അഗ്രപൂജ

രാജസൂയയാഗം നടത്തുമ്പോൾ സൌത്യദിനത്തിൽ ചെയ്യേണ്ടതായ ഒരു ചടങ്ങിനെയാണ് അഗ്രപൂജ എന്നു പറയുന്നത്. (സോമരസം പിഴിഞ്ഞെടുക്കുന്ന ദിവസത്തെയാണു സൌത്യം എന്നു പറയുന്നത്.) അന്നേദിവസം ആ സദസ്സിൽ വന്നുചേർന്നിട്ടുള്ള ബ്രാഹ്മണര്, മുനികൾ, രാജാക്കന്മാർ മുതലായവരിൽ എല്ലാം കൊണ്ടും ശ്രേഷ്ഠനായ ഒരാൾക്ക് ആദ്യം പൂജ ചെയ്യുന്ന കർമമാണ് ഇത്.

ധർമപുത്രർ നടത്തിയ രാജസൂയത്തിൽ അഗ്രപൂജയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതു ശ്രീകൃഷ്ണൻ ആയിരുന്നു. സഹദേവൻ ശ്രീകൃഷ്ണന്റെ പേരു നിർദ്ദേശിക്കുകയും അതിനെ ദേവർഷികളും ബ്രഹ്മർഷികളും മറ്റുള്ളവരും അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതായി മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ചേദിരാജാവായ ശിശുപാലൻ ഇതിൽ പ്രതിഷേധിക്കുകയും ശ്രീകൃഷ്ണനെതിരെ അസഭ്യവർഷം ചൊരിയുകയും ചെയ്തപ്പോൾ കൃഷ്ണൻ അദ്ദേഹത്തെ വധിച്ചതായും തുടർന്നുപറയുന്നു.

ആധുനികകാലത്തും ലൗകികവും വൈദികവുമായ പ്രധാന ചടങ്ങുകളിൽ മുഖ്യാതിഥിയായി ഒരു വ്യക്തിയെ സ്വീകരിച്ച് അഗ്രപൂജയുടെ താത്ത്വികമായ ഉദ്ദേശ്യം ഏറെക്കുറെ പുലർത്തിവരുന്നുണ്ട്. അഗ്രപൂജയ്ക്ക് അഗ്യ്രപൂജയെന്നും പറയും.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രപൂജ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.