വിഴിഞ്ഞം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ്‌ വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യതുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്‌. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ്‌ വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഇത്. ഡച്ചുകാരാണ്‌ ഇവിടെ ആദ്യമായി പാണ്ടികശാല കെട്ടിയത്. 1622 ൽ ആദ്യത്തെ കത്തോലിക്കാപ്പള്ളിയും ഇവിടെ സ്ഥാപിതമായി. നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. പ്രകൃദത്തമായ തുറമുഖമാണ് ഈ സ്ഥലം. ഭാരതത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്. അതിനാൽ വലിയ കപ്പലുകൾക്കും ഇവിടെ എത്തി ചേരാൻ സാധിക്കും. അതുപോലെ തന്നെ തുറമുഖത്തിൽ നിന്ന് കപ്പൽ ചാലിലേക്കുള്ള ദൂരം മറ്റ് തുറമുഖങ്ങളെ അപേക്ഷിച് ഇവിടെ കുറവാണ്. അതായതു തുറമുഖത്തുനിന്ന് കപ്പൽ ചാലിലേക്ക് വളരെ പെട്ടെന്ന് കപ്പലിന് എത്തുവാൻ സാധിക്കുന്നു .

Vizhinjam
വിഴിഞ്ഞം
neighborhood
Vizhinjam Port
ഇരട്ടപ്പേര്(കൾ): Vilinjam
Country India
StateKerala
DistrictThiruvananthapuram
Population (2001)
  Total18566
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-22
വെബ്‌സൈറ്റ്http://www.vizhinjamport.org/
വിഴിഞ്ഞം തീരം

ആയ് രാജാക്കന്മാരുടെ തുറമുഖനഗരമായിരുന്നു വിഴിഞ്ഞം, ഒപ്പം അവരുടെ സൈനികകേന്ദ്രവും. പിന്നീടു വിഴിഞ്ഞം ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി. അക്കാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ ഇത് പോലുള്ള ഒരു തുറമുഖം അവിഭാജ്യഘടകമായിരുന്നു. അതിനായി അന്നത്തെ തമിഴ് ഭരണാധികാരികളും കേരള ഭരണാധികാരികളും പല വട്ടം ഏറ്റുമുട്ടിയിരുന്നു. രാജരാജ ചോളന്റെ രാജ്യമായപ്പോൾ അദ്ദേഹം ഈ നഗരത്തിന് 'രാജേന്ദ്ര ചോള പട്ടണം' എന്ന് നാമകരണം ചെയ്തു. പിന്നിട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി വിഴിഞ്ഞം. തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ഈ തീരത്തുവച്ച് ചോള -പാണ്ട്യ യുദ്ധം നടന്നു. പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രങ്ങൾ ഇന്നും കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവിടെ 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചു എന്ന് വിശ്വസിക്കപെടുന്ന സെന്റ്‌ മേരിസ് കത്തോലിക്കാ പള്ളി, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്[1]. ജില്ലയിലെ പ്രമുഖ മത്സ്യബന്ധനതുറമുഖമാണിത്. കടലിലെ അപൂർവ്വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈൻ അക്വേറിയവും ഇവിടെ ഉണ്ട്.

വിഴിഞ്ഞം തുറമുഖ പദ്ധതി

കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ്‌ വിഴിഞ്ഞം എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്. സർക്കാർ ഈ പദ്ധതിയുടെ രൂപരേഖ ജൂലൈ 27 നു സമർപ്പിച്ച് ഒരുമാസം പോലും തികയുന്നതിനു മുന്നേ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രത്യേക താല്പര്യമെടുത്ത് അനുമതി ലഭ്യമാക്കിയത്. ഹൈദരാബാദിലെ ലാൻകോ കോണ്ടാപ്പള്ളി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൺസോർഷ്യമാണ്‌ തുറമുഖം വികസിപ്പിക്കുന്നതിനുള്ള അനുമതി നേടിയിരിക്കുന്നത്. ലാൻകോ ഇൻഫ്രാ ടെക്, മലേഷ്യൻ കമ്പനികളിലൊന്നായ പെമ്പിനാൻ റെസായി എന്നീ സ്ഥാപനങ്ങളും കൺസോർഷ്യത്തിൽ അംഗങ്ങളാണ്‌. ബിൾഡ്, ഓവ്ൺ, ട്രാൻസ്ഫർ (BOT) അടിസ്ഥാനത്തിലാണ്‌ തുറമുഖം പണിയുക. 30 വർഷത്തിനുശേഷം കൺസോർഷ്യം ഉടമസ്ഥാവകാശം സർക്കാരിനു കൈമാറും.

ഈ വർഷം തന്നെ ആരംഭിച്ച് 2012 ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ്‌ ആലോചന, അതോടെ രാജ്യത്തെ രണ്ട് രാജ്യന്തര തുറമുഖങ്ങൾ ഉള്ള ഏക സംസ്ഥാനം കേരളമായിത്തീരും. രാജ്യാന്തര കപ്പൽ ചാൽ|രാജ്യാന്തര കപ്പൻ ചാലിന്റെ അടുത്തായതിനാൽ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്തെ സമീപിക്കാൻ എളുപ്പമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 1 കിലോമീറ്റർ ചുറ്റളവിൽ 20 മീറ്ററിലധികം ആഴം പ്രകൃതിദത്തമഅയി ത്തന്നെ വിഴിഞ്ഞത്തുള്ളത് വലിയ കപ്പലുകൾക്ക് അനായാസം തുറമുഖത്തെത്താറാക്കും. തുടക്കത്തിൽ 30 ലക്ഷം കണ്ടെന്യിനറുകൾ കൈകാര്യം ചെയ്യാനാണ്‌ പദ്ധതി, അടുത്ത ഘട്ടങ്ങളിലായീ നാല്പതു ലക്ഷവും, പിന്നെ 53 ലക്ഷവും കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കും. [2]

സർ സി.പി.രാമസ്വാമി അയ്യർ , ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണു് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ . എന്നാൽ ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിച്ച് 65 വർഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖം എന്ന വജ്രഖനി യാഥാർത്ഥ്യമാക്കാതിരിക്കാൻ വിഴിഞ്ഞം നിവാസികളെയും ലാൻകോ കോണ്ടാപ്പള്ളിയെയും, വെൽസ്പൺ കൺസോർഷ്യത്തയുമൊക്ക മുമ്പിൽ നിർത്തി, ദുബായ് അടക്കമുള്ള വിദേശ തുറമുഖ ശക്തികൾക്കു് കഴിഞ്ഞു എന്നതാണു് ദുഖസത്യം. വിഴിഞ്ഞം തുറമുഖത്തെ യാഥാർത്ഥ്യമാക്കാൻ പ്രാപ്തരായ നമ്മുടെ രാഷ്ട്രീയ നേതൃത്വം കണ്ണുതുറക്കാതെ ഈ അടുത്ത കാലത്തൊന്നും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവില്ല.

അവലംബം

  1. Staff Reporter (28 February 2011). "Vizhinjam's antiquity to the fore". The Hindu. ശേഖരിച്ചത്: 10 July 2012.
  2. പേജ് 1. വിഴിഞ്ഞം മുന്നോട്ട്; മലയാള മനോരമ. തൃശൂർ ഓഗസ്റ്റ് 2008 ബുധൻ
വിഴിഞ്ഞം മസ്ജിദ്
വിഴിഞ്ഞം തുറമുഖം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.