സൂക്ഷ്മജീവശാസ്ത്രം

നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത ജീവകോശങ്ങളെക്കുറിച്ചും സൂക്ഷ്മജീവാണുക്കളെക്കുറിച്ചുമുള്ള പഠനമാണ് സൂക്ഷ്മജീവശാസ്ത്രം. (മൈക്രോബയോളജി/ Microbiology). സൂക്ഷ്മജീവികൾ എന്ന ഗണത്തിൽ ബാക്ടീരിയ (ഏകവചനം: ബാക്ടീരിയം), വൈറസുകൾ, പൂപ്പലുകൾ (ഫംഗസ്; ബഹുവചനം: ഫംജൈ), ആൽഗകൾ] (യഥാർഥന്യൂക്ലിയസ് ഉള്ള ഏകകോശസസ്യങ്ങൾ), പ്രോട്ടോസോവകൾ (യഥാർഥ മർമ്മം ഉള്ള ഏകകോശജന്തുക്കൾ) തുടങ്ങിയ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞവയിൽ ബാക്ടീരിയ യഥാർഥ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികൾ (പ്രോക്കാരിയോട്ട്സ്) ആണെങ്കിൽ വൈറസുകൾ ജീവികൾ ആണോ അല്ലയോ എന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കാരണം അവ ജൈവികസ്വഭാവം കാണിക്കുന്നത് മറ്റേതെങ്കിലും ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ കടക്കുമ്പോൾ മാത്രമാണ്. അല്ലാത്തപ്പോൾ അവ ജീവനില്ലാത്ത വെറും ജൈവീകപദാർഥങ്ങൾ മാത്രമാണ്. അവശേഷിക്കുന്ന സൂക്ഷ്മജീവിവിഭാഗങ്ങളായ പൂപ്പലുകൾ, ആൽഗകൾ, പ്രോട്ടോസോവകൾ എന്നിവ യഥാർഥ മർമ്മം ഉള്ള ജീവികൾ (യൂക്കാരിയോട്ട്സ്) ആണ്. ചിലപൂപ്പലുകൾ പ്രോക്കാരിയോട്ടിക് സ്വഭാവം കാണിക്കുമ്പോൾ ചിലവ ബഹുകോശജീവികളുടെ സ്വഭാവവും കാണിക്കാറുണ്ട് (ഉദാ : കൂണുകൾ).

സൂക്ഷ്മജീവികൾ അന്തരീക്ഷത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്നു. അവയുടെ സാന്നിദ്ധ്യം ജലത്തിലും, കരയിലും, വായുവിലും, സസ്യങ്ങളിലും, ജന്തുക്കളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില സൂക്ഷ്മജീവികൾ സൂര്യപ്രകാശത്തിൽനിന്നോ മറ്റ് രാസവസ്തുക്കളിൽ നിന്നോ ഊർജ്ജം സ്വീകരിച്ച് സ്വന്തമായി ഭക്ഷണം പാകം ചെയ്തു ജീവിക്കുമ്പോൾ (ഓട്ടോട്രോഫുകൾ), ചില ജീവികൾ ജീവനാശം സംഭവിച്ച ജീവികളെയും ജീവകോശങ്ങളെയും ആഹാരമാക്കുന്നു (സാപ്രോഫൈറ്റുകൾ). ഇനിയും ചിലവ ജീവനുള്ള മറ്റ് ജീവകോശങ്ങളെയോ ജീവികളെയോ ചൂഷണം ചെയ്ത് ജീവിക്കുന്നു (പരാദങ്ങൾ അഥവാ പാരസൈറ്റുകൾ).

മൈക്രോബയോളജിയുടെ വിവിധശാഖകൾ : ബാക്ടീരിയോളജി (ബാക്ടീരിയകളെക്കുറിച്ചുള്ള പഠനം), വൈറോളജി (വൈറസുകളെക്കുറിച്ചുള്ള പഠനം), മൈക്കോളജി(പൂപ്പലുകളെക്കുറിച്ചുള്ള പഠനം), ആൽഗോളജി/ഫൈക്കോളജി(ആൽഗകളെക്കുറിച്ചുള്ള പഠനം), പ്രോട്ടോസുവോളജി(പ്രോട്ടോസോവകളെക്കുറിച്ചുള്ള പഠനം).

മേൽപ്പറഞ്ഞ പ്രധാനശാഖകൾക്കുപുറമെ : പാരസൈറ്റോളജി (പരാദങ്ങളെക്കുറിച്ചുള്ള പഠനം), സൂക്ഷ്മജൈവജനിതകശാസ്തം (മൈക്രോബിയൽ ജനറ്റിക്സ്), കാർഷിക-സൂക്ഷ്മജൈവശാസ്ത്ര(അഗ്രിക്കൾച്ചർ മൈക്രോബയോളജി), വൈദ്യ-സൂക്ഷ്മജൈവശാസ്ത്രം (മെഡിക്കൽ മൈക്രോബയോളജി), സൂക്ഷ്മജീവി-പരിസ്ഥിതിശാസ്ത്രം (മൈക്രോബിയൽ എക്കോളജി), വ്യാവസായിക-സൂക്ഷ്മജൈവശാസ്ത്രം (ഇൻഡസ്ട്രിയൽ മൈക്രോബയോളജി) തുടങ്ങിയ നിരവധി ഉപശാഖകൾ ഈ വിശാലമായ ശാസ്ത്രശാഖയ്ക്കുണ്ട്.

ബാക്ടീരിയകൾ തന്നെ ജനിതകപരമായി യൂബാക്ടീരിയകൾ എന്നും ആർക്കിബാക്ടീരിയകൾ എന്നും രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചിരുന്നു. എന്നാൽ പുതിയ പഠനങ്ങൾ ആർക്കിബാക്ടീരിയകൾക്ക് ജനിതകപരമായി യൂബാക്ടീരിയകളിൽ നിന്ന് വളരെയധികം വ്യത്യാസങ്ങളുണ്ടെന്നു തെളിയിക്കുകയും തൽഫലമായി ആർക്കിബാക്ടീരിയകളെ ആർക്കിയ എന്ന പ്രത്യേകവിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇന്ന് ലോകത്തെ മുഴുവൻ ജീവജാലങ്ങളെയും ബാക്ടീരിയ (യൂബാക്ടീരിയ/ പ്രോട്ടോസോവ), ആർക്കിയ, യൂക്കാരിയോട്ട എന്ന മൂന്ന് വിഭാഗങ്ങളിലായി തരം തിരിച്ചിരിക്കുന്നു.

ഉൽപ്പത്തിയും വളർച്ചയും : പതിനേഴാം നൂറ്റാണ്ടിൽ (1676) ആന്റണി വാൻ ല്യൂവൻഹോക്ക് എന്നയാൾ സൂക്ഷ്മദർശിനിയുടെ (മൈക്രോസ്കോപ്പ്) ആദിമരൂപം കണ്ടുപിടിക്കുകയും അതിലൂടെ സൂക്ഷ്മജീവികളെ വീക്ഷിക്കുകയും ചെയ്തതിൽനിന്നാണ് ഈ ശാസ്ത്രശാഖയുടെ ആരംഭം. അതിനാൽ ല്യൂവൻഹോക്കിനെ സൂക്ഷ്മജൈവശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കുന്നു. പിന്നീട് ലൂയിസ് പാസ്ചർ, റോബർട്ട് കോച്ച്, എഡ്വേഡ് ജന്നർ, ഫ്രാൻസിസ്കോ റെഡി, ജൂലിയസ് റിച്ചാർഡ് പെട്രി, തുടങ്ങിയ പ്രതിഭാധനരായ ശാസ്ത്രജ്ഞർ തങ്ങളുടെ പരീക്ഷണനിരീക്ഷണങ്ങളാൽ സൂക്ഷ്മജൈവശാസ്ത്രത്തെ പുഷ്ടിപ്പെടുത്തി. ഇന്ന് അനുദിനം വളർന്ന് പരിമിതികളുടെ എല്ലാ അതിരുകളെയും ഭേദിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണിത്.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.