കുട്ടാടൻ

മൂപ്പ് കൂടിയ ഒരു പരമ്പാരഗത നെല്ലിനമാണ് കുട്ടാടൻ[1]. ഏകദേശം പത്ത് മാസത്തോളമാണ് ഇതിന്റെ മൂപ്പ്. മേടത്തിൽ വിതച്ച് രണ്ട് കാലവർഷങ്ങളും പിന്നിട്ട് മകരമാസത്തിലാണ്[2] ഈ ഇനം നെല്ലിന്റെ കൊയ്ത്ത്.

കുട്ടാടൻ നെല്ലിന്റെ അരി

കൃഷിരീതി

ഇടവപ്പാതിക്ക് മുമ്പ് നിലമൊരുക്കി വിത്ത് വിതയ്ക്കുന്നു.(നുരിവിതയാണ് പതിവ്. കാളകൊണ്ട് പൂട്ടി, ഉഴവ് ചാലിൽ ഓരോ പിടിയായി വിത്തിടുന്ന രീതി). മഴ തുടങ്ങുന്നതിന് മുമ്പേ ഞാറു വളർന്ന് വലുതാകണം. ഒരു പൂവ് മാത്രം കൃഷി ചെയ്യാൻ സാധിക്കുന്ന വെള്ളക്കെട്ട് അധികമുള്ള പ്രദേശങ്ങളിലാണ് ഈ നെല്ല് കൃഷിചെയ്തിരുന്നത്. വെള്ളത്തിന് മീതെ വളർന്നു പൊന്താൻ ശേഷിയുള്ള ഈ ഇനം വളരെ ഉയരം വരുന്നവയാണ്. ഇടവപ്പാതിയെ അതിജീവിച്ച് വളർന്നുവരുന്ന ഞാറിൻ തൈകൾക്ക് ചിങ്ങമാസത്തിൽ മഴയ്ക്ക് ശമനമാകുന്നതോടെ ഒന്നാം വളമിടുന്നു. മറ്റുള്ള ഇനങ്ങളെ അപേക്ഷിച്ച് നന്നായി ചിനപ്പുകൾ പൊട്ടുന്ന ഇനമാണ് കുട്ടാടൻ. വളർച്ചയുടെ പ്രത്യേക അന്തരീക്ഷം കൊണ്ടുതന്നെ ഓരോ ഘട്ടങ്ങൾ അതിജീവിച്ച് വരുമ്പോഴേക്കും തൈകളുടെ എണ്ണം കുറവായിരിക്കും. വളർച്ചയുടെ മധ്യത്തിലേക്ക് കടക്കുന്നതോടെ തുലാവർഷം ആരംഭിക്കും. വീണ്ടും ഈ ചെടികൾ വെള്ളത്താൽ മൂടപ്പെടും.മഴയ്ക്ക് ശേഷം രണ്ടാം വളം നൽകുന്നതോടെ കൂടുതൽ കരുത്തിൽ ചിനപ്പുകൾ പൊട്ടുന്ന ഇവ മൂപ്പെത്തി മകരമാസത്തോടെ കൊയ്ത്തിന് തയ്യാറാകുന്നു.

പ്രത്യേകതകൾ

മറ്റ് ഇനങ്ങളെ അപേക്ഷിച്ച് വിളവ് വളരെയധികം ലഭിക്കുന്നു എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. നീളം കൂടിയ വിസ്താരാമുള്ള ചിനപ്പുകൾ അരിഞ്ഞെടുക്കുന്നത് ശ്രമകരമായ ഒരു കാര്യമാണ്. ഉയരം കൂടിയ ഇനമായതിനാൽ തന്നെ ഭൂരിഭാഗം നെൽചെടികളും തറയിലേക്ക് പതിഞ്ഞ് വീണിരിക്കും.

സങ്കരനെൽവിത്തുകളുടെ പ്രചാരത്തോടെ ഈ നെല്ലിനം ഏതാണ്ട് നാമാവശേഷമായിട്ടുണ്ട്. ഈയിനം നെല്ലിനം കൃഷിചെയ്തിരുന്ന പാടശേഖരങ്ങളെ കുട്ടാടൻ പാടങ്ങളെന്ന് വിളിച്ചിരുന്നു. തൃശ്ശൂർ മേഖലയിലെ കോൾപ്രദേശങ്ങളിൽ ഒരുകാലത്ത് വ്യാപകമായി കൃഷിചെയ്തിരുന്ന ഒരിനം നെൽവിത്താണിത്.

അവലംബം

  1. ഡോ. റോസ് മേരി ഫ്രാൻസിസ് അസിസ്റ്റന്റ് പ്രൊഫസർ, ആർ.എ.ആർ.എസ്. "ഈ വിത്തുകൾ, പൈതൃകസ്വത്ത്". പട്ടാമ്പി: കാർഷിക കേരളം. ശേഖരിച്ചത്: 2013 ജൂൺ 30.
  2. "പൂക്കോട് ഗ്രാമപഞ്ചായത്ത് - കാർഷികചരിത്രം". lsgkerala. ശേഖരിച്ചത്: 2013 ജൂൺ 30.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.