സുറിയാനി

കിഴക്കൻ അറമായ ഭാഷയുടെ ഭാഷാഭേദമാണ്(dialect, പ്രാദേശിക രൂപം) സുറിയാനി (ܣܘܪܝܝܐ സുറിയായാ, ആംഗലഭാഷയിൽ Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.[1]

11ആം നൂറ്റാണ്ടിലെ ഒരു സുറിയാനി കൈയെഴുത്തുപ്രതി.

യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർ‌വചനമനുസരിച്ച്, സുറിയാനി എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന എദേസ്സായിലെ സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് കിഴക്കൻ സുറിയാനി, പടിഞ്ഞാറ‍ൻ സുറിയാനി എന്നീ രണ്ടു് വകഭേദമുണ്ടു്.

അറബികളുടെയും ഒരു പരിധി വരെ പേർഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്ന സുറിയാനിഭാഷ അറബി ഭാഷയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ അറബി സാധാരണ ഭാഷയായി മാറിയപ്പോൾ സുറിയാനി ക്രൈസ്തവ ആരാധനാഭാഷയായി ചുരുങ്ങി. ഇപ്പോഴിത് കേരളത്തിലും സുറിയയിലും തുർക്കിയിലും ഇറാക്കിലും ഇറാനിലും പാലസ്തീനിലും മറ്റുമായി ചിതറിക്കിടക്കുന്ന സുറിയാനി സഭകളിലെ ആരാധനാക്രമ ഭാഷ മാത്രമാണു്.

ഇത് സംസാരഭാഷയായിട്ടുള്ളവർ ‍ആയിരത്തോളമേ വരൂ. അവർ‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. അറബി, എബ്രായ ഭാഷ(ഹീബ്രു) എന്നീ ഭാഷകൾ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി എസ്ത്രാങ്ങലയായിരുന്നു. പിന്നീടു് കിഴക്കൻ സുറിയാനിയുടെ ലിപി കൽദായയും , പടിഞ്ഞാറ‍ൻ സുറിയാനിയുടെ ലിപി സെർത്തോയും ആയി.

പേരിനു് പിന്നിൽ

സുറിയാനി എന്ന പദം അറബി ഭാഷയിൽ സിറിയയിലെ ഭാഷ എന്നതിനുപയോഗിക്കുന്നതാണ്‌. [2]അരാം ദേശം ഗ്രീക്കിൽ സുറിയ(സിറിയ)യെന്നറിയപ്പെട്ടപ്പോഴാണു് അരമായഭാഷയ്ക്കു് സുറിയാനിഭാഷ എന്ന പേരുണ്ടായതു്.

ഭാഷാശാഖ

ശീമ/ശേമ്യ(സെമിറ്റിൿ) ഭാഷാശാഖയുടെ ആഫ്രോ-എഷ്യൻ ഭാഷാ ഉപശാഖയാണ് സുറിയാനി.

സുറിയാനി ഭാഷയിൽ 22 വ്യഞ്ചനങ്ങളും5 സ്വരചിഹ്നങ്ങളും ഉണ്ടു്.

transliterationʾbgdhwzyklmnsʿpqršt
letter ܐ ܒ ܓ ܕ ܗ ܘ ܙ ܚ ܛ ܝ ܟ ܠ ܡ ܢ ܣ ܥ ܦ ܨ ܩ ܪ ܫ ܬ
pronunciation [ʔ] [b], [v] [ɡ], [ɣ] [d], [ð] [h] [w] [z] [ħ] [tˤ] [j] [k], [x] [l] [m] [n] [s] [ʕ] [p], [f] [sˤ] [q] [r] [ʃ] [t], [θ]

ഇതും കാണുക

  • സുറിയാനി സഭകൾ
  • കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ
  • സുറിയാനി ക്രിസ്ത്യാനികൾ
  • അരമായ

അവലംബം

  1. Beyer, Klaus (1986). The Aramaic Language: its distribution and subdivisions. Göttingen: Vandenhoeck und Ruprecht. p. 44. ISBN 3-525-53573-2. Unknown parameter |coauthors= ignored (|author= suggested) (help)
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.