മുട്ട

പെൺജീവികൾ ഉത്‌പാദിപ്പിക്കുന്ന അണ്ഡമാണ് (ovum) മുട്ടയായി മാറുന്നത്. ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന സിക്താണ്ഡം കൂടിയാണ് മുട്ട (egg). ഇണചേരാത്ത സാഹചര്യങ്ങളിലും മുട്ടയുണ്ടാകാറുണ്ട്. ഇവയിൽ സിക്താണ്ഡമില്ല, അതിനാൽ വിരിയാറുമില്ല. സാധാരണ ഷഡ്പദങ്ങളും, ഉരഗങ്ങളും, ഉഭയജീവികളും, പക്ഷികളും ഇണചേർന്ന് മുട്ടയിട്ട് അവ വിരിയിച്ചാണ്‌ പ്രത്യുത്പാദനം സാധ്യമാക്കുന്നത്. അനുയോജ്യമായ ഭൗതിക വ്യവസ്ഥയിൽ മുട്ടയിലെ സിക്താണ്ഡം ഭ്രൂണമാവുകയും വളർന്ന് ഭൂമിയിൽ ജീവിക്കാൻ ആവശ്യമായ കഴിവുകൾ നേടുകയും ചെയ്യുന്നു. പക്ഷികളുടേയും ഉരഗങ്ങളുടേയും മുട്ടകൾക്ക് സാധാരണയായി അമിനോയിറ്റുകളുടെ സം‌രക്ഷണ കവചം ഉണ്ടാകാറുണ്ട്. അതിനുള്ളിലായി ഒരു നേർത്ത സ്തരവും മുട്ടക്കുള്ളിലെ ഭ്രൂണത്തെ സം‌രക്ഷിക്കുന്നു. ചില സസ്തനികളും മുട്ടയിട്ടാണ്‌ പ്രത്യുത്പാദനം നടത്തുന്നത്. അവയെ മോണോട്രീം എന്നു വിളിക്കുന്നു. പല ജീവികളുടേയും മുട്ട മനുഷ്യൻ ആഹാരമായി ഉപയോഗിക്കുന്നു.
മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ഭ്രൂണത്തേയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷകങ്ങളേയും ഭദ്രമായി ഇണക്കിയൊതുക്കിയ ഒന്നാണ് മുട്ട. പൊതുവേ ഫാമുകളിൽ ഇണചേരാതെ വളരുന്ന മുട്ടക്കോഴികളുടെ മുട്ടയിൽ സിക്താണ്ഡമോ ഭ്രൂണമൊ ഇല്ല. അതിനാൽ ഇവ വിരിയിക്കാനാവില്ല. മുട്ടകൾ പല വലിപ്പത്തിലും നിറത്തിലും കാണാറുണ്ട്. കാടപ്പക്ഷികളുടെ മുട്ട വലിപ്പത്തിൽ ചെറുതാണെങ്കിലും പോഷകമൂല്യത്തിൽ മികച്ചു നിൽക്കുന്നു.

മുട്ടയുടെ ഗുണങ്ങൾ

മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം ഒവാൽബുമിൻ എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും മികച്ച ഗുണനിലവാരമുള്ളതുമായ പ്രോട്ടീനാണ് മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട്തന്നെ ബോഡി ബിൽഡിങ്ങ് പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും മുട്ടവെള്ള ധാരാളമായി കഴിക്കാറുണ്ട്. മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരമായ നല്ല കൊളസ്ട്രോൾ കൂടുതലുമാണ് മഞ്ഞയിൽ. ഇതിൽ ചീത്ത കൊളസ്‌ട്രോൾ തീരെയില്ല. അതിനാൽ ഹൃദയായോഗ്യത്തിനെ ബാധിക്കാറില്ല. ഫോസ്ഫറസും ഇരുമ്പും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്.
വളരുന്ന പ്രായത്തിൽ കുട്ടികൾക്കും, ഗർഭിണികൾക്കും നൽകാവുന്ന അമൂല്യമായ ഒരു പോഷകാഹാരമാണ് മുട്ട. കോശസംയോജനത്തിനു വേണ്ട അമിനോ ആസിഡുകളെല്ലാം ശരീരകോശങ്ങളുടെ അതേ അനുപാതത്തിൽ മുട്ടയിലുണ്ട്. നാര് തീരെയില്ലാത്തതും പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട. അതുകൊണ്ട്തന്നെ മുട്ടയെ ഏതാണ്ട് പൂർണ്ണരൂപത്തിൽ തന്നെ പ്രയോജനപ്പെടുത്തുവാൻ ശരീരത്തിനു കഴിവുണ്ട്. വാസ്തവത്തിൽ ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഒന്നാണ് മുട്ട. ഇവ പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ഗുണകരം. മുട്ടയുടെ നിത്യേനയുള്ള ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകാറില്ല. ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് മുട്ട.[1]

നല്ലതോ ചീത്തയോ?

നല്ല മുട്ട വെള്ളത്തിലിട്ടാൽ താണുപോവും. പഴക്കം കൂടുന്നതനുസരിച്ച് മുട്ട വെള്ളത്തിന്റെ മുകളിലേക്ക് കുറേശ്ശേ പൊന്തിപൊന്തി നിൽക്കും. ചീമുട്ട വെള്ളത്തിൽ പൊങ്ങിക്കിടക്കും. മുട്ട നല്ലതോ ചീത്തയോ എന്ന് കണ്ടേത്താനുള്ള എളുപ്പവഴിയാണിത്.[1]

മുട്ടയെപ്പറ്റി കൂടുതൽ

  • മുട്ടയുടെ പ്രത്യേകത അത് ഏക കോശം ആണെന്നുള്ളതാണ്‌.
  • 400 വർഷം മുൻപ് ആനപക്ഷി മഡഗാസ്കറിൽ ഇട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ മുട്ട.
  • ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ വച്ച് ഏറ്റവും വലിയ മുട്ട തിമിംഗില സ്രാവിന്റേതാണ്.
  • ഒട്ടകപക്ഷിയുടെ 1.5 കി.ഗ്രാം ഭാരം വരുന്ന മുട്ടയാണ്‌ ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും വലിയ മുട്ട.
  • ഏറ്റവും വലിയ മുട്ടയിടുന്ന രണ്ടാമത്തെ പക്ഷി കാസവരിയാണ്. എമുവിന്റെ മുട്ടയ്ക്കും ഏകദേശം ഇതേ വലിപ്പമാണ്.
  • ഔഓളജി (Oology) എന്നാണ്‌ മുട്ടയെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്.
  • ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്‌.
  • എം‌പറർ പെൻ‌ഗ്ഗ്വിൻ ആണ്‌ വർഷത്തിൽ ഒരു മുട്ട മാത്രമിടുന്ന പക്ഷി
  • ഏറ്റവും ചെറിയമുട്ട ഹമ്മിംഗ് പക്ഷിയുടേതാണ്‌.
  • പ്ലാറ്റിപ്പസ് ആണ്‌ മുട്ടയിടുന്ന സസ്തനി.
  • മുട്ടയുടെ തോട് നിർമ്മിച്ചിരിക്കുന്നത് കാൽസ്യം കാർബണേറ്റ് എന്ന വസ്തുകൊണ്ടാണ്‌.

രജതവിപ്ലവം

മുട്ടയുല്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിൽ നടപ്പാക്കിയ പദ്ധതിയാണ്‌ രജതവിപ്ലവം

പലതരത്തിലുള്ള പക്ഷിമുട്ടകൾ

ഇതും കാണുക


അവലംബം

  1. മാതൃഭൂമി ആരോഗ്യമാസിക. മാതൃഭൂമി. 2012. Unknown parameter |Reg.No= ignored (help)


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.