ഗംഗാനദി

ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ- പ്രത്യേകിച്ച്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതസ്ഥരുടെ വിശ്വാസം. ദൈർഘ്യത്തിൽ ഏഷ്യയിൽ പതിനഞ്ചാമത്തേയും, ലോകത്തിൽ മുപ്പത്തിയൊമ്പതാമത്തെയും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്. ഭാരതം, ബംഗ്ലാദേശ് എന്നിവയാണ് ഗംഗയൊഴുകുന്ന പഥത്തിലെ രാജ്യങ്ങൾ. ആര്യന്മാരുടെ വിശുദ്ധദേശമായിരുന്ന ആര്യാവർത്തം ഗംഗയുടെ തീരത്തായിരുന്നുവെന്ന് കരുതുന്നു.

ഗംഗാനദി
Physical characteristics
River mouthബംഗാൾ ഉൾക്കടൽ
നീളം2,510 കി.മീ. (1,560 മൈൽ)

ചരിത്രം

ഗംഗാ നദി ഹിമാലയം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഉണ്ടായിരുന്നു എന്നു കരുതുന്നു. ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകത്തിൽ ഇടിച്ചതിന്റെ ഫലമായി ഹിമാലയം ഉണ്ടായപ്പോൾ പ്രദേശത്തെ നദിയായ ഗംഗയുടെ ഭാഗങ്ങൾ, ഹിമാലയ ഭാഗങ്ങളിൽ ഉൾപ്പെട്ടു എന്നു ഭൂമിശാസ്ത്രജ്ഞർ കരുതുന്നു. പിന്നീട് ഹിമാലയത്തിലെ കനത്ത മഞ്ഞുപാളികൾ ഉരുകി ഗംഗയ്ക്ക് ശക്തികൂട്ടിയെന്നാണ് അവരുടെ അഭിപ്രായം.

ഐതിഹ്യം

കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു. സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ഹൈന്ദവ ഐതിഹ്യം.

ഉത്ഭവം

ഗംഗാനദി ഹരിദ്വാറിൽ നിന്നൊരു ദൃശ്യം

ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് എന്ന സ്ഥലത്തുനിന്നുമാണ് ഗംഗയുടെ ഉത്ഭവം. ഗംഗോത്രി എന്നിപ്പോൾ ഈ പ്രദേശം പ്രസിദ്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ ഗംഗോത്രി ഹിമാനിയിലെ ഗായ്മുഖ് ഗുഹയിൽനിന്നും ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ഗൌളീഗംഗ, പിണ്ഡർ എന്നീ അഞ്ചു മലയൊഴുക്കുകൾ ചേർന്നാണ് ശരിക്കും ഗംഗ രൂപം കൊള്ളുന്നത്. ഇവയിൽ പ്രധാനപ്പെട്ടവ ഭാഗീരഥിയും, അളകനന്ദയുമാണ്. ഉത്തരകാശിയിൽ ഗംഗോത്രിക്കു തെക്കുള്ള ഹിമഗുഹയായ ഗോമുഖിൽ നിന്നാണ് ഭാഗീരഥിയുടെ ഉത്ഭവം. നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്നും അളകനന്ദ ഉത്ഭവിക്കുന്നു. മറ്റനേകം ചെറു ഹിമാനികളും ഗംഗയുടെ ഉത്ഭവത്തിനു കാരണമാകുന്നുണ്ട്.

പോഷക പ്രദേശങ്ങൾ

ഉത്ഭവസ്ഥാനം മുതൽ ബംഗാൾ സമുദ്രം വരെ 2500 കി.മീ. ആണ് [1] ഗംഗയുടെ ദൈർഘ്യം(ഭാഗീരഥിയുടെ നീളം ഉൾപ്പെടെ). ഗംഗയുടെ ആകെ നീർവാർച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീർവാർച്ചാപ്രദേശം ഇന്ത്യയിൽ മറ്റൊരു നദിയ്ക്കുമില്ല. മധ്യേന്ത്യ മുഴുക്കെ ഗംഗയുടെ നീർവാർച്ചാ പ്രദേശമാണെന്നു പറയാം. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവർഷക്കാലത്ത്(ജൂലൈ മുതൽ ഒക്ടോബർ വരെ) അങ്ങനെയും, ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാറുള്ള മർദ്ദവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയും ഗംഗയ്ക്ക് ജലം നൽകുന്നു. മിക്കവർഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

പോഷക നദികൾ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ളത് ഗംഗയ്ക്കാണ്. ഉത്തർപ്രദേശിലെ യമുനോത്രി ഹിമാനിയിൽ നിന്നുമുത്ഭവിച്ച് പുരാതന നഗരമായ പ്രയാഗിൽ വച്ച് ഗംഗയിൽ ചേരുന്ന യമുനയാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദി. ഗംഗയിൽ ചേരുന്നതിനു തൊട്ടുമുമ്പ് യമുനയിൽ ചേരുന്ന ചംബൽ, ബത്വ, കെൻ എന്നീ നദികളും ചിലപ്പോൾ ഗംഗയുടെ പോഷകനദികളായി കണക്കാക്കാറുണ്ട്. തിബത്തിൽ നിന്നുമുത്ഭവിക്കുന്ന സരയൂ നദിയാണ്(ഗാഘരാ നദി) ഗംഗയുടെ മറ്റൊരു പ്രധാനപോഷകനദി . മധ്യേന്ത്യയിൽ വച്ച് ഗംഗയിൽ പതിയ്ക്കുന്ന സോൺ നദി മറ്റൊരു പ്രധാന പോഷകനദിയാണ്. ബംഗ്ലാദേശിൽ സമുദ്രത്തിൽ പതിയ്ക്കുന്നതിനു തൊട്ടുമുമ്പ് ഗംഗയിൽ മേഘ്ന നദി ചേരുന്നു. സംഗമശേഷം ഗംഗ അനേകം കൈവഴികളായി പിരിഞ്ഞ് സമുദ്രത്തിൽ പതിയ്ക്കുന്നു.

അഴിമുഖം

ഗംഗ നദി - പാറ്റ്നയിൽ നിന്ന് ഒരു ദൃശ്യം

ഗംഗയുടെ അഴിമുഖം കിലോമീറ്ററുകൾ നിറഞ്ഞു നിൽക്കുന്നു. ഗംഗയുടെ അഴിമുഖത്ത് ഉള്ള ദ്വീപാണ് ഗംഗാസാഗർ ദ്വീപ്. അഴിമുഖത്ത് കണ്ടൽക്കാടുകളും മറ്റുവനങ്ങളും ചേർന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ള വനപ്രദേശം സുന്ദർബൻസ് എന്നറിയപ്പെടുന്നു. വേലിയേറ്റത്തിരകൾ കരയിലേക്കൊഴുക്കുന്ന സമുദ്രജലവും, ഗംഗ പ്രദേശത്ത് അടിയിപ്പിക്കുന്ന എക്കൽമണ്ണുമാണ് സുന്ദർബൻസിന്റെ സൃഷ്ടിയുടെ നിദാനം. ഏറെ വളക്കൂറുള്ള പ്രദേശമാണിത്.

നദീ പദ്ധതികൾ

ഗംഗ കനാൽ ശൃംഖല, യമുന-ആഗ്രാ രാംഗംഗ കനാൽ പദ്ധതി, കോസി പദ്ധതി, റിഹണ്ട് പദ്ധതി, സോൺ പദ്ധതി, സുബർണ രേഖാ പദ്ധതി, ദാമോദർബാലി പദ്ധതി, തെഹ്‌രി അണക്കെട്ട്, ഫറാക്ക അണക്കെട്ട് എന്നിവയാണ് ഗംഗയിലുള്ള പ്രധാന ജലവൈദ്യുത, ജലസേചന പദ്ധതികൾ.

മലിനീകരണം

ഭാരതീയർ പുണ്യനദിയായി കരുതുന്ന ഗംഗ ഇന്ന ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിൽ ഒന്നാണ്. ഡൽഹി, ആഗ്ര, കൊൽക്കത്ത എന്നീ പട്ടണങ്ങളിലെ വ്യവസായ ശാലകളാണ് മലിനീകരണത്തിൽ മുഖ്യപങ്കുവഹിക്കുന്നത്. റൂർക്കി, ബനാറസ്, ഇലഹബാദ്, ഫത്തേപ്പൂർ സിക്രി, ഗൌർ, മൂർഷിദാബാദ് എന്നീ ഗംഗാതടപട്ടണങ്ങളും മലിനീകരണത്തിൽ തങ്ങളുടേതായ പങ്കു വഹിക്കുന്നു. പ്രദേശവാസികൾ പ്രാഥമികകർമ്മങ്ങൾ മുതൽ മരണാനന്തരകർമ്മങ്ങൾ വരെ ഗംഗയിൽ നടത്തുന്നു. ഇതുകൊണ്ടൊക്കെ ഇന്ത്യയിൽ രാസവസ്തുക്കളും, രോഗാണുക്കളും ഏറ്റവുമധികമുള്ള നദിയായി ഗംഗ മാറിയിരിക്കുന്നു.

ഇതും കാണുക

  • മഹാത്മാഗാന്ധി സേതു
ഭാരതത്തിലെ പ്രമുഖ നദികൾ
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ

  1. [NCET text book- Grade 9 Social Science Contemporary India, Chapter -Drainage-Page 20]
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.