ചെറുകുടൽ

കശേരുകികളുടെ ദഹനേന്ദ്രിയവ്യൂഹത്തിൽ ആമാശയത്തിനും വൻകുടലിനും ഇടയിലുള്ള ഭാഗമാണ്‌ ചെറുകുടൽ. ദഹനം, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം, എന്നിവ നടക്കുന്നത് ചെറുകുടലിലാണ്‌. അകശേരുകികളിൽ കുടലിനെ ആകെപ്പാടെ gastrointestinal tract, വൻകുടൽ എന്നീ പദങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.

ചെറുകുടലിന്റെ ആവരണത്തിന്റെ മൈക്രോഗ്രാഫ്

രസാഗ്നികളുടെ പ്രവർത്തനം കൊണ്ട് മോളിക്യൂളുകളായി മാറുന്ന കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, മാംസ്യം എന്നിവ ആഗിരണം ചെയ്യുന്നത് ചെറുകുടലിലാണ്. [1]

മനുഷ്യരിൽ ചെറുകുടലിന്‌ ഏഴ് മീറ്ററോളം നീളവും 2.5-3 സെന്റിമീറ്റർ വ്യാസവുമുണ്ടാകും. വൻകുടലിനെക്കാളും അഞ്ചിരട്ടിയോളം വരെ നീളമുണ്ടാകുമെങ്കിലും വ്യാസം കുറവായതിനാലാണ്‌ ചെറുകുടലിന്‌ ഈ പേര്‌ ലഭിച്ചത്. ചെറുകുടലിന്റെ നീളവും വ്യാസവുമുള്ള ഒരു സാധാരണ ട്യൂബിന്‌ അര ചതുരശ്രമീറ്ററോളമേ ഉപരിതലവിസ്തീർണ്ണമുണ്ടാകൂ. എന്നാൽ ചെറുകുടലിനകത്തെ സങ്കീർണ്ണമായ വ്യവസ്ഥകാരണം ഇതിനകത്ത് ഉപരിതലവിസ്തീർണ്ണം 200 ചതുരശ്രമീറ്ററോളമാണ്‌

ചെറുകുടലിന്‌ മൂന്ന് ഭാഗങ്ങളുണ്ട്:

  • ഡുവോഡിനം : 26 സെന്റിമീറ്റർ നീളം
  • ജെജുനം : 2.5 മീറ്റർ നീളം
  • ഇലിയം : 3.5 മീറ്റർ നീളം

ദഹനം

ചെറുകുടലിൽ നടക്കുന്ന ദഹനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന രാസാഗ്നികളിൽ (enzymes) സിംഹഭാഗവും ഉല്പാദിപ്പിക്കപ്പെടുന്നത് പാൻക്രിയാസിലാണ്.മാംസ്യങ്ങളും, കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പും ഇവിടെ വിഘടിക്കപ്പെടുന്നു.

  • മാംസ്യങ്ങളും പെപ്ട്ടോണുകളും ട്രിപ്സിൻ, കൈമോട്രിപ്സിൻ, കാർബോക്സിപെപ്ടിഡേസ് എന്നീ എൻസൈമുളുടെ പ്രവർത്തനഫലമായി അമിനോ ആസിഡുകളായി രൂപാന്തരപ്പെടുന്നു.
  • ലിപ്പേസുകളുടെ സഹായത്താൽ കൊഴുപ്പ് ഫാറ്റി അമ്ലങ്ങളും ഗ്ലിസറൊളും ആയി വിഘടിക്കപ്പെടുന്നു.
  • ചില കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസ്, ഫ്രക്ട്ടോസ് മുതലായ ലളിത രൂപങ്ങളായി വിഘടിക്കപ്പെടുന്നു. ഈ പ്രതിപ്രവർത്തനത്തിനു സഹായകമായ എൻസൈം അമൈലേസ് ആണ്.

അവലംബം

  1. പേജ് 22, All about human body - Addone Publishing group
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.