സമുദ്രം
ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. പല ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം 3.1% - 3.8% വരെയാണ്. കടൽജലത്തിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു.
ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ ജീവൻ അങ്കുരിച്ചതും സമുദ്രത്തിലാണ്
ഭൂമിയുടെ ചരിത്രത്തിൽ, നിരവധി പെരുംവൻകരാചക്രങ്ങളുണ്ടായിരുന്നവയിൽ ഏറ്റവും ഒടുവിലത്തേതായി കുറെക്കാലം മുമ്പ് പാൻജിയ എന്ന ഒറ്റ പെരുംവൻകരയും അതിനെ ചുറ്റി പാൻതലാസ്സ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് ഇന്ന കാണുന്ന ഭൂഖണ്ഡങ്ങൾ ആകാൻ അരംഭിച്ചു. 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സെനൊസോയിക്ക് യുഗത്തിലെ പാലിയോസിൻ കാലഘട്ടത്തോടെയാണ് ഭൂഖണ്ഡങ്ങൾ ഏതാണ്ട് ഇന്നത്തെ നിലയിലായത്. ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.
ഉൽപ്പത്തി
സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ജലം സംഭൃതമായിരിക്കുന്നത് ഭൂമിയിലാണ്. അതിന്റെ ഏറിയ പങ്കും സമുദ്രങ്ങളിലുമാണു. ഇതിന്റെ ഉൽപ്പത്തിയേക്കുറിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. സൗരയൂഥാന്തരമേഖലയിൽനിന്ന് കൂറ്റൻ ആസ്റ്ററോയ്ഡുകൾ ഭൂമിയിൽ ഇടിച്ചിറങ്ങിയപ്പോൾ അവ കൊണ്ടുവന്നതാണു ഇത്രയും ജലം എന്നാണു ഒരു സിദ്ധാന്തം. മറ്റൊന്ന് അത് ഭൂമിയിൽത്തന്നെ വൈദ്യുതസംശ്ലേഷണത്തിന്റെ / ഫോട്ടോസിന്തെസിസ്സിന്റെ ഫലമായി ഉണ്ടായയതാണെന്നാണ്. സ്വതന്ത്രാവസ്ഥയിലുള്ള ഈ ജലം ഗുരുത്വാകർഷണം മൂലം ഭൂതലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ സഞ്ചയിക്കപ്പെട്ടാണു സമുദ്രങ്ങൾ ഉണ്ടായത്.
ഭൂമിയിൽ സമുദ്രങ്ങൾ രൂപപ്പെട്ട കാലത്തേപ്പറ്റി രണ്ട് അഭിപ്രായങ്ങളുണ്ട്.
- തെക്കുപടിഞ്ഞാറൻ ഗ്രീൻലാൻഡിലെ ഇഷ്വ എന്ന സ്ഥലത്ത് കിട്ടിയ ജലസാന്നിദ്ധ്യമുള്ള ഏറ്റവും പഴയ പാറക്കഷണങ്ങളുടെ പ്രായം കണ്ടെത്തിയതിൽ നിന്ന് 380 കോടി കൊല്ലങ്ങൾക്കു മുമ്പേയാണ് സമുദ്രങ്ങളുണ്ടായതെന്ന് ഒരു വാദമുണ്ട്.
- ആസ്ത്രേലിയയിലെ ചില കുന്നുകളിൽ നിന്നു കിട്ടിയ മണൽത്തരികളിലെ സിർക്കോൺ എന്ന മൂലകത്തിലെ ഓക്സിജൻ ഐസോടോപ്പുകളെ കുറിച്ചുള്ള പഠനങ്ങളെ തുടർന്ന് 420 കോടി വർഷങ്ങൾക്കു മുമ്പേതന്നെ അവക്ക് സമുദ്രജലവുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന് കണ്ടെത്തുകയുണ്ടായി[1].
കടൽത്തട്ടിന്റെ ഘടന
- കടൽത്തീരം (Coast)
കരയ്ക്കും സമുദ്രത്തിനും ഇടയിലെ അതിർത്തി. ഇത് തൂക്കായ പാറക്കെട്ടുകളോ, കുന്നുകളോ, കരയിലേക്കു കയറിപ്പോകുന്ന ചരിവു വളരെ കുറഞ്ഞ മണൽപ്പരപ്പുകളോ ഉള്ളതാകാം.
- ഭൂഖണ്ഡ അരിക് (Continental shelf)
കടൽത്തീരത്തു നിന്ന് ജലത്തിനടിയിലൂടെ കടലിലേക്കുള്ള ആദ്യത്തെ ചരിവ്. ഇവിടെ ചരിവ് താരതമ്യേന വളരെ കുറവാണ്. കരയിൽ നിന്ന് 1600 കി. മീറ്ററോളം വീതിയിലുള്ള ഇത് 180 മീറ്ററോളം ആഴത്തിലവസാനിക്കുന്നു. കടലിനകത്തേക്ക് വ്യാപിച്ചു കിടക്കുന്നു.
- ഭൂഖണ്ഡച്ചെരിവ് (Coninental Slope)
ഭൂഖണ്ഡത്തിട്ടുകളിൽ നിന്ന് കടലിലേക്കിറങ്ങുന്ന ശരാശരി 20 കി.മീ. വീതിയുള്ള അടുത്ത ചരിവ്. ഈ ചരിവ് വളരെ കുത്തനെയുള്ളതാണ്. ഇത് 3000 മീറ്ററോളം ആഴത്തിലേക്കെത്തും.
- ഭൂഖണ്ഡപരിധി (Coninental Margin)
ഭൂഖണ്ഡത്തിട്ടും ഭൂഖണ്ഡച്ചരിവും ചേർന്ന ഭാഗത്തിനുള്ള പേർ.
- ഭൂഖണ്ഡ കയറ്റം (Continental Rise)
ചരിവിന്റെ അറ്റത്തുനിന്ന് ആരംഭിക്കുന്നതും ആഴമേറി സമുദ്രത്തിലേക്കു വ്യാപിച്ചുകിടക്കുന്നതുമായ നേരിയ തോതിൽ ചരിഞ്ഞ പ്രദേശം.
- കടൽക്കിടങ്ങ് (Submarine Canyon)
ചെളി നിറഞ്ഞ ജലപ്രവാഹത്താലും മറ്റും ഭൂഖണ്ഡപരിധിയിൽ നടക്കുമ്പോൾ രൂപംകൊള്ളുന്ന V ആകൃതിയുള്ള കിടങ്ങ്. ഇതിനു കരയിലെ നദികളോട് സാമ്യമുണ്ട്.
- കടൽക്കൊടുമുടികൾ (Sea mounts)
ജലത്തിനടിയിലെ അഗ്നിപർവതങ്ങൾ തണുത്തുറഞ്ഞത്. ഇവക്ക് അമ്പതു കി.മീ. വരെ വ്യാസവും നാലര - അഞ്ച് കി.മീ. വരെ ഉയരവുമുണ്ടാകാം. ചിലയിടങ്ങളിൽ ഇവ ജലനിരപ്പിനു മുകളിലേക്കും ഉയർന്നു നിൽപ്പുണ്ടാകും. ശാന്തസമുദ്രത്തിലെ പല ദ്വീപുകളും ഇക്കൂട്ടത്തിൽ പെടുന്നു.
- കടൽ പീഠഭുമി (Guyot)
ജലത്തിനടിയിലെ പരന്ന മുകൾഭാഗമുള്ള കടൽക്കൊടുമുടികൾ.
- നടുക്കടൽമലനിര (Mid-Ocean Ridge)
കടലിലെ അടിപ്പാളികൾ തമ്മിൽ അകന്നുകൊണ്ടിരിക്കുന്നയിടങ്ങളിൽ രൂപംകൊള്ളുന്ന ആഴമുള്ള ഭ്രംശപ്രദേശത്തിന്റെ ഇരുവശങ്ങളിലുമായി ഉയർന്നുപൊങ്ങുന്ന മലനിരകൾ. ഉയരമേറിയ കൊടുമുടികളുണ്ടാകാവുന്ന ഇവയിൽ ചിലത് ജലപ്പരപ്പിനു മുകളിലേക്കും ഉയർന്നുനിൽക്കാറുണ്ട്. ഐസ്‌ലാൻഡ് അത്തരത്തിലുള്ള ഒന്നാണ്.
- ആഴക്കടൽക്കിടങ്ങ് (Deep sea Trenches)
സമുദ്രതടത്തിലെ അഗാധതകളിൽ കുത്തനെയുള്ള വശങ്ങളോടുകൂടിയ നീളമേറിയ ഇടുങ്ങിയ ചാലുകൾ. സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലം ഇവിടങ്ങളിലാണ്. ഇക്കൂട്ടത്തിൽപ്പെട്ട മേരിയാന ട്രെഞ്ചിന്(തെക്കൻ ശാന്തസമുദ്രം) 10.668 കി. മീ ആഴമുണ്ട്.[2]
സമുദ്രത്തിന്റെ ആഴം
ഭൂതലമൊട്ടാകെ പരിഗണിക്കുമ്പോൾ സമുദ്രത്തിന്റെ ശരാശരി ആഴം 3000 മുതൽ 3500 വരെ മീറ്റർ ആണു. എന്നാൽ ശാന്തസമുദ്രത്തിലെ ഗുവാം ദ്വീപുകൾക്കടുത്ത് ഇത് 10,900 മീറ്റർ വരെ ആകുന്നു. അതുകൊണ്ടുതന്നെ സമുദ്രത്തിന്റെ അടിത്തട്ട് ഒരു പാത്രത്തിന്റെ അടി പോലെ നിയതരൂപത്തിലുള്ളതല്ലെന്നു മനസ്സിലാക്കാം. മലകളും പർവതങ്ങളും പോലെയുള്ള ഭൂഭാഗങ്ങളും അതിന്റെ അടിത്തട്ടിൽ ധാരാളമുണ്ട്.
മുകൾത്തട്ട്
സൂര്യനിൽ നിന്നുള്ള താപവും പ്രകാശവും സമുദ്രത്തിന്റെ മുകൾത്തട്ടിൽ ധാരാളം കിട്ടുന്നു. അതുകൊണ്ട് അവ ഉപയോഗപ്പെടുത്തി ജീവിക്കുന്ന നിരവധി മത്സ്യങ്ങളും മറ്റു ജീവികളും വളരെ നീണ്ട ഒരു ഭക്ഷ്യശൃഖലയുടെ ഭാഗമായി ഇവിടെ കഴിഞ്ഞുകൂടുന്നു.. ആൽഗെകൾ മുതൽ കൂറ്റൻ തിമിംഗിലങ്ങൾ വരെ ഇതിലിലുണ്ട്. ഇവയെല്ലാം തന്നെ മിക്കവാറും കാണപ്പെടുന്നത് ഏറ്റവും മുകളിലെ നൂറു മീറ്റർ ഭാഗത്താണ്.
ആഴക്കടൽ
ഏതാണ്ട് 1800 മീറ്റർ ആഴത്തിൽ സമുദ്രജലത്തിന്റെ താപനില പൊടുന്നനെ വളരെ താഴാൻ തുടങ്ങുന്നു. ഈ ഭാഗത്തിനെ തെർമൊക്ലൈൻ എന്നാണ് സമുദ്രശാസ്ത്രം വിളിക്കുന്നത്. ഇതിന്നു താഴെയുള്ള സമുദ്രഭാഗത്തെ ആഴക്കടൽ എന്നു വിളിക്കുന്നു. ഈ ഭാഗത്തേക്ക് സൂര്യവെളിച്ചത്തിനോ സൂര്യതാപത്തിനോ എത്തിപ്പെടാനാകില്ല. ഇവിടെയെത്തുമ്പോഴേക്ക് താപനില 5 ഡിഗ്രി സെൽഷിയസ് വരെ എത്തും. ഇതിനും താഴോട്ട് അത് വീണ്ടും താഴ്ന്നുകൊണ്ടിരിക്കുമെങ്കിലും താഴ്ച വളരെ സാവധാനത്തിലാണു. ഏതാണ്ട് 4000 മീററിനു തഴെ താപനില താരതമ്യേന സ്ഥിരമാണ്.
സമുദ്രത്തിൽ താഴോട്ട് പോകുംതോറും ജലമർദ്ദം കൂടിക്കൊണ്ടിരിക്കും. ഓരോ പത്ത് മീറ്ററിനും ഉപരിതലത്തിലെ അന്തരീക്ഷമർദ്ദത്തിന്റെ ഒരു മടങ്ങ് എന്ന തോതിലാണ് ഈ വർദ്ധന. ഗുവാമിനടുത്ത് മേരിയാന ട്രെഞ്ച് എന്ന ഏറ്റവും ആഴം കൂടിയ സ്ഥലത്ത് ഇത് അന്തരീക്ഷമർദ്ദത്തിന്റെ 1090 മടങ്ങ് വരുമെന്ന് സാരം. പ്രത്യേക ശ്വസനോപാധികളും മറ്റുമില്ലാതെ സമുദ്രത്തിൽ നൂറു മീറ്റർ ആഴത്തിൽപ്പോലും ചെല്ലാൻ മനുഷ്യർക്കോ കരയിലെ മറ്റു ജീവികൾക്കോ ആവില്ല. മുകൾത്തട്ടിലെ മത്സ്യങ്ങൾക്കും മറ്റു ജന്തുക്കൾക്കും ഇവിടെയെത്തുക അസാധ്യമാണ് . അതുപോലെ ഇവിടത്തെ ജീവികളെ നേരെ മുകളിലേക്കെത്തിക്കുകയാണെങ്കിൽ അവ കടൽപ്പരപ്പിലെത്തും മുൻപേ ഛിന്നഭിന്നമാകുകയോ പൊട്ടിത്തെറിച്ചുപോകുകയോ ചെയ്യും. എങ്കിലും വിദൂരനിയന്ത്രിത മുങ്ങിക്കപ്പലുകളുപയോഗിച്ച് ശാസ്ത്രലോകം ആഴക്കടൽ പര്യവേഷണങ്ങൾ നടത്തുകയും പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ അവിടത്തെ പല ജീവികളേയും പരീക്ഷണശാലകളിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
ആഴക്കടലിലേക്ക് സൂര്യവെളിച്ചം ചെന്നെത്തുകയില്ല. സദാ ഇരുണ്ടുകിടക്കുന്ന ഇവിടെ ഊർജ്ജത്തിനായി സൂര്യനെ ആശ്രയിക്കുന്ന, തുടർച്ചയുള്ള ഒരു ഭക്ഷ്യശൃംഖലയിൽ ജീവിക്കുന്ന പ്രാണിസഞ്ചയം ഇല്ല. പകരം മുകളിൽ നിന്ന് തഴേക്ക് വന്നുകൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങൾ ഭക്ഷണമാക്കുന്ന ജീവികളാണ് ഇവിടെയുള്ളത്. ഇരയെ തേടിപ്പിടിക്കാനായി അധികഊർജ്ജം അവക്ക് ചെലവാക്കേണ്ടിവരുന്നില്ല. ഇരുട്ടത്തായതുകൊണ്ട് സ്വയം പ്രകാശിക്കുന്ന പല സംവിധാനങ്ങളും ഇവിടെ പല ജീവികളുടേയും ശരീരത്തിൽ കാണാം. ഇരുട്ടിൽ ഇണകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിഒക്കാനുള്ള സാധ്യത വളരെ കുറവായതുകൊണ്ട് ലിംഗഭേദത്തിന്റെ ആവശ്യമില്ലാതെ പ്രജനനം നടത്തുന്ന അലൈംഗികജീവികളും (Hermaphrodites) ഇവിടെയുണ്ട്. ആഴക്കടലിൽ പ്രാണവായുവും സൗരോർജ്ജവും ലഭ്യമല്ലാത്തതുകൊണ്ട് ജീവിവർഗ്ഗങ്ങൾ തീരെയുണ്ടാകില്ലെന്നായിരുന്നു അടുത്തകാലം വരെ ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ ആഴക്കടലിന്റെ അടിത്തട്ടിൽ അവിടെയുള്ള ഉഷ്ണജലസ്രോതസ്സുകളും അവയിൽക്കൂടി വമിക്കുന്ന ഹൈദ്രജൻ സൾഫൈഡ് വാതകവുമുപയോഗിച്ച് ജീവിക്കുന്ന ബാക്ടീരിയകളും കുഴൽപ്പുഴുക്കളും അടങ്ങിയ വൈവിദ്ധ്യമുള്ള ഒരു ജീവലോകമുണ്ടെന്ന് അടുത്തകാലത്ത് കണ്ടെത്താനായിട്ടുണ്ട്.
സമുദ്രജലപ്രവാഹങ്ങൾ
ആഗോളതലത്തിൽ സൗരോർജ്ജത്തിന്റെ അസന്തുലിതമായ ലഭ്യതയുടേയും സമുദ്രത്തിനു മുകളിൽ രൂപം കൊള്ളുന്ന കാറ്റുകളുടേയും വൻകരകളുടെ കരയോരങ്ങളുടേയും സ്വാധീനത്തിൽ സമുദ്രത്തിൽ പലയിടത്തും ഭൂമദ്ധ്യരേഖയിൽനിന്നു ധ്രു:വദിശയിലും തിരിച്ചുമായി സ്ഥിരമായി നടക്കുന്ന നിശ്ചിതങ്ങളായ നിരവധി ജലപ്രവാഹങ്ങൾ ഉണ്ട്. ഇവ കൂടാതെ കുത്തനെ ഉയരത്തിലേക്കും തഴേക്കും നടക്കുന്ന അതിഭീമങ്ങളായ ജലചലനങ്ങളും സമുദ്രത്തിലുണ്ട്. ഇവയെല്ലാം കൊണ്ട് സമുദ്രം അതിലെ അതിബൃഹത്തായ ജലസഞ്ചയത്തിന്റെ താപസന്തുലനം സാധിക്കുന്നു.
ഉപരിതലപ്രവാഹങ്ങൾ
അന്തരീക്ഷത്തിലെ കാറ്റുകൾ മൂലമാണ് കടലിന്റെ ഉപരിതലത്തിൽ ജലപ്രവാഹങ്ങൾ രൂപം കൊള്ളുന്നത്. ഇവ വൻകരകളുടെ അരികു ചേർന്നും ഭൂമദ്ധ്യരേയോടു ചേർന്നും ഒഴുകുന്നു. ഉത്തരാർദ്ധഗോളത്തിൽ പ്രദക്ഷിണമായും ദ്ക്ഷിണാർദ്ധഗോളത്തിൽ അപ്രദക്ഷിണമായും ആണ് ഇവ കാണപ്പെടുന്നത്. കടൽനിരപ്പിൽ നിന്ന് നാനൂറ് മീറ്റർ ആഴം വരെ മാത്രമേ ഈ പ്രവാഹങ്ങൾ കാണപ്പെടുന്നുള്ളൂ. ഈ പ്രവാഹങ്ങൾ ആഗോളതലത്തിൽ താപനില, സമുദ്രജീവികളുടെ വിന്യാസവും ജീവിതചക്രവും, കടലിൽ മനുഷ്യജന്യവും അല്ലാത്തതുമായ ചവറുകളുടെ വിതരണം തുടങ്ങി നിരവധി കാര്യങ്ങളെ നിയന്ത്രിക്കുന്നുണ്ട്.
അതുപോലെത്തന്നെ ഈ പ്രവാഹങ്ങൾ പണ്ടുകാലം മുതലേ കപ്പൽ യാത്രകളെ സ്വാധീനിച്ചുപോരുന്നു. കപ്പലിന്റെ വേഗം കൂട്ടാനും ഇന്ധനം ലാഭിക്കാനും ഇവ സഹായകമാകാറുണ്ട്. പൗരാണികകാലത്ത് പല പ്രവാഹങ്ങളും കപ്പൽയാത്രകൾക്ക് വിഘ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ആഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കെത്താൻ ശ്രമിച്ചുപോന്ന പോർച്ചുഗീസുകാർക്ക് ആഫ്രിക്കയുടെ കിഴക്കൻ തീരത്തെ അഗുൽഹാസ് പ്രവാഹം കാരണം ഏറെക്കാലത്തേക്ക് അതിനു കഴിഞ്ഞിരുന്നില്ല.
ലംബപ്രവാഹങ്ങൾ
സമുദ്രജലത്തിലെ ഉപ്പിനെ അളവ്, താപനിലമാറുമ്പോഴുണ്ടാകുന്ന സാന്ദ്രതാ വ്യത്യാസങ്ങൾ തുടങ്ങിയവ കാരണം കുത്തനെ താഴോട്ടും മുകളിലോട്ടും അതിഭീമങ്ങളായ ജലചനങ്ങൾ കടലിൽ നടക്കുന്നുണ്ട്. ധ്രുവപ്രദേശങ്ങളിലും മദ്ധ്യരേഖാപ്രദേശങ്ങളിലും ആണ് ഇവ സജീവമാകുന്നത്.
അന്തർസമുദ്രനദികൾ
ദീർഘദൂരങ്ങൾക്കിടക്ക് കടൽജലത്തിനുടാകുന്ന സാന്ദ്രതാവ്യത്യാസങ്ങളും താപനിലയിലെ മാറ്റങ്ങളും കാരണം കടൽത്തട്ടിനോടു ചേർന്നും ഭീമങ്ങളായ നീരൊഴുക്കുകൾ ഉണ്ടാകുന്നുണ്ട്. ഇവയെ അന്തർസമുദ്രനദികൾ എന്നു വിളിച്ചുവരുന്നു. തെർമോഹാലൈൻ ചംക്രമണം(Thermohaline circulation) എന്നറിയപ്പെടുന്ന ഇവ എളുപ്പത്തിൽ മനുഷ്യശ്രദ്ധയിൽ പെടാറില്ല. പ്രത്യേക ഉപകരണങ്ങൾ സജ്ജമാക്കി ആധുനികകാലത്ത് ഇവയെ പഠനവിധേയമാക്കി വരുന്നു.
സമുദ്രജലത്തിന്റെ ഭൗതികചക്രം
സമുദ്രജലം എല്ലായ്പ്പോഴും ദ്രവാവസ്ഥയിൽ മാത്രമല്ല നിലകൊള്ളുന്നത്. ധ്രുവമേഖലകളിൽ കോടിക്കണക്കിന് ക്യൂബിക് മീറ്റർ ജലം ഖരാവസ്ഥയിൽ ഹിമാനികളായി രൂപം കൊണ്ടുകിടക്കുന്നു. ഇതുകൂടാതെ ധാരാളം ജലം നീരാവിയായി, കാർമേഘങ്ങളായി ഭൗമാന്തരീക്ഷത്തിലെത്തുന്നുമുണ്ട്. ഇവയെല്ലാം കാലത്തിന്റെ ഏതെങ്കിലും ഒരു ദശയിൽ ജലമായി തിരികെ സമുദ്രത്തിലേക്കുതന്നെ എത്തുന്നു. അന്തരീക്ഷത്തിലെ നീരാവി മഴയായി താരതമ്യേന വേഗത്തിൽത്തന്നെ തിരിച്ചെത്തുമ്പോൾ ഹിമാനികളിലേയും മറ്റും ജലം അതിന്റെ ചാക്രികചലനം പൂർത്തിയാക്കാൻ ആയിരക്കണക്കിനു വർഷങ്ങൾ എടുക്കുന്നു. ഇങ്ങനെ നിരന്തരമായ ഒരു ചാക്രികരൂപമാറ്റത്തിനു സമുദ്രജലം സദാ വിധേയമായിക്കൊണ്ടിരിക്കുന്നു.
കരയാൽ ചുറ്റപ്പെട്ട കടലുകൾ (inland seas)
ഭൂഫലകങ്ങളുടെ ചലനങ്ങൾ കാരണം വൻകരകളുടെ അകഭാഗം കുഴിയുകയും കാലം കൊണ്ട് അവിടം സമുദ്രങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം സമുദ്രങ്ങൾക്ക് ആഴം താരതമ്യേന കുറവായിരിക്കും. ഇവക്ക് ഏറ്റവും നല്ല ഉദാഹരണങ്ങൾ കരിങ്കടലും കാസ്പിയൻ കടലുമാണ് . രണ്ടും യൂറോപ്പ്, ഏഷ്യാ വൻകരകളാൽ ചുറ്റപ്പെട്ടു കിറ്റക്കുന്നു. പിൽക്കാലത്ത് അവയിൽ ചിലതിന് പുറം സമുദ്രവുമായി ബന്ധങ്ങൾ ഉണ്ടാകാറുണ്ട്. കർങ്കടൽ ബൊസ്ഫറസ് കടലിടൂക്ക് വഴി മധ്യധരണ്യാഴിയും തുടർന്ന് അത്ലന്തിക് സമുദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പണ്ടുകാലത്ത് തെക്കേ അമേരിക്കയിലെ ആമസോൺ തടവും ഇതുപോലെ ഒറ്റയാൾക്കടലായിരുന്നു(inland sea)വെന്നു കണ്ടെത്തിയിട്ടുണ്ട്. ആദ്യകാലത്ത് ശാന്തസമുദ്രത്തിലേക്കൊഴുകിയിരുന്ന ഈ നദീതടം ആൻഡീസ് പർവതനിരകൾ രൂപപ്പെട്ടു വന്നതോടെ അതിൽ നിന്ന് ഒറ്റപ്പെട്ടുപോയി. ഈ പ്രദേശത്തുനിന്ന് ശാന്തസമുദ്രത്തിൽ മാത്രം കാണപ്പെടുന്ന ജീവിവർഗങ്ങളുടെ അശ്മകങ്ങൾ (fossils)കണ്ടുകിട്ടിയിട്ടുണ്ട്. ഏറെക്കാലം ഒരു ഒറ്റയാൾക്കടലായി നിലനിന്നശേഷം അത് കിഴക്കോട്ടൊഴുകി അത്‌ലന്തിക് സമുദ്രത്തിലേക്ക് പതിച്ചു തുടങ്ങി.
ജീവന്റെ ഉത്ഭവം കടലിൽ?
ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് കടലിലാണെന്നാണ് മിക്ക ശാസ്ത്രജ്ഞരുടേയും നിഗമനം. ഇതിന്നുള്ള പല സാദ്ധ്യതകളും പലരും മുന്നോട്ടു വച്ചിട്ടുണ്ട്.
മുന്നൂറ് കോടി വർഷങ്ങൾക്കു മുമ്പ് നമ്മുടെ സൂര്യന് ഇന്നത്തേതിലും 30 ശതമാനം കുറവായിരുന്നു പ്രകാശമെന്നും അതുകൊണ്ട് അക്കാലത്ത് സമുദ്രങ്ങളുടെ ഉപരിതലം മുന്നൂറു മീറ്റർ ആഴത്തിൽ വരെ തണുത്തുറഞ്ഞു കിടന്നിരിക്കാമെന്നും കരുതപ്പെടുന്നു. അക്കാലത്തും സമുദ്രത്തിന്റെ അടിത്തട്ടുകളിൽ ഉഷ്ണജലസ്സ്രോതസ്സുകളുണ്ടായിരുന്നതുകൊണ്ട് സമുദ്രോപരിതലത്തിനും അടിത്തട്ടിനുമിടയിൽ ജൈവപരമായ രാസപ്രക്രിയകൾക്ക് അനുകൂലമായ താപനിലയുള്ള ഇടങ്ങളുണ്ടായിരുന്നുവെന്നും ഇവിടങ്ങളിലാണ് തന്മാത്രാതലത്തിൽ ജീവൻ രൂപം കൊണ്ടതെന്നും ഏറ്റവും പുതിയ ഒരു നിഗമനമുണ്ട്. സമുദ്രോപരിതലം ദീർഘകാലത്തേക്ക് ഉറഞ്ഞുകിടന്നിരുന്നതുകൊണ്ട് ജൈവവസ്തുക്കൾക്ക് ഹാനികരമായ അൾട്രാ വയലറ്റ് വികിരണങ്ങൾ സമുദ്രത്തിനുള്ളിലേക്ക് എത്തിപ്പെടാതിരുന്നത് ജീവന്റെ വ്യാപനത്തേയും വികാസത്തേയും സഹായിച്ചിരിക്കണം. പിൽക്കാലത്ത് രൂപംകൊണ്ട അന്തരീക്ഷം സമുദ്രത്തിനു നഷ്ടമായ ഈ ഹിമകവചത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും അതിന്റെ തണലിൽ ജീവൻ നാമിന്നു കാണുന്ന വൈവിധ്യമേറിയ രൂപഭാവങ്ങളിലേക്കു പരിണമിക്കുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്.[3]
ജന്തുജാലങ്ങൾ
സൂക്ഷ്മജീവികൾ മുതൽ പടുകൂറ്റൻ തിമിംഗിലങ്ങൾ വരെ ഉൾപ്പെടുന്ന വളരെ വലിയ ഒരു ജന്തു-ജീവിസഞ്ചയം സമുദ്രത്തിൽ അധിവസിക്കുന്നു. കടൽപ്പരപ്പ് അത്രയേറെ വിശാലവും ആഴവുമുള്ളതായതുകൊണ്ട് അതിലുള്ള ജീവികളെ മുഴുവൻ അറിയാനും മനസ്സിലാക്കാനും മനുഷ്യർക്ക് ഇനിയും സാധ്യമാകേണ്ടിയിരിക്കുന്നു. അടിക്കടലിലെ കടുത്ത തണുപ്പിലും കൊടുംമർദ്ദത്തിലും ജീവിക്കുന്നവ മുതൽ കടലിന്റെ മുകൾപ്പരപ്പിൽ പൊങ്ങിക്കിടന്ന് ജീവിക്കുന്നവ വരെ നിരവധി ജന്തുവർഗങ്ങൾ ഉൾക്കടലുകളിലും കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗത്തും കായലുകളിലും വേലിയേറ്റപ്രദേശങ്ങളിലുമായി ജീവിച്ചുപോരുന്നു.
സൂക്ഷ്മജീവികൾ
അതിസൂക്ഷ്മജീവികളായ ബാക്റ്റീരിയകളുടെയും വൈറസ്സുകളുടേയും ഒരു സഞ്ചയം തന്നെ സമുദ്രത്തിലുണ്ട്. ഒഴുകിനടക്കുന്ന നിരവധി സൂക്ഷ്മസസ്യങ്ങളേയും (phytoplankton) സൂക്ഷ്മജീവികളേയും (zooplankton) കൂട്ടങ്ങളായും ഒറ്റക്കായും സമുദ്രജലത്തിൽ കാണാം. ഇവയിൽ പലതിനേയും ഒറ്റക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണനാവില്ലെന്നു മാത്രം. പല മത്സ്യങ്ങളുടേയും നവജാതശിശുക്കൾ ഇത്തരം സൂക്ഷ്മജീവികളായാണ് പിറന്നുവീഴുന്നത്.
സസ്യങ്ങളും ചെടികളും
പ്രകാശസംശ്ലേഷണസാമർത്ഥ്യമുള്ള ആൽഗേകളും ചെടികളും സമുദ്രത്തിൽ കൂട്ടമായി അധിവസിക്കന്നുണ്ട്. കടൽപ്പുല്ലുകൾ, ആമപ്പുല്ല്, തുടങ്ങിയവ കരയോടു ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്നു. കടലോരങ്ങളിലെ കണ്ടൽക്കാടുകളിലും മറ്റും ഉപ്പുവെള്ളത്തിൽ വളരുന്ന ഇത്തരം അനവധി ജലസസ്യങ്ങളെ കാണാം.
അസ്ഥികൂടമില്ലാത്ത ജീവികൾ
ജെല്ലിമത്സ്യങ്ങൾ, സ്ക്യുഡ്ഡുകൾ, നീരാളികൾ, കടൽപ്പുഴുക്കൾ, തേരട്ടയേയും തേളിനെയും പോലെ പല ഖണ്ഡങ്ങളോടുകൂടിയ ശരീരമുള്ള ചെറുജീവികൾ തുടങ്ങി അസ്ഥികളില്ലാത്ത ജീവിവർഗങ്ങൾ സമുദ്രത്തിൽ ധാരാളമുണ്ട്.
ബാഹ്യാസ്ഥികൂടമുള്ളവ
പലതരം ഒച്ചുകൾ, ശംഖുകൾ, ചിപ്പികൾ,കവടികൾ, വിവിധയിനം കൊഞ്ചുവർഗങ്ങൾ, ഞണ്ടുകൾ തുടങ്ങി കട്ടിയേറിയ പുറംതോടുള്ള നിരവധി ജീവികളും സമുദ്രത്തിലുണ്ട്.
മത്സ്യങ്ങൾ
ജീവസന്ധാരണത്തിനാവശ്യമായ പ്രാണവായു ഗില്ലുകളുപയോഗിച്ച് ജലത്തിൽ നിന്നു വേർതിരിച്ചെടുത്ത് ആഗിരണം ചെയ്യുന്ന ജലജീവികളാണ് മത്സ്യങ്ങൾ. ഇവക്ക് നട്ടെല്ലും അതിനോടു ചേർന്ന് അസ്ഥികൂടവും താടിയോടുകൂടി വികസിച്ച വായും ചിലപ്പോൾ അതിൽ പല്ലുകളും ഉണ്ട്. കൊച്ചുമത്സ്യങ്ങൾ മുതൽ മത്തി, ചാള, നെന്മീൻ, വാള, വാൾമത്സ്യം, പതിനഞ്ച്ന്മീറ്ററോളം നീളം വക്കുന്ന ഓർ മത്സ്യം(Oar Fish), തുടങ്ങി വമ്പൻ വെള്ളസ്രാവും പുള്ളിസ്രാവും വരെ ഉൾപ്പെടുന്ന വലിയൊരു നിര മത്സ്യങ്ങൾ സമുദ്രജലത്തിൽ അധിവസിക്കുന്നു.
ഉരഗങ്ങൾ
കടലാമകൾ, കടൽപ്പാമ്പുകൾ, കായൽമുതലകൾ തുടങ്ങി ഏതാനും ഉരഗങ്ങളും സമുദ്രത്തിൽ ജീവിക്കുന്നു. ഇവയെല്ലാം കരയിലെ ഉരഗങ്ങളേപ്പോലെതന്നെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. അതുകൊണ്ട് കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗങ്ങളാണ് ഇവ സാധാരണയായി താവളമാക്കുന്നത്. ഇതിന്നപവാദമായി കാണുന്നത് കടലാമകളാണ്. ഒരോ വർഷവും പെൺകടലാമകൾ കരയിൽ കയറി മുട്ടയിട്ട ശേഷം അടുത്ത വർഷം മുട്ടയിടാൻ തിരികെയെത്തുന്നതിനു മുമ്പ് ഉൾക്കടലിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഉരഗങ്ങളായ ഇക്തിയാസാറുകൾ പണ്ടുകാലത്ത് സമുദ്രത്തിൽ ഉണ്ടായിരുന്നു. കാലം കൊണ്ട് അവയുടെ വംശം കുറ്റിയറ്റുപോയി.
കടൽപ്പക്ഷികൾ
കടൽക്കാക്കകൾ, ആൽബട്രോസുകൾ, പെൻഗ്വിനുകൾ തുടങ്ങി നിരവധി പക്ഷികൾ സമുദ്രത്തിൽ നിന്ന് ആഹാരസമ്പാദനം നടത്തി ജീവിക്കുന്നു. ഇവ ആയുസ്സിൽ സിംഹഭാഗവും സമുദ്രത്തിനു മുകളിൽ പറന്നോ കടലിൽ ഒഴുകി നടന്നോ കഴിച്ചുകൂട്ടുന്നു. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും മാത്രമാണ് അവ കരയെ ആശ്രയിക്കുന്നത്.
സസ്തനികൾ
പലതരം സസ്തനികൾ സമുദ്രത്തിലുണ്ട്. അവ സമുദ്രത്തിൽത്തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്നു. നീലത്തിമിംഗിലം, കൊലയാളി തിമിംഗിലം(ഓർക്കകൾ), സ്പേം തിമിംഗിലം, ഡോൾഫിനുകൾ, തുടങ്ങിയവ ഒരു വിഭാഗത്തിൽ പെടുന്നു. ഭൂമിയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ജീവിവർഗങ്ങളിൽ ഏറ്റവും ഭാരം കൂടിയതും ജീവിച്ചിരിക്കുന്ന സസ്തനികളിൽ ഏറ്റവും വലുതും ആണ് നീലത്തിമിംഗിലം[5]. ഇവ കരയിൽനിന്നു ദൂരെ ഉൾക്കടലുകളും തങ്ങളുടെ വിഹാരരംഗങ്ങളാക്കുന്നു. ഡുഗോങ്ങുകളും മനാട്ടീകളും ഉൾപ്പെടുന്ന മറ്റൊരു വിഭാഗം സസ്തനികളുടെ ആവാസവ്യവസ്ഥകൾ കരയോട് ചേർന്നാണ് കാണപ്പെടുന്നത്. സീലുകളും വാൾറസുകളും ഉൾപ്പെടുന്ന വേറൊരു വിഭാഗവും സമുദ്രത്തിൽ കാണാം. ഇവ പ്രജനനകാലത്തും ശിശുക്കൾക്ക് നീന്തൽ വശമാകുന്നതുവരേയും കരയെ ആശ്രയിക്കുന്നു. ഇനിയൊരു വിഭാഗം കടലിലെ നീർനായ്ക്കളാണ്.
ആഴക്കടൽ ജീവികൾ
കടലിന്റെ അടിത്തട്ടിനോടു ചേർന്നു ജീവിക്കുന്ന ഒരു വലിയ ജന്തുസഞ്ചയം സമുദ്രത്തിലുണ്ട്. ആഴം കുറഞ്ഞ സ്ഥലങ്ങളിലും ആഴമേറിയ ഭാഗങ്ങളിലും ഭ്രംശഗർത്തപ്രദേശത്തും അവക്ക് അതത് ആവാസവ്യവസ്ഥകൾക്കനുസരിച്ച് വൈവിധ്യവുമുണ്ട്. ആഴം കൂടുന്തോറും ഉപരിതലത്തിലെ പ്രാണവായുവിലും സൂര്യപ്രകാശത്തിലും അധിഷ്ഠിതമായ ഭക്ഷ്യശൃംഖലയിൽ നിന്നു അവ മാറിപ്പോകുന്നു. മുകളിൽനിന്നു താഴോട്ട് അടിഞ്ഞുവരുന്ന ജൈവാവശിഷ്ടങളാണ് ഇവിടെ അവയുടെ പ്രധാന ആഹാരവസ്തുക്കൾ. തിമിംഗിലളെപ്പോലുള്ള ഭീമൻ ജന്തുക്കളുടെ മൃതശരീരങ്ങൾ കടലിൽ താണ് അടിത്തട്ടിൽ എത്തുമ്പോൾ അതിനെ കേന്ദ്രീകരിച്ച് ഇത്തരം വിവിധ ജീവികളുടെ വമ്പൻ കോളനികൾ താൽക്കാലികമായി രൂപപ്പെടാറുണ്ട്. ഇരപിടിക്കാനായി കൂടുതൽ ദൂരം സഞ്ചരിക്കുന്ന സ്വഭാവം മത്സ്യങ്ങളേയും സസ്തനികളേയും പോലെ ഇവിടെ ജീവികൾക്ക് ആവശ്യമില്ല.വെളിച്ചമില്ലാത്തതുകോണ്ട് കാഴ്ചശക്തി ഉപരിതലജീവികളേപ്പൊലെ വികസിക്കാത്ത പ്രാണികളേയും ഇവിടെ കാണാം. ഇരുട്ടിൽ സ്വയം നിർമ്മിക്കുന്ന പ്രകാശവുമായി ഇരതേടലും ഇണയെകണ്ടെത്തലും സുഗമമാക്കാൻ ശ്രമിക്കുന്ന പലതരം ജീവികളും ഇവിടെയുണ്ട്. മിക്കവയും നിയതരൂപികളല്ലാതെ വികൃതരൂപികളാണ്. അതിദൂരം ബഹുവേഗം സഞ്ചാരിക്കാനുള്ള ആവശ്യം പരിമിതപ്പെട്ടതാകാകം ഇതിന്ന് കാരണം. ശാന്ത സമുദ്രത്തിൽ 11034 മീറ്റർ ആഴമുള്ള സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലമായ മേരിയാന ട്രെഞ്ചിലെ ചാലെഞ്ചർ ഡീപ് എന്ന സ്ഥലത്തുപോലും ജീവൻ അതിസൂക്ഷ്മങ്ങളായ ഏകകോശജീവികളുടെ രൂപത്തിൽ അവിടത്തെ അതിമർദ്ദത്തിനെ അതിജീവിച്ചുകൊണ്ട് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. [6]
ഭ്രംശഗർത്തങ്ങൾക്കരികിൽ സ്ഥിതി കൂടുതൽ വൈവിധ്യമാളുന്നതാണ്. പ്രാണവായുവിന്റേയും സൂര്യപ്രകാശത്തിന്റേയും സാന്നിദ്ധ്യമില്ലതെ ജീവന് നിലനിൽപ്പില്ലെന്ന പഴയ ധാരണ ഇവിടങ്ങളിൽപ്പോലും ജീവന്റെ തുടിപ്പ് നിരന്തരമായി നിലനില്ക്കുന്നുവെന്ന കണ്ടെത്തലോടെ മാറിമറിഞ്ഞു. ഭൗമോപരിതലത്തിലെ പ്രായേണ കുറഞ്ഞ താപനിലയിൽ (ഏതാണ്ട് നാല്പത്തഞ്ച് ഡിഗ്രി സെൽഷിയസ്സോളം) നിലനിൽക്കുന്ന ജൈവശൃംഖലയെ നാണം കെടുത്താനെന്നോണം ഇവിടെ അതിമർദത്തിനെതിരെ തിളച്ചുപൊങ്ങുന്ന അത്യോഷ്മാവുള്ള ജലത്തിലാണ് മാഗ്മയോടൊപ്പം പുറന്തള്ളപ്പെടുന്ന ധാതുക്കളും ഹൈഡ്രജൻ സൾഫൈഡും മറ്റും ഉപയോഗപ്പെടുത്തി ജീവൻ അതിന്റെ അന്യാദൃശവും അനുപമവുമായ അത്ഭുതരൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുഴൽപ്പുഴുക്കളും മറ്റും ഉൾക്കൊള്ളുന്ന ഈ ആവാസവ്യവസ്ഥയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് വികസിച്ചുവരുന്നതേയുള്ളൂ.
പവിഴപ്പുറ്റുകൾ
കടലിന്റെ ആഴംകുറഞ്ഞ ഭാഗങ്ങളിൽ ധാരാളമായി കണ്ടുവരുന്ന പവിഴപ്പുറ്റുകൾ അസംഖ്യം സൂക്ഷ്മജീവികളുടെ കോളണികളാണ്. ഈ ജീവികൾക്ക് ഏതാനും മില്ലിമീറ്റർ വ്യാസവും ഏതാനും സെന്റീമീറ്റർ നീളവും ഉണ്ടാകാറുണ്ട്. ഇവ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കാൽസിയം കാർബണേറ്റ് അധിഷ്ഠിതമായ സ്രവം കാലാന്തരങ്ങളായി കട്ടപിടിച്ച് വലുതായി വരുന്നതാണ് പവിഴപ്പുറ്റുകൾ. ഇവ കാണപ്പെടുന്നത് ധാരാളം സൂര്യപ്രകാശം ലഭ്യമായ ആഴംകുറഞ്ഞ കടലുകളിലാണ്. ഈ കോളണികളിൽ വിവിധതരം ജീവികൾ അധിവസിക്കുമെങ്കിലും മിക്കതിന്റേയും ഭക്ഷണം കടൽജലത്തിലെ ഏകകോശസസ്യങ്ങളാണ്.
കടലിലെ അഗ്നിപർവതങ്ങൾ
കരയിലുള്ളതുപോലുള്ള അഗ്നിപർവതങ്ങൾ കടൽത്തട്ടിലുമുണ്ട്. കടലിന്നടിയിലെ ഭൂവൽക്കച്ചട്ടകൾ (Crustal pLates)തമ്മിൽ അടുത്ത് ഒന്ന് മറ്റൊന്നിന്മേലേക്ക് അതിക്രമിക്കുന്നേടത്തും അവ തമ്മിൽ അകലുന്നേടത്തും ആണ് കടൽത്തട്ടിലും അഗ്നിപർവതങ്ങൾ രൂപം കൊള്ളുന്നത്. ഇവിടങ്ങളിലെ വിടവുകളിലൂടെ മാഗ്മ ശക്തിയിൽ പുറത്തേക്കു വരുന്നു. കടലിലും ധാരാളമായി നടക്കുന്ന ഈ പ്രതിഭാസം സാധാരണഗതിയിൽ കരയിൽ ജീവിക്കുന്ന നാം അറിയാറില്ല. എന്നാൽ 1650-ൽ ഈജിയൻ കടലിലെ അധികം ആഴത്തിലല്ലാത്ത കൊലുംബോ അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ സമീപദ്വീപായ സാന്റോറിനിയിൽ എഴുപതോളം പേർ മരിക്കുകയുണ്ടായി[8]. കടൽത്തട്ടിലെ അതിശക്തമായ ജലമർദ്ദവും കുറഞ്ഞ താപനിലയുമൊക്കെ കാരണം ഇവിടത്തെ മാഗ്മാസ്ഫോടനങ്ങൾ കരയിലുണ്ടാകുന്നവയിൽ നിന്നു വ്യത്യസ്തങ്ങളാണ്. സ്ഫോടനസമയത്ത് അത്യുഷ്ണമുള്ള മാഗ്മയുമായി സമപർക്കപ്പെടുന്ന ജലം അതിന്റെ അതിമർദ്ദവും താഴ്ന്ന ഊഷ്മാവും കാരണം തിളക്കാറില്ല. അതുകൊണ്ട് അത് നിശ്ശബ്ദവുമായിരിക്കും. ഇക്കാരണം കൊണ്ട് ഹൈഡ്രോഫോണുകൾ ഉപയോഗിച്ച് ഇവയെ കണ്ടെത്തുന്നത് ദുഷ്കരമാണ്. ഫിലിപ്പീൻസിനടുത്ത് മേരിയാന ട്രെഞ്ചിനോടു ചേർന്ന് ഇത്തരം അഗിപർവതങ്ങളുടെ ഒരു അർദ്ധവൃത്താകാരത്തിലുള്ള നിര തന്നെയുണ്ട്. ഇതിനെ റിങ്ങ് ഓഫ് ഫയർ എന്നു വിളിക്കുന്നു.
കടൽക്കാറ്റുകൾ
കടലിനു മുകളിൽ അന്തരീഷം കടൽജലത്തേപ്പോലെ തന്നെ സദാ ചലനാത്മകമാണ്. കടൽ അപ്പപ്പോൾ ആഗിരണം ചെയ്യുകയും തിരികെ അന്തരീക്ഷത്തിലേക്ക് അനുയോജ്യങ്ങളായ സാഹചര്യങ്ങളിൽ പല രീതികളിൽ പ്രസരിപ്പിക്കുകയും ചെയ്യുന്ന സൗരോർജ്ജം കടൽപ്പരപ്പിനെ നിരന്തരം ഇളക്കിമറിക്കുന്നുണ്ട്. ഭൂമിയുടെ അന്തരാളങ്ങളിൽ നിന്ന് ഫലകഭ്രംശനത്തിന്റേയും മറ്റും ഫലമായി കടലിലെത്തുന്ന അപാരമായ ഊർജ്ജം ഇതിന്ന് ആക്കം കൂട്ടുന്നുമുണ്ടാകാം. കടലിൽനിന്ന് കരയിലേക്ക് പ്രദോഷങ്ങളിൽ കാണുന്ന കടൽക്കാറ്റും തിരികെ കടലിലേക്ക് ചില സമയങ്ങളിൽ അടിക്കുന്ന കാറ്റുകളും ഇതിനുള്ള പ്രാഥമികോദാഹരണങ്ങളാണ്.
ഇതുപോലെ കടലിന് മുകളിലൂടെ വാർഷികചക്രം സൂക്ഷിച്ചുകൊണ്ട് നിയതമായ ദിശകളിൽ അടിക്കുന്ന "കച്ചവടക്കാറ്റുകളും" ഉണ്ട് . (ഇംഗ്ലീഷ് Trade winds). ഉത്തരാർദ്ധഗോളത്തിൽ വടക്കുകിഴക്കുനിന്നും ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കു നിന്നും അവ വീശുന്നു. ഇവ താരതമ്യേന വേഗത കുറഞ്ഞവയായതുകൊണ്ട് പായ്ക്കപ്പലുകളുടെ കാലത്ത് കപ്പലുകളോടിക്കാൻ സഹായകരമായിരുന്നു.. ഇവയുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നാണ് നമുക്ക് കാലവർഷം സമ്മാനിക്കുന്ന മൺസൂൺ കാറ്റുകൾ. മൺസൂൺ കാറ്റുകൾ അതിശക്തി പ്രാപിക്കുന്നതിനു തൊട്ടു മുൻപ് അവയെ ഉപയോഗപ്പെടുത്തിയാണ് വസ്കൊ ദ ഗാമ ആഫ്രിക്കയുടെ കിഴക്കൻ തീരത്തു നിന്ന് 1498 - ൽ ഇടവപ്പാതിക്കു തൊട്ടുമുമ്പ് കോഴിക്കോട്ടെത്തിയത്. ഈ കാറ്റുകൾ വൻകരകളിലെ കാലാവസ്ഥയുടെ ചാക്രികസ്വഭാവം നിലനിർത്താൻ സഹായിക്കുന്നുമുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം തന്നെ മൺസൂൺ കാറ്റുകൾ വൻകരകളിൽ വർഷം തോറും കൃത്യകാലങ്ങളിൽ ധാരാളം മഴ ലഭിക്കാനും ഇടയാക്കുന്നു.
ഇവ കൂടാതെ പ്രാദേശികതലത്തിൽ കടലിൽ അപ്പപ്പോൾ രൂപം കൊള്ളുന്ന കോളിളക്കങ്ങളും കൊടുംകാറ്റുകളും (Squalls and Gales) ചുഴലിക്കാറ്റുകളും ഉണ്ടാകാറുണ്ട്. ഉഷ്ണമേഖലാപ്രദേശത്തും ശൈത്യമേഖലയിലും കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾക്ക് വ്യത്യാസമുണ്ട്. ഉഷ്ണമേഖലാചുഴലിക്കാറ്റുകൾ ഉത്തരാർദ്ധഗോളത്തിൽ അപ്രദക്ഷിണദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ പ്രദക്ഷിണദിശയിലുമാണ് വീശുന്നത്. ആയിരക്കണാക്കിന് ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലൂടെയാകും ചുഴലിക്കാറ്റുകൾ നീങ്ങുക. പരിധിയോടുചേർന്ന് അതിവേഗമാർജ്ജിക്കുന്ന കാറ്റാണ് ഇതിന്റെ പ്രത്യേകത. അതേസമയം കേന്ദ്രത്തോടടുക്കുംതോറും അത് ശാന്തമായി വരുന്നു. മാർഗ്ഗമദ്ധ്യേ ധാരാളം മഴയും ഇതു സമ്മാനിക്കും. കടലിന്റെ താപനം കൊണ്ട്് രൂപംകൊള്ളുന്നകാർമേഘങ്ങളിലെ നീരാവിയാണ് ഇതിന്നുവേണ്ട ഊർജ്ജം നൽകുന്നത്. അതുകൊണ്ടുതന്നെ കടലിലൂടെ നീങ്ങുംതോറും ഇതിന്റെ ശക്തിയും വേഗവും വിസ്തൃതിയും കൂടിക്കൂടിവരും. കരയിലെത്തുന്നതോടെ ഊർജ്ജസ്രോതസ്സ് നഷ്ടമാകുകയും ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ശിഥിലമായിത്തീരുകയും ചെയ്യുന്നു. എങ്കിലും കരക്കു കയറുന്ന സമയത്ത് തീരപ്രദേശങ്ങളിൽ ഇവ കനത്ത നാശനഷ്ടങ്ങൾ വരുത്തിവക്കും.
സമുദ്രത്തിന്റെ പ്രാധാന്യം
ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ / ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയർത്തിക്കൊണ്ടുപോകുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഒക്സൈഡിനെ സമുദ്രം വൻതോതിൽ ആഗിരണം ചെയ്യുന്നുണ്ട്. അങ്ങനെ ആഗോളതാപനത്തെ അത് മന്ദീഭവിപ്പിക്കുന്നു. മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്റെ ഭക്ഷണാവശ്യത്തിൻറെ വലിയൊരു പങ്ക് സമുദ്രം നിറവേറ്റുന്നു. മത്സ്യ വിഭവങ്ങൾക്കുമപ്പുറം മനുഷ്യോപയോഗത്തിനാവശ്യമായ ഔഷധഗുണങ്ങളടക്കമുള്ള പല ജൈവ / രാസപദാർഥങ്ങളുടേയും - ചിലതരം ആൽഗകൾ ജപ്പാനിലും മറ്റും ഔഷധമായുപയോഗിക്കുന്നുണ്ട് - മുത്തുകളുടേയും രത്നങ്ങളുടേയുമൊക്കെ കലവറ കൂടിയാണു സമുദ്രം. സദാ ചലനാത്മകമായ സമുദ്രം എളുപ്പം ഉപയോഗപ്പെടുത്താവുന്ന നിലക്കാത്ത ഊർജസ്രോതസ്സെന്ന പ്രതീക്ഷ കൂടി ശാസ്ത്രലോകത്തിന് നൽകുന്നുണ്ട്. ആഗോളവ്യാപകമായി സമുദ്രത്തിനടിയിൽ വൻ തോതിൽ പെട്രോളിയംനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.
മഹാസമുദ്രങ്ങൾ
- ശാന്തമഹാസമുദ്രം
- അറ്റ്‌ലാന്റിക് മഹാസമുദ്രം
- ഇന്ത്യൻ മഹാസമുദ്രം
- ഉത്തര മഹാസമുദ്രം
- ദക്ഷിണ മഹാസമുദ്രം
സമുദ്രത്തിൻറെ നിറം
ജലം സൂര്യവെളിച്ചത്തിലെ ചുവപ്പ് വർണ്ണത്തെ ആഗിരണം ചെയ്യുന്നതുകൊണ്ട് മറ്റെല്ലാ ജലശേഖരങ്ങളേയും പോലെ സമുദ്രവും ചെറിയതോതിൽ നീല നിറം പൂണ്ടാണ് സാധാരണയായി കാണപ്പെടുന്നത്. അതുകൊണ്ട് തെളിഞ്ഞ ആകാശമുള്ള സമയങ്ങളിൽ സമുദ്രത്തിന്റെ നിറം പൊതുവേ നീലയാണെന്നാണ് പറയാറുള്ളത് . പക്ഷേ ആകാശത്തിൽ വരുന്ന വർണ്ണവ്യതിയാനങ്ങൾ സമുദ്രത്തിലും താൽക്കാലികമായ നിറംമാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രഭാതത്തിലും സന്ധ്യക്കും പകൽസമയത്തും കടലിന്റെ നിറം വ്യത്യസ്തമായിരിക്കും.
എന്നാൽ പ്രാദേശികമായി കടൽജലത്തിൽ ആധിക്യം സ്ഥാപിക്കുന്ന ജൈവ / രാസവസ്തുക്കളുടെ നിറങ്ങൾക്കനുസരിച്ച് അവിടങ്ങളിൽ കടലിനും സ്ഥിരമായ നിറഭേദം കാണാറുണ്ട്.
ഉദാഹരണങ്ങൾ:-
- ചൈനക്കും കൊറിയക്കും ഇടയിലുള്ള പസഫിക്ക് സമുദ്രത്തിൻറെ ഭാഗമായ മഞ്ഞക്കടലിന്(yellow sea) നിറം മഞ്ഞയാണ്. നദികൾ ഇവിടേക്കു വൻതോതിൽ ഒഴുക്കി കൊണ്ടു വരുന്ന മഞ്ഞ നിറത്തിലുള്ള ചെളിയും എക്കൽ മണ്ണുമാണിതിനു കാരണം.
- കരിങ്കടലിലെ(Black sea) ജലത്തിൽ പ്രാണവായുവിൻറെ സാന്നിദ്ധ്യം വളരെ കുറവാണ് അതേസമയം ആൽഗളുടെ സാന്നിധ്യമാവട്ടെ കൂടുതലും. ഇതാണ് കറുപ്പുനിറത്തിനു കാരണം.
- ചെങ്കടലിനു (Red sea) ചുവപ്പു നിറം നൽകുന്നത് അവിടത്തെ ജലോപരിതലത്തിൽ കാണപ്പെടുന്ന കടൽക്കളകളും ചിലതരം സയനൊ ബാക്ടീരിയകളുമാണ്.
സമുദ്രത്തിന്റെ ഗന്ധം
സമുദ്രതീരങ്ങളിൽ മിക്ക ആളുകൾക്കും അരോചകമായി തോന്നാറുള്ള ഒരു പ്രത്യേകഗന്ധം അനുഭവപ്പെടാറുണ്ട്. കടലിലെ പ്ലാംക്ടണുകളും സീവീഡുകളും ചീയുമ്പോൾ അവയുമായി പ്രതിപ്രവർത്തിക്കുന്ന ചില കടൽബാക്ടീരിയകൾ നിർമ്മിക്കുന്ന ഡൈമീഥൈൽ സൾഫൈഡ് എന്ന വാതകത്തിന്റേതാണ് ഈ ഗന്ധം. ഈ വാതകത്തിന്ന് മഴക്കാറുകളുടെ ഉൽപ്പത്തിയിൽ ഒരു പ്രധാന പങ്കുണ്ട്. കൂടാതെ അത് പല കടൽജീവികൾക്കും ഇരതേടൽ എളുപ്പമാക്കുന്നു. ഇതിന്റെ മണം പിടിച്ചാണ് ആൽബറ്റ്രോസ് തുടങ്ങിയ പക്ഷികൾ പലപ്പോഴും ഭക്ഷണം കണ്ടെത്തുന്നത്[9].
വേലിയേറ്റവും വേലിയിറക്കവും
സൂര്യന്റേയും ചന്ദ്രന്റേയും ആകർഷണങ്ങൾക്ക് വിധേയമായമാകുമ്പോൾ സമുദ്രജലം ആ ദിശയിൽ ഉരുണ്ടുകൂടി ജലവിതാനം ഉയരുകയും താഴുകയും ചെയ്യുന്ന പ്രതിഭാസങ്ങളാണ് ഇവ. ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുള്ള ഭ്രമണവും ഇവയെ സ്വാധീനിക്കുന്നു. കരയുടെ ആകൃതി, കരയോരത്തെ കടൽത്തട്ടിന്റെ പ്രകൃതി എന്നിവയും വേലിയേറ്റത്തേയും വേലിയിറക്കത്തേയും ബാധിക്കുന്നു. എങ്കിലും പൊതുവേ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും വളരെ പ്രകടമായി കാണാറുള്ളത് വാവു ദിവസങ്ങളിലാണ്. സാധാരണദിനങ്ങളിലും ഇവ കടൽത്തീരങ്ങളിൽ ഏറിയും കുറഞ്ഞും പല കാരണങ്ങളാൽ അനുഭവപ്പെടുന്നുമുണ്ട്.
കടൽത്തിരകൾ
സമുദ്രത്തിലെ ആഴവും പരപ്പുമുള്ള ജലസഞ്ചയത്തിൽ ബാഹ്യശക്തികൾ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ ഫലമായാണ് തിരകൾ ഉണ്ടാകുന്നത്.
തീരങ്ങളിൽ നാം കാണുന്ന തിരകൾ അതത് ഭാഗത്ത് വീശുന്ന കാറ്റിന്റെ ഫലമാണ്. ദൂരെ നിന്ന് ചെറിയ ഓളങ്ങളായി ആരംഭിക്കുന്ന ഇവ കരയോടടുക്കുംതോറും ഉയരം കൂടി ഒടുവിൽ വീണു തകരുന്നു. ഓളങ്ങളുടെ മുന്നോട്ടുള്ള യാത്രക്കിടയിൽ അവക്കുതാഴെയുള്ള ജലത്തിന്റെ കടൽത്തിട്ടുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമാണ് ഈ ഉയരം കൂടലും വീഴ്ചയും.
ഉൾക്കടലുകളിലും കാറ്റും കോളുമുള്ളപ്പോൾ തിരകൾ ഉണ്ടാകാറുണ്ട്. കാറ്റിന്റെ തീവ്രത അവസാനിക്കുന്നതോടെ ഇവ ഇല്ലാതാകുന്നു.
മറ്റൊരു തരം തിരകളാണ് സുനാമിത്തിരകൾ. കടലിന്നടിയിലുണ്ടാകുന്ന ഭൂകമ്പങ്ങളേത്തുടർന്ന് കടലിലേക്ക് വിസർജ്ജിക്കപ്പെടുന്ന അപാരമായ ഊർജ്ജമാണ് സുനാമിത്തിരകളുടെ സ്രഷ്ടാവ്. വളരെ കൂടിയ വേവ് ലെങ്ങ്തും (വീതി - കിലോമീറ്ററുകളോളം) കുറഞ്ഞ ആമ്പ്ലിറ്റ്യൂഡും (ഉയരം - സെന്റിമീറ്ററുകൾ) ഉള്ള സുനാമിത്തിരകളിൽ ഈ അപാരമായ ഊർജ്ജമത്രയും സംഭരിക്കപ്പെട്ടിരിക്കും. അതുകൊണ്ടാണ് സുനാമികൾ കടൽത്തീരങ്ങളിൽ ഭയാനകമായ നാശം വിതക്കുന്നത്. കടൽപ്പരപ്പിൽ ഇവക്ക് മനുഷ്യദൃഷ്ടികൾക്ക് ഗോചരമല്ലാത്ത മട്ടിൽ അനേകായിരം കിലോമീറ്ററുകളോളം സഞ്ചരിക്കാനാകും. അതുകൊണ്ട് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്ത് നിന്നും വളരെ ദൂരെ കിടക്കുന്ന വൻകരകളിൽപ്പോലും സുനാമിത്തിരകളെത്തും.
സമുദ്രം ഒരു ചവറ്റുകുട്ട
മനുഷ്യൻ തന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഭൂഗോളത്തിന്റെ എല്ലാ കോണുകളും മലിനീകരിക്കുന്നുണ്ട്. സമുദ്രത്തിനും ഇതിൽനിന്ന് രക്ഷ നേടാനായിട്ടില്ല. ജൈവപ്രക്രിയകൾക്കു വിധേയമാകാത്ത പ്ലാസ്റ്റിക്കുകൾ, അബദ്ധത്തിൽ കടലിൽപ്പെട്ടുപോകുന്നതും കരയിൽ ഉപേക്ഷിക്കാനാകാത്തതുകോണ്ട് മനഃപൂർവം കടലിൽത്തള്ളുന്നതുമായ ഉപയോഗശൂന്യമായ രാസവസ്തുക്കൾ, ആണവവസ്തുക്കൾ, ആഴക്കടലിലെ എണ്ണക്കിണറുകളിൽ അപകടങ്ങളുണ്ടാകുമ്പോൾ സമുദ്രത്തിൽ കലരുന്ന ക്രൂഡ് ഓയിൽ തുടങ്ങി നിരവധി മനുഷ്യനിർമ്മിതവസ്തുക്കൾ സമുദ്രത്തിലേക്ക് എത്തുന്നുണ്ട്. ഇവയെല്ലാം കൂടി സമുദ്രത്തിലെ ആവാസവ്യവസ്ഥയെ നിരവധി ജീവികൾക്കു വംശനാശം വരുത്തും വിധം മാറ്റിമറിക്കുന്നുണ്ട്.
സുനാമികളും വെള്ളപ്പൊക്കങ്ങളും പോലെയുള്ള പ്രകൃതിക്ഷോഭങ്ങളും പലപ്പോഴും കരയിലെ മാലിന്യങ്ങളെ കടലിലെത്തിക്കാറുണ്ട്. ജപ്പാനിൽ കഴിഞ്ഞതവണയുണ്ടായ സുനാമിയിൽപ്പെട്ട തോണികളും ബോട്ടുകളും കപ്പലുകളുമൊക്കെ ഒഴുകിനടന്നിരുന്നവ പലതും വർഷങ്ങൾക്കു ശേഷം കടലിൽ മുക്കിക്കളയേണ്ടി വന്നിട്ടുണ്ട്.
പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിൻറെ പഠനറിപോർട്ട് അനുസരിച്ച് പസഫിക് സമുദ്രത്തിൽ ഏതാണ്ടു ഇരുനൂറ്റിഅറുപതോളം സ്പീഷിസുകൾ പ്ലാസ്റ്റിക്ക് മലിനീകരണ ഭീഷണിയിലാണ്. സൂക്ഷ്മപ്ലവഗങ്ങളും, മത്സ്യങ്ങളും, ആമകളും, തിമിംഗിലങ്ങളും, കടൽ പക്ഷികളുമൊക്കെ ഇതിൽപ്പെടും. ഭക്ഷണമെന്നു കരുതി പല ജലജീവികളും പ്ലാസ്റ്റിക്ക് അകത്താക്കാറുണ്ട്. പ്ലാസ്റ്റിക്ക് കണ്ടയിനറുകളുടെയും കവറുകളുടേയും കുപ്പത്തൊട്ടിയായി കടൽ മാറുന്നുവെന്നു യുഎൻ പരിസ്ഥിതി സമിതിയുടെ ഒരു റിപ്പോർട്ടും മുന്നറിയിപ്പു നൽകുന്നു. സമുദ്രാന്തർഭാഗത്തു നടത്തുന്ന ആണവ പരീക്ഷണങ്ങളും ലെഡും കോൺക്രീറ്റും കൊണ്ടുനിർമ്മിച്ച പെട്ടികളിൽനിറച്ച് കടലിനടിയിൽ തള്ളുന്ന ആണവ മാലിന്ന്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഭീകരമാണ്. കടലിനടിയിൽ മുങ്ങിപോകുന്ന ആണവ മുങ്ങികപ്പലുകൾ സൃഷ്ടിക്കുന്ന പ്രശ്നം വേറെ. 2000 ഓഗസ്റ്റിൽ 1000 കിലോഗ്രാമിലധികം യുറേനിയവുമായാണ് റഷ്യൻ ആണവ മുങ്ങികപ്പലായ കുർസ്ക്ക് " ബേരൻറസ്' കടലിൽ മുങ്ങിയത്.
സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം
ലോകത്തെല്ലായിടത്തും സമുദ്രജലത്തിന്റെ നിരപ്പ് ഒന്നു തന്നെയായിരിക്കുമെന്ന കാരണം കൊണ്ട് ഭൂതലത്തിന്റെ ഉയരവും താഴ്ചയും അളന്നു രേഖപ്പെടുത്താൻ സമുദ്രനിരപ്പ് അന്തർദ്ദേശീയതലത്തിൽ അടിസ്ഥാനമാക്കിവരുന്നു. ഒരു വസ്തുവിന്റെ സമുദ്ര നിരപ്പിൽ നിന്നുമുള്ള ശരാശരി ഉയരത്തെയാണ് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം (Above mean sea level) എന്നു പറയുന്നത്. ഉയരത്തെ അധികചിഹ്നം കൊണ്ടോ താഴ്ചയെ ന്യൂനചിഹ്നം കൊണ്ടോ രെഖപ്പെടുത്തുന്നു.
ഹിമാനിഖണ്ഡങ്ങൾ
സമുദ്രത്തിൽ പൊങ്ങിക്കിടന്ന് ഒഴുകിനടക്കുന്ന കൂറ്റൻ മഞ്ഞുമലകളെ ഹിമാനിഖണ്ഡങ്ങൾ (ഇംഗ്ലീഷ് -icebergs)എന്നു പറയുന്നു. ഹിമത്തിന്റെ ആപേക്ഷികഭാരം ഒന്നിൽ കുറവും(0.920) കടൽജലത്തിന്റേത് ഒന്നിൽ കൂടുതലു(1.025)മായതുകൊണ്ട് ആണ് ഇവ പൊങ്ങിക്കിടക്കുന്നത്. ഇവയുടെ സിംഹഭാഗവും കടലിൽ മുങ്ങിക്കിടക്കുകയായിരിക്കും. മൊത്തം ഹിമാനിഖണ്ഡത്തിന്റെ ഒമ്പതിൽ ഒരു ഭാഗത്തോളം മാത്രമേ കടലിൽ പൊങ്ങിക്കാണുകയുള്ളൂ. ദൃശ്യമായ ഭാഗത്തിന്റെ വലിപ്പത്തിൽ നിന്ന് അതിന്റെ മുഴുവൻ വലിപ്പവും നിർണ്ണയിക്കാനാകത്തതുകൊണ്ട് "ഹിമാനിഖണ്ഡത്തിന്റെ അഗ്രം" എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നിട്ടുണ്ട്.
ധ്രു:വപ്രദേശങ്ങളിൽ കരയെ അവലംബമാക്കി വളർന്നു പൊങ്ങുന്ന ഹിമാനികളുടെ(Glacier) സമുദ്രത്തിനോടു ചേർന്നുള്ള കൂറ്റൻ ഭാഗങ്ങൾ അടർന്നുമാറിയാണ് ഹിമാനിഖണ്ഡങ്ങൾ ഉണ്ടാകുന്നത്. കരയിൽ ഹിമാനികൾ രൂപംകൊള്ളുന്നത് നൂറ്റാണ്ടുകൾകൊണ്ടോ ശതസഹസ്രം വർഷങ്ങൾകൊണ്ടോ ആകാം. കടലിലേക്കു തൂങ്ങിക്കിടന്നു വളരുന്ന ഇവയുടെ ഭാഗങ്ങൾ കടലിലെ ചലനങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ കൊണ്ട് അടർന്നുമാറുന്നു. സാധാരണയായി കടൽനിരപ്പിൽ നിന്ന് 75 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഇവക്ക് നൂറുകണക്കിന് കിലോമീറ്റർ നീളവും വീതിയും ഉണ്ടാകാം. വടക്ക് ഗ്രീൻലാൻഡും തെക്ക് അന്റാർട്ടിക്കയുമാണ് ഹിമാനിഖണ്ഡങ്ങളുടെ പ്രഭവകേന്ദ്രങ്ങൾ. അടർന്നുമാറിയശേഷം ഒഴുകിനടക്കാൻ തുടങ്ങുന്ന ഇവ കപ്പൽ ഗതാഗതത്തിന് കടുത്തഭീഷണി ഉയർത്തുന്നുണ്ട്. പ്രസിദ്ധമായ ടൈറ്റനിക് ദുരന്തം ആ കപ്പൽ ഒരു ഹിമാനിഖണ്ഡത്തിലിടിച്ചാണ് ഉണ്ടായത്.[10]
മനുഷ്യരും സമുദ്രവും
ചരിത്രാതീതകാലം മുതലേ മനുഷ്യർ തങ്ങളുടെ ജീവിതാവശ്യങ്ങൾക്കായി സമുദ്രങ്ങളെ ആശ്രയിച്ചുപോന്നു. അവയിൽ പ്രധാനമായത് ഭക്ഷണം തന്നെ ആണ്. ഇന്നും മനുഷ്യർക്കാവശ്യമായ പ്രോട്ടീനിന്റെ വലിയൊരു പങ്ക് സമുദ്രജന്യമായ ഭക്ഷണങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. കടലിലെ വിവിധതരം മത്സ്യങ്ങളും സസ്തനികളുമൊക്കെ മനുഷ്യരുടെ ഭക്ഷ്യശൃംഖലയിലുണ്ട്. സംസ്കൃതികളുടെ വികാസത്തോടെ യാത്രകൾക്കായി കടൽ ഉപയോഗപ്പെടുത്തിപ്പോന്നു. ആദ്യകാലത്ത് കരയോടു ചേർന്നാണ് ചെറിയ കപ്പലുകളും മറ്റുമുണ്ടാക്കി യാത്ര ചെയ്തിരുന്നതെങ്കിൽ പിൽക്കാലത്ത് വൻകടലുകളൊക്കെ താണ്ടിപ്പോകാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ അടുത്ത കാലത്ത് പ്രത്യേകം ഉപകരണങ്ങളുടെ സഹായത്തോടെ കടലിന്റെ അഗാധതകൾ നിരീക്ഷിക്കാനും മനുഷ്യർക്കായിട്ടുണ്ട്.
ഭക്ഷണം
മനുഷ്യർ സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന ധാരാളം ജീവികളെ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവയിൽ മത്സ്യങ്ങൾ, ഞണ്ടുകൾ, ശംഖുവർഗത്തിൽപ്പെട്ട ജന്തുക്കൾ, ചിപ്പികൾ, കൊഞ്ചുകൾ, കണവ വർഗത്തില്പെട്ട നട്ടെല്ലില്ലാത്ത ജീവികൾ, ഉരഗവർഗ്ഗ്ത്തില്പെട്ട ആമകൾ തുടങ്ങിയവയുണ്ട്. കൂടാതെ കടലിലെ സസ്തനികളായ തിമിംഗിലങ്ങൾ, ഡോൾഫിനുകൾ, തുടങ്ങിയവയേയും മനുഷ്യർ ഭക്ഷണമാക്കാറുണ്ട്. ചില സീവീഡുകളും നനുത്ത ആൽഗകളും അടക്കം പല സമുദ്രസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായ ഉപ്പിന്റെ ഒരു വലിയ സ്രോതസ്സും കൂടിയാണ് സമുദ്രം. സ്മുദ്രജലം ഉപ്പളങ്ങളിൽ കടത്തി നിർത്തി സൂര്യതാപത്തിൽ വറ്റിച്ചാണ് അതിൽ നിന്ന് ഉപ്പെടുക്കുന്നത്. ചില സമുദ്രോത്പന്നങ്ങൾ വളർത്തുമത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമായും കെല്പ്(Kelp)പോലെയുള്ള ചിലത് ചെടികൾക്ക് വളമായും ഉപയോഗിക്കുന്നു. ഇവയും ഫലത്തിൽ മനുഷ്യരുടെ ഭക്ഷണമായിത്തന്നെ മാറുകയാണ് ചെയ്യുന്നത് [11].
മരുന്നുകൾ
മീനെണ്ണ, സ്പൈരൂലിന തുടങ്ങി ഔഷധഗുണമുള്ള വസ്തുക്കളും കടൽജന്തുക്കളിൽ നിന്നാണ് കിട്ടുന്നത്. മീനെണ്ണയെടുക്കുന്നത് കോഡ് പോലെയുള്ള മത്സ്യങ്ങളിൽ നിന്നാണ്. സ്പൈരൂലിന കടലിൽ വളരുന്ന ഒരു തരം ആൽഗേ ആണ്.
ഊർജ്ജരംഗം
കടൽത്തിരകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ആഗോളവ്യാപകമായി ഇന്ന് നിലവിൽ വന്നിട്ടുണ്ട്. കടൽപ്പരപ്പിൽ ധാരാളം ലഭ്യമായ കാറ്റിന്റെ ശക്തി ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാടങ്ങൾ സമുദ്രത്തിൽ സ്ഥാപിച്ചുവരുന്നു. കടലിന്റെ അടിത്തട്ടുകളിൽ പലയിടത്തും ഭീമമായ എണ്ണനിക്ഷേപം കണ്ടെത്തുകയും അതൊക്കെ കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങൾ രൂപപ്പെട്ടുവരികയും ചെയ്യുന്നുണ്ട്.
ആഗോളവ്യാപാരം
ഇക്കാലത്ത് ആഗോളവ്യാപാരത്തിന്റെ മുഖ്യപങ്കും നടക്കുന്നത് കപ്പൽഗതാഗതത്തിലൂടെയാണ്. എണ്ണയും അസംസ്കൃതവസ്തുക്കളും ഭക്ഷ്യധാന്യങ്ങളും വ്യാവസായികോത്പന്നങ്ങളുമെല്ലാം ഇന്ന് വൻകരകളിൽ നിന്ന് വൻകരകളിലേക്കെത്തിക്കുന്നത് താരതമ്യേന ചെലവു കുറഞ്ഞ ഈ കടൽമാർഗ്ഗത്തിലൂടെയാണ്.
ലോകസമുദ്ര ദിനം
അന്താരാഷ്ട്രതലത്തിൽ എല്ലാ വർഷവും ജൂൺ 8 ലോകസമുദ്രദിനമായി ആചരിക്കുന്നു.
സമുദ്രം സാഹിത്യത്തിൽ
മനുഷ്യന്റെ ജിജ്ഞാസയേയും ഭാവനയേയും എക്കാലത്തും ഉദ്ദീപിപ്പിച്ചുപോരുന്ന സമുദ്രം വിവിധ ഭാഷകളിലെ സാഹിത്യങ്ങളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്. അമേരിക്കൻ സാഹിത്യകാരന്മാരായ ഹെമിങ്ങ്വേ (കിഴവനും കടലും), ഹെർമൻ മെൽവില്ല്(മോബി ഡിക്ക്) എന്നിവരുടെ കൃതികളിൽ കടൽ ഒരു അമൂർത്തകഥാപാത്രമായി നിറഞ്ഞുനിൽക്കുന്നു. മലയാളത്തിൽ തകഴിയുടെ ചെമ്മീൻ എന്ന കൃതിയിലും കടലമ്മ ഒരു നിറഞ്ഞ സാന്നിദ്ധ്യമാണ്.
സമുദ്രം പുരാണങ്ങളിൽ
ലോകത്തിലെ എല്ലാ പൗരാണികനാഗരികതകളിൽ നിന്നുള്ള കഥകളിലും സമുദ്രദേവന്മാർ നിറഞ്ഞുനിൽക്കുന്നു.
ഗ്രീസ്
ഗ്രീക്ക് പുരാണങ്ങളിൽ അതിപുരാതനമായ സമുദ്രദേവനായി സങ്കൽപ്പിക്കപ്പെടുന്നത് ടൈറ്റന്മാരിൽ ഒരാളായ ഓഷ്യാനസ് ആണ്. ഭൂമിയെ ചുറ്റുന്ന മഹാനദിയായ ഒക്കിനോസിന്റെ പുരാതനദേവനാണ് ഓഷ്യാനസ്. ഭൂമിയുടെ രണ്ടറ്റങ്ങളിലുമായി കടലിൽ നിന്നുയർന്ന് കടലിൽത്തന്നെ താണുപോയിരുന്ന അകാശഗോളങ്ങളുടെ ഉദയവും അസ്തമയവും നിയന്ത്രിച്ചിരുന്നതും ഈ ദേവനായിരുന്നു. ഓഷ്യാനസ്സിന്റെ ഭാര്യ ടെത്തിസ് ആയിരുന്നു കടലിലെ ജലം ഭൂമിക്കടിയിലെ ഗുഹകളിൽക്കൂടി എല്ലായിടത്തും എത്തിച്ചിരുന്നത്[12]
പിൽക്കാലത്ത് സമുദ്രദേവനായി വരുന്നത് പോസിഡോൺ ആണ്. ടൈറ്റന്മാരിലൊരാളായ ക്രോണസ്സിന്റെ മകനാണ് പോസിഡോൺ. പൂർണ്ണവളർച്ചയെത്തിയ പുരുഷനായാണ് ജനനം. പോസിഡോൺ എന്ന പേരിനർത്ഥം "ഭൂമിയുടെ ഭർത്താവ്" എന്നാണ്. മിക്ക കഥകളിലും ക്രൂരനായാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ജീവദായകമായ ജലംകൊണ്ട് ഭൂമി ഫലഭൂയിഷ്ഠമാക്കുന്നയാളായും നാവികരുടെ രക്ഷാപുരുഷൻ എന്ന നിലക്കും പോസിഡോൺ അറിയപ്പെടുന്നു. ഇതേ പോസിഡോണാണ് തന്റെ മകനായ ഒറ്റക്കണ്ണൻ സൈക്ലോപ്സിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചുവെന്ന കുറ്റത്തിന് എട്ട് വർഷത്തോളം ഒഡീസിയസ്സിനെ കടലിൽ കുടുക്കിയിട്ട് കഷ്ടപ്പെടുത്തിയതും.
റോം
റോമൻ പുരാണങ്ങളിലെ സമുദ്ര ദേവൻ നെപ്റ്റ്യൂൺ ആണ്. സ്വർഗ്ഗാധിപനായ ജൂപ്പിറ്ററിന്റെയും പാതാളാധിപനായ പ്ലൂട്ടോയുടേയും സഹോദരനാണ് നെപ്റ്റ്യൂൺ. "ബസ്ലിക നെപ്ട്യൂണി" എന്ന പേരിൽ ഒരു ക്ഷേത്രം അക്കാലത്ത് റോമിന്റെ പരിസരത്ത് ഉണ്ടായിരുന്നു[13].
ഇന്ത്യ
- ഇന്ത്യൻ പുരാണങ്ങളിൽ സമുദ്രദേവതയായി സങ്കൽപ്പിക്കപ്പെടുന്നത് വരുണൻ ആണ്.
- സമുദ്രത്തിന് സാഗരം എന്നും പേരുണ്ട്. പണ്ട് സഗരൻ എന്ന രാജാവ് അശ്വമേധയാഗം തുടങ്ങിയപ്പോൾ ഇന്ദ്രൻ യാഗാശ്വത്തെ മോഷ്ടിച്ച് പാതാളത്തിലൊളിപ്പിച്ചു. ഇതറിഞ്ഞ അറുപതിനായിരം സഗരപുത്രന്മാർ ചേർന്ന് കടൽക്കരയിൽ ഒരു വലിയ കുഴി കുഴിച്ചാണ് പാതാളത്തിലേക്കു പോയതെന്നും അങ്ങനെയാണ് സമുദ്രങ്ങൾക്ക് ആഴവും പരപ്പും കൂടിയതെന്നും പുരാണത്തിൽ ഒരു കഥയുണ്ട്. വഴിയിൽ അവർ കപിലമഹർഷിയുടെ ക്രോധാഗ്നിയിൽ ചാമ്പലായി. പിന്നീട് സഗരപൗത്രനായ അംശുമാനാണ് പാതാളത്തിൽ നിന്ന് കുതിരയെ വീണ്ടെടുത്തത്.അംശുമാന്റെ പൗത്രനായ ഭഗീരഥൻ ഗംഗയെ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ കൊണ്ടുവന്ന് സഗരപുത്രന്മാർക്ക് ഉദകക്രിയ ചെയ്തശേഷം നദിയെ സമുദ്രത്തിലേക്കു പറഞ്ഞയച്ചെന്നും അങ്ങനെ ഗംഗാജലം കൊണ്ട് സമുദ്രം നിറഞ്ഞു എന്നും കഥ തുടരുന്നു.[14]
- ക്ഷീരസാഗരം എന്നൊരു സങ്കൽപ്പവും ഇന്ത്യൻ പുരാണങ്ങളിലുണ്ട്. ഈ പാൽക്കടലിലാണ് മഹാവിഷ്ണു പള്ളികൊള്ളുന്നത്. ഈ കടൽ അസുരന്മാരും ദേവന്മാരും കൂടി കടഞ്ഞപ്പോഴാണ് അമൃത്, കാളകൂടം തുടങ്ങിയവ ലഭിച്ചതെന്നും പുരാണങ്ങൾ പറയുന്നു.
ചിത്രങ്ങൾ
- കൈപ്പമംഗലം വഞ്ചിപ്പുര
- വലിയതുറ കടപ്പാലം
അവലംബം
- http://serc.carleton.edu/NAGTWorkshops/earlyearth/questions/formation_oceans.html
- http://www.onr.navy.mil/focus/ocean/regions/oceanfloor2.htm
- http://www.chem.duke.edu/~jds/cruise_chem/Exobiology/sites.html
- BirdLife International (BLI) (2008). "Sterna fuscata". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത്: 7 August 2009.CS1 maint: Uses authors parameter (link)
- https://en.wikipedia.org/wiki/Blue_whale
- http://news.nationalgeographic.com/news/2005/02/0203_050203_deepest.html
- "Scientists Discover and Image Explosive Deep-Ocean Volcano". NOAA. 2009-12-17. ശേഖരിച്ചത്: 2009-12-19.
- https://en.wikipedia.org/wiki/Submarine_volcano
- http://news.softpedia.com/news/Where-Does-The-Sea-Smell-Come-From-46074.shtml
- http://www.hindu.com/thehindu/seta/2002/06/06/stories/2002060600190300.htm
- https://en.wikipedia.org/wiki/Seafood
- http://www.theoi.com/Titan/TitanOkeanos.html
- https://en.wikipedia.org/wiki/Neptune_(mythology)
- പുരാണിക്ക് എൻസൈക്ലോപ്പീഡിയ, വെട്ടം മാണി