കിണ്ണത്തപ്പം

കിണ്ണത്തിൽ ഉണ്ടാക്കുന്ന ഒരു തരം മധുരപലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തിൽ നിർമ്മിക്കുന്നതുകൊണ്ടും ആകൃതി കൊണ്ടുമാണ് ഈ പലഹാരത്തിന് കിണ്ണത്തപ്പം എന്ന പേര് വന്നത്. ഇതിന്‌ കിണ്ണനപ്പം, കിണ്ണപ്പം, കിണ്ണിയപ്പം എന്നീ പേരുകളുമുണ്ട്‌.കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇതിന്റെ നിർമ്മാണരീതിയിൽ പ്രകടമായ വ്യത്യാസമുണ്ട്. കണ്ണൂരിലെ മിക്ക ഗൃഹപ്രവേശത്തിനും കല്ല്യാണ സത്കാരങ്ങൾക്കും നോമ്പ്തുറകൾക്കും ചായയോടൊപ്പം ഈ പലഹാരത്തെ കാണാൻ സാധിക്കും. അരിപ്പൊടി, തേങ്ങാപ്പാൽ, പഞ്ചസാര തുടങ്ങിയവകൊണ്ടാണ് ഈ പലഹാരം നിർമ്മിക്കുന്നത്. മദ്ധ്യകേരളത്തിലെ കിണ്ണത്തപ്പം വൈകുന്നേരത്തെ ചായയുടെ പലഹാരമാണ്. കൂടാതെ മലബാർ കിണ്ണത്തപ്പത്തെ അപേക്ഷിച്ച് ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.

കിണ്ണത്തപ്പം
മദ്ധ്യകേരളത്തിലെ കിണ്ണത്തപ്പം
കിണ്ണത്തപ്പം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരിപ്പൊടി, വെല്ലം/പഞ്ചസാര, തേങ്ങാപ്പാൽ, കടലപ്പരിപ്പ്, ഏലക്ക
വകഭേദങ്ങൾ : മലബാർ കിണ്ണത്തപ്പം, കിണ്ണത്തപ്പം (മധ്യകേരളം)

മലബാർ കിണ്ണത്തപ്പം

മലബാർ കിണ്ണത്തപ്പം - കഷണങ്ങളാക്കിയത്

അരിപ്പൊടി, വെല്ലം, തേങ്ങാപ്പാൽ, കടലപ്പരിപ്പ്, ഏലക്ക എന്നിവയാണ് മലബാർ കിണ്ണത്തപ്പത്തിന്റെ പ്രധാന ചേരുവകൾ. ചേർത്ത വെല്ലത്തിനെ അനുസരിച്ച് ഇതിന്റെ നിറം കടും കാപ്പിയോ കറുത്ത നിറമോ ആയിരിക്കും. ഇതിന്റെ പാചകം അല്പ്പം ആയാസം നിറഞ്ഞതാണ്. കൂട്ടുകൾ ഉരുളിയിൽ മൂന്ന് മണിക്കൂറിലധികം ഇളക്കിക്കൊണ്ടേ ഇരിക്കേണ്ടതിനാൽ കുറഞ്ഞത് മൂന്ന് ആളെങ്കിലും അടുപ്പിനടുത്ത് വേണം. കൂട്ട് കുറുകി വരുന്നതിനനുസരിച്ച് ഇത് കൂടുതൽ ആയാസകരമാകും. ഇത് കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കുമ്പോൾ ഒരുപാട് ഒരുമിച്ച് ഉണ്ടാക്കുകയാണ് പതിവ്.

ചേരുവകൾ

  • അരിപ്പൊടി: ഒന്നരക്കപ്പ്
  • ശർക്കര  : 500ഗ്രാം
  • തേങ്ങാപ്പാൽ  : ഒന്നരക്കപ്പ്
  • വെള്ളം എട്ട്  : കപ്പ്
  • നെയ്യ്  : അരക്കപ്പ്
  • കടലപ്പരിപ്പ്  : കാൽ കപ്പ്
  • ഏലക്കായ  : 3 എണ്ണം നുറുക്കിയത്

തയ്യാറാക്കുന്ന വിധം

കാൽ കപ്പ് വെള്ളത്തിൽ ശർക്കര പൂർണ്ണമായും ഉരുക്കിയെടുക്കുക. കടലപ്പരിപ്പ് അൽപ്പം മൃദുവാവുന്ന വരെ വേവിച്ച് മാറ്റി വെക്കുക. അരിപ്പൊടി, ഉരുക്കിയ ശർക്കര, വെള്ളം എന്നിവ ഒരു കപ്പ് തേങ്ങാപ്പാലിനോട് ചേർത്ത് കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം ഒരു ഉരുളിയിലൊഴിച്ച് അടുപ്പിന് മുകളിൽ വെക്കുക. ഇളക്കിക്കൊണ്ടേ ഇരിക്കുക. മുക്കാൽ മണിക്കൂറിന് ശേഷം ബാക്കിയുള്ള തേങ്ങാപ്പാലും ചേർക്കുക. ഇളക്കുന്നത് തുടരുക. അഞ്ച് മിനിറ്റ് ഇടവേള വെച്ച് ഓരോ ടീ സ്പൂൺ നെയ്യ് ചേർത്തു കൊണ്ടിരിക്കുക. ഇതിലേക്ക് കടലപ്പരിപ്പും ചേർക്കുക. ഒന്നര-രണ്ട് മണിക്കൂറിനുള്ളിൽ ഇത് ഒരു വിധം കുറുകി വരും. ഇതിലേക്ക് നുറുക്കിയ ഏലക്ക കൂടി ചേർത്ത് ഒരു 20 മിനിറ്റ് കൂടി ഇളക്കുക. ഉള്ളിൽ എണ്ണ തേച്ച ഒരു കിണ്ണത്തിൽ ഈ കൊഴുത്ത കട്ടിയുള്ള മിശ്രിതം ഒഴിച്ച് വെക്കുക. തണുക്കുമ്പോൾ മുറിച്ച് എടുക്കുക.

കിണ്ണത്തപ്പം (മധ്യകേരളം)

മദ്ധ്യകേരളത്തിലെ കിണ്ണത്തപ്പം

മധ്യകേരളത്തിലെ കിണ്ണത്തപ്പം.[1] മലബാർ കിണ്ണത്തപ്പത്തിൽനിന്നും വളരെ വ്യത്യാസമുള്ളതാണ്. വെളുത്ത നിറത്തിലാണ് കാണപ്പെട്ടുക. ഉണ്ടാക്കാൻ താരതമ്യേന എളുപ്പവുമാണ്.

ചേരുവകൾ

  1. അരിപ്പൊടി വറുത്തത് -2 കപ്പ്
  2. തേങ്ങ ചിരകിയത് -4 കപ്പ്
  3. പഞ്ചസാര -1 കപ്പ്
  4. നെയ്യ് -1 സ്പൂൺ
  5. ഏലക്കാപ്പൊടി -അര സ്പൂൺ
  6. ഉപ്പ് -1 നുള്ള്

തയ്യാറാക്കുന്ന വിധം

കിണ്ണത്തപ്പം [2] തയ്യാറാക്കാനായി ആദ്യം തേങ്ങചിരകിയതിൽ വെള്ളം ചേർത്ത് പിഴിഞ്ഞ് എടുക്കുക. ആദ്യം പിഴിഞ്ഞതിനുശേഷം അത്രയും വെള്ളം ചേർത്ത് രണ്ടാമതും മൂന്നാമതും പിഴിഞ്ഞെടുക്കുക. അരിപ്പൊടി ഈ തേങ്ങാപാലിൽ ചേർത്ത് അൽപം പോലും തരിയില്ലാതെ നല്ല കട്ടിയിൽ കലക്കിയെടുക്കുക. ഇതിന്റെ കൂടെ പഞ്ചസാര ചേർത്ത് ഇളക്കുക. ഏലക്കാപൊടിയും ചേർത്ത് ഇളക്കുക. അര മണിക്കൂർ അനക്കാതെ വെയ്ക്കുക. ഒരു കിണ്ണത്തിൽ നെയ്യ് പുരട്ടി അതിൽ നേരത്തെ തയ്യാറാക്കിയ മാവ് കനം കുറച്ച് ഒഴിക്കുക. അപ്പച്ചെമ്പിൽ വെച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക. ചെറിയ ചൂടിൽ തന്നെ കഷണങ്ങൾ ആക്കി മുറിക്കുക.

അവലംബം

  1. മധ്യകേരളത്തിലെ കിണ്ണത്തപ്പം, പാചക രീതി.
  2. മധ്യകേരളത്തിലെ കിണ്ണത്തപ്പം, തയ്യാറാക്കുന്ന വിധം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.