യമുന

ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാദ്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.

ത്രിവേണീ സംഗമം

ഉദ്ഭവസ്ഥാനം

നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം. ഉത്തർപ്രദേശ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 6330 മീറ്റർ ഉയരത്തിലാണ്. ഋഷിഗംഗ,ഹനുമാൻഗംഗ,ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കൾ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയിൽ ചേരുന്നു.

പോഷകനദികൾ

യമുന നദി ഡൽഹിയിൽ നിന്നുള്ള വിദൂരകാഴ്‌ച

ടോൺസ്

യമുനയുടെ ഏറ്റവും നീളമേറിയ പോഷകനദി. പ്രശസ്ത സുഖവാസകേന്ദ്രമായ ഡെറാഡൂൺ ടോൺസിന്റെ തീരത്താണ്.

ചമ്പൽ

മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്ത് ഉദ്ഭവിക്കുന്ന ചമ്പൽ യമുനയുടെ പോഷക നദിയാണ്. 965 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ അനേകം വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നു. ഒരുകാലത്ത് ഈ നദിയുടെ തീരങ്ങളിലെ ചമ്പൽകാടുകൾ കൊള്ളക്കാരുടെ ഒളിത്താവളമെന്ന പേരിൽ കുപ്രസിദ്ധങ്ങളായിരുന്നു.

ബെത്വ

വെത്രാവതി എന്നും ഇതിന് പേരുണ്ട്. ഹംരിപൂറിൽ വച്ച് യമുനയോട് ചേരുന്നു.

കെൻ

യമുനയുടെ മറ്റൊരു പ്രധാന പോഷകനദി. മധ്യപ്രദേശിലെ കെയ്ദൂർ മലയിൽനിന്നാണ് ഉദ്ഭവിക്കുന്നത്.

പുരാണത്തിൽ

മഹാഭാരതത്തിൽ യമുനയ്ക്ക് കാളിന്ദി എന്നാണ് പേര്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര യമുനാതീരത്താണ്. അദ്ദേഹം ബാല്യകാലം ചെലവഴിച്ച അമ്പാടി,വൃന്ദാവനം എന്നിവയും യമുനാതീരത്താണ് സ്ഥിതി ചെയ്യുന്നത്. കാളീയമർദ്ദനം നടന്നത് യമുനയിലാണെന്ന് പറയപ്പെടുന്നു.കൃഷ്ണൻ ജനിച്ചപ്പോൾ കംസനിൽനിന്ന് രക്ഷിക്കാനായി പിതാവ് വസുദേവർ ശിശുവിനെ അമ്പാടിയിലെത്തിച്ചു. അമ്പാടിയിലെത്താൻ യമുനാ നദി കടക്കണമായിരുന്നു. വസുദേവർ യമുനയോട് പ്രാർത്ഥിക്കുകയും നദിയിലെ ഒഴുക്ക് നിലച്ച് നദി രണ്ടായി പിളരുകയും ചെയ്തെന്ന് പുരാണത്തിൽ പറയുന്നു.

ഭാരതത്തിലെ പ്രമുഖ നദികൾ
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.