ഹിരണ്യാക്ഷൻ

ഹൈന്ദവ പുരാണത്തിലെ ഒരു അസുരരാജാവാണ് ഹിരണ്യാക്ഷൻ. മഹാവിഷ്ണുവിന്റെ ദ്വാരപാലകരിലൊരാളായ ജയനാണ് കൃതയുഗത്തിൽ ഹിരണ്യാക്ഷനായി ജന്മമെടുത്തത്.

പുരാണകഥ

താപസകുമാരൻ‌മാരായ സനകൻ, സനന്ദകൻ, സനാതനൻ, സനത്കുമാരൻ എന്നിവർ വിഷ്ണുദർ‌ശനത്തിനായി വൈകുണ്ഠത്തിൽ എത്തിച്ചേർന്നു. എന്നാൽ വൈകുണ്ഠ ദ്വാരപാലകരായ ജയവിജയൻ‌മാർ അവരെ അകത്തേയ്ക്ക് കടത്തിവിട്ടില്ല. അതിൽ കോപം പൂണ്ട കുമാരൻ‌മാർ ജയവിജയൻ‌മാരെ സാധാരണ മനുഷ്യരായി ഭൂമിയിൽ പിറക്കണമെന്ന് ശപിക്കുന്നു. ശാപമോക്ഷത്തിനായി വിഷ്ണുവിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴുജന്മം വിഷ്ണു ഭക്തരായി ജീവിക്കുകയോ മൂന്നുവട്ടം വിഷ്ണുശത്രുക്കളായി ജനിക്കയോ ചെയ്യാമെന്ന് ശാപം ഇളവ് ചെയ്തു. പ്രിയ വിഷ്ണുവിനെ അധികകാലം പിരിഞ്ഞിരിക്കാൻ വയ്യായ്കയാൽ മൂന്നു ശത്രുജൻ‌മങ്ങൾ മതി എന്ന തീരുമാനത്തിൽ ജയവിജയന്മാർ എത്തിച്ചേർ‌ന്നു. കൃതായുഗത്തിൽ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും, ത്രേതായുഗത്തിൽ രാവണനും കുംഭകർണനും, ദ്വാപര യുഗത്തിൽ ശിശുപാലനും ദന്തവക്രനും ആയി ഇവർ ജന്മമെടുത്തു. ത്രേതായുഗത്തിൽ രാമനാലും ദ്വാപരയിൽ കൃഷ്ണനാലും ഇവർ വധിക്കപ്പെടുന്നു.

സപ്തർഷികളിലൊരാളായ കാശ്യപനു ദിതിയിൽ ജനിക്കുന്ന അസുരപുത്രൻ‌മാരാണ്‌ ഹിരണ്യകശിപുവും ഹിരണ്യാക്ഷനും. ഭാര്യാഭർത്താക്കൻ‌മാരായ കാശ്യപനും ദിതിയും ത്രിസന്ധ്യാനേരം ബന്ധപ്പെട്ടതിനാലാണ്‌ പുത്രൻ‌മാർ അസുരൻ‌മാരായത്. ഹിരണ്യകശിപു പുത്രനായ പ്രഹ്ലാദൻ‌ന്റെ വിഷ്ണുഭക്തിയിൽ കോപാകുലനായി അവനെ കൊല്ലാനൊരുങ്ങുമ്പോൾ നരസിംഹമായെത്തിയ വിഷ്ണുവിന്റെ കയ്യാൽ കൊല്ലപ്പെടുന്നു. ഹിരണ്യാക്ഷൻ ഭൂമിയെ ആകാശാഴിയിൽ മുക്കുമ്പോൾ വരാഹാവതാരമായെത്തിയ വിഷ്ണു ആയിരം വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അയാളെ വധിക്കുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.