ഖുർആൻ

ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് ഖുർ‌ആൻ (അറബി: قرآن). ഏഴാം ശതകത്തിൽ ഉത്ഭവിച്ചതും അറബി ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥം, മുഹമ്മദ് എന്ന ദൂതനിലൂടെ ദൈവം മനുഷ്യനു നൽകിയ സന്ദേശമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു[1][2]. അറബി ഭാഷയിലെ സാഹിത്യഭംഗിയുടെ ഉത്തമോദാഹരണമായി ഖുർആൻ വിലയിരുത്തപ്പെടുന്നു[3][4]. മുഴുവൻ മനുഷ്യർക്കും വേണ്ടി ദൈവം നൽകിയ അവസാനത്തെ വേദഗ്രന്ഥമാണ് ഇതെന്നാണ് ഇസ്ലാമികവിശ്വാസം.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർ • അന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതം • സകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ • സലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകൾ

സുന്നി • ശിയ
സൂഫി • സലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറം • മസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷം • ആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

മുഹമ്മദിന്റെ ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ടു എന്നാണ് വിശ്വാസം. ആദ്യം വാമൊഴിയായി പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ആദ്യ ഖലീഫ അബൂബക്റിന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തു.

അറബി ഭാഷയിൽ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ. ഖുർആൻ എന്ന പദത്തിന് വായന എന്നാണ് അർത്ഥം. ഖുർആനിൽ 114 അദ്ധ്യായങ്ങളിലായി 6236. സൂക്തങ്ങൾ ഉണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും, കേൾക്കപ്പെടുന്നതും, മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് ഖുർ‌ആൻ.. അവതരിച്ച അതെ ഭാഷയിൽ ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുർ‌ആൻ തന്നെ.

മഗ്റബി ലിപിയിലുള്ള ഖുർ‌ആൻ. പാടല വർണ്ണത്തിലുള്ള താളിൽ മഷി, ഛായം, സ്വർണ്ണം എന്നിവ ഉപയോഗിച്ച് രചിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ 13ാം നൂറ്റാണ്ട്.

ചരിത്രം

ഖുർആനിന്റെ പുറം ഭാഗം

ഖുർ‌ആനിലെ അലഖ് (ഭ്രൂണം അല്ലെങ്കിൽ രക്ത പിണ്ഡം) എന്ന 96-ആം സൂറത്തിലെ (അദ്ധ്യായത്തിലെ) വായിക്കുക (اقْرَأْ) എന്നു തുടങ്ങുന്ന ഒന്നു മുതലുള്ള അഞ്ച് ആയത്തുകളാണ് (സൂക്തങ്ങളാണ്‌) ജിബ്‌രീൽ‍ എന്ന മാലാഖ മുഖേന ആദ്യമായി അവതീർണ്ണമായതായി മുസ്‌ലിംകൾ വിശ്വസിക്കുന്നത്. അതിന്റെ വിവർത്തനം ഇപ്രകാരമാണ്

  1. വായിക്കുക,നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ
  2. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
  3. നീ വായിക്കുക, നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
  4. പേന കൊണ്ട്‌ പഠിപ്പിച്ചവൻ
  5. മനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു.

ഖുർആൻ (മലയാളവിവിർത്തനം), 96:1-5

23 വർഷം (എ.ഡി 610-എ.ഡി 632) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് പ്രവാചകൻ മുഹമ്മദ്‌ (സ) മുഖേന മനുഷ്യകുലത്തിന്‌ ‍ഖുർആൻ ലഭിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്‌ വേണ്ടി അവതരിച്ചതല്ല ഖുർആൻ. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്‌.

"അല്ലാഹുവിനു പുറമെ (മറ്റാരാലും)ഈ ഖുർ‌ആൻ കെട്ടിച്ചമക്കപ്പെടാവുന്നതല്ല.പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യ സന്ദേശത്തെ സത്യപ്പെടുത്തുന്നതും ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്.അതിൽ യാതൊരു സംശയവുമില്ല.ലോകരക്ഷിതാവിങ്കൽ നിന്നുള്ളതാണത്." ( ഖുർആൻ :10:37)

ഖുർആൻ അതിനെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് :

ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ്. നിശ്ചയം വിശ്വസ്തനായ മലക്ക് (മാലാഖ) അത് നിന്റെ ഹൃദയത്തിൽ അവതരിപ്പിച്ചു. ലോകർക്ക് നീ മുന്നറിയിപ്പ് നൽകാൻ വേണ്ടി. സുവ്യക്തമായ അറബി ഭാഷയിൽ.(ഖുർആൻ 26 :192-195). (നബിയേ) പറയുക: (ഖുർ‌ആൻ എത്തിച്ചു തരുന്ന) ജിബ്‌രീൽ എന്ന മലക്കിനോടാണ് ആർക്കെങ്കിലും ശത്രുതയെങ്കിൽ, അദ്ദേഹമത് നിന്റെ മനസ്സിൽ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുൻ വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്ക് വഴി കാട്ടുന്നതും, സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്) "(ഖുർആൻ 2:97)

ഉദ്ബോധനം (ദിക്ർ), പ്രകാശം (നൂർ), സന്മാർഗ്ഗം (ഹുദ), രോഗശമനം(ശിഫ), അവക്രമായത് (ഖയ്യിം), പൂർവവേദങ്ങളെ സംരക്ഷിക്കുന്നത് (മുഹൈമിൻ) തുടങ്ങി 55 വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്[5].

ഹിജ്റവർഷത്തിന് 13 വർഷം മുൻപ്- AD 610-ൽ റമദാൻ മാസത്തിലാണ് ഖുർആൻ അവതരണം ആരംഭിച്ചത്. ഈ ദിവസം ഏതായിരുന്നു ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്ന് റമദാൻ 17 ആയിരുന്നെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ജൂലൈമാസത്തിലാണെന്നും ഫെബ്രുവരി മാസത്തിലാണെന്നും രണ്ടുപക്ഷമുണ്ട്. മുഹമ്മദ് നബി എഴുത്തും വായനയും അറിയാത്ത ആൾ ആയിരുന്നു.

ഖുർആൻ, ഇന്ന്‌ ഒട്ടു മിക്ക ഭാഷകളിലും ഖുർആൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഖുർആനിൻറെ പുസ്തക രുപത്തിനാണ് മുസ്ഹഫ് എന്നറിയപ്പെടുന്നത്.

114 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങൾക്ക്‌ അക്ഷരങ്ങളും ശബ്ദങ്ങളും നൽകപ്പെട്ടതാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. കുറച്ച്‌ ഭാഗങ്ങൾ നബിയുടെ മക്കാ ജീവിതത്തിലും ബാക്കി ഭാഗങ്ങൾ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചു കൊടുത്തത്‌. അദ്ദേഹം അത്‌ വള്ളിപുള്ളി വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ പ്രബോധനം ചെയ്യുകയും അതിലെ സന്ദേശങ്ങൾ സ്വജീവിതത്തിൽ പകർത്തി ജനങ്ങൾക്ക്‌ മാതൃകയാവുകയും ചെയ്തു.

മുൻ വേദഗ്രന്ഥങ്ങളായ തൌറാത്ത്‌ (മൂസാ (മോശ) പ്രവാചകന് അവതരിച്ചത്), സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്), ഇൻജീൽ (ഈസാ (യേശു)നബിക്ക് അവതരിച്ചത്), എന്നിവയുടെയെല്ലാം അവതരണം ചില പ്രത്യേക സമൂഹങ്ങളിലേക്കായിരുന്നു. അന്തിമ വേദഗ്രന്ഥമായ ഖുർആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു എന്ന് ഖുർആൻ പറയുന്നു. പൂർവ്വവേദങ്ങൾക്ക്‌ സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളും മാറ്റത്തിരുത്തലുകളും അതിൽ സംഭവിക്കുകയില്ലെന്ന്‌ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഉള്ളടക്കത്തിന്റെ വർഗീകരണം

ചെറുതും വലുതുമായ 114 അദ്ധ്യായങ്ങളിൽ (അറബി: സൂറ:) 6236 സൂക്തങ്ങളും (അറബി: ആയത്ത് ) 77,000ത്തിൽ അധികം പദങ്ങളും (അറബി: കലിമ ) 3,20,000ത്തിലധികം അക്ഷരങ്ങളും ഉൾക്കൊള്ളുന്നു.

തുടർച്ചയായി പാരായണം ചെയ്യുന്നവരുടെ സൗകര്യാർത്ഥം ഖുർ‌ആന്റെ ഉള്ളടക്കം വിവിധ രീതികളിൽ വർ‌ഗീകരിച്ചിരിക്കുന്നു.

  • ജുസ്‌അ് - 114 അദ്ധ്യായങ്ങളേയും ഏകദേശം സമവലിപ്പത്തിലുള്ള 30 ജുസ്‌ഉകളായി തിരിച്ചിരിക്കുന്നു.
    • നിസ്ഫ് - ജുസ്‌ഉകളുടെ പകുതി.
    • റുബ്‌അ് - ഒരു ജുസ്‌ഇന്റെ കാൽ ഭാഗം.
  • റുകൂഅ് - അദ്ധ്യായങ്ങളുടെ വലിപ്പവും ഉള്ളടക്കവും അടിസ്ഥാനമാക്കി ഓരോ അദ്ധ്യായങ്ങൾ വിവിധ റുകൂ‌അ് (വിഭാഗം) ആയി തിരിച്ചിരിക്കുന്നു.

ഇതിനെല്ലാം പുറമെ അദ്ധ്യായങ്ങൾ 1/8, 1/7, 1/4, 1/2 തുടങ്ങിയ രീതികളിലും വിഭാഗീകരിച്ചിരിക്കുന്നു.വായനക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ഈ തരംതിരിവുകൾ ഖുർ‌ആന്റെ അച്ചടിച്ച പ്രതികളിൽ സാധാരണ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കും.

സൂറ

ഖുർആനിലെ അദ്ധ്യായങ്ങൾക്ക് അറബിയിൽ പറയുന്ന പേരാണ് സൂറ അല്ലെങ്കിൽ സൂറത്ത് (അറബി: سورة). നൂറ്റിപ്പതിനാല് സൂറത്തുകൾ അടങ്ങിയതാണ് വിശുദ്ധ ഖുർആൻ. ഒന്നാമത്തെ സൂറ സൂറത്തുൽ ഫാത്തിഹ അവസാനത്തെ സൂറ അൽ നാസുമാകുന്നു.

ആയ

ഖുർആനിലെ ഒരു സൂക്തത്തിന് പറയുന്ന അറബി നാമമാണ് ആയ അല്ലെങ്കിൽ ആയത്ത് (അറബി: آية). ചെറുതും വലുതുമായ 6236 (അധ്യായങ്ങളുടെ തുടക്കത്തിലുള്ള ബിസ്മി കൂടി പരിഗണിച്ചാൽ 112 കൂടി ചേർന്ന് [6236+ 112] 6348 സൂക്തങ്ങളാവും) ആയത്തുകൾ ഖുർ ആനിൽ കാണാം. ഒരു താളിന്റെ പകുതിയോളം വരുന്ന ആയത്തുകൾ ഖുർആനിൽ കാണാവുന്നതാണ്‌‍. الْحَمْدُ للّهِ رَبِّ الْعَالَمِينَ (വിവർത്തനം: സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു സ്തുതി.) ഇത് ഖുർആനിലെ ഒരു ആയത്താകുന്നു.

മക്കി

ഹിജ്റക്ക് മുമ്പ് മക്കയിൽ അവതീർണ്ണമായ അദ്ധ്യായങ്ങളെ മക്കി സൂറത്തുകൾ എന്നു വിളിക്കുന്നു.

മദനി

ഹിജ്റക്ക് ശേഷം അവതീർണ്ണമായ അദ്ധ്യായങ്ങളെ മദനി സൂറത്തുകൾ എന്നു വിളിക്കുന്നു.

ബിസ്മി

ബിസ്മില്ലാഹി-റഹ്മാനി-റഹീം എന്നാൽ ഏറ്റവും കാരുണ്യവാനും അത്യുദാരവാനുമായ, അല്ലാഹുവിന്റെ നാമത്തിൽ എന്നാണ് അർത്ഥം. ഇതിനെ ബിസ്മി എന്ന് ചുരുക്കി വിളിക്കുന്നു. അറബിയിൽ بسم الله الرحمان الرحيم എന്നാണ്.ഖുർ‌ആനിലെ ഒന്നൊഴിച്ച് എല്ലാ അദ്ധ്യായങ്ങളും ബിസ്മില്ലാഹി-റഹ്മാനി-റഹീം എന്ന സൂക്തത്തോടെ ആരംഭിക്കുന്നു. ഒൻപതാം അദ്ധ്യായമായ തൌബ മാത്രമാണു ബിസ്മില്ലയിൽ ആരംഭിക്കാത്ത അദ്ധ്യായം. ഫാതിഹയിൽ മാത്രമെ ഒന്നാമത്തെ ആയത്തായ "ബിസ്മില്ലാഹി റഹ്മാനി റഹീം" ഒരു ആയത്തായി കണക്കാക്കുന്നുള്ളൂ. മറ്റു അദ്ധ്യായത്തിലെ ബിസ്മിയെ ആയത്തായി കണക്കാക്കാറില്ല. ഇരുപത്തി ഏഴാം അദ്ധ്യായമായ നംലിലെ 30-ആം വചനത്തിലും ഒരു ബിസ്മി അടങ്ങിയിരിക്കുന്നു.

ഫാത്തിഹ

ഖുർആനിലെ ആദ്യത്തെ അദ്ധ്യായമായ സൂറ: ഫാത്തിഹ

ഖുർആനിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രാരംഭ സൂറത്താണ് സൂറ: ഫാത്തിഹ. ഈ സൂറത്താണ് പരിപൂർണ്ണമായി ആദ്യമായി അവതീർണ്ണമായത്. നിർബന്ധ നമസ്കാരങ്ങളിൽ ഒരു ദിവസം ഒരു മുസ്‌ലിം 17 വട്ടം ഈ അദ്ധ്യായം പാരായണം ചെയ്യുന്നുണ്ട്. ഇതിലെ വരികൾ മുഴുവനും പ്രാർത്ഥനയാണ്. ഇത് കേൾക്കുമ്പോൾ ആമീൻ എന്ന് പറയാറുണ്ട്. ആമീൻ എന്നാൽ അല്ലാഹുവേ ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ എന്നാണർത്ഥം.

മുസ്ഹഫ്

ഖുർആൻ രേഖപ്പെടുത്തിവെക്കുന്ന പുസ്തകത്തിനാണ് മുസ്ഹഫ് എന്ന് പറയുന്നത്.

ഖുർആനിനെക്കുറിച്ച് ചില പ്രമുഖർ

  • പി. ഗോൾഡൻ ചൈൽഡ്
അറേബ്യയിലെ കാടന്മാർ എങ്ങനെയാണ് ബാഗ്ദാദിലും കോർഡോവിലും വിജ്ഞാനങ്ങൾക്കും കലകൾക്കും അടിത്തറ പണിതത് എന്ന് മനസ്സിലാക്കാൻ ചരിത്രകാരന്മാർ ബുദ്ധിമുട്ടിയിട്ടുണ്ട്. യാദൃച്ഛികമെന്ന് ചിലർ. ഗ്രീക്ക് വിജ്ഞാനത്തിന്റേ പ്രേരണയാണ് എന്ന് വേറെ ചിലർ . ചരിത്രകാരന്മാർ ഖുർആൻ പഠിച്ചിരുന്നുവെങ്കിൽ അവർക്ക് കാരണം കണ്ടുപിടിക്കാൻ കഴിയുമായിരുന്നു.
  • സർ.വില്യം മൂർ
13 നൂറ്റാണ്ടുകാലം യാതൊരു മാറ്റവുമില്ലാതെ ഖുർആനെപ്പോലെ പരിശുദ്ധമായി നിലനിൽക്കുന്ന മറ്റൊരു ഗ്രന്ഥം കാണുകയില്ല
  • റവ. മെക്സോയൽ കിംഗ്‌
ഖുറാൻ ദൈവിക ബോധങ്ങളുടെ സമാഹാരമാണ് അതിൽ ഇസ്ലാമിൻറെ മൗലിക നിയമങ്ങൾ ധാർമിക ശിക്ഷണങ്ങൾ ദൈനംദിന നിർദ്ദേശങ്ങൾ തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ട് അതിനാൽ ഇസ്‌ലാം ക്രൈസ്തവതയെ മികച്ചുനിൽക്കുന്നു.


സവിശേഷതകൾ

ഖുർആന് താഴെപ്പറയുന്ന സവിശേഷതകളുണ്ടെന്ന് വിശ്വാസികൾ അവകാശപ്പെടുന്നു[6]

  • ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഏക ഗ്രന്ഥം.
  • അവതരിപ്പിക്കപ്പെട്ട രൂപത്തിൽതന്നെ ഇന്നും നിലനിൽക്കുന്ന ഒരേയൊരു വേദഗ്രന്ഥം.
  • വൈരുദ്ധ്യങ്ങൾ ഒന്നുമില്ല.
  • അബദ്ധങ്ങളൊന്നും ഉൾക്കൊള്ളുന്നില്ല.
  • അവതരിപ്പിക്കപ്പെട്ട കാലത്തെ അന്ധവിശ്വാസങ്ങൾക്ക് ഇവിടെ യാതൊരു സ്വാധീനവുമില്ല.
  • കൃത്യവും സൂക്ഷ്മവുമായി ഒരിക്കലും തെറ്റുപറ്റാത്തതുമായ പദപ്രയോഗങ്ങൾ നടത്തുന്നു.
  • ഭാഷാപ്രയോഗങ്ങളിൽ പോലും കൃത്യത പുലർത്തുന്നു.
  • പരാമർശിക്കപ്പെട്ട എണ്ണങ്ങൾ പോലും കൃത്യമാണ്.
  • പ്രവചനങ്ങൾ പൂർത്തീകരിക്കപ്പെട്ടു.
  • ചരിത്ര പരാമർശങ്ങളെല്ലാം സത്യസന്ധവും തെറ്റു പറ്റാത്തതുമാണ്.
  • പൂർണ്ണവും പ്രായോഗികവുമായ നിർദ്ദേശങ്ങളാണ് സമർപ്പിക്കുന്നത്.
  • പ്രധാനം ചെയ്യുന്ന സന്മാർഗ്ഗ ക്രമം കിടയറ്റ അതുല്യവുമാണ്.
  • സാഹിത്യം നിസ്തുലവും അദ്വിതീയമാണ്.
  • അതിനു തുല്യമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാനുള്ള വെല്ലുവിളിക്ക് ഇതേവരെ ഉത്തരം നൽകപ്പെട്ടിട്ടില്ല.
  • ജീവിത ലക്ഷ്യങ്ങളെ പറ്റി കൃത്യവും വ്യക്തവുമായ അറിവ് നൽകുന്നു.
  • മനുഷ്യജീവിതത്തിന്റ പ്രധാനലക്ഷ്യം പാരത്രിക മോശമാണെന്നും അതിനുവേണ്ടിയുള്ള വിഭവ സമാഹാരമാണ് ഭൗതികലോകത്ത് മനുഷ്യധർമ്മം എന്നും ഖുർആൻ വിവരിച്ചു.
  • പാരത്രിക ലോകത്ത ജീവിതം പോലെ ഈ നശ്വര ഭൂമിയിലും ക്ഷേമ ത്തോടെ ജീവിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.
  • ആത്മീയതയുടെ മറവിൽ ഭൗതിക ലോകം മറക്കരുത്, ഭൗതിക പുരോഗതിക്കുവേണ്ടി ആത്മ ലോകത്തെ നശിപ്പിക്കുകയും അരുത്. ഈ സമന്വയമാണ് ഖുർആനിലെ ദർശനം. ഈവിധം രണ്ടും തമ്മിൽ ബന്ധിപ്പിച്ച് മനുഷ്യനെ ഉത്തമ സ്വഭാവം നടപടിയിൽ വളർത്തി കൊണ്ടു പോകാൻ ഖുർആൻ പരിശ്രമിക്കുന്നു. ഇത് ഖുർആൻ അവതരിക്കുന്നതിനു മുമ്പ് സാധിക്കാത്തത് ആകുന്നു. ആ ബദൽ വ്യവസ്ഥിതി അവതരിപ്പിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ലാത്തതുമാകുന്നു.
  • മനുഷ്യൻറെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാൻ കഴിയാത്തതും എന്നാൽ ബുദ്ധിപരമായ തെളിയിക്കപ്പെട്ടതുമായ ആത്മാവും ആത്മീയതയും ഖുർആൻ മനുഷ്യ പുരോഗതിയുടെ ഭാഗമായി എടുത്തുകാണിച്ചു.
  • ഭാവിയെക്കുറിച്ചുള്ള ഖുർആൻ വചനങ്ങൾ മുഴുവനും സത്യമായി പുലരുന്നത് ആയി കാണാം അപ്പോൾ ഉണ്ടാകുന്ന അനുഭവം സത്യനിഷേധികളും പരാജയപ്പെടാതെ നിർവാഹമില്ല.
  • പുരോഗതിയുടെ അടിസ്ഥാന തത്ത്വങ്ങളും വിജ്ഞാനത്തിന് ആവശ്യകതയും ഖുർആൻ വിവരിക്കുന്നു. മനുഷ്യോല്പത്തി യും ഗർഭസ്ഥ ശിശുവിന് വളർച്ച ഘട്ടങ്ങളും മരണവും മരണാനന്തരജീവിതവും ഖുർആൻ വിവരിക്കുന്നുണ്ട്. അവ ഓരോന്നും ആധുനിക ആധുനികലോകം ബുദ്ധിപരമായി തെളിയിക്കുകയും ഖുർആൻ പറഞ്ഞിട്ടുള്ള ആശയങ്ങൾ സമ്മതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
  • ഖുർആനിനോട് തുല്യമായ ഒരു ഗ്രന്ഥം അതിനുമുമ്പോ ശേഷമോ അവതരിച്ചിട്ടില്ല. എഴുത്തും വായനയും പരിചയവുമില്ലാത്ത ഒരു നബിയുടെ സാഹിത്യ സമ്പൂർണ്ണമായ ഒരു ഗ്രന്ഥം പുറത്തുവരുമ്പോൾ ബുദ്ധിയും ചിന്തയും ഉള്ളവർ ഖുർആനിൻറെ അമാനുഷികത അംഗീകരിക്കുന്നു.
  • ഖുർആന് ഉള്ളടക്കം മനുഷ്യജീവിതത്തിന് ലക്ഷ്യവും മാർഗ്ഗവും ആകുന്നു. ജനനം മുതൽ മരണം വരെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ മേഖലകളെയും ചൂഴ്ന്നു നിൽക്കുന്ന പ്രായോഗികമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് അത് വരച്ചുകാണിക്കുന്നത്.
  • നൂറ്റാണ്ടുകളായി അറബ് സാഹിത്യ ഗ്രന്ഥത്തിൽ പ്രശസ്തി പിടിച്ചുപറ്റിയ ബാനത്ത് സുആദ് പോലെയുള്ള സാഹിത്യങ്ങളുടെ രചയിതാക്കൾ ഖുർആനും പ്രവാചക ജീവിതവും അത്ഭുതത്തോടെ നോക്കി കാണുകയും അനുയായികളുമായി മാറുകയും ചെയ്തു. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിൻറെ ഏകത്വവും അസ്തിത്വവും അംഗീകരിക്കുന്ന ജനസമൂഹങ്ങളെ വാർത്തെടുക്കാൻ ഖുർആൻ ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
  • ഖുർആനോട് ആശയത്തിലും സാഹിത്യ മേന്മയിലും അവതരണ ശൈലിയിലും സമമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ അന്ത്യനാൾ വരെയുള്ള ഒരാൾക്കും സാധിക്കുകയില്ല എന്ന് അല്ലാഹു പ്രഖ്യാപിച്ച് ആ വെല്ലുവിളി ഇന്നും മുഴങ്ങി കേൾക്കുകയാണ്.
  • അനുമാനങ്ങളും ഗണിച്ചു പറയലല്ല ഖുർആനിലെ ശൈലി. പ്രത്യുത സുനിശ്ചിതമായ തത്ത്വങ്ങളും അതിലേക്കു വഴിതെളിക്കുന്ന റൂട്ടുകളും ആണ്. ഊഹാപോഹങ്ങൾ ഇല്ല അന്ധവിശ്വാസങ്ങൾ ഇല്ല. അർത്ഥവും നിമിത്തവും വിവരിച്ചുകൊണ്ടുള്ള ശൈലിയാണ് ഖുർആൻ സ്വീകരിച്ചിട്ടുള്ളത്.
  • ഇഞ്ചിൽ(ബൈബിൾ) തൗറാത്ത് (തോറ) തുടങ്ങിയത് വേദഗ്രന്ഥങ്ങൾ പോലെയല്ല. ഹൃദിസ്ഥമാക്കാൻ സാധിക്കുന്ന വിധമാണ് ഖുർആൻ നിലകൊള്ളുന്നത്.
  • കൃത്രിമങ്ങളും മാറ്റത്തിരുത്തലുകളും നടക്കാത്ത കണിശത ഖുർആനിലെ പ്രത്യേകതയാണ്. അവതരിച്ച വചനങ്ങളെല്ലാം അപ്പപ്പോൾതന്നെ നബിയും അനുയായികളും മനപാഠമാക്കുകയും ഭദ്രമായി അത് സൂക്ഷിച്ചു നിലനിർത്തുകയും ചെയ്തതിനാൽ ഖുർആനിലെ സുരക്ഷിതത്വത്തിൽ ആശങ്കയില്ല.

ചിത്രശാല

അവലംബം

  1. ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 483തോമസ് പാട്രിക് ഹ്യൂസ്
  2. Nasr, Seyyed Hossein (2007). "Qurʼān". Encyclopædia Britannica Online. ശേഖരിച്ചത്: 2007-11-04.
  3. Alan Jones, The Koran, London 1994, ISBN 1842126091, opening page.
  4. Arthur Arberry, The Koran Interpreted, London 1956, ISBN 0684825074, p. x.
  5. ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 484തോമസ് പാട്രിക് ഹ്യൂസ്
  6. ഇസ്ലാമിക ഡൈജസ്റ്റ് , പേജ് 30

ഇതും കാണുക

  • ഖുർ‌ആനിലുപയോഗിക്കുന്ന സൂചനാക്ഷരങ്ങൾ
  • ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടിക
  • ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

പ്രാചീന രേഖകൾ

ശബ്ദചിത്രങ്ങൾ

എൻസൈക്ലോപീഡിയകൾ

  • Encyclopaedia of the Qur'an. Jane Dammen McAuliffe et al. (eds.) (First ed.). Brill Academic Publishers. 2001–2006. ISBN 978-90-04-11465-4.
  • The Qur'an: An Encyclopedia. Oliver Leaman et al. (eds.) (First ed.). Routledge. 2005. ISBN 978-0-415-77529-8.
  • The Integrated Encyclopedia of the Qur'an. Muzaffar Iqbal et al. (eds.) (First ed.). Center for Islamic Sciences. January 2013. ISBN 978-1-926620-00-8.

സാഹിത്യ പഠനങ്ങൾ

  • M. M. Al-Azami (2003). The History of The Qur'anic Text: From Revelation to Compilation: A Comparative Study with the Old and New Testaments (First ed.). UK Islamic Academy. ISBN 1-872531-65-2.
  • Gunter Luling (2003). A challenge to Islam for reformation: the rediscovery and reliable reconstruction of a comprehensive pre-Islamic Christian hymnal hidden in the Koran under earliest Islamic reinterpretations. New Delhi: Motilal Banarsidass Publishers. (580 Seiten, lieferbar per Seepost). ISBN 978-81-208-1952-8.
  • Luxenberg, Christoph (2004). The Syro-Aramaic Reading of the Koran: a contribution to the decoding of the language of the Koran, Berlin, Verlag Hans Schiler, 1 May 2007. ISBN 978-3-89930-088-8.
  • Puin, Gerd R.. "Observations on Early Quran Manuscripts in Sana'a", in The Qurʾan as Text, ed. Stefan Wild, E. J. Brill 1996, pp. 107–111.
  • Wansbrough, John. Quranic Studies, Oxford University Press, 1977
  • "Journal of Qur'anic Studies / Majallat al-dirāsāt al-Qurʹānīyah". School of Oriental and African Studies. ISSN 1465-3591.
  • "Journal of Qur'anic Research and Studies". Medina, Saudi Arabia: King Fahd Qur'an Printing Complex.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.