 പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ് , തിരുവനന്തപുരം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.