ഖത്തർ
അറേബ്യൻ ഗൾഫിലെ ഒരു രാജ്യമാണ് ഖത്തർ (/ˈkætɑːr/,[6] /ˈkɑːtɑːr/ (
സ്റ്റേറ്റ് ഓഫ് ഖത്തർ | ||||||
---|---|---|---|---|---|---|
ദേശീയഗാനം: അസ്സലാം അമീരി[1] |
||||||
|
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | ദോഹ 25°18′N 51°31′E | |||||
ഔദ്യോഗികഭാഷകൾ | അറബി[2] | |||||
ജനങ്ങളുടെ വിളിപ്പേര് | ഖത്തരി | |||||
സർക്കാർ | കുടുംബാധിപത്യം | |||||
- | അമീർ | തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി | ||||
- | പ്രധാന മന്ത്രി | ഹമദ് ബിൻ ജാസ്സിം ബിൻ ജബർ അൽഥാനി | ||||
സ്വാതന്ത്ര്യം1 | ||||||
- | ഇപ്പോഴത്തെ ഭരണകുടുംബം അധികാരത്തിൽ വന്നത് | December 18, 1878 |
||||
- | ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയത് | September 3, 1971 |
||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 11 ച.കി.മീ. (164th) 4 ച.മൈൽ |
||||
- | വെള്ളം (%) | ദുർല്ലഭം | ||||
ജനസംഖ്യ | ||||||
- | 2010 census | 1,696,563[3] (148th) | ||||
- | ജനസാന്ദ്രത | 123.2/ച.കി.മീ. (123rd) 319.1/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2009-ലെ കണക്ക് | |||||
- | മൊത്തം | $102.147 billion[4] | ||||
- | ആളോഹരി | $83,840[4] | ||||
ജി.ഡി.പി. (നോമിനൽ) | 2009-ലെ കണക്ക് | |||||
- | മൊത്തം | $83.910 billion[4] | ||||
- | ആളോഹരി | $68,871[4] | ||||
എച്ച്.ഡി.ഐ. (2007) | ||||||
നാണയം | റിയാൽ (QAR ) |
|||||
സമയമേഖല | AST (UTC+3) | |||||
- | Summer (DST) | (not observed) (UTC+3) | ||||
പാതകളിൽ വാഹനങ്ങളുടെ വശം |
right | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .qa | |||||
ടെലിഫോൺ കോഡ് | 974 |
ചരിത്രം
പുരാതന ചരിത്രം
ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടു നടത്തിയിരുന്നു. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്.[11]
ഇസ്‌ലാമിനു കീഴിൽ
ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദിന്റെ ആഗമനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്‌ലാം ഈ ഉപദ്വീപിൽ പ്രചരിച്ചു. എ ഡി 628 ൽ മുഹമ്മദ് നബി പല രാജാക്കന്മാർക്കും ഇസ്‌ലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ഥമീമിക്കും കത്തയച്ചു. അക്കാലത്തു കുവൈത്ത്, ഖത്തർ ഇപ്പോൾ സൗദി അറേബ്യയുടെ ഭാഗമായ അൽ ഹസ്സ എന്നിവ ബഹറൈൻ ഭർണാധികാരത്തിനു കീഴിലായിരുന്നു. അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി എ ഡി 1913 വരെ നിലകൊണ്ടു. 1913ൽ തുർക്കി ഖലീഫയുമായി ഖത്തർ ഭരണാധികാരി ഇടയുകയും പൂർണ്ണമായ സ്വയംഭരണം ആരംഭിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ആധിപത്യം
എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ മേഖലയിൽ വ്യാപിച്ചത്. പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു. എന്നിരുന്നാലും തുർക്കി സുൽത്താനുമായുണ്ടാക്കിയ മാൻഡേറ്ററി കരാർ പ്രകാരം 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം (ജാസ്സിം എന്നും ഉച്ചാരണമുണ്ട്) ബിൻ മുഹമ്മദ് അൽഥാനി തുർക്കി ഖലീഫയിൽ നിന്നും ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി മാറ്റുകയും ചെയ്തു. 1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.
ഭരണക്രമം
ഭരണഘടനയുടെ അടിസ്ഥാനം ഖുർആനും , നബിചര്യയും ആയി അംഗീകരിച്ചിരിക്കുന്നു. അമീർ ആണ് രാഷ്ട്രത്തലവനും, ഭരണത്തലവനും. അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർലമെന്റും(മജ്‌ലിസ് ശൂറ) ഉണ്ട്. ഇവ രണ്ടിലേയും അംഗങ്ങളെ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നു. അൽ ഥാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം. 2003 ജൂലായ് 13 നു നടന്ന റഫറണ്ടത്തിലൂടെയാണു നിലവിലെ ഭരണഘടനക്കു അംഗീകാരം ലഭിച്ചത്. അമീർ തന്റെ മൂത്ത പുത്രനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നു. അമീറിനു പുത്രന്മാരില്ലെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രക്തബന്ധുവായ പുരുഷനെ കിരീടാവകാശിയായി പ്രഖ്യപിക്കുന്നു. അമീർ മരണപ്പെട്ടാൽ സ്വഭവികമായും കിരീടാവകാശി അടുത്ത അമീർ ആയി അധികാരമേൽക്കുന്നു. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി ആയിരുന്നു അമീർ. അദ്ദേഹത്തിന്റെ നാലാമത്തെ മകനായ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ആണ് ഇപ്പോഴത്തെ അമീർ[13]. 2013 ജൂൺ ചൊവ്വാഴ്ചയാണ് അദ്ദേഹം രാജ്യഭരണം ഏറ്റെടുത്തത്. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ ആദ്യ മൂന്ന് ആണ്മക്കളും കിരീടാവകാശം വേണ്ടെന്നു വെച്ചതിനാൽ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ആയിരുന്നു കിരീടാവകാശിയും ഡെപ്യൂട്ടി അമീറും. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഷെയ്ഖ് എന്നാണു അഭിസംബോധന ചെയ്യുക. സ്ത്രീകളെ ഷെയ്ഖ എന്നും.
- മന്ത്രിമാരും വകുപ്പുകളും
പ്രധാന മന്ത്രി :1) ഷേഇഖ് അബ്ദുള്ള ബിൻ നാസ്സർ ബിൻ ഖലീഫ അൽ ഥാനി. ഉപ പ്രധാനമന്ത്രി 2)HE Ahmed bin Abdullah bin Zaid al-Mahmoud മറ്റ് മന്ത്രിമാർ 3) HE Dr Khalid bin Mohamed al-Attiyah, Foreign Minister
4) HE Maj Gen Hamad bin Ali al-Attiyah, Minister of State for Defence Affairs and Cabinet member
5) HE Sheikh Abdulrahman bin Khalifa bin Abdulaziz al-Thani, Minister of Municipality and Urban Planning
6) HE Dr Mohamed bin Saleh al-Sada, Minister of Energy and Industry
7) HE Ali Sherif al-Emadi, Minister of Finance
8) HE Dr Hamad bin Abdul Aziz al-Kuwari, Minister of Culture, Arts and Heritage
9) HE Abdullah bin Khalid al-Qahtani, Minister of Public Health
10) HE Dr Ghaith bin Mubarak al-Kuwari, Minister of Endowments (Awqaf) and Islamic Affairs
11) HE Salah bin Ghanem bin Nasser al-Ali, Minister of Youth and Sports
12) HE Sheikh Ahmed bin Jassim bin Mohamed al-Thani, Minister of Economy and Trade
13) HE Dr Hassan Lahdan Saqr al-Mohannadi, Minister of Justice
14) HE Dr Issa Saad al-Jafali al-Nuaimi, Minister of Administrative Development
15) HE Dr Hessa Sultan al-Jaber, Minister of Communication and Information Technology
16) HE Dr Saleh Mohamed Salem al-Nabit, Minister of Development Planning and Statistics
17) HE Mohamed Abdul Wahed Ali al-Hammadi, Minister of Education and Higher Education
18) HE Abdullah Saleh Mubarak al-Khulaifi, Minister of Labour and Social Affairs
19) HE Ahmed Amer Mohamed al-Humaidi, Minister of Environment
20) HE Jassim Seif Ahmed al-Sulaiti, Minister of Transport
മുനിസിപ്പാലിറ്റികൾ
ഭരണ സൗകര്യത്തിനു വേണ്ടി ഖത്തറിൽ 10 മുനിസിപ്പാലിറ്റികൾ രൂപീകരിചിരിക്കുന്നു.ഇവിടെ ജനങ്ങൾ വോട്ട് ചെയ്താണു പ്രധിനിധികളെ തെരഞ്ഞെടുക്കുന്നതു.
- 1. ദോഹ
- 2 .അൽ ഗുവൈരിയ
- 3 .അൽ ജുമൈലിയ
- 4 .അൽ ഖോർ
- 5 .അൽ വകറ
- 6 .അൽ റയ്യാൻ
- 7 .അൽ ജരിയാൻ അൽ ബത്ന
- 8 .അൽ ഷമാൽ
- 9 .ഉമ്മു സലാൽ മുഹമ്മദ്
- 10. മിസ്സഈദ്
ജനങ്ങൾ
തദ്ധേശിയരിൽ ഭൂരിഭഗവും സൗദി അറേബ്യയിലെ നജ്ദിൽ നിന്നും കുടിയേറിയവരാണ്. ഇപ്പോഴത്തെ രാജകുടുംബമായ അൽ ഥാനികുടുംബം എ ഡി 1800-കളിൽ ഇവിടേക്കു വന്നവരാണ്. തദ്ദേശിയർ നൂറ് ശതമാനവും മുസ്‌ലിംകൾ. 2010 ലെ കാനേഷുമാരി കണക്കുപ്രകാരം 16,99,435 ആണു മൊത്തം ജനസംഖ്യ. ഇതിൽ 4,14,696 പേർ സ്ത്രീകളും 12,84,739 പുരുഷന്മാരുമാണ്[14]. ജോലിയവശ്യാർത്ഥം പുരുഷന്മാരായ വിദേശികൾ കൂടുതൽ എത്തുന്നതു കൊണ്ടാണു സ്ത്രീ -പുരുഷ അനുപാതത്തിൽ ഇത്ര വലിയ അന്തരം.
ഇന്ത്യാ - ഖത്തർ ബന്ധം
ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്.650000 ഇന്ത്യക്കാരന് ഖത്തറിൽ ഉള്ളത് , ഇത് ഖത്തറിലേ ആകെ ജനസംഖ്യയുടെ 25% ആണ്, 313000 പേരാണ് ഖത്തറികളുടെ ജനസംഖ്യ , ഇത് ആകെ ജനസംഖ്യയുടെ 12.10% മാത്രം (Population of Qatar by nationality 2017)ഇക്കാരണത്താൽ ഇന്ത്യക്കാർക്കു പുതുതായി വിസ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രധാന കമ്പനികളിലും ബാങ്കുകളിലും ഗവണ്മെന്റ് ജോലിയിലും എല്ലാം ഇന്ത്യക്കാർ ധാരാളമായി ജോലി ചെയ്യുന്നു. പ്രധാനമായും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. ഖത്തറിലെ ഇന്ത്യക്കാരിൽ എഴുപത് ശതമാനത്തോളം ആളുകളും മലയാളികളാണ്. ഖത്തറിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നതും മലയാളികൾ തന്നെ. ഇന്ത്യൻ എംബസി ദോഹയിൽ ONAIZA, വില്ല നമ്പർ 86 & 90, സ്റ്റ്രീറ്റ് നമ്പർ 941 ൽ പ്രവർത്തിക്കുന്നു. ഫോൺ:44255777
ഇന്ത്യൻ സംഘടനകൾ
ഐ.സി.ബി.എഫ് എന്ന പേരിൽ എംബസിയുടെ കീഴിൽ ഒരു സഹായ സംഘടന പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായി ഖത്തറിൽ താമസിക്കുന്നവരും, തൊഴിൽ സ്ഥലത്ത് പീഡനത്തിനിരയായവരും മറ്റുമായവർക്ക് സഹായം ചെയ്യുക എന്നതാണു സംഘടനയുടെ പ്രവർത്തനം[15]. കേരളത്തിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും, മത സംഘടനകൾക്കും ഖത്തറിൽ പോഷക ഘടകങ്ങളുണ്ട്.[16]
കാലാവസ്ഥ
ഊഷ്മാവ് ഡിഗ്രി സെൽഷ്യസിൽ
മാസം | ജനുവരി | ഫെബ്രുവരി | മാർച്ച് | ഏപ്രിൽ | മെയ് | ജൂൺ | ജൂലായ് | ആഗസ്റ്റ് | സെപ്റ്റംബർ | ഒക്ടോബർ | നവംബർ | ഡിസംബർ |
കൂടിയ ചൂട് ഡിഗ്രി സെ. | 22 | 23 | 27 | 32 | 38 | 46 | 48 | 44 | 41 | 35 | 29 | 24 |
കുറഞ്ഞ ചൂട് ഡിഗ്രി സെ. | 13 | 13 | 17 | 21 | 25 | 27 | 29 | 29 | 26 | 23 | 19 | 15 |
വിദ്യാഭ്യാസം
വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയ രാജ്യമാണ് ഖത്തർ. ജനങ്ങളിൽ പ്രത്യേകിച്ചു സ്ത്രീകളിൽ ഭൂരിഭാഗം പേരും ബിരുധ ധാരികളാണ്. ഖത്തരികളിൽ ഗണ്യമായ ഒരു വിഭാഗത്തിനു അറബി കൂടാതെ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രെഞ്ച് ഭാഷ അറിയും. ഖത്തർ സർവ്വകലാശാല ലോകത്തിലെ പ്രധാന സർവകലാശാലകളിൽ ഒന്നാണ്. കൂടാതെ അമേരിക്കൻ, യൂറോപ്യൻ സർവകലാശാലകളുടെ കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്.
ആരോഗ്യം
സ്വദേശികൾക്കും ഹെൽത്ത് കാർഡുള്ള വിദേശികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമാണ്. വിദഗ്ദ്ധ ചികിത്സക്കായി പണക്കാരായ ആളുകൾ ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ, തായിലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളെയാണു ആശ്രയിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ രണ്ടു വിഭാഗങ്ങളായാണ് ഇവിടെ ആശുപത്രികൾ പ്രവർത്തിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ സുപ്രീം ഹെൽത്ത് കൗൺസിലിനു കീഴിലും അത്യാഹിത വിഭാഗങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷ്ന്റെ കീഴിലുമാണു പ്രവർത്തിക്കുന്നതു. രാജ്യത്താകമാനം 20 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 23 അത്യാഹിത വിഭാഗങ്ങളുമാണുള്ളതു. വിദേശികൾ ഖത്തറിൽ പ്രവേശിച്ച് 15 ദിവസത്തിനുള്ളിൽ ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ഖത്തറിൽ വിവാഹത്തിനു മുമ്പു എച്.ഐ.വി. (എയ്ഡ്സ്) പരിശോധന നിർബന്ധമാണ്.
സാംസ്കാരികം
അറബ് ഇസ്‌ലാമിക സംസകാരത്തിലാണു ഖത്തറിന്റെ നാഗരികത വളർന്നുവന്നത്. കലാ കായിക വിനോദങ്ങളിലും, വസ്ത്രധാരണത്തിലും ,അഭിവാദ്യം ചെയ്യുന്നതിലും, ഭക്ഷണകാര്യത്തിലുമെല്ലാം ഈ സ്വാധീനം പ്രകടമാണ്. സമീപ കാലത്തായി പശ്ചാത്യ സംസകാരത്തിന്റെ കുത്തൊഴുക്കിൽ ഇതിനു മാറ്റം വരുന്നുണ്ടെങ്കിലും ജനങ്ങളിൽ ഗണ്യമായ വിഭാഗം ഇപ്പോഴും തങ്ങളുടെ സാംസ്കാരിക പാരമ്പര്യം മുറുകെ പിടിക്കുന്നവരാണ്.
ഇസ്‌ലാമിക് ആർട്ട് മ്യൂസിയം
ഇസ്‌ലാമിക കലകളുടെയും ,ചിത്രങ്ങളുടെയും അതുല്യമായ ഒരു ശേഖരണമാണു ഫ്രെഞ്ച് - ഇസ്‌ലാമിക് നിർമ്മാണ രീതിയിൽ ഉണ്ടാക്കിയ ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളതു. ഇന്ത്യ, ഇറാഖ്, ഇറാൻ, തുർക്കി, റഷ്യ, ചൈന തുടങ്ങിയ നാടുകളിൽ നിന്നുള്ള വസ്തുക്കളുടെ അപൂർവശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്[18].
ഖത്തർ മ്യുസിയം
ഖത്തരിന്റെ പൗരാണിക വസ്തുക്കളുടെ ശേഖരണമാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗൃഹോപകരണങ്ങൾ മുതൽ സൈനിക ഉപകരണങ്ങൾ വരെ ഇവിടെ കാണാം.
സിനിമ
ഖത്തറിൽ സിനിമാ നിർമ്മാണം നടക്കുന്നില്ല. എങ്കിലും 2008 മുതൽ ഫിലിം ഫെസ്റ്റിവൽ നടന്നുവരുന്നു. സിനിമ ശാലകളും പ്രവർത്തിക്കുന്നുണ്ട്.
സ്ത്രീ സ്വതന്ത്ര്യം
ഇസ്‌ലാം സ്ത്രീകൾക്കനുവദിച്ച എല്ലാ സ്വാതന്ത്ര്യവും ആസ്വദിക്കുന്നവരാണ് ഖത്തരി സ്ത്രീകൾ. കലാ കായിക രംഗത്തും, ഭരണം, ഉദ്യോഗം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യമാണുള്ളത്.
മത സ്വാതന്ത്ര്യം
ഇസ്‌ലാമാണു ഔദ്യോഗിക മതം. തദ്ദേശിയർ മുഴുവൻ മുസ്‌ലിംകളാണ്. എങ്കിലും എല്ലാ മതവിശ്വാസികൾക്കും സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ, ജൈന, പാർസി എന്നീ മതക്കാർ ഇവിടെയുണ്ട്. എല്ലാ മത വിശ്വാസികൾക്കും സ്വന്തമായി ആരാധനാലയങ്ങൾ സ്ഥാപിക്കാൻ അനുമതിയുണ്ട്.
ചർച്ചുകൾ
ഏതാണ്ടെല്ലാ സഭക്കളുടെയും ചർച്ചുകൾ ഇവിടെയുണ്ട്. കേരളത്തിലെ ബാവ, മെത്രാൻ കക്ഷികൾ ഉൾപ്പെടെ യഹോവ സാക്ഷികൾ ഒഴികെയുള്ള എല്ലാവർക്കും ഇവിടെ പ്രാർത്ഥനാലയങ്ങളുണ്ട്. ഇതിനാവശ്യമായ സ്ഥലം സർക്കാർ സൗജന്യമായി നൽകുന്നു.
അമ്പലങ്ങൾ
പൊതുവായ അമ്പലങ്ങൾ ഇനിയും നിർമ്മിക്കാൻ സ്ഥലം ലഭിച്ചിട്ടില്ല. എന്നാൽ വിവിധ തൊഴിലാളി ക്യമ്പുകളിൽ അമ്പലങ്ങൾ ഉണ്ട്. അന്താരാഷ്ട്രാ ഇസ്‌ലാമിക പണ്ഡിതസഭ അധ്യക്ഷൻ യൂസുഫ് അൽ ഖറദാവി അമ്പലങ്ങൾ നിർമ്മിക്കാൻ അനുമതിയും സ്ഥലവും നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പള്ളികൾ
എല്ലാ സ്ഥലങ്ങളിലും പള്ളികൾ സ്ഥാപിച്ച് പരിപാലിക്കുന്നത് ഔഖാഫ്[19] മന്ത്രാലയമാണ്. വെള്ളിയാഴ്ചകളിൽ ജുമുഅ പ്രസംഗങ്ങൾക്ക് ശേഷം ചില പള്ളികളിൽ മലയാളത്തിൽ അതിന്റെ പരിഭാഷ ഉണ്ടാകാറുണ്ട്.
വ്യവസായം
പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാൺത്തിൽ ലോകത്ത് മുൻ നിരയിലാണു ഖത്തറിന്റെ സ്ഥാനം.റാസ് ലഫ്ഫാൻ വ്യവസായ നഗരിയിൽ ലോകത്തിലെ പ്രധാന കമ്പനികൾക്കെല്ലാം പ്ലാന്റുകളുണ്ടു. സ്റ്റീൽ, അലുമിനിയം, രാസവളം നിർമ്മാണത്തിലും ഖത്തർ മുന്നേറിയിട്ടുണ്ടു.മെലാനിൻ ഉല്പാദനത്തിൽ ലോകത്ത രണ്ടാം സ്ഥാനം ഖത്തറിനാണു. ലോകത്ത് ഏറ്റവുമധികം പി വി സി അസംസ്കൃത വസ്തുക്കൾ ഉല്പദിപ്പിക്കുന്ന ഫാക്ടറികളിൽ ഒന്നാണു ഖത്തറിലെ മിസ്സഈദിലുള്ള കാപ്കൊ[20].
പെട്രോളിയം ഉത്പാദനം
1939 ദുഖാൻ എന്ന സ്ഥലത്താണു ആദ്യമായി പെട്രോളിയം കണ്ടെത്തിയത്. 1949 മുതൽ പെട്രോളിയം കയറ്റുമതി ആരംഭിച്ചു. 1974 മുതൽ പെട്രോളിയം ഖനനം ദേശസാൽക്കരിക്കുകയും ഇതിനുവേണ്ടി ഖത്തർ പെട്രോളിയം എന്ന പൊതു മേഖലാ കമ്പനി രൂപീകരിക്കുകയും ചെയ്തു[21]. ഇപ്പോൾ പ്രതി ദിനം 800,000 ബാരൽ എണ്ണ വിവിധ മേഖലകളിലായി ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി ഉത്പാദക രാജ്യമാണ് ഖത്തർ[22].
ഗ്യാസ് ഉത്പാദനം
ലോകത്ത് ഏറ്റവുമധികം ഗ്യാസ് ഉത്പാദിപ്പിക്കുന്ന രാജ്യം ഖത്തർ ആണ്[23]. ഖത്തറിന്റെ വാർഷിക ഗ്യാസ് ഉത്പാദനം 77 കോടി ടൺ ആണ്. ഗ്യാസ് കയറ്റി അയ്ക്കാൻ മാത്രമായി റാസ് ലഫ്ഫാൻ എന്ന സ്ഥലത്ത് വലിയ തുറമുഖം നിർമ്മിച്ചിട്ടുണ്ട്. 1999 മുതലാണ് ഖത്തർ ഗ്യാസ് കയറ്റുമതി ആരംഭിച്ചതു[24]. ഖത്തർ ഗ്യാസ്, റാസ് ഗ്യാസ് എന്നിവയാണ് പ്രധാന പൊതുമേഖലാ ഗ്യാസ് കമ്പനികൾ. ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളായ ഗെയിൽ, ഒ.എൻ.ജി.സി. എന്നിവയുമായി സഹകരിച്ചു ഇന്ത്യയിൽ വിവിധ പദ്ധതികൾ നടന്നുവരുന്നുണ്ട്. കൊച്ചി എൽ എൻ ജി ടെർമിനൽ അത്തരത്തിലൊന്നാണ്.[25]
ഖത്തർ മുത്ത്
പെട്രോൾ കണ്ടെത്തുന്നതിനു മുമ്പ് ഖത്തറിന്റെ പ്രധാന വരുമാനം മുത്ത് വ്യപാരത്തിലൂടെയായിരുന്നു. കടലിന്നടിയിലെ ഒരിനം കക്കയിൽ (ഓയിസ്റ്റർ) നിന്നുമാണ് പ്രകൃതി ദത്തമായ മുത്തുകൾ ശേഖരിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസക്കാലമാണ് മുത്തു വേട്ട നടത്തുക. അറബിയിൽ മുത്തിനു ലുലു എന്നാണ് പറയുക. മുത്തു വ്യാപാരം പ്രധാനമായും ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണ് നടത്തിയിരുന്നതു. ലോകത്ത് പ്രകൃതിദത്ത മുത്തുകൾ ഏറ്റവുമധികം ലഭിക്കുന്നത് ഇവിടെയാണ്.
സ്പോർട്സ്
2006 ൽ ഏഷ്യൻ ഗെയിംസിനു ആതിഥ്യമേകിയതോടെയാണ് ഖത്തറിൽ കായിക രംഗത്ത് ഉണർവ്വുണ്ടായത്. ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിയാതിരിക്കാൻ അവരെ കായിക വിനോദങ്ങളിൽ താല്പര്യമുള്ളവരാക്കുന്നതിലൂടെ കഴിയുമെന്നതിനാൽ വൻ പ്രോൽസാഹനമാണ് ഈ രംഗത്തിനു സർക്കാർ നൽകുന്നത്. എല്ലാ മുനിസിപ്പാലിറ്റികളിലും സ്പോർട്സ് സ്റ്റേഡിയങ്ങളും, ക്ലബ്ബുകളും ഉണ്ട്. സ്കൂളുകളിൽ നിർബന്ധ കായിക പരിശീലനം നൽകുന്നു. അതിനു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സമർത്ഥരായ കായിക താരങ്ങളെ വിലക്കെടുത്ത് അവരെ ഖത്തറിന്റെ ദേശീയ താരങ്ങളാക്കി അന്താരാഷ്ട്രാ മൽസരങ്ങളിൽ വിജയിക്കാൻ ശ്രമിക്കുന്നു. കുതിരപ്പന്തയം, കാല്പന്തു കളി എന്നൈവക്ക് വലിയ പ്രോൽസാഹനമാണ് ലഭിക്കുന്നത്.കുതിരപ്പന്തയം കാണാൻ പോകുന്നവർക്കു പോലും സമ്മാനങ്ങൾ നൽകുന്നു. ഇവക്കു പുറമെ കാറോട്ടം, മോട്ടോർ സൈക്കിൾ ഓട്ടം എന്നിവക്കും പരിശീലനം നൽകി വരുന്നു. ഒളിംബിക്സിൽ ഖത്തർ രണ്ട് വെങ്കലം നേടിയിട്ടുണ്ടു. 2022 ലെ ലോകകപ്പ് ഫുട്ബോൾ മത്സരം ഖത്തറിൽ നടക്കും. 2010 ഡിസംബർ 2 നാണ് ഫിഫ ഖത്തറിനെ തിരഞ്ഞെടുത്തത്.
പ്രധാന ആകർഷണങ്ങൾ
മരുഭൂമിയെ മലർവാടിയാക്കി മാറ്റിയ കാഴ്ചയാണു ദോഹ അന്താരഷ്ട്ര വിമാനത്തവളത്തിൽ നിന്നും പുറത്തിറങ്ങുന്ന ഒരാൾക്ക് കാണാൻ കഴിയുക. റോഡരികുകളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് അൽങ്കരിച്ചിരിക്കുന്നു. കടുത്ത ചൂടിൽ നിന്നും ഇവയെ സംരക്ഷിക്കാൻ വലിയ അധ്വാനവും പണവുമാണു ചെലവഴിക്കുന്നത്.
- വകറ കടൽത്തീരം
- കോർണീഷ്
- ഖത്തറിലെ പടവാളിന്റെ രൂപത്തിലുള്ള ആർച്ച്
- ദോഹ കോർണിഷിലെ അംബരചുംബികൾ
- ഖത്തർ ഷമാൽ കടൽ തീരത്ത് നിന്നുള്ള സൂര്യാസ്തമയം
- ഷമാൽ സ്പോർട്സ് ക്ലബ് -ഷമാൽ റോഡിൽ നിന്നുള്ള വീക്ഷണം.
അൽ കോർണീഷ്
ദോഹ നഗരം മൂന്നുഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഒരു മുനമ്പ് ആണു. ഇവിടുത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് കടൽത്തീരത്താണ്. ദോഹ കടൽ തീരം കോണീഷ് എന്നാണു അറിയപ്പെടുന്നതു. ഖത്തറിന്റെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണിത്.
വകറ ബീച്ച്
തെളിഞ്ഞ നീല ജലം ഉള്ള ഇവിടെ ആഴ്ചാവസാനത്തിൽ ഉല്ലസിക്കാനെത്തുന്നവർക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കടലിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഗ്വാർഡുകളെ ഏർപ്പെടുത്തിയിട്ടുണ്ട്.അതി മനോഹരമാണു ഈ കടൽത്തീരം.
ഫുറൂസിയ
കുതിരപ്പന്തയം നടക്കുന്ന സ്ഥലം.ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരപ്പന്തയങ്ങളാണു ഇവിടെ നടത്താറുള്ളതു. അറബികളുടെതായി മേൽത്തരം കുതിരകളുടെ ഒരു വൻ നിര തന്നെ ഇവിടെയുണ്ട്.കുതിരകൾക്കെല്ലാം അറബിപ്പേരാണെന്നതു മലയാളികൾക്കു കൗതുകമാണു.
എൻഡ്യൂറൻസ് വില്ലേജ്
സാഹസിക വിനോദങ്ങൾക്കു വേണ്ടിയുള്ള ഇവിടുത്തെ മരുഭൂമിയുടെ ഉള്ളറകളിലൂടെയുള്ള യാത്ര അതീവ രസകരവും കൗതുകം ജനിപ്പിക്കുന്നതുമാണു.മണൽക്കുന്നിൽ നിന്നും മണൽ കുന്നിലേക്ക് പ്രത്യേകം നിർമ്മിച്ച നാലു ചക്ര വഹനത്തിൽ യാത്ര ചെയ്യാൻ അതീവ ധൈര്യശാലികൾക്കു മാത്രമെ കഴിയുകയുള്ളു.ഇവിടെ ആഴ്ചകളോളം വന്ന് ടെന്റുകൾ കെട്ടി പർക്കുന്നത് അറബികളുടെ പതിവാണു.
പേൾ ഖത്തർ
ഖത്തറിലെ ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനം.കടൽ നികത്തി കൃത്രിമമായി നിർമ്മിച്ച ഈ ദ്വീപ് പണി പൂർത്തിയായാൽ 41,000 പേർക്കു താമസിക്കനുള്ള സൗകര്യങ്ങൾക്കൊപ്പം വലിയ ഷോപ്പിംഗ് സെന്റരുകളും ഉൾക്കൊള്ളുന്നു.വ്യത്യസ്ത ശ്രേണിയിലുള്ള ജനങ്ങൾക്കായി വിവിധ തരം വില്ലകളാണു നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.32 കി.മി.കടൽത്തീരമാണു ഇതിനുവേണ്ടി ക്രിത്രിമമായി നിർമ്മിച്ചതു.ഓരോ വീട്ടിലേക്കും കടലിൽ നിന്നും കരയിൽ നിന്നും പ്രവേശനം ലഭിക്കുന്ന രീതിയിലാണു ഇതിന്റെ നിർമ്മാണം നടത്തിയിട്ടുള്ളതു.ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണു ഇതിന്റെ ഉടമസ്ഥർ.മുത്തു വ്യാപാരത്തിലൂടെ അതി സമ്പന്നരായി മറിയ അവർ ഈ ക്രിത്രിമ ദ്വീപിനും മുത്ത് എന്നർത്ഥം വരുന്ന പേൾ( en:Pearl -ar:لؤلؤ) എന്നു തന്നെ പേരു നൽകിയത് ഉചിതമായി [26]
മാധ്യമ സ്വാതന്ത്ര്യം
ഭരണകൂടത്തെയും ജി.സി.സി രാഷ്ട്രങ്ങളെയും അത് പോലെ ഇസ്ലാമിക ശരീഅത്തിനെയും വിമർശിക്കാത്ത അമിതമായ അശ്ലീലതയില്ലാത്ത ഏതു പ്രസിദ്ധീകരണത്തിനും അനുമതി ലഭിക്കും. പ്രത്യേക സെൻസറിങ്ങ് ഇല്ല.
അൽ ജസീറ
ഖത്തറിന്റെ പ്രശസ്തി ലോകത്ത് വ്യാപിപ്പിച്ചത് അൽ ജസീറ ചാനൽ ആണു. നിഷ്പക്ഷമായി ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടി വാർത്തകൾ അവതരിപ്പിക്കുന്നതിൽ ഈ ചാനൽ വിജയിച്ചു. ഇപ്പോൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്നു. ഇതിനു പുറമെ കായിക വർത്തകൾക്ക് മത്രമായും, കുട്ടികൾക്കു മാത്രമായും പ്രത്യേകം ചാനലുകളുണ്ട്. ഇതോടനുബന്ധമായി ഒരു മാധ്യമ പഠന കേന്ദ്രവും പ്രവർത്തിക്കുന്നു. മറ്റു മാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ അൽ ജസീറക്കു ബാധകമല്ല. ഔദ്യോഗിക ചാനലായ ഖത്തർ ടി.വി വേറെത്തന്നെയാണു പ്രവർത്തിക്കുന്നതു.
പത്രങ്ങൾ
അറബി ,ഇംഗ്ലീഷ് പത്രങ്ങൾക്കു പുറമെ മലയാള പത്രങ്ങളായ സിറാജ് വർത്തമാനവും മാധ്യമവും ചന്ദ്രികയും ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. മറ്റ് മലയാള പത്രങ്ങൾ ഉച്ചയോടെയാണു ലഭിക്കുക.
- 1 .ഗൾഫ് ടൈംസ് .ഇംഗ്ലീഷ്.
- 2 .ദി പെനിൻസുല .ഇംഗ്ലീഷ്.
- 3 .ഖത്തർ ട്രൈബ്യൂൺ .ഇംഗ്ലീഷ്.
- 4 .അശ്ശർഖ് .അറബി.
- 5 .അൽ റായ .അറബി.
- 6 .അൽ വത്വൻ .അറബി.
- 7 .അൽ അറബ് .അറബി.
- 8. വർത്തമാനം . മലയാളം
- 9 .ഗൾഫ് മാധ്യമം.മലയാളം
- 10 .മീഡിലിസിറ്റ് ചന്ദ്രിക .മലയാളം
- 11 .തേജസ് .മലയാളം
- 12 സിറാജ് .മലയാളം
ഗതാഗത സംവിധാനം
ഖത്തറിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു റോഡു ഗതാഗതമാണ്ള്ളത്. സൗദി അറേബ്യയുമായി ബന്ധപ്പെടുന്ന സൽവാ റോഡ്, അൽ ഖോർ റോഡ്, ദുഖാൻ റോഡ്, ഷമാൽ റോഡ് അന്നിവയാണ് പ്രധാന പാതകൾ. ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുവാൻ കർശനമായ പരീക്ഷകൾ പാസ്സാകണം. നിയമ ലംഘനങ്ങൾക്കു ഏറ്റവും കൂടുതൽ തുക പിഴ ശിക്ഷയീടാക്കുന്ന രാജ്യം ഖത്തറാണ്. ഇവിടെ റയിൽവെ ഇല്ല. ചരക്കുകൾ എത്തിക്കുന്നത് ട്രക്കുകളിലും, കപ്പലുകളിലും, വിമാനങ്ങളിലുമാണ്. ഒരു വിമാനത്താവളവും അഞ്ച് തുറമുഖങ്ങളുമുണ്ട്. ഇതിൽ ദോഹ ഒഴികെയുള്ള തുരമുഖങ്ങൾ എണ്ണ കയറ്റുമതിക്കു മാത്രമാണ് ഉപയോഗിക്കുന്നതു. ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സ് ലോകത്തിലെ മുൻനിര കമ്പനിയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും പ്രതിദിനം 20 വിമാനങ്ങൾ വിവിധ എയർലൈനുകൾ ദോഹയിലേക്കു സർവീസ് നടത്തുന്നുണ്ട്.
സൈന്യം
വളരെ ചുരുങ്ങിയ അംഗസംഖ്യ മാത്രമുള്ള ചെറിയ ഒരു സൈന്യമാണ് ഖത്തറിനുള്ളത്.
പോലീസ്
പൊതുജന സൗഹൃദത്തിലും ജനസേവനത്തിലും മികച്ചുനിൽക്കുന്നവരാണ് ഖത്തർ പോലീസ്. ഇന്റെർ പോളിന്റെ ഒരു ആസ്ഥാനം ദോഹയിലുണ്ട്[27].
നയതന്ത്ര രംഗത്ത് മികവിന്റെ ഉദാഹരണങ്ങൾ
- ഖത്തറിന്റെ മികച്ചനയതന്ത്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ദോഹയിൽ 2007 ഡിസംബർ ആദ്യവാരം നടന്ന ഇരുപത്തെട്ടാമത് ഗൾഫ് സഹകരണ സമിതി ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റ് മഹ് മൂദ് അഹ് മദി നജാദിനെ ക്ഷണിച്ച നടപടി.ജിസിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇറാൻ ഗൾഫ് ഉച്ചകോടിയിൽപങ്കെടുക്കുന്നത്.അമേരിക്കയുമായി ഉറ്റബന്ധം പുലർത്തുന്നതോടൊപ്പം തന്നെ ഇറാനെ ക്ഷണിക്കാൻ ഖത്തർ കാണിച്ച തൻറേടം അന്താരാഷ്ട്ര മാധ്യമങ്ങളുടെപ്രശംസക്ക് പാത്രമായിരുന്നു.വിവിധകാരണങ്ങളാൽ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ ബന്ധം ആടിയുലയുന്ന നിർണായകസന്ധിയിലാണ് ഈ ഗൾഫ്-പേർഷ്യൻ ഒത്തുകൂടലുണ്ടായത്.
- പശ്ചിമേഷ്യൻ വിഷയങ്ങളിൽ ഖത്തറിനു വ്യക്തമായ നിലപാടുണ്ട്.ആ നിലപാടുകൾ ഏത് വേദിയിലും തുറന്നുപറയാനുള്ള ധൈര്യവും തൻറേടവും ഇവിടത്തെ ഭരണാധികാരികൾ കാണിക്കുന്നു. അതിന്റെ മാതൃകകളായിരുന്നു അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി മാസങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്ര സഭയിലും യൂറോപ്യൻ പാർലമെൻറിലും ചെയ്ത പ്രസംഗങ്ങൾ.ഫലസ്തീൻ,ലബനാൻ
വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും സുഹൃദ് രാജ്യങ്ങളുടെ നെറ്റിചുളിയാനിടവരുത്താറുണ്ട്.ഫലസ്തീനിലെ വിമോചനപോരാട്ടത്തെ ഭീകരതയായി ചിത്രീകരിക്കുന്നതിനും ഇസ്രായേലിന്റെ ക്രൂരതകൾക്കും അധിനിവേശത്തിനും എതിരെ ഐക്യരാഷ്ട്രസഭയിലും ഇതര അന്താരാഷ്ട്രവേദികളിലും ഖത്തർ നിരന്തരം ശബ്ദമുയർത്തുന്നു.ഹമാസ് സർക്കാറിന്റെ കാലത്ത് ഫലസ്തീനിലെ വിദ്യാഭ്യാസ,ആരോഗ്യ വകുപ്പുകളിലെ ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകിയ ഖത്തറിന്റെ നടപടി മാതൃകാപരമായിരുന്നു.
- കഴിഞ്ഞ വർഷം ഇസ്രായേലിന്റെ ആക്രമണത്തിൽ തരിപ്പണമായ ലബനാൻ സന്ദർശിച്ച ആദ്യ അറബ് നേതാവ് ഖത്തർ അമീറായിരുന്നു. ലബനനിൽ ഖത്തർ ഏറ്റെടുത്ത മൂന്നുനഗരങ്ങളുടെ പുനർനിർമ്മാണം പൂർത്തിയായിവരുന്നു.ദക്ഷിണ ലബനാനിലെ അന്താരാഷ്ട്ര ക്രമസമാധാന സേന(യൂനിഫിൽ)യിൽ കഴിഞ്ഞ ഒന്നര വർഷക്കാലം ഖത്തർ അംഗമായിരുന്നു.പ്രസ്തുത സേനയിൽ ചേർന്ന ഏക അറബ് രാജ്യവും ഖത്തറായിരുന്നു.ലബനാൻ–ഇസ്രായേൽ സംഘർഷത്തിനറുതി വരുത്തിക്കൊണ്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നതിൽ ഏഷ്യൻ,അറബ് പ്രതിനിധിയെന്ന നിലയിൽ ഖത്തർ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇറാഖ്, സുഡാൻ,സൊമാലിയഎന്നിവിടങ്ങളിലെ പ്രശ്നങ്ങളിലും രക്ഷാസമിതിയിൽ(2006-2007കാലയളവിൽ) അറബ് ശബ്ദമായി വർത്തിച്ചതും മറ്റാരുമല്ല.കുട്ടികളിൽ എയിഡ്സ് വൈറസ് കുത്തിവെച്ച കുറ്റത്തിന് ബൾഗേറിയൻ ഡോക്ടർമാർക്ക് ലിബിയൻ കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിച്ചത് ഖത്തറിന്റെ യുക്തിപൂർവമായ ഇടപെടലായിരുന്നു.ബൾഗേറിയൻ ഡോക്ടർമാരെ കൊലക്കയറിൽ നിന്ന് രക്ഷിച്ചത് ഖത്തറിന്റെ മധ്യസ്ഥതയായിരുന്നു.
- യമനിലെ സ്വഅദ: പ്രവിശ്യയിൽ വിമത കലാപം തലപൊക്കിയതിനെ തുടർന്നുണ്ടായ ആഭ്യന്തര സംഘർഷത്തിന് തൽകാലത്തേക്കെങ്കിലും അറുതിവരുത്തിയത് ഖത്തറിന്റെ മാധ്യസ്ഥതയിലാണ്.2008 ഫെബ്രുവരിയിൽ ദോഹയിലാണ് യമൻ സർക്കാരും വിമത വിഘടനവാദികളായ ഹൂഥികളും തമ്മിലുള്ള വെടിനിർത്തൽ കരാർ ഒപ്പിട്ടത്.ഖത്തറിന്റെ ഈ മാധ്യസ്ഥത അറബ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി.
- സയണിസ്റ്റ് രാഷ്ട്രത്തിന്റെ അധിനിവേശനടപടികളെ നഖശിഖാന്തം എതിർക്കുമ്പോൾ തന്നെ സ്വന്തം മണ്ണിൽ ഇസ്രായേലിന്റെ വാണിജ്യ കാര്യാലയത്തിനു പ്രവർത്തനാനുമതി നൽകിയത് വൈരുദ്ധ്യമായി
തോന്നിയേക്കാം.എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി വ്യക്തമാക്കിയിരുന്നു.അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായുമുള്ള അടുത്ത ബന്ധം അനിവാര്യമാണെന്നാണ് ദോഹയുടെ അഭിപ്രായം.അതേസമയം തന്നെ അമേരിക്കക്കും മറ്റും തലവേദന സൃഷ്ടിക്കുന്ന അൽജസീറ ചാനലിനെ നിയന്ത്രിക്കണമെന്ന നിരന്തര ആവശ്യങ്ങൾ ഖത്തർ തള്ളുകയായിരുന്നു.തങ്ങൾക്കുതന്നെ തലവേദനസൃഷ്ടിച്ചാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ ഉദ്ദേശ്യമില്ലെന്ന് പ്രധാനമന്ത്രി തന്നെ പ്രസ്താവിക്കുകയുണ്ടായി.ചാനലിന്റെ ചില റിപ്പോർട്ടുകളിൽ പ്രതിഷേധിച്ച് തുനീഷ്യ ഖത്തറിൽ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചിരുന്നു.സൗദി രാജകുടുംബത്തെ വിമർശിക്കുന്ന പരിപാടി അൽജസീറ സംപ്രേഷണം ചെയ്തതിനെ തുടർന്ന് സൗദി ദോഹയിലെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.(2008 മാർച്ച് ഒമ്പതിനാണ് അതിന് പുതിയ സൗദി അംബാസഡർ ദോഹയിലെത്തിയത്)ഇത്രയൊക്കെയായിട്ടും ചാനലിന്റെ പ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് മാത്രമല്ല,അതിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സും സർക്കാർ തന്നെയാണെന്നതാണ് കൗതുകകരം.
- ഗൾഫ് മേഖലയിൽ അമേരിക്കയുടെ ശക്തമായ സൈനിക താവളങ്ങളിലൊന്ന് ഖത്തറിലാണ്.സ്വന്തം സുരക്ഷയുടെ കൂടി ഭാഗമാണ് യാങ്കി സൈനിക സാന്നിധ്യമെന്ന് ഖത്തർ ഭരണാധികാരികൾ തന്നെ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ തികച്ചും വ്യതിരിക്തവും എന്നാൽ വൈരുദ്ധ്യമുള്ളതെന്ന് തോന്നിക്കുന്നതുമായ നയതന്ത്രം അപൂർവമായിരിക്കാം.എന്നാൾ ഇതിനെല്ലാം ഖത്തറിന്റെ പക്കൽ കൃത്യമായ മറുപടിയുണ്ട്-ഒരുബന്ധവും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിനു തടസ്സമാകരുത്.ഒന്നും മറ്റൊന്നിന്റെ ചെലവിലാകരുത്.ഇതുതന്നെയാണ് ഖത്തറിന്റെ വിദേശ നയത്തിന്റെ കാതലും
അവലംബം
- http://www.nationalanthems.info/qa.htm NationalAnthems.info
- http://qatar.embassyhomepage.com/qatari_language_learn_qatari_language_schools_qatari_dictionary_online_holiday_phrases_in_qatari_embassy_london_uk.htm EmbassyHomePage
- "Populations". Qsa.gov.qa. ശേഖരിച്ചത്: 2010-10-02.
- "Qatar". International Monetary Fund. ശേഖരിച്ചത്: 2010-04-21.
- "Human Development Report 2009: Qatar". The United Nations. ശേഖരിച്ചത്: 2009-10-18.
- Pronunciation adopted by Qatar Airways' advertisements, such as Qatar Airways: the Art of Flight Redefined
- "CMU Pronouncing Dictionary". CS. ശേഖരിച്ചത്: 28 March 2010.
- Johnstone, T. M. (2008). "Encyclopaedia of Islam". Ķaṭar. Brill Online. ശേഖരിച്ചത്: 22 January 2013. (subscription required)
- "How do you say 'Qatar'? Senate hearing has the answer". Washington Post. 12 June 2014. ശേഖരിച്ചത്: 12 March 2015.
- http://www.worldatlas.com/aatlas/populations/ctyareas.htm WorldAtlas.com
- http://www.qatarvisitor.com/index.php?cID=439&pID=1487
- http://www.diwan.gov.qa/english/Qatar/Qatar_History.htm
- http://www.gulf-times.com/qatar/178/details/357408/sheikh-tamim-to-be-emir
- http://www.qsa.gov.qa/QatarCensus/Pdf/Population_by_sex_and_municipality.pdf
- http://icbfqatar.org/ ICBF
- http://www.nrirealtynews.com/qatar.php
- weather.com
- http://www.mia.org.qa/en/collections MIA
- http://www.islam.gov.qa/
- http://www.industriesqatar.com.qa/IQ/IQ.nsf/en_Index?ReadForm
- http://www.qp.com.qa/en/Homepage/AboutUs.aspx Qatar Petroleum
- http://oilprice.com/Energy/Natural-Gas/Qatar-The-Worlds-Biggest-LNG-Producer-Holding-Onto-Its-Gas.html Oil Price
- http://www.qatargas.com.qa/English/Pages/default.aspx QatarGas
- http://www.qatargas.com.qa/news.aspx?id=217528 ഖത്തർ ഗ്യാസ്
- [http://timesofindia.indiatimes.com/city/thiruvananthapuram/Kochi-LNG-Terminal-in-2009-Tripathi/articleshow/1008875.cms
- theperalqatar.com
- http://www.moi.gov.qa/site/english/ moi.gov.qa
- ദി പെനിൻസുല ഇംഗ്ലീഷ് ദിനപത്രം
- അൽജസീറ ചാനൽ വെബ്സൈറ്റ് ഇംഗ്ലീഷ് വിഭാഗത്തിൽ ഖത്തർ എന്ന് തിരയുക.
- അൽഅറബിയ ചാനൽ വെബ്സൈറ്റ് ഇംഗ്ലീഷ് വിഭാഗത്തിൽ ഖത്തർ എന്ന് തിരയുക.
- മാധ്യമം-പ്രഥമ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രം2007 ഡിസംബർ 18ന് ഖത്തർ എഡിഷനിൽ പ്രസിദ്ധീകരിച്ച ഖത്തർ ദേശീയ ദിന സപ്ലിമെന്റ് നോക്കുക.
http://priyadsouza.com/population-of-qatar-by-nationality-in-2017/