ദുറാനി
അഫ്ഗാനിസ്താനിലേയും പാകിസ്താനിലും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളിലെ ഒരു പ്രബലമായ വിഭാഗമാണ് അബ്ദാലി (ابدالی) അഥവാ ദുറാനികൾ (دراني). ആദ്യകാലത്ത് അബ്ദാലികൾ എന്നറിയപ്പെട്ടിരുന്ന ഇവർ 1747-ലെ ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപനത്തോടെയാണ് ദുറാനി എന്നറിയപ്പെടാൻ തുടങ്ങിയത്. അഫ്ഗാനിസ്താന്റെ ജനസംഖ്യയിലെ 16% പേർ (ഏകദേശം 50 ലക്ഷം പേർ) ദുറാനികളാണ്. പാകിസ്താന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇവർ ധാരാളമായി കണ്ടുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ദുറാനി സാമ്രാജ്യം സ്ഥാപിതമായതിനു ശേഷം രാജ്യത്ത് അധികാരത്തിലെത്തിയ രാജാക്കന്മാരെല്ലാം ദുറാനി/അബ്ദാലി വംശത്തിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.
ദുർ എന്ന വാക്കിനർത്ഥം മുത്ത് എന്നാണ്. 1748-ൽ പഷ്തൂണുകളുടെ ഭരണാധികാരിയായി സ്ഥാനമേറ്റ അഹ്മദ് ഷാ അബ്ദാലി, ദുർ-ഇ ദൗറാൻ (കാലഘട്ടത്തിന്റെ മുത്ത്) എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നു. തുടർന്ന് ദുർ-ഇ ദുറാൻ (മുത്തുകളുടെ മുത്ത്) എന്ന സ്ഥാനപ്പേരും സ്വീകരിച്ചു. ഇതിൽ നിന്നാണ് ദുറാനി എന്ന വംശപ്പേര് അബ്ദാലികൾ സ്വീകരിച്ചത്.[1]
വിഭാഗങ്ങൾ
അബ്ദാലികളിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് പോപൽസായും ബാരക്സായും. ഈ വിഭാഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബങ്ങളാണ് യഥാക്രമം സാദോസായ് വിഭാഗവും മുഹമ്മദ്സായ് വിഭാഗവും. ഈ രണ്ടുകൂട്ടരും, പേർഷ്യയിലെ സഫവി ചക്രവർത്തി, ഷാ അബ്ബാസിന്റെ സഭാംഗങ്ങളായിരുന്ന സാദോ, മുഹമ്മദ് എന്നിവരുടെ കുടുംബാംഗങ്ങളാണ്.[2]
പോപൽസായ് വിഭാഗത്തിലെ സാദോസായ് കുടുംബാംഗങ്ങളാണ് ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലിയും പിൻഗാമികളും.
ദുറാനി സാമ്രാജ്യത്തിനു ശേഷം രാജ്യത്ത് അധികാരം ഏറ്റെടുത്ത അഫ്ഗാനിസ്താൻ അമീറത്തിലെ രാജാക്കന്മാരെല്ലാം (ദോസ്ത് മുഹമ്മദ് ഖാൻ മുതൽ) ബാരക്സായ് വിഭാഗത്തിലെ മുഹമ്മദ്സായ് കുടുംബാംഗങ്ങളാണ്.
അവലംബം
- Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 229. ISBN 978-1-4051-8243-0.
- William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter II - The empire of Ahmad Shah Durrani, First King of Afghanistan and his Sadozai Successors (1747-1818)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 61.