പുരുഷഭേദനിരാസം

കൊടുന്തമിഴ് പരിണമിച്ചാണു മലയാളഭാഷയുണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി എ.ആർ. രാജരാജവർമ്മ അവതരിപ്പിച്ച ആറു നയങ്ങളിൽ ഒന്നാണ്‌ പുരുഷഭേദനിരാസം. ‌തമിഴിൽ കാലവാചകങ്ങളായ ആഖ്യാതങ്ങളോടു കൂടി, കർത്താവിനോടുള്ള പൊരുത്തത്തിനു വേണ്ടി ലിംഗം, പുരുഷൻ, വചനം എന്നിവയെക്കുറിക്കുന്ന പ്രത്യയം ചേർക്കാറുണ്ട്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു. ഇതിനെയാണു പുരുഷഭേദനിരാസം എന്നു പറയുന്നത്. തമിഴിൽ അവൻ വന്താൻ, അവൾ വന്താൾ, അവർ വന്താർ, നീ വന്തായ്, നാൻ വന്തേൻ എന്നു പ്രയോഗിക്കുമ്പോൾ മലയാളത്തിൽ അവൻ, അവൾ, അവർ, നീ, ഞാൻ എന്നിങ്ങനെ എല്ലാ നാമങ്ങളോടും വന്നു എന്ന ഒരൊറ്റക്രിയാരൂപമാണു ചേർക്കുന്നത്`.മലയാളത്തിൽ കർത്താവ് മാറുമ്പോഴും, ക്രിയക്കു മാറ്റമൊന്നും സംഭവിക്കുന്നില്ല. ആവർത്തനമായതിനാൽ ക്രിയാവസാനത്തിലെ പ്രത്യയപ്രയോഗം മലയാളഭാഷ തള്ളിക്കളഞ്ഞു എന്നാണ്‌ ഏ ആറിന്റെ വാദം. സംഖ്യാവിശേഷണം ചേർക്കുന്നപക്ഷം നപുംസകനാമങ്ങൾക്ക് ബഹുവചനം വേണ്ട എന്ന് തീർച്ചപ്പെടുത്തിയിട്ടുള്ള ദ്രാവിഡഭാഷയ്ക്ക് ഈ ആവർത്തനം ഒട്ടും യോജിക്കുന്നതല്ലെന്ന യുക്തി കരുതിയാണ്‌ മലയാളികൾ പുരുഷഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചതെന്ന് ഏ ആർ പറയുന്നു [1][2].

ഇതും കാണുക

തിരുപ്പാവൈ എന്ന കൃതിയിലെ പ്രയോഗങ്ങൾ

അവലംബം

  1. എ.ആർ.രാജരാജവർമ്മ .കേരളപാണിനീയം (1968) പുറം 51-2 എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895
  2. കേരളപാണിനീയം-പീഠിക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.