സ്വർണം
മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണിത് [1].
| ||||||
പൊതു വിവരങ്ങൾ | ||||||
---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | സ്വർണ്ണം, Au, 79 | |||||
അണുഭാരം | ഗ്രാം/മോൾ | |||||
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് | {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}} | |||||
രൂപം | {{{രൂപം}}} |
അന്താരാഷ്ട്ര നാണയനിധി, നിശ്ചിത അളവ് സ്വർണത്തിന്റെ വിലയാണ് നാണയവിലയുടെ ആധാരമായി മുൻപ് കണക്കാക്കിയിരുന്നത്[2]. ഓക്സീകരണം മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, ദന്തരോഗചികിത്സ, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായമേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.
സംയോജകത സാധാരണയായി ഒന്നോ മൂന്നോ ആയ ഒരു സംക്രമണമൂലകമാണ് സ്വർണം. മിക്കവാറും രാസവസ്തുക്കളുമായി ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നില്ലെങ്കിലും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, രാജദ്രാവകം[3], സയനൈഡ്[4] എന്നിവയുമായി പ്രവർത്തനത്തിലേർപ്പെടുന്നു. സ്വർണം രസത്തിലലിഞ്ഞ് സങ്കരമായ അമാൽഗം രൂപം കൊള്ളുന്നു. മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന നൈട്രിക് അമ്ലവുമായി സ്വർണ്ണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ വസ്തുക്കളിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്.
ഗുണങ്ങൾ
സ്വർണത്തിന്റെ അണുസംഖ്യ 79-ഉം പ്രതീകം Au എന്നുമാണ്. ഔറം എന്ന ലത്തീൻ വാക്കിൽ നിന്നാണ് Au എന്ന പ്രതീകം ഉണ്ടായത്. ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണ്ണം. ഒരു ഗ്രാം സ്വർണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വർണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും. [5]
സ്വർണത്തെ മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരലോഹങ്ങളാക്കാം. ഇത്തരം സങ്കരങ്ങൾക്ക് ശുദ്ധസ്വർണത്തെ അപേക്ഷിച്ച് കൂടുതൽ കടുപ്പമുണ്ടായിരിക്കും[6]. ആകർഷകമായ നിറവും ഈ സങ്കരങ്ങളുടെ പ്രത്യേകതയാണ്.
സ്വർണത്തോടു കൂടി മറ്റു ലോഹങ്ങൾ ചേർക്കുമ്പോൾ സ്വർണത്തിന്റെ തനതു നിറമായ മഞ്ഞയോടൊപ്പം താഴെപ്പറയുന്ന നിറങ്ങൾ ചേർന്ന നിറമായിരിക്കും ലഭിക്കുക. ചെമ്പ് - റോസ്, ഇൻഡിയം - നീല, അലൂമിനിയം - പർപ്പിൾ, പ്ലാറ്റിനം, പലേഡിയം, നിക്കൽ - വെളുപ്പ്. വെള്ളിയുടേയും ബിസ്മത്തിന്റേയും പ്രകൃത്യാലുള്ള സങ്കരങ്ങൾക്ക് കറുപ്പ് നിറമാണ് ഉണ്ടായിരിക്കുക. വളരെ നേർത്ത പൊടിയാക്കിയാൽ സ്വർണവും മറ്റു ലോഹങ്ങളെപ്പോലെത്തന്നെ കറുത്ത നിറത്തിലായിരിക്കും.
പ്രകൃതിദത്തമായ സ്വർണത്തിൽ 8 മുതൽ 10 വരെയോ അതിലധികമോ വെള്ളി അടങ്ങിയിരിക്കും. 20% - ൽ അധികം വെള്ളി അടങ്ങിയിരിക്കുന്ന സ്വർണത്തെയാണ് എലക്ട്രം എന്നു പറയുന്നത്. വെള്ളിയുടെ അളവ് കൂടുംതോറും നിറം കൂടുതൽ വെളുത്തു വരുകയും ആപേക്ഷികസാന്ദ്രത കുറയുകയും ചെയ്യുന്നു.
വൈദ്യുതിയുടേയും താപത്തിന്റേയും വളരെ നല്ല ഒരു ചാലകമാണ് സ്വർണ്ണം[4]. കൂടാതെ വായുവോ മറ്റു രാസവസ്തുക്കളോ ഇതിനെ ബാധിക്കുന്നുമില്ല. താപം, ഈർപ്പം, ഓക്സിജൻ തുടങ്ങിയവയുമായി വളരെ നേരീയ അളവിൽ മാത്രമേ ഈ ലോഹം പ്രവർത്തിക്കുന്നുള്ളൂ. സ്വർണ്ണത്തിന്റെ ഇത്തരം ഗുണങ്ങൾ, ആഭരണങ്ങൾ നാണയങ്ങൾ എന്നിവയുടെ നിർമ്മിതിക്ക് ഇതിനെ അനുയോജ്യമാക്കുന്നു.
ശുദ്ധസ്വർണം രുചിയില്ലാത്ത പദാർത്ഥമാണ്. (എല്ലാ ലോഹങ്ങളുടേയും രുചിക്ക കാരണം അതിന്റെ അയോണുകൾ ആണ്).
സ്വർണം സാന്ദ്രതയേറിയ ഒരു വസ്തുവാണ്. ഒരു ക്യുബിക് മീറ്റർ സ്വർണ്ണം 19300 കിലോഗ്രാം വരും. (കറുത്തീയത്തിന്റെ സാന്ദ്രത 11340 kg/m3-ഉം, ഏറ്റവും സാന്ദ്രതയേറിയ ലോഹമായ ഓസ്മിയത്തിന്റെ സാന്ദ്രത 22610 kg/m3-ഉം ആണ്[7])
1064° C താപനിലയിൽ സ്വർണം ഉരുകാൻ തുടങ്ങുന്നു. 2808° C ആണ് ഇതിന്റെ ക്വഥനാങ്കം. ഇതിന്റെ ആപേക്ഷികസാന്ദ്രത 19.3 -ഉം അണുഭാരം 196.97-ഉം ആണ്.
ഹാലൊജനുകൾ സ്വർണ്ണവുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നു. നൈട്രിക് അമ്ലം, ഹൈഡ്രോക്ലോറിക് അമ്ലം എന്നിവയുടെ മിശ്രിതത്തിൽ ഉടലെടുക്കുന്ന ക്ലോറിൻ അയോണുകളാണ്, രാജദ്രാവകത്തിൽ സ്വർണ്ണം അലിയുന്നതിലുള്ള കാരണം[8].
സ്വർണത്തിന്റെ ഓക്സീകരണനിലകൾ ഓറസ് സംയുക്തങ്ങളിൽ (gold(I)) +1-ഉം ഓറിക് സംയുക്തങ്ങളിൽ (gold(III)) +3-ഉം ആണ്. ഓക്സീകരണനില +5 ആയ ഗോൾഡ് പെന്റാഫ്ലൂറൈഡ് (AuF5) എന്ന ഒരു സംയുക്തവും ഉണ്ട്.
ഗോൾഡ് പെന്റാഫ്ലൂറൈഡ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ഫ്ലൂറൈഡ് അയോൺ സ്വീകാരിയാണ്. AuF5 + F- → [AuF6]- + 10eV
ഓക്സീകരണനില -1 ആയ ഓറൈഡുകളും ഉണ്ട്. ഉദാ: CsAu (സീസിയം ഓറൈഡ്), RbAu (റൂബിഡിയം ഓറൈഡ്), (CH3)4NAu (ടെട്രാമീതൈലമോണിയം ഓറൈഡ്).
മറ്റൊരു ലോഹം നിരോക്സീകാരിയായി ചേർത്താൽ ഒരു ലായനിയിലെ സ്വർണ്ണത്തിന്റെ അയോണുകൾ നിരോക്സീകരിക്കുകയും സ്വർണം വേർതിരിയുകയും ചെയ്യും. നിരോക്സീകാരിയിയായി ചേർത്ത ലോഹം ഓക്സീകരിക്കപ്പെടുന്നു. സ്വർണം ഖരരൂപത്തിൽ ലായനിയിൽ അടിയുന്നു.
വിഷാംശം
ചെറിയ അളവിൽ സ്വർണ്ണം ശരീരത്തിനകത്തെത്തിയാൽ അത് വിഷമല്ല. എന്നാൽ കൂടിയ അളവിൽ സ്വർണ്ണമോ അതിന്റെ സംയുക്തങ്ങളോ ശരീരത്തിലെത്തുന്നത് ശരീരത്തിന് ആപത്താണ്. ഘനലോഹങ്ങൾ കൊണ്ടുണ്ടാവുന്ന വിഷബാധക്ക് സാദൃശ്യമുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നു.
ലഭ്യത
സ്വതന്ത്രരൂപത്തിലും ധാതു രൂപത്തിലും സ്വർണ്ണം പ്രകൃതിയിൽ കണ്ടുവരുന്നു. ഭൂവൽക്കത്തിൽ സുലഭമായ മൂലകങ്ങളുടെ പട്ടികയിൽ 75-ആം സ്ഥാനമാണ് സ്വർണ്ണത്തിനുള്ളത്. വ്യത്യസ്തമായ അളവിൽ വെള്ളിയുമായി കൂടിച്ചേർന്ന് എലക്ട്രം എന്ന രൂപത്തിലാണ് സ്വർണ്ണം മിക്കവാറും കണ്ടുവരുന്നത്.
70-ഓളം രാജ്യങ്ങൾ സ്വർണ്ണം ലോകത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ലോകവ്യാപകമായ ഉല്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ദക്ഷിണാഫ്രിക്ക, ഐക്യനാടുകൾ, ഓസ്ട്രേലിയ, ചൈന, കാനഡ, റഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. സ്വർണത്തിന്റെ ഏറ്റവും വലിയ ഉല്പാദകരായ ദക്ഷിണാഫ്രിക്ക 399 മെട്രിക് ടൺ സ്വർണം 2002-ൽ ഉൽപ്പാദിപ്പിച്ചു.
ടെല്യൂറിയം എന്ന മൂലകവുമായി രാസബന്ധത്തിലേർപ്പെട്ടാണ് സ്വർണ്ണവും വെള്ളിയും കാലവെറൈറ്റ് എന്ന ധാതുവിൽ കാണപ്പെടുന്നത്. കറുത്തീയം, ആന്റിമണി, സൾഫർ എന്നീ മൂലകങ്ങളുമായി ചേർന്ന അവസ്ഥയിലാണ് നാഗ്യാഗൈറ്റ് എന്ന ധാതുവിൽ സ്വർണ്ണം കാണപ്പെടുന്നത്. ഗോൾഡ് അമാൽഗം എന്ന രൂപത്തിൽ മെർക്കുറിയുമായി ലയിച്ച അവസ്ഥയിലും കാണുന്നുണ്ട്.
കടൽജലത്തിൽ 0.05 മുതൽ 2.5 പി.പി.എം. വരെ അളവിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ട്. കടൽജലത്തിൽ ആകെ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്റെ അളവ് 9 ബില്യൻ മെട്രിക് ടൺ ആണെങ്കിലും, ഇതിനെ വേർതിരിച്ചെടുക്കാനായി ഈ സ്വർണ്ണത്തിന്റെ വിലയേക്കാൾ അധികം തുക വേണ്ടിവരും.
ഖനനവും ശുദ്ധീകരണവും
സ്വർണ്ണം അടങ്ങിയ ചരലിൽ നിന്നും വെള്ളം ഉപയോഗിച്ച് കഴുകി അരിച്ച് എടുക്കുന്ന രീതിയാണ് സ്വർണ്ണം വേർതിരിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി. (ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർണ്ണം അരിച്ചെടുക്കുന്നതിന് സ്വർണ്ണപ്പണിക്കാരും മറ്റും ഈ രീതി ഉപയോഗിക്കുന്നു.)
സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള ആധുനികരീതിയാണ് ഹൈഡ്രോളിക് ഖനനം. വെള്ളം ശക്തിയിൽ ചീറ്റിച്ചാണ് ഈ രീതിയിൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന സ്വർണ്ണത്തെ സംയോജിപ്പിച്ച് ഉരുക്കുന്നത്തിനു രസം ഉപയോഗിക്കുന്നു. തീരെ ചെറിയ തരികളായ സ്വർണം രസത്തിൽ കുഴക്കുമ്പോൾ അവ ഒന്നിക്കുന്നു ഇതിനെ ചൂടാക്കുമ്പോൾ രസം ബഷ്പീകരിക്കുകയും സ്വർണം മാത്രമായി ഉരുക്കിയെടുക്കാനും കഴിയുന്നു. പിന്നീട് സ്വർണത്തെ വെള്ളി, ചെമ്പ് എന്നിവ ഉപയോഹിച്ചു നേർപ്പിച്ച ശേഷം ചെറിയ തരികലക്കി നൈട്രിക് ആസിഡിൽ ഇട്ടു ഒരു പ്രത്യേക അനുപാതത്തിൽ ചൂടാക്കുമ്പോൾ സ്വർണം മാത്രമായി വളരെ ചെറിയ തരികളായി ലെഭിക്കുന്നു ഇതിനെ ഉരുക്കിയെടുക്കുമ്പോൾ ശുദ്ധ സ്വർണം ലെഭിക്കുന്നു.
ചരിത്രം
ചരിത്രാതീത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ് സ്വർണ്ണം. ഒരുപക്ഷേ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹവും ഇതുതന്നെയായിരിക്കണം. ബി.സി.ഇ. 2600 ലെ ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ ഈജിപ്തിൽ സ്വർണ്ണം സുലഭമായിരുന്നെന്ന് പരാമർശിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ ഈജിപ്തും നുബിയയുമാണ് ലോകത്തിൽ ഏറ്റവുമധികം സ്വർണ്ണം ഉല്പ്പാദിപ്പിച്ചിരുന്ന മേഖലകൾ. ബൈബിളിലെ പഴയ നിയമത്തിൽ സ്വർണ്ണത്തെപ്പറ്റി പലവട്ടം പരാമർശിക്കുന്നുണ്ട്.
സ്വർണ്ണത്തിന്റെ നിർമ്മാണചരിത്രം എട്രൂസ്കൻ, മിനോവൻ, അസ്സിറിയൻ, ഈജിപ്‌ഷ്യൻ സംസ്കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളിൽ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വർണ്ണം നിർമ്മിച്ചിരുന്നത്. പുരാതനകാലം മുതൽ ഇന്ത്യയിൽ മദ്ധ്യേഷ്യയിലും തെക്കൻ യുറൽ പർവ്വത പ്രദേശങ്ങളിലും കിഴക്കൻ മെഡിറ്ററേനിയൻ തീരങ്ങളിലും സ്വർണ്ണം നിർമ്മിച്ചു പോന്നിരുന്നു. സ്വർണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്[9].
പതിനാറാം നൂറ്റാണ്ടു മുതൽ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്സിക്കോയും ആയിരുന്നു സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉൽപ്പാദകർ. പതിനാറാം നൂറ്റാണ്ടിലെ ലോകത്തെ ആകെ സ്വർണ്ണോൽപ്പാദനത്തിന്റെ 9 ശതമാനം മെക്സിക്കോയിൽ നിന്നായിരുന്നു. 1851 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ വൻ സ്വർണ്ണനിക്ഷേപങ്ങൾ കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകസ്വര്ണ്ണോല്പാദനത്തിന്റെ നല്ലൊരു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നായിരുന്നു.
ഉപയോഗങ്ങൾ
പുരാതനകാലം മുതലേ അറിയപ്പെട്ടിരുന്നതും വളരെ വിലകൽപ്പിച്ചിരുന്നതുമായ ലോഹമാണിത്. ഭംഗി മാത്രമല്ല, തുരുമ്പെടുത്ത് നശിക്കുന്നതിൽ നിന്നുള്ള പ്രതിരോധവും, മറ്റു ലോഹങ്ങളെ അപേക്ഷിച്ച് ആഭരണങ്ങളും മറ്റും പണിയുന്നതിലുള്ള എളുപ്പവും സ്വർണ്ണം ശുദ്ധരൂപത്തിൽ തന്നെ പ്രകൃതിയിൽ ലഭ്യമാകുന്നു എന്നതും ഇതിന്റെ കാരണങ്ങളാണ്.
ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്വർണ്ണത്തിന്റെ ഏറിയ പങ്കും ആഭരണങ്ങൾക്കായും നാണയങ്ങൾക്കായും ഉപയോഗിക്കുന്നു. ഇതിന് ലോഹത്തിന്റെ കടുപ്പം വർദ്ധിപ്പിക്കുന്നതിനായി മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരമാക്കുന്നു. അന്താരാഷ്ട്രതലത്തിൽ വിവിധ നാണയങ്ങളുടെ വില നിശ്ചയിക്കുന്നതും പണം കൈമാറ്റം നടത്തിയിരുന്നതും മുൻപ് സ്വർണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു[2].
ആഭരണങ്ങൾ
ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. ശുദ്ധസ്വർണം 24 കാരറ്റാണ്. 22k, 18k, 14k, 10k എന്നിങ്ങനെ വിവിധ കാരറ്റുകളിലുള്ള സ്വർണ്ണാഭരണങ്ങൾ ലഭ്യമാണ്. കാരറ്റ് കുറയുന്തോറും അതിലെ സ്വർണ്ണത്തിന്റെ അളവ് കുറയുകയും കൂട്ടുലോഹങ്ങളായ വെള്ളി, ചെമ്പ് മുതലായവയുടെ അളവ് കൂടുകയും ചെയ്യുന്നു.
916 സ്വർണം എന്നറിയപ്പെടുന്നത്, 91.6% സ്വർണ്ണം അടങ്ങിയിരിക്കുന്ന സങ്കരമാണ്. 22k ആഭരണങ്ങളിലേയും 916 ലേയും സ്വർണ്ണത്തിന്റെ അളവ് തുല്യം തന്നെയാണ്.
14 കാരറ്റ് സ്വർണം പിച്ചളയുടെ അതേ നിറത്തിലുള്ളതായിരിക്കും. ബാഡ്ജുകളും മറ്റും നിർമ്മിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. 18 കാരറ്റ് സ്വർണ്ണത്തിൽ 25% ചെമ്പ് അടങ്ങിയിരിക്കും. ആഭരണങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. വെള്ളി ചേർത്ത 18 കാരറ്റ് സ്വർണ്ണത്തിന് പച്ചകലർന്ന മഞ്ഞ നിറമായിരിക്കും.
നാണയങ്ങൾ
വിനിമയത്തിനായി 1526 മുതൽ 1930-കൾ വരെ ഉപയോഗിച്ചിരുന്ന നാണയങ്ങൾ 22 കാരറ്റ് സ്വർണ്ണത്തിലാണ് ഉണ്ടാക്കിയിരുന്നത്. ഇതിനെ ക്രൗൺ ഗോൾഡ് എന്നാണ് അറിയപ്പെടുന്നത്. ഇന്ന് ശേഖരണത്തിനും നിക്ഷേപത്തിനുമായി നിർമ്മിക്കുന്ന നാണയങ്ങൾ അത്ര കടുപ്പം ആവശ്യമില്ലാത്തതിനാൽ 24 കാരറ്റിലാണ് നിർമ്മിക്കുന്നത്.
മറ്റ് ഉപയോഗങ്ങൾ
- മദ്ധ്യകാലത്ത് സ്വർണ്ണം ആരോഗ്യദായകമായ ഔഷധമായി കണക്കാക്കിയിരുന്നു. ഇന്നും ഇന്ത്യയിൽ കുട്ടികൾക്ക് സ്വർണ്ണം ഔഷധമായി നൽകുന്നുണ്ട്. സ്വർണ്ണത്തിന്റെ ചില ലവണങ്ങൾക്കും റേഡിയോ ഐസോടോപ്പുകൾക്കും മാത്രമേ ഔഷധഗുണമുള്ളൂ. മൂലകസ്വർണ്ണം ശരീരത്തിൽ നിർവീര്യമായ ഒന്നാണ്. ശരീരത്തിനകത്തെ രാസവസ്തുക്കളുമായി അത് പ്രവർത്തനത്തിലേർപ്പെടുന്നില്ല.
- സ്വർണത്തിന്റെ നേരിയ പാട (ഗോൾഡ് ലീഫ്) ഭക്ഷണം അലങ്കരിക്കാൻ ഉപയോഗിക്കാറുണ്ട്.
- സ്വർണ്ണത്തിന്റെ സങ്കരങ്ങൾ ദന്തരോഗചികിൽസക്ക് ഉപയോഗിക്കുന്നു. സ്വർണ്ണം എളുപ്പത്തിൽ രൂപഭേദം വരുത്തിയെടുക്കാം എന്നതിനാൽ നിലവിലുള്ള പല്ലുകൾക്ക് യോജിച്ച രീതിയിൽ പുതിയ പല്ലുകൾ ഉണ്ടാക്കി വച്ചു പിടിപ്പിക്കാൻ എളുപ്പമാണ്.
- സ്വർണ്ണനൂലും, നൂലിൽ സ്വർണ്ണം പിടിപ്പിച്ചും വസ്ത്രങ്ങളിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്നു. (ഉദാഹരണം: കസവ്)
- സ്ഫടികത്തിന് നിറം കൊടുക്കാനായി ഉപയോഗിക്കുന്നു.
- ഛായാഗ്രഹണമേഖല.
- ഇലക്ട്രോണിക്സ്: ഉയർന്ന വൈദ്യുത ചാലകതയുള്ളതിനാൽ ഉയർന്ന ഊർജ്ജം ഉപയോഗിക്കുന്നയിടങ്ങളിൽ വൈദ്യുതവാഹിയായി സ്വർണ്ണം ഉപയോഗിക്കുന്നു. സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളിക്കും, ചെമ്പിനും ചാലകത കൂടുതലാണെങ്കിലും, തുരുമ്പെടുക്കലിൽ നിന്നുള്ള സ്വർണ്ണത്തിന്റെ പ്രതിരോധം ഇത്തരം ആവശ്യങ്ങൾക്ക് ഇതിനെ യോജിച്ചതാക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ ബാറ്ററികളും മറ്റും ഉപകരണവുമായി ചേർക്കുന്ന വൈദ്യുതബന്ധങ്ങളിൽ (കണക്റ്റർ) സ്വർണ്ണം പൂശി ഉപയോഗിക്കുന്നു.
- മൽസരങ്ങൾക്ക് ഒന്നാംസ്ഥാനത്തെത്തുന്നവർക്കുള്ള പുരസ്കാരമായി സ്വർണ്ണമെഡലുകളും കപ്പുകളും നൽകുന്നു.
- ദൃശ്യപ്രകാശത്തേയും ഇൻഫ്രാറെഡ് കിരണങ്ങളേയും സ്വർണ്ണം നന്നായി പ്രതിഫലിപ്പിക്കുന്നു. ഇൻഫ്രാറെഡ് കിരണങ്ങളിൽ നിന്നും സംരക്ഷണകവചമായി കൃത്രിമോപഗ്രഹങ്ങളിലും ശൂന്യാകാശയാത്രക്കാരുടെ വസ്ത്രങ്ങളിലും ഹെൽമെറ്റിന്റെ ഫേസ്പ്ലേറ്റുകളിലും സ്വർണം ഉപയോഗിക്കുന്നു.
- സ്വർണ്ണം, പ്ലാറ്റിനം, പല്ലാഡിയം, നിക്കൽ, സിങ്ക് എന്നിവയുടെ സങ്കരമായ വൈറ്റ് ഗോൾഡ്, പ്ലാറ്റിനത്തിന് പകരമായി പല മേഖലകളിലും ഉപയോഗിക്കുന്നു.
- സ്വർണ്ണത്തിന്റേയും വെള്ളിയുടേയും സങ്കരമായ ഗ്രീൻ ഗോൾഡ് ആഭരണങ്ങൾക്കായി ഉപയോഗിക്കുന്നു.
- ഉന്നത നിലവാരത്തിലുള്ള കോമ്പാക്റ്റ് ഡിസ്കുകളിൽ പ്രതിഫലനപാളിയായി സ്വർണ്ണം ഉപയോഗിക്കുന്നു.
- 2.7 ദിവസം അർദ്ധായുസ്സുള്ള സ്വർണ്ണത്തിന്റെ ഐസോട്ടോപ്പായ ഗോൾഡ്-198, കാൻസർ പോലുള്ള രോഗങ്ങളുടെ ചികിൽസക്ക് ഉപയോഗിക്കുന്നു.
- ഗോൾഡ് സയനൈഡും പൊട്ടാസ്യം സയനൈഡും (അല്ലെങ്കിൽ സോഡിയം സയനൈഡ്) ചേർന്ന മിശ്രിതമാണ് മറ്റു ലോഹങ്ങളിൽ സ്വർണ്ണം പൂശുന്നതിനായി ഉപയോഗിക്കുന്നത്.
സംയുക്തങ്ങൾ
ക്ലോറൈഡുകളും അയോഡൈഡുകളുമാണ് സ്വർണത്തിന്റെ പ്രധാന സംയുക്തങ്ങൾ
അവലംബം
- "Key properties of gold" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2007-06-18.
- "Gold in the IMF" (ഭാഷ: ഇംഗ്ലീഷ്). 2007-04-01. ശേഖരിച്ചത്: 2007-06-21.
- "Reaction of gold with the halogens, Reaction of gold with acids" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2007-06-18.
- "Properties Of Gold" (ഭാഷ: ഇംഗ്ലീഷ്). വേൾഡ് ഗോൾഡ് കൗൺസിൽ. ശേഖരിച്ചത്: 2007-06-18.
- എൻകാർട്ട എൻസൈക്ലോപീഡിയ 2005
- "High-purity hardened gold alloy and a process of producing the same" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2007-06-19.
- Arblaster, J. W. (1995). "Osmium, the Densest Metal Known". Platinum Metals Review. 39 (4): 164.
- "aqua regia" (ഭാഷ: ഇംഗ്ലീഷ്). The Columbia Encyclopedia. ശേഖരിച്ചത്: 2007-06-19.
- സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 83. ISBN 81-7130-993-3.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |