ടോങ്ക
തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ടോങ്ക(Tonga ) നുക്കുവാലോഫ തലസ്ഥാനമായിട്ടുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം കിങ്ഡം ഒഫ് ടോങ്ക എന്നാണ്. ഈ രാജ്യത്തിലെ 176 ദ്വീപുകൾ ശാന്തസമുദ്രത്തിൽ 700,000 square kilometres (270,000 sq mi) -ൽ വ്യാപിച്ചുകിടക്കുന്നു. ഇതിൽ 52 ദ്വീപുകളിലേ മനുഷ്യവാസമുള്ളൂ.[4] 2009 -ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 104,000 ആണ്[1]
Kingdom of Tonga Puleʻanga Fakatuʻi ʻo Tonga (Tongan ഭാഷയിൽ) |
||||||
---|---|---|---|---|---|---|
ആപ്തവാക്യം: Ko e ʻOtua mo Tonga ko hoku tofiʻa God and Tonga are my Inheritance |
||||||
ദേശീയഗാനം: Ko e fasi ʻo e tuʻi ʻo e ʻOtu Tonga |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Nukuʻalofa 21°08′S 175°12′W | |||||
ഔദ്യോഗികഭാഷകൾ | Tongan, English | |||||
ജനങ്ങളുടെ വിളിപ്പേര് | Tongan | |||||
സർക്കാർ | Constitutional monarchy | |||||
- | King | George Tupou V | ||||
- | Prime Minister | Lord Tuʻivakanō | ||||
Independence | ||||||
- | from British protectorate | June 4, 1970 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 748 ച.കി.മീ. (186th) 289 ച.മൈൽ |
||||
- | വെള്ളം (%) | 4.0 | ||||
ജനസംഖ്യ | ||||||
- | 2009-ലെ കണക്ക് | 104,000[1] (195th) | ||||
- | ജനസാന്ദ്രത | 139/ച.കി.മീ. (76th1) 360/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2008-ലെ കണക്ക് | |||||
- | മൊത്തം | $728 million[2] (206th) | ||||
- | ആളോഹരി | $7,060[2] (133rd) | ||||
ജി.ഡി.പി. (നോമിനൽ) | 2009-ലെ കണക്ക് | |||||
- | മൊത്തം | $313 million[2] | ||||
- | ആളോഹരി | $3,032[2] | ||||
എച്ച്.ഡി.ഐ. (2010) | ||||||
നാണയം | Paʻanga (TOP ) |
|||||
സമയമേഖല | (UTC+13) | |||||
- | Summer (DST) | (UTC+14) | ||||
DST 1999–2002 only | ||||||
പാതകളിൽ വാഹനങ്ങളുടെ വശം |
left | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .to | |||||
ടെലിഫോൺ കോഡ് | 676 | |||||
1. | Based on 2005 figures. |
ഭൂപ്രകൃതിയും കാലാവസ്ഥയും
ഹാപയ്, ടോങ്ഗടാപു, വാവവ് എന്നീ മൂന്നു പ്രധാന ദ്വീപസമൂഹങ്ങൾ ഉൾപ്പെടുന്നതാണ് ടോങ്ഗ. ഇവയിലെ ഭൂരിഭാഗം ദ്വീപുകളും പവിഴ ദ്വീപുകളാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഇവിടെയാണ് നിവസിക്കുന്നത്. പവിഴദ്വീപുകൾക്ക് പ. അഗ്നിപർവതജന്യദ്വീപുകളുടെ ഒരു ശൃംഖല സ്ഥിതിചെയ്യുന്നുണ്ട്. ഇവയിൽ ചിലത് സജീവമാണ്. വളക്കൂറുള്ള ചെളിമണ്ണ് ടോങ്ഗയുടെ പ്രത്യേകതയാണ്. തീരദേശത്ത് മണൽ കലർന്ന മണ്ണിന്റെ തിട്ടുകൾ കാണാം. കരഭാഗത്തിന്റെ 14 ശ.മാ. വനമാണ്. ടോങ്ഗടാപു ദ്വീപിലാണ് തലസ്ഥാനനഗരമായ നുക്കുവാലോഫ സ്ഥിതിചെയ്യുന്നത്. ദ്വീപസമൂഹത്തിന് തൊട്ടു കി. സ്ഥിതിചെയ്യുന്ന 'ടോങ്ഗ ട്രെഞ്ചി'ന് 35,598 അടിയോളം ആഴമുണ്ട്. പസിഫിക് സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിൽ ഒന്നാണിത്.
ഈർപ്പമുള്ള ഉഷ്ണമേഖലാപ്രദേശത്തെ സ്ഥാനം ടോങ്ഗയ്ക്ക് ഊഷ്മളമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. സ്ഥാനത്തിനനുസൃതമായ കാലാവസ്ഥാവ്യതിയാനം ഈ ദ്വീപരാഷ്ട്രത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ സാമാന്യം വരണ്ട തണുത്ത കാലാവസ്ഥയും വടക്കൻ ഭാഗങ്ങളിൽ മിക്കപ്പോഴും ചൂടും, ഈർപ്പവും കൂടിയ കാലാവസ്ഥയും അനുഭവപ്പെടുന്നു. ജനു.-മാ. കാലയളവിലാണ് ഇവിടെ പൊതുവേ ചൂടും ഈർപ്പവും കൂടുതൽ അനുഭവപ്പെടുന്നത്. വാർഷിക വർഷപാതത്തിന്റെ തോത് വളരെ കൂടുതലുള്ള ഈ പ്രദേശത്ത് ഡി.-മാ. കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ശ.ശ. 1,643 മി.മീ. മിക്കപ്പോഴും ഈ ദ്വീപസമൂഹം വിനാശകാരികളായ 'ഹരിക്കേനുകൾ'ക്ക് വിധേയമാകാറുണ്ട്.
സമ്പദ് വ്യവസ്ഥ
പ്രധാനമായും ഒരു കാർഷികരാജ്യമാണ് ടോങ്ഗ. കൃഷിയാണ് സമ്പദ്വ്യവസ്ഥയുടെ അടിത്തറ. മത്സ്യബന്ധനവും, കയറ്റുമതി വിഭവങ്ങളായ തേങ്ങ, വാഴപ്പഴം എന്നിവയുടെ ഉത്പാദനവും പ്രധാനംതന്നെ. തൊഴിലാളികളിൽ ഭൂരിഭാഗവും കർഷകരാണ്. ഭൂമി പൂർണമായും ദേശസാത്ക്കരിക്കപ്പെട്ടിരിക്കുന്ന ടോങ്ഗയിൽ പതിനാറു വയസ്സു തികഞ്ഞ ഏതൊരു പൌരനും കൃഷിഭൂമി പാട്ടത്തിനു ലഭിക്കുന്നു. ചെറുകിട ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുവാൻ നിരവധി സർക്കാർ പദ്ധതികൾ നിലവിലുണ്ട്. വിനോദസഞ്ചാരമാണ് രാജ്യത്തിന്റെ മറ്റൊരു പ്രധാന ധനാഗമമാർഗം. ആഭ്യന്തര ഭക്ഷ്യോത്പാദനത്തിൽ ടോങ്ഗ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്. കൊപ്ര, പഴം, ചേമ്പ്, എന്നിവയ്ക്കു പുറമേ നാളികേര ഉല്പന്നങ്ങൾ, തണ്ണിമത്തൻ, തുണിത്തരങ്ങൾ, കസാവ, മധുര ഉരുളക്കിഴങ്ങ്, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവയും ഇവിടെനിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. ജപ്പാൻ, യു.എസ്., ആസ്റ്റ്രേലിയ, ന്യൂസിലൻഡ്, യു.കെ. എന്നിവയാണ് ടോങ്ഗയുടെ വിദേശവാണിജ്യ പങ്കാളികൾ. നുക്കുവാലോഫ, നീയാഫു എന്നിവ രാജ്യത്തെ പ്രധാന നഗരങ്ങളും തുറമുഖങ്ങളുമാണ്. പാങ്ഗയാണ് ഔദ്യോഗിക നാണയം.
ജനങ്ങളും ജീവിതരീതിയും
ജനങ്ങളിൽ ഭൂരിഭാഗവും പോളിനേഷ്യൻ വിഭാഗത്തിൽ ഉൾപ്പെടുന്നവരും ക്രിസ്തുമത വിശ്വാസികളുമാണ്. ഭൂരിഭാഗം ജനങ്ങളും ഗ്രാമീണരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. മത്സ്യബന്ധനവും പ്രധാന ഉപജീവനമാർഗ്ഗം തന്നെ. മിക്ക ദ്വീപുകളിലും വൈദ്യുതിയും ശുദ്ധജലവിതരണവും ലഭ്യമായിട്ടില്ല. ഭരണഘടനാപ്രകാരം ഞായറാഴ്ച പൊതു അവധിയാണ്. 2500 വർഷം പോളിനേഷ്യക്കാർ ടോങ്ഗയെ അധിവസിച്ചിരുന്നതായി ചരിത്രകാരന്മാർ വിശ്വസിക്കുന്നു. 1822-45 കാലഘട്ടത്തിൽ ജനങ്ങളിലധികവും ക്രിസ്തുമതം സ്വീകരിച്ചു. വർധിച്ച ജനസാന്ദ്രതയും ഉയർന്ന ജനസംഖ്യാപ്പെരുപ്പവുമാണ് വർത്തമാന ടോങ്ഗയുടെ പ്രധാന സാമൂഹ്യ പ്രശ്നങ്ങൾ.
ടോങ്ഗ നിയമം 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നിഷ്ക്കർഷിക്കുന്നു. ഏകദേശം 125 പ്രൈമറി സ്കൂളുകളും 45 സെക്കൻഡറി സ്കൂളുകളും ടോങ്ഗയിലുണ്ട്. 15 വയസ്സിനു മേൽ പ്രായമുള്ള 90 ശ. മാ. ജനങ്ങളും സാക്ഷരരാണ്. ടോങ്ഗയിൽ സർവകലാശാലകൾ ഒന്നുംതന്നെയില്ല. സർവകലാശാലാവിദ്യാഭ്യാസത്തിനു തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെ ന്യൂസിലൻഡ്, ആസ്റ്റ്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നു. നുക്കുവാലോഫയിൽ ഒരു അധ്യാപക പരിശീലനകോളജ് പ്രവർത്തിക്കുന്നുണ്ട്. ടോങ്ഗൻ, ഇംഗ്ളീഷ് എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.
ടോങ്ഗടാപുവിൽ ഒരു അന്തർദേശീയ വിമാനത്താവളം [ഫൂവ അമോട്ടു (Fuae Amotu)] പ്രവർത്തിക്കുന്നു.
ചരിത്രം
ഏതാണ്ട് 2500-ൽപ്പരം വർഷങ്ങൾക്കു മുമ്പു മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പുരാവസ്തു ഗവേഷകർ എത്തിച്ചേർന്നിട്ടുള്ളത്. യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പ് ഇവിടെ വസിച്ചിരുന്നവർ പോളിനേഷ്യൻ വർഗക്കാരായിരുന്നു. ടോങ്ഗയിൽ ആദ്യമായി എത്തിയ യൂറോപ്യന്മാർ ഡച്ചുകാരാണെന്ന് കരുതപ്പെടുന്നു. 17-ാം ശ.-ത്തിന്റെ പ്രാരംഭത്തോടെതന്നെ ഈ സമ്പർക്കമാരംഭിച്ചു കഴിഞ്ഞിരുന്നു. ജേക്കബ് ലി മെയ് ർ എന്ന ഡച്ചു പര്യവേക്ഷകൻ 1616-ൽ ടോങ്ഗ ദ്വീപുകളെപ്പറ്റി മനസ്സിലാക്കിയിരുന്നതായി രേഖകളുണ്ട്. ഡച്ചുകാരനായ ആബെൽ ജാൻസൂൺ ടാസ്മൻ 1643-ൽ ഇവിടെയെത്തി. ദ്വീപുകളുടെ മിക്ക ഭാഗങ്ങളും ഇദ്ദേഹം സന്ദർശിച്ചിരുന്നു. ബ്രിട്ടിഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് തന്റെ സമുദ്ര സഞ്ചാരമധ്യേ 1773-ൽ ഇവിടെയെത്തി. പിന്നീട് 1777 വരെയുള്ള കാലയളവിൽ പല തവണ ഇദ്ദേഹം ഇവിടം സന്ദർശിക്കുകയും ദ്വീപിനെയും ദ്വീപുനിവാസികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ദ്വീപു നിവാസികളുടെ നല്ല പെരുമാറ്റത്തിൽ ആകൃഷ്ടനായ കുക്ക് ഈ ദ്വീപുകളെ സൗഹൃദ ദ്വീപുകൾ എന്നർഥം വരുന്ന 'ഫ്രണ്ട്ലി ഐലന്റ്സ്' എന്നാണ് വിളിച്ചത്. 1797-ഓടുകൂടി ബ്രിട്ടിഷ് മിഷനറിമാർ ഇവിടെ ക്രിസ്തുമത പ്രചാരണമാരംഭിച്ചു. ഇതോടെ ബ്രിട്ടിഷുകാരുടെ രാഷ്ട്രീയ സ്വാധീനവും വ്യാപിച്ചുതുടങ്ങി. 19-ാം ശ.-ത്തിന്റെ ആദ്യകാലത്ത് ദ്വീപ് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്നു. തന്മൂലം, രാഷ്ട്രീയമായി വിഘടിതമായിത്തീർന്ന ഈ ദ്വീപുകളിൽ പരമ്പരാഗത രാജവംശത്തിൽപ്പെട്ട യോദ്ധാവും ഭരണാധിപനുമായിരുന്ന ടൗഫാഹു ടുബു (Taufa'ahu Tupou) ആണ് 1845-ൽ ഏകീകൃതഭരണം നടപ്പിലാക്കിയത്. 1831-ൽ ക്രിസ്തുമതത്തിൽ ചേർന്ന് ഇദ്ദേഹം ജോർജ് ടുബു എന്ന പേരു സ്വീകരിച്ചിരുന്നു. ഇദ്ദേഹം ടോങ്ഗയ്ക്ക് 1862-ൽ നിയമ സംഹിതയും 1875-ൽ ഭരണഘടനയും ഉണ്ടാക്കി. രാജ്യത്ത് ഭരണഘടനാനുസൃതമായ രാജഭരണം നടപ്പിലാക്കിയെന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. 1870-80-കളിൽ ജർമനി, ഗ്രേറ്റ് ബ്രിട്ടൻ, യു.എസ്. എന്നീ രാജ്യങ്ങളുമായുണ്ടായ ഉടമ്പടികളിലൂടെ ടോങ്ഗയുടെ രാഷ്ട്രീയ പരമാധികാരത്തിന് അംഗീകാരം ലഭിച്ചിരുന്നു. ജോർജ് ടുബു ഒന്നാമൻ 1893 വരെ അധികാരത്തിലിരുന്നു. പിന്നീട് ടുബു രണ്ടാമൻ ഈ സ്ഥാനത്തെത്തി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 1900-ാമാണ്ടിൽ ടോങ്ഗ ഒരു ബ്രിട്ടിഷ് സംരക്ഷിത പ്രദേശമായി മാറി. ടോങ്ഗയ്ക്ക് ആഭ്യന്തര കാര്യങ്ങളിൽ ഭരണസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ രാജ്യരക്ഷയും വിദേശബന്ധവും ബ്രിട്ടിഷ് ഗവൺമെന്റിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നിരുന്നത്. 1958-ലെയും 67-ലെയും ഉടമ്പടികളനുസരിച്ച് ബ്രിട്ടിഷ് നിയന്ത്രണങ്ങളിൽ അയവു വരുത്തി. 1970 ജൂൺ 4-ന് ടോങ്ഗ പൂർണ സ്വാതന്ത്ര്യം നേടി. തുടർന്ന് രാജ്യം ബ്രിട്ടിഷ് കോമൺവെൽത്തിലെ അംഗമാവുകയും ചെയ്തു. എങ്കിലും രാജഭരണവ്യവസ്ഥ തന്നെയാണ് തുടർന്നിരുന്നത്.
സ്റ്റേറ്റിന്റെയും ഗവൺമെന്റിന്റെയും തലവൻ രാജാവാണ്. രാജാവിനുപുറമേ പ്രിവി കൗൺസിലും ലെജിസ്ലേറ്റിവ് അസംബ്ളിയും ജുഡിഷ്യറിയും ചേർന്നതാണ് ടോങ്ഗയിലെ ഗവൺമെന്റു സംവിധാനം. പ്രിവി കൌൺസിൽ ക്യാബിനറ്റിനു സമാനമാണ്. രാജാവ് പ്രിവി കൌൺസിലിനെ നിയമിക്കുകയും അതിന്റെ അധ്യക്ഷനായിരിക്കുകയും ചെയ്യുന്നു. ഇതിൽ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രണ്ടു ഗവർണർമാരുമുണ്ട്. 30 അംഗങ്ങളുള്ള ലെജിസ്ല്റ്റിവ് അസംബ്ലിയിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ 9 പേർ മാത്രമാണ്; കാലാവധി മൂന്നു വർഷവും. പാരമ്പര്യമായി രാഷ്ട്രീയപാർട്ടി നിലവിലില്ലാതിരുന്ന ടോങ്ഗയിൽ ജനാധിപത്യ പരിഷ്കാരങ്ങളെപ്പറ്റിയും പാർലമെന്ററി പ്രാതിനിധ്യത്തെപ്പറ്റിയും ജനങ്ങൾ കൂടുതൽ ബോധവാന്മാരായതോടെ 1992-ൽ പ്രൊ ഡെമോക്രസി മൂവ്മെന്റ് എന്ന ജനാധിപത്യ പ്രസ്ഥാനമുണ്ടായി. ഇതിന്റെ ആഭിമുഖ്യത്തിൽ 1994-ൽ പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയപാർടി നിലവിൽവന്നു. 1999 മാ.-ലെ തെരഞ്ഞെടുപ്പിൽ പീപ്പിൾസ് പാർട്ടിയിലെ അഞ്ചു പ്രതിനിധികൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഭരണസംവിധാനത്തിൽ ജനാധിപത്യ സ്വഭാവം പ്രതിഫലിച്ചുതുടങ്ങി.
അവലംബം
- Department of Economic and Social Affairs
Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. ശേഖരിച്ചത്: 2009-03-12. line feed character in
|author=
at position 42 (help) - "Tonga". International Monetary Fund. ശേഖരിച്ചത്: 2010-04-21.
- "Human Development Report 2010" (PDF). United Nations. 2010. ശേഖരിച്ചത്: 5 November 2010.
- Official Tongan Government Tourism Website
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടോങ്ഗ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |