ഹൃദ്രോഗം

ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ് ഹൃദ്രോഗം എന്നത്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്. ഈ ലേഖനത്തിൽ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതത് രോഗങ്ങൾക്ക് അതത് പേരു കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്

ഹൃദയത്തിന്റെ രേഖാചിത്രം-അറകളും വൻ ധമനികളും രേഖപ്പെടുത്തിയിരിക്കുന്നു.

ചരിത്രം

ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാൽ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്‌. ഈജിപ്തിലെ പാപ്പൈറസ് ചുരുളുകളിലാണ്‌ ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമർശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവർ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവർ നാഡീസ്പന്ദനം അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന്‌ 5000 വർഷങ്ങൾക്ക് മുൻപാണ്‌. ക്രിസ്തുവിന്‌ 3000 വർഷങ്ങൾ മുൻപ് രചിക്കപ്പെട്ട ആയുർവേദത്തിൽ ഹൃദയത്തെപറ്റിയുള്ള പാഠങ്ങൾ ഉണ്ട്.

ഗാലനും ഹിപ്പോക്രാറ്റസും 12ആം നൂറ്റാണ്ടിലെ ഒരു ചുവർചിത്രം- അനാഗ്നി, ഇറ്റലി

ഹൃദയത്തെ പറ്റി വീണ്ടും കൂടുതലായി പഠിച്ചത് ക്രിസ്തുവിന് 500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഹിപ്പോക്രേറ്റസ് ആണ്‌.അദ്ദേഹത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ്‌ അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാർ എഴുതിയ പുസ്തകങ്ങൾ ഏതാണ്ട് 1000 വർഷങ്ങളോളം വൈദ്യശാസ്ത്രത്തിന്റെ ആധാരമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ചരകൻ ഹൃദയത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. മനസ്സിന്റെ ഉറവിടമാണ്‌ ഹൃദയം എന്നാണ്‌ ആദ്യകാലങ്ങളിൽ എല്ലാവരും ധരിച്ചിരുന്നതെന്ന് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാവും.

ക്രി.വ. 129-199 വരെ ജീവിച്ചിരുന്ന ഗാലൻ (ക്ലാഡിയുസ് ഗലേനിയുസ്) ആണ്‌ സിരാവ്യൂഹങ്ങളെക്കുറിച്ചും ധമനികളെക്കുറിച്ചും തിരിച്ചറിഞ്ഞത്. ക്രി.വ.1628 വില്യം ഹാർ‌വി രക്ത ചംക്രമണം കണ്ടു പിടിക്കുന്നതു വരെ ഗാലന്റെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ്‌ വൈദ്യശാസ്ത്രത്തിൽ ചികിത്സകൾ ചെയ്തിരുന്നത്. 1667-1761 ജീവിച്ചിരുന്ന റവ. സ്റ്റീഫൻ ഹേൽസ് എന്ന ശാസ്ത്രജ്ഞൻ കഴുതയുടെ കഴുത്തിലെ ധമനിയിൽ കുഴൽ ഘടിപ്പിച്ച് രക്തസമ്മർദം അളന്നുവെങ്കിലും കൃത്യമായി ഇത് ചെയ്തത് 1877-1917 ൽ ജീവിച്ചിരുന്ന ജൂൾസ് മാറി യാണ്‌. കുതിര യുടെ ഹൃദയത്തിലേക്ക് കുഴൽ കടത്തിയാണ്‌ ഇത് അദ്ദേഹം ചെയ്തത്.

1897 ൽ റേഹ്ന് എന്ന ജർമ്മൻ അപകടത്തിൽപ്പെട്ട് ഹൃദയത്തിനുണ്ടാകുന്ന മുറിവുകൾ തുന്നി ശരിയാക്കാമെന്ന് തെളിയിച്ചു. 1923-ൽ ബോസ്റ്റണിൽ എലിയട്ട് കട്ട്ലർ എന്ന സർജൻ 12 വയസ്സുള്ള ഒരു പെൺകുട്ടീയുടെ ഹൃദയ‍വാൽവിലേക്ക് കത്തി ഇറക്കി അതിന്റെ വലിപ്പം കൂട്ടി. ഹൃദയ വാൽവുകൾക്കുണ്ടാവുന്ന ചുരുങ്ങലിന് ലോകത്ത് ആദ്യമായി ചെയ്ത ശസ്ത്രക്രിയ അതായിരുന്നു. ഹൃദ്രോഗനിശ്ചയത്തിന് ഇന്ന് ഇ.സി.ജി. എന്ന പോലെ 1900 കളിൽ പോളിഗ്രാഫ് ആണ് ഉപയോഗിച്ചിരുന്നത്. (ഇന്ന് പോളിഗ്രാഫ് ക്രിമിനൽ കേസുകളിൽ മറ്റും ഉപയോഗിച്ചു വരുന്നു) എന്നാൽ ഡച്ചുകാരനായ വില്യം ഐന്ഥോവൻ എന്ന ശാസ്ത്രജ്ഞൻ ഇ.സി.ജി. കണ്ടു പിടിച്ചതോടെ ഹൃദ്രോഗത്തെ അറിയുന്നതിനുള്ള സാധ്യത പതിന്മടങ്ങ് എളുപ്പമായിത്തീർന്നു. ഫോർസ്മാൻ എന്ന ജർമ്മൻ വൈദ്യശാസ്ത്രജ്ഞൻ എക്സ്-റേ നോക്കി സ്വന്തം ശരീരത്തിലെ ഒരു സിര വഴി ചെറിയ ഒരു റബ്ബർ ട്യൂബ് കയറ്റി ഹൃദയം വരെ എത്തിച്ചു കത്തീറ്ററൈസേഷൻ സാദ്ധ്യമാണെന്ന് തെളിയിച്ചു. പിന്നീട് ഈ വിഭാഗം വളർന്നത് 1950കളിൽ അമേരിക്കൻ ശാസ്ത്രജ്ഞനായ ആന്ദ്രേ കൂർനാൻഡിൻറെ കഴിവിലൂടെയാണ്.

ഇത്തരം സൂക്ഷ്മക്കുഴലുകൾ വഴി മരുന്നുകൾ ഹൃദയത്തിലെത്തിച്ച് അതിന്റെ എക്സ്-റേ പടം എടുക്കുന്നത് പതിവാക്കിയത് അമേരിക്കയിലെ ക്ലീവ്‍ലൻറ് ക്ലിനിക്കിലെ ഡോ. മാസൺ സോൺസ് ആണ്. ഇതിനുശേഷമാണ് ഹൃദയാഘാതത്തിനുള്ള ശരിയായ കാരണം കണ്ടുപിടിക്കപ്പെടാനും ബൈ‍പാസ് ശസ്ത്രക്രിയകൾ ചെയ്തു തുടങ്ങാനും സാധിച്ചത്. അതേ ആശുപത്രിയിലേ അർജന്റീനക്കാരനായ സർജൻ റീനേ ഫാ വളോറോ ആണ് 1967-ല് ആദ്യത്തെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തത്. ജോൺ ഗിബ്ബൺ എന്ന മറ്റൊറു സർജൻ ഹൃദയപ്രവർത്തനം നിർത്തി വച്ച്, ഹാർട്ട്-ലങ് മെഷീൻ ഉപയോഗിച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ചെയ്തു. 1960കളിൽ മനുഷ്യൻറെ ഹൃദയവാൽവ് മാറ്റി പകരം ലോഹവാൽവ് പിടിപ്പിക്കാമെന്ന് തെളിയിച്ചു. 1967-ല് ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട്‍‍ഷർ ആശുപത്രിയിൽ വച്ച് ക്രിസ്ത്യൻ ബെർണാഡ് എന്ന സർജൻ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി.

സ്വീഡനിലെ ശാസ്ത്രജ്ഞന്മാരായ ഏഡ്‍ലറും ഹേർട്സും എക്കോ കാർഡിയോഗ്രാം എന്ന യന്ത്രം കണ്ടു പിടിച്ചതോടെ മറ്റൊരു മുന്നേറ്റം ഈ രംഗത്ത് ഉണ്ടായി. പിന്നീട് കളർ ഡോപ്ലർ അൾട്രാസൌണ്ട് വന്നതോടെ ആൻ‌ജിയോ‍ഗ്രാം ഇല്ലാതെ തന്നെ ഹൃദയത്തിൻറെ ഉള്ളറകൾ വരെ കാണാമെന്നായി.

തരം തിരിക്കൽ

ഹൃദ്രോഗത്തെ പലതരത്തിൽ തരം തിരിക്കാറുണ്ട്. അതു പിടിപെടുന്ന വിധത്തെ ആശ്രയിച്ച്, കണ്ടു പിടിക്കാനുപയോഗിക്കുന്ന രീതി വച്ച്, ഹൃദയത്തിന്റ്റെ ശേഷിയെ ആശ്രയിച്ച്, ചികിത്സയെ ആധാരമാക്കിക്കൊണ്ട് തുടങ്ങിയ രീതികൾ അവലംബിച്ചു കാണുന്നു. ആദ്യത്തെ തരം തിരിക്കൽ ഇപ്രകാരമാണ്.

ഘടനയുടെ പ്രകാരം

  1. ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ
  2. ഹൃദയ പേശീധമനികളിലെ രോഗങ്ങൾ
  3. ഹൃദയ വാല്വുകളിലെ രോഗങ്ങൾ
  4. ഹൃദയ പേശികളിലെ രോഗങ്ങൾ
  5. രക്തക്കുഴലിലെ രോഗങ്ങൾ
  6. രക്തസമ്മർദ്ദരോഗങ്ങൾ
  7. ഹൃദയമിടിപ്പിലെ അപാകതകൾ

രോഗമുണ്ടാക്കുന്ന കാരണങ്ങളെ അടിസ്ഥാനമാക്കി

ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ

കുഞ്ഞ് ജനിക്കുന്നതിനു മുൻപേ ഹൃദയത്തിനുണ്ടാകുന്ന തകരാറു മൂലം വരുന്ന രോഗങ്ങളാണിവ [1] പ്രധാനമായും

  • പേറ്റൻറ് ഡക്ടസ് ആർട്ടീരിയോസസ് ( patent ductus arterioses)
  • സെപ്റ്റൽ രോഗങ്ങൾ (septal diseases)
  • അയോർട്ടായുടെ കൊവാർക്ടേഷൻ ( coarctation of aorta)
  • ഫാലോട്ടിന്റെ നാലവർ രോഗം (ടെട്റലോജി ഒഫ് ഫാലോട്ട്) ( fallot's tetralogy)
  • വൻ ധമനികളുടെ സ്ഥാനഭ്രംശം ( translocations of great arteries)
  • വാൽവുകളുടെ രോഗങ്ങൾ (valvular malformations)
  • ഹൃദയ അറകൾക്ക് വലിപ്പമില്ലാത്ത അവസ്ഥയും മറ്റുമാണ്.

രോഗകാരണം അവ്യക്തമായവ

  • കാർഡിയോ മയോപ്പതി (cardio myopathy)
  • പ്രൈമറി പൾമനറി ഹൈപ്പർ ടെൻഷൻ (primary pulmonary hypertension)

രോഗാണുബാധയും അതുമൂലമുണ്ടാകുന്ന രോഗങ്ങൾ

  • മയോ കാർഡൈറ്റിസ് - ഹൃസയ പേശികളിലെ നീര്വാഴ്ച
  • റൂമാറ്റിക് ഫീവറും ബന്ധപ്പെട്ട രോഗങ്ങളും
  • ഇൻഫെക്റ്റീവ് എൻഡോകാർഡൈറ്റിസ് (infective endocarditis)
  • പെരികാറ്ഡിയല് അസുഖങ്ങൾ (pericardial diseases)

അഥീറോസ്ക്ലീറോട്ടിക്/വയസ്സാകുന്നതു മൂലമുള്ള രോഗങ്ങൾ

  • ഹൃദയ പേശീധമനീ രോഗങ്ങൾ
  • രക്തധമനികളിലെ ചുരുങ്ങൾ
  • രക്തധമനികളിലെ വീക്കങ്ങൾ

കുട്ടികളിൽ കാണുന്നവ

  • റൂമാറ്റിക് (വാതജന്യ) ഹൃദ്രോഗം ( rheumatic heart diseases)
  • കവാസാക്കി രോഗം ) kawasaaki disesase)[2]

മുതിർന്നവരിൽ കാണുന്നവ

  • ഇൻഫെക്റ്റിവ് എന്ഡൊ കാർഡൈറ്റിസ് ( infective endocarditis)
  • സ്റ്റീനോസെസ് ( stenoses of the valves)
  • അറിത്മിയാസ് ( arrhythmias)
  • ഹൃദയ ധമനികളുടെ അസുഖങ്ങൾ ( coronary heart diseases)

ഇതിൽ ഹൃദയ ധമനികളുടെ അസുഖത്തിനെയാണ് നാം ഇന്ന് ഹൃദ്രോഗ്ഗമെന്ന് പൊതുവെ പറഞ്ഞു വരുന്നത്.

രണ്ടാമത്തെ തരം തിരിക്കൽ

ഹൃദയമാറ്റ ശസ്ത്രക്രിയ

ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് തെക്കേ ആഫ്രിക്കയിലെ കേപ്‌ടൗണിലെ ഗ്രൂക്ക് ഷോർ ആസ്പത്രിയിൽ 1967 ഡിസംബർ 3 നായിരുന്നു. ഡോ. ക്രിസ്റ്റ്യൻ ബർണാഡിന്റെ നേതൃത്വത്തിലുള്ള 20 ഡോക്ടർമാരുടെ സംഘം 5 മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്. [3]

അവലംബം

ഡേവിഡ്സൺസ് പ്രിൻസിപ്ത്സ് ആൻഡ് പ്രാക്ടീസ് ഓഫ് മെഡിസിൻ, 17ആം എഡിഷൻ, ചർച്ചിൽ ലിവിങ്സ്റ്റൊൺ. 1995.

അവലംബം

  1. http://www.marchofdimes.com/professionals/681_1212.asp
  2. http://www.betterhealth.vic.gov.au/bhcv2/bhcarticles.nsf/pages/hc_heartcirculation?OpenDocument
  3. page 195, All about human body, Addone Publishing Group
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.