വിനയെച്ചം

വാക്യത്തിൽ മറ്റ് ക്രിയകൾക്കോ നാമങ്ങൾക്കോ വിശേഷണമായി അപ്രധാനമായി നിൽക്കുന്ന ക്രിയകൾക്ക് മലയാള വ്യാകരണത്തിൽ പറ്റുവിന എന്നു പറയുന്നു. പറ്റുവിനയെ വിനയെച്ചം, 'പേരെച്ചം' എന്നിങ്ങനെ രണ്ടായി തിരിക്കാം.

ഉദാഹരണം - സോമൻ ജോലി ചെയ്ത് ക്ഷീണിച്ചു. അവൻ കസേരയിൽ ചാരിയിരുന്നു.

ഇവിടെ ചെയ്തു, ചാരി എന്നീ ക്രിയാരൂപങ്ങൾ ക്ഷീണിച്ചു, ഇരുന്നു എന്നീ വിനകളെ ആശ്രയിക്കുന്നതിനാൽ വിനയെച്ചങ്ങളാകുന്നു. വിനയെച്ചങ്ങളെ മുൻവിനയെച്ചം, പിൻവിനയെച്ചം, നടുവിനയെച്ചം, തൻവിനയെച്ചം, പാക്ഷിക വിനയെച്ചം എന്നിങ്ങനെ അഞ്ചായി തിരിക്കാം

മുൻവിനയെച്ചം

പൂർണ്ണക്രിയക്ക് മുമ്പ് നടക്കുന്ന അപൂർണ്ണക്രിയയാണ് മുൻവിനയെച്ചം. ഇതിന് പ്രത്യയമൊന്നും ചേർക്കേണ്ടതില്ല.ഓടിക്കയറി, ചാടിപ്പോയി എന്നിവ ഉദാഹരണം.

പിൻവിനയെച്ചം

പൂർണ്ണക്രിയക്ക് പിമ്പ് നടക്കേണ്ട അപൂർണ്ണക്രിയയാണ് പിൻവിനയെച്ചം. ആൻ ആണ് ഇതിനുള്ള പ്രത്യയം. ധാതുവിനോട് നേരിട്ടോ ഭാവികാലരൂപത്തോടോ ആൻ പ്രത്യയം ചേർക്കാം.

ഉദാഹരണം:പഠിക്കാൻ ഇരുന്നു, കളിക്കാൻ പോയി, പാടാൻ പറഞ്ഞു.

നടുവിനയെച്ചം

കാലം,പ്രകാരം, പുരുഷൻ ഇത്യാദി ഉപാധികളൊന്നുമില്ലാതെ കേവലമായ ക്രിയയെയാണ് നടുവിനയെച്ചം കുറിക്കുന്നത്. ക, അ, ഉക എന്നിവയാണ് പ്രത്യയങ്ങൾ. ഉക എല്ലാ ധാതുക്കളോടും ചേർക്കാം. എന്നാൽ അ, ക എന്നിവ എല്ലാ ധാതുക്കളോടും ചേർക്കാറില്ല. പറ, പറക, പറയുക എന്നിവയാണ് നടുവിനയെച്ച രൂപങ്ങൾ.

തൻവിനയെച്ചം

പൂർണ്ണക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നടക്കുന്ന അപൂർണ്ണക്രിയയാണ് തൻവിനയെച്ചം. എ, അവേ എന്നിവയാണ് പ്രത്യയങ്ങൾ. ചെയ്യ, ചെയ്യവേ എകാരം ദീർഘമായും പ്രയോഗിക്കാറുണ്ട്.

പാക്ഷിക വിനയെച്ചം

പൂർണ്ണക്രിയ നടക്കണമെങ്കിൽ നടക്കേണ്ട അപൂർണ്ണക്രിയയാണ് പാക്ഷിക വിനയെച്ചം. ആൽ, ഇൽ, ആകിൽ, എങ്കിൽ എന്നിവയാണ് പ്രത്യയങ്ങൾ.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.