മാലിദ്വീപ്

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.

റിപ്പബ്ലിക്ക് ഓഫ് മാൾഡീവ്സ്
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ
ദേശീയഗാനം: Gavmii mi ekuverikan matii tibegen kuriime salaam
"In National Unity We Do Salute Our Nation"

Location of മാലിദ്വീപ്
Capitalമാലി
4°10′N 73°30′E
Official languages ദിവേഹി
Government റിപ്പബ്ലിക്
 -  പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസൻ മാനിക്
 -  വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ദീൻ
സ്വതന്ത്രം
 -  യുണൈറ്റഡ് കിങ്ഡം നിന്ന് ജുലൈ 26, 1965 
 -  ജലം (%) negligible
ജനസംഖ്യ
 -  ജുലൈ 2005 estimate 329,000 [1] (176th1)
 -  2006 census 298,842 [2] 
GDP (PPP) 2005 estimate
 -  Total $2.569 billion (162nd)
 -  Per capita $7,675 (79th)
HDI (2004) 0.739 (medium) (98th)
നാണയം റുഫ്യ (MVR)
സമയമേഖല (UTC+5)
ഇന്റർനെറ്റ് TLD .mv
ടെലിഫോൺ കോഡ് +960
1 Rank based on UN estimate for 2005.

വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപുകൾ. കേരള തീരത്ത് നിന്ന് അടുത്താണ് മാലിദ്വീപ്. അതുകൊണ്ട് തന്നെയാണ് ഇടത്തരക്കാരായ മാലിദ്വീപുകാർ ചികിത്സയ്ക്കും ഷോപ്പിംഗിനും തിരുവനന്തപുരത്ത് എത്തുന്നത്.

പേരിനു പിന്നിൽ

മാല പോലിരിക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ മാലിദ്വീപുകൾ

മാലിദ്വീപ് എന്ന പേര്‌ സംസ്കൃതപദങ്ങൾ ആയ മാല, ദ്വീപ എന്നീ പദങ്ങളിൽ നിന്നായിരിക്കാം. ദ്വീപുസമൂഹം ഒരു മാല പോലെ കാണപ്പെടുന്നു എന്നതാണിതിന്‌ കാരണം. മറ്റൊരു അഭിപ്രായം ഉള്ളത് മഹിള+ദ്വീപ് എന്നതിനാണ്‌. എന്നാൽ ഇതിന്‌ ശക്തമായ തെളിവുകൾ ഇല്ല. ചില അറബി സഞ്ചാരികൾ (ഇബ്നു ബത്തൂത്ത) മഹൽ ദിബിയാത്ത് (കൊട്ടാരങ്ങളുടെ ദ്വീപ്) എന്ന് പരാമർശിച്ചു കാണുന്നുണ്ട്. മാലി ദിവേഹി രാജാവിൽ നിന്നുമാണ്‌ മാലിദ്വീപ് എന്ന പേരുണ്ടായതെന്നും ഭാഷ്യം ഉണ്ട്.

ചരിത്രം

നൂറ്റാണ്ടുകൾക്കുമുൻപു തന്നെ ഇന്ത്യയുമായും ശ്രീലങ്കയുമായും മാലിദ്വീപിനു ബന്ധമുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളിലെ സമുദ്രയാത്രികരുടെ ഇടത്താവളമായിരുന്നു മാലിദ്വീപ്. ഇൻ ഗിരിവാറു എന്നറിയപ്പെടുന്ന ജനവിഭാഗമാണത്രേ മാലിദ്വീപിലെ ആദിമനിവാസികൾ. തമിഴരിൽ നിന്നാണ് അവർ അവരുടെ വംശപാരമ്പര്യം അവകാശപ്പെടുന്നത്.

ഇതിഹാസമനുസരിച്ച് കോയ്മള എന്നു പേരുള്ള ഒരു സിംഹള രാജകുമാരനും ശ്രീലങ്കയിലെ രാജാവിന്റെ മകളായ അദ്ദേഹത്തിന്റെ ഭാര്യയും കയറിയ കപ്പൽ മാലിദ്വീപിലെ പവിഴപുറ്റിൽ കുടുങ്ങി നിന്നുപോയി. അവർ മടങ്ങി പോകാതെ മാലിദ്വീപിൽ തന്നെ താമസിച്ചു. ‘തീമുഗെ’ എന്ന രാജവംശം അവർ സ്ഥാപിച്ചു. അതിനു മുൻപ് ഗിരവാറുകൾക്കായിരുന്നു അവിടെ മുൻതൂക്കം. ഇസ്ലാമിക സംസ്കാരത്തിനാണിന്ന് മാലിദ്വീപിൽ പ്രാധാന്യം. 1980ൽ വിശ്രുത നോർവീജിയൻ പര്യവേക്ഷകനായ തോർ ഹെയർദാലിനെ മാലദ്വിപ് സർക്കാർ ചരിത്രഗവേഷണത്തിന് അനുവദിച്ചു. അദ്ദേഹം നടത്തിയ ഉത്ഖനനങ്ങളിൽ ഇസ്ലാമിന്റെ വരവിനും മുൻപുള്ള ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെടുത്തു. മാലിയിലെ നാഷണൽ മ്യൂസിയത്തിൽ അവ പ്രദർശിപ്പിച്ചിട്ടുണ്ട്. പല പുരാതന സമൂഹങ്ങളും മാലിദ്വീപിൽ ഉണ്ടായിരുന്നു. അവരുടെ ആരാധനാലയങ്ങളാണ് പിൽക്കാലത്ത് ഇസ്ലാമിക ദേവാലയങ്ങളായി മാറിയത്. ഒട്ടേറെ വിദേശസംസ്കാരങ്ങളും മാലിദ്വീപിലെത്തി. മലബാറിൽ നിന്നുള്ള മാപ്പിളമാരും ആ കൂട്ടത്തിലുണ്ടായിരുന്നു.

ബുദ്ധമതത്തിനു മേധാവിത്തമുണ്ടായിരുന്ന മാലിദ്വീപിൽ അറബിവ്യാപാരികളിലൂടെയാണ് ഇസ്ലാം മതം എത്തിച്ചേർന്നത്. 1153-ൽ അവസാനത്തെ ബുദ്ധമതസ്ഥനായ രാജാവ് ഇസ്ലാം മതം സ്വീകരിച്ചു. ഇതിനുശേഷം 1932 വരെ 8 രാജവംശങ്ങളും 84 സുൽത്താന്മാരും മാലിദ്വീപ് ഭരിച്ചു.1558-ൽ പോർച്ചുഗീസുകാർ മാലിദ്വീപിൽ ആധിപത്യമുറപ്പിച്ചു. 1563-ൽ മുഹമ്മദ് തക്രുഫാനു അൽ-അസം എന്ന വിപ്ലവകാരി ജനകീയമുന്നേറ്റത്തിലൂടെ പോർച്ചുഗീസുകാരെ രാജ്യത്തുനിന്ന് തുരത്തി. (ഇതിന്റെ സ്മരണയ്ക്കായി മാലിദ്വീപുകാർ ദേശീയദിനം ആചരിക്കുന്നു) പതിനേഴാം നൂറ്റാണ്ടിന്റെ മധ്യേ ഡച്ചുകാർ മാലിദ്വീപിൽ മേൽക്കോയ്മ നേടി. ശ്രീലങ്കയിലെ ഡച്ച് മേധാവിത്വം ബ്രിട്ടീഷുകാർ 1796-ൽ അവസാനിപ്പിച്ചതോടുകൂടി മാലിദ്വീപിൽ നിന്നും ഡച്ചുകാർ പുറത്തായി. ഇതോടെ മാലിദ്വീപ് ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായി. സുൽത്താൻ ഭരണം തുടർന്നുവെങ്കിലും ബ്രിട്ടനായിരുന്നു യധാർത്ഥ നിയന്ത്രണം. 1932 വരെ പരമ്പരാഗത സുൽത്താൻ വാഴ്ച്ച തുടർന്നു. അതിനുശേഷം സുൽത്താൻ സ്ഥാനം തിരഞ്ഞെടുക്കപ്പെട്ടവർക്കാ‍യി. പുതിയ ഭരണഘടനയും നിലവിൽ വന്നു.

മാലിദ്വീപിന്റെ തലസ്ഥാനം, മാലി.

1965 ജൂലൈ 25-ന് മാലിദ്വീപ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങളിലെ സൈനിക താവളങ്ങൾ നൂറ് വർഷത്തേക്ക് ഉപയോഗിക്കാൻ പാട്ടക്കരാർ ഒപ്പിട്ടുകൊണ്ടാണ് ബ്രിട്ടൻ സ്വാതന്ത്ര്യം അനുവദിച്ചത്. 1968-ൽ ദേശീയ ഹിതപരിശോധനയിലൂടെ മാലിദ്വീപിൽ സുൽത്താൻ ഭരണം അവസാനിച്ചു. ആദ്യ പ്രസിഡന്റായി ഇബ്രാഹിം നസീർ സ്ഥാനമേറ്റു. 1973-ൽ അദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും രാജ്യത്തിന്റെ സാമ്പത്തികനില വഷളായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങൾ ബ്രിട്ടൻ ഉപേക്ഷിച്ചതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. 1978-ൽ ഖജനാവിലെ ലക്ഷക്കണക്കിനു ഡോളറുമായി പ്രസിഡന്റ് നസീർ സിംഗപ്പൂരിലേക്ക് പലായനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് പദം മൗമൂൺ അബ്ദുൾ ഖയൂം ഏറ്റെടുത്തു. 1978 മുതൽ തുടർച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നു. അദ്ദേഹത്തെ അട്ടിമറിക്കാൻ പലതവണ ശ്രമങ്ങളുണ്ടായി. 1988 നവംബർ മാസം സായുധരായ 80 തമിഴ് അക്രമികൾ (പ്ലോട്ട് എന്ന ശ്രീലങ്കൻ ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു അവർ) ഒരു കപ്പലിലെത്തി നടത്തിയ അട്ടിമറി ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഖയൂമിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികൾക്ക് മാലിദ്വീപിൽ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചു. ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന അബ്ദുള്ള ലുത്ഫി എന്ന മാലിദ്വീപുകാരൻ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നിൽ.

2008 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മൗമൂൺ അബ്ദുൽ ഖയൂമിനെ അട്ടിമറിച്ച് മുഹമ്മദ് നഷീദ് മാലിദ്വീപിന്റെ പ്രസിഡന്റ് ആയി. മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.

മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഖയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു. പ്രസിഡന്റ് ഖയൂമിന്റെ ഭരണത്തെയും നയങ്ങളെയും നഖശിഖാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.

മനുഷ്യാവകാശ പ്രവർത്തകനും പരിസ്ഥിതി വാദിയും രാഷ്ട്രീയത്തടവുകാരനുമായിരുന്ന മുഹമ്മദ് നഷീദ് 30 വർഷത്തെ മുഹമ്മദ് ഖയൂമിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 2008 ലാണ് അധികാരമേറ്റത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെ ഭാഗമായി കടലിനടിയിൽ മന്ത്രിസഭായോഗം ചേരുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ലോകരാജ്യങ്ങളിൽ യാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മാലദ്വീപിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് നഷീദ് 2012 ഫിബ്രവരി 7-ന് രക്തരഹിത അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. ആഴ്ച്ചകൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിൽ രാജ്യത്തെ പോലീസുകാരും കലാപത്തിനിറങ്ങിയതോടെയാണ് അദ്ദേഹം ഒഴിയാൻ നിർബന്ധിതനായത്.[3] നഷീദ് പ്രസിഡണ്ട്‌ ആയിരിക്കുമ്പോൾ വൈസ്‌ പ്രസിഡണ്ട്‌ ആയിരുന്ന വഹീദ് ഹസ്സൻ ആയിരുന്നു 2013 വരെ മാലി ദ്വീപിന്റെ പ്രസിഡണ്ട്‌ . 2013 ലെ ഇലക്ഷനിൽ മുൻ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് നഷീദ്‌ നെ പിന്തള്ളികൊണ്ട് ഘയൂം ന്റെ അർധ സഹോദരനായ അബ്ദുല്ല യമീൻ ജയിക്കുകയും ചെയ്തു. 2018 ഫെബ്രുവരി യിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

രാഷ്ട്രീയം

പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. അമ്പതംഗ പാർലമെന്റായ പീപ്പിൾസ് മജ്‌ലിസ് രഹസ്യബാലറ്റിലൂടെ 5 വർഷത്തേക്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നു. ദേശീയ ഹിതപരിശോധന ഇത് അംഗീകരിക്കണം. പാ‍ർലമെന്റിന്റെ കാലാവധി 5 വർഷമാണ്. ഓരോ ദ്വീപിൽ നിന്നും രണ്ട് പുരുഷ അംഗങ്ങളെ വീതം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു. എട്ട് പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു. മാലിദ്വീപിയൻ പീപ്പിൾസ് പാർട്ടിക്കാണ് രാജ്യത്ത് നിയന്ത്രണമുള്ളത്. 2005ലെ തിരഞ്ഞെടുപ്പിനുശേഷം മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് രാജ്യത്ത് നിയമപരമായ അംഗീകാരം ലഭിച്ചു. ഇസ്ലാമിക നിയമമാണ് രാജ്യത്തെ നീതിന്യായവ്യവസ്ഥയ്ക്ക് അടിസ്ഥാനം.

ഭൂപ്രകൃതി

മാലിദ്വീപിലെ തലസ്ഥാനമായ മാലിയിലെ ഒരു തെരുവ്.

26 പവിഴദ്വീപസമൂഹങ്ങൾ (അറ്റോൾ) ചേർന്നതാണ് മാലിദ്വീപുകൾ. ഓരോ പവിഴദ്വീപസമൂഹത്തിലും ഒട്ടേറെ ചെറുദ്വീപുകൾ ഉണ്ടാകും. അങ്ങനെ ആകെ 1200 ഓളം പവിഴപുറ്റ് ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വലയാകൃതിയാണ് ഇവയ്ക്കുള്ളത്. അറ്റോളിന്റെ നടുവിൽ തെളിനീലിമയുള്ള ജലാശയം ഉണ്ടാകും. ഒരു മുത്തുമാല പോലെയാണ് മാലിദ്വീപിലെ ഓരോ അറ്റോളും. ആ മാലയിലെ മുത്തുകളാണ് ചെറുദ്വീപുകൾ. ഒന്നോ രണ്ടോ ചതുരശ്ര കിലോമീറ്ററാണ് ഓരോ ചെറുദ്വീപിന്റെയും വിസ്തീർണ്ണം. ഓരോ അറ്റോളിലും ജനവാസമില്ലാത്ത ഒട്ടേറെ ദ്വീപുകളുണ്ട്. അറ്റോളിലെ ദ്വീപുകൾ തമ്മിൽ റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. 12 കിലോമീറ്ററാണ് ആകെ റോഡിന്റെ നീളം. കുന്നുകളോ നദികളോ മാ‍ലിദ്വീപുകളിലില്ല. കുറ്റിക്കാടുകളും പൂക്കളും ഉണ്ടെങ്കിലും മരങ്ങൾ അധികമില്ല. തെങ്ങും ശീമപ്ലാ‍വും ആലും ആണ് പ്രധാന മരങ്ങൾ. മണൽ നിറഞ്ഞതും ഉപ്പിന്റെ അംശം കൂടിയതുമായ ഭൂമിയിൽ കൃഷി ചെയ്യുന്നത് ദുഷ്കരമാണ്. ആകെയുള്ള കൃഷി വാഴ, തെങ്ങ്, ചേമ്പ്, മത്തങ്ങ, മുളക്, മാങ്ങ എന്നിവയാണ്. ഭൂജലവും മഴവെള്ളവുമാണ് പരമ്പരാഗതമായി കുടി വെള്ളത്തിനുപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ ഡീസലൈനേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കടൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുണ്ട്..

കാലാവസ്ഥ

കേരളവുമായി വളരെ സാമ്യമുള്ളതാണ് മാലിദ്വീപിലെ കാലാവസ്ഥ. വർഷം മുഴുവൻ 24 ഡിഗ്രി മുതൽ 33 ഡിഗ്രി സെൽ‌ഷ്യസിനിടയിലാണ് താപനില. വേനൽക്കാലം,മഴക്കാലം എന്നീ രണ്ട് ഋതുക്കൾ മാത്രമേ മാലിദ്വീപിലുള്ളു.

സമ്പദ്ഘടന

വിനോദസഞ്ചാരവും മീൻപിടിത്തവുമാണ് മാലിദ്വീപിലെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ജനങ്ങളുടെ മുഖ്യതൊഴിലായിരുന്ന മീൻപിടുത്തമാണ് നൂറ്റാണ്ടുകളായി രാജ്യത്തെ മുന്നോട്ട് നയിച്ചിരുന്നത്. ടൂറിസം വികസിച്ച ശേഷം ജനങ്ങൾ മീൻപിടുത്തത്തിൽ നിന്ന് പിൻ‌വാങ്ങുന്ന കാഴച്ചയാണ് കാണുന്നത്. ടൂറിസം വിദേശനാണ്യം നേടിത്തരുന്നതോടൊപ്പം അനവധി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. അലസജീവിതം നയിക്കുന്നൊരു ജനതയെ ടൂറിസം സൃഷ്ടിച്ചു എന്ന് മാലിദ്വീപിലെ പഴമുറക്കാർ പരാതി പറയുന്നു.

ദിവേഹി ഭാഷ

മാലിദ്വീപിലെ ഔദ്യോഗിക ഭാഷയാണ് ദിവേഹി. സിംഹളഭാഷയോടാണിതിന് കൂടുതൽ അടുപ്പം. വലതുനിന്ന് ഇടത്തോട്ട് എഴുതുന്ന “തനാ” എന്ന ലിപിയാണ് ദിവേഹിയുടേത്. പലയിടത്തായി കിടക്കുന്ന ദ്വീപുകളിലും പല ഗ്രാമ്യഭാഷാ ഭേദങ്ങളും കാണാവുന്നതാണ്. ദിവേഹിക്ക് 3 വ്യത്യസ്ത തലത്തിലുള്ള ഭാഷാഭേദങ്ങളുണ്ട്. “റീതി ഭാസ്“ എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്ന തലം (ഏറ്റവും സംശുദ്ധമായ ഭാഷ) സമൂഹത്തിലെ ഉന്നതരാലും റേഡിയോയിലും ടെലിവിഷനിലും ഒക്കെ ഉപയോഗിക്കപ്പെടുന്നു. രണ്ടാമത്തെ തലം സമൂഹത്തിലെ ഉന്നതരെയും മുതിർന്നവരെയും ബഹുമാനിക്കാനായി ഉപയോഗിക്കുന്നു. മൂന്നാമത്തെ തലം സാധാരണ ജനങ്ങൾ ഉപയോഗിക്കുന്നു.

ദിവേഹി എഴുതാനുപയോഗിക്കുന്ന ലിപിയാ‍യ “തനാ” പതിനാറാം നൂറ്റാണ്ടിലാണ് വികസിപ്പിച്ചത്. പോർച്ചുഗീസുകാരെ തൂത്തെറിഞ്ഞശേഷം ജനതയാകെ ഇസ്ലാമിലേക്ക് മാറാൻ തീരുമാനിച്ച സമയത്താണ് അത് വികസിപ്പിക്കപ്പെട്ടത്. അതിനു മുൻപുണ്ടായിരുന്ന ലിപിയിൽ നിന്ന് വ്യത്യസ്തമായി വലത് നിന്ന് ഇടത്തോട്ട് അറബി ലിപി പോലെ അറബിയിലെ ശൈലികൾ ഉൾപ്പെടുത്താനാകുന്നവിധമാണ് “തനാ“ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലിപിയിൽ 24 അക്ഷരങ്ങളുണ്ട്. അതിൽ 9 എണ്ണം അറബിക്ക് സംഖ്യകൾ ആണ്. തനായിലെ സ്വരാക്ഷരങ്ങളുടെ മുകളിൽ ഒരു വരയുണ്ടാകും.

ജനങ്ങൾ

ചൂരമീനുമായി ഒരു മാലിദ്വീപുകാരൻ

വിവിധ സംസ്കാരങ്ങളുടെയും വംശീയതകളുടെയും കലർപ്പാണ് മാലിദ്വീപ് ജനത. തെക്കേ ഇന്ത്യക്കാരായിരുന്നു ഇവിടെ ആദ്യം പാർപ്പുറപ്പിച്ച ജനത. പിന്നീട് ശ്രീലങ്കക്കാരും മലയൻ ദ്വീപസമൂഹങ്ങളിൽ നിന്നുള്ളവരും എത്തി. പിന്നീട് കിഴക്കനാഫ്രിക്കക്കാരും അറബികളും എത്തി. ഇസ്ലാമാണ് മാലിദ്വീപിലെ ഔദ്യോഗികമതം. പൗരത്വം ലഭിക്കണമെങ്കിൽ മുസ്ലിം ആയിരിക്കണം. അത്ര കർക്കശമോ ദൃഡമോ അല്ലാത്ത ജാതി സമ്പ്രദായമാണ് മാലിദ്വീപിൽ നിലനിൽക്കുന്നത്. സമൂഹത്തിലെ ഉന്നതർ തലസ്ഥാനമായ മാലെയിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. തദ്ദേശീയർ താ‍മസിക്കാത്ത ദ്വീപുകളിലാണ് വിദേശവിനോദസഞ്ചാരികൾക്കായി റിസോർട്ടുകൾ ഉള്ളത്. സ്ത്രീകൾക്ക് ഉയർന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഉള്ള അപൂർവ്വം ഇസ്ലാമിക സമൂഹങ്ങളിലൊന്നാണ് മാലിദ്വീപിലുളളത്. വളരെ ഉയർന്ന വിവാഹമോചന നിരക്കും മാലിദ്വീപ് സമൂഹത്തിൽ കാണാം. മാതൃകേന്ദ്രിത പാരമ്പര്യമാണ് അവിടുത്തെ ജനസമൂഹത്തിനുള്ളത്.

ആഹാരം

മാലിദ്വീപിലെ ഭക്ഷണപദാർത്ഥങ്ങൾ‍

മാലിദ്വീപിലെ വിഭവങ്ങൾ വളരെ രുചികരമാണ്. ചൂര മീൻ അവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. കേരളത്തിലെ പല വിഭവങ്ങളുമായി വളരെ സാമ്യമുള്ളതാണ് മാലിദ്വീപിലെ വിഭവങ്ങൾ പലതും. പ്രാതലിനു കഴിക്കുന്നത് “റോഷി“ എന്ന റൊട്ടിയാണ് (അതിനെ മാലിദ്വീപിലെ പുതിയ തലമുറ “ഡിസ്ക്” എന്ന് വിളിക്കുന്നു). അതിന്റെ കൂടെ തേങ്ങാപീരയും, ചൂരയും, നാരങ്ങാനീരും, തക്കാളിയും, മുളകും ചേർത്തുണ്ടാക്കുന്ന “മാസ് ഹുണി” എന്ന ഒരു പീരയും ചേർത്താണ് കഴിക്കുന്നത്. കട്ടൻ കാപ്പി കുടിയും വെറ്റമുറുക്കും മാലിദ്വീപ് നിവാസികളുടെ ദൌർബല്യമാണ്. പുഴുക്കലരിയുടെ ചോറും “ഗരുദിയ“ എന്നറിയപ്പെടുന്ന മീൻ‌കറിയും (മിക്കവാറും ചൂര മീൻ കറി) ഇലത്തോരനുകളും (ഉദാ: വാഴപിണ്ടി തോരൻ, അകത്തിപൂവിന്റെ തോരൻ) ഒക്കെയാണ് അവരുടെ ആഹാരം. മീൻ‌കറികൾ പലവിധമുണ്ട്. തേങ്ങാപാലിൽ സ്റ്റൂ പോലെ ഉണ്ടാക്കുന്നതും, മസാല ചേർത്ത് നാടൻ മീൻ‌കറി പോലെ ഉണ്ടാക്കുന്നതും, രസം പോലെ ഉണ്ടാക്കുന്നതും ഒക്കെ ലഭ്യമാണ്. മാലിദ്വീപിലെ പലഹാരങ്ങളും ചൂരമീൻ ചേർത്തുണ്ടാക്കുന്നവയാണ്. അരിയുണ്ട പോലെയിരിക്കുന്ന “ഗുല”, ചൂര സമൂസ, ചൂര റോൾ എന്നിവ അവിടെ വളരെ ജനപ്രിയം ആണ്. സസ്യാഹാരം മാത്രം കഴിക്കുന്നവർ മാലിദ്വീപിൽ ചെന്നാൽ വളരെ കഷ്ടപ്പെടേണ്ടിവരും. കാരണം മീൻ (മിക്കവാറും ചൂര) ഇല്ലാത്തൊരു ആഹാരപദാർത്ഥത്തെക്കുറിച്ച് ആലോചിക്കുന്നതുപോലും മാലിദ്വീപ് നിവാസികൾക്ക് പ്രയാസമായിരിക്കും.[]

അവലംബം

  1. UN estimate for mid 2005
  2. http://www.planning.gov.mv/publications/PRELIMINARY_RESULTS_FINAL_25032006.zip
  3. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.

ആധാരം

1. 'The Marvellous Maldive Islands', National Geographic - June 1957. National Geographic Society, Washington DC.

2. Hockly,TW. "The Two Thousand Isles" H F and G Witherby, London 1935.

3. Department of Information. "The Maldive Islands today. Male' "

കുറിപ്പുകൾ

മറ്റ് ലിങ്കുകൾ

‍‍

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.