കാല്പനികത

1800കളിൽ ഒരു സാഹിത്യ മുന്നേറ്റമായി ആരഭിക്കുകയും, പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഫ്രാൻസ്, ബ്രിട്ടൻ മുതലായ രാജ്യങ്ങളിലെ സമസ്ത കലാമേഖലകളിലും ശക്തമായി നില നിന്ന കലാ, സാഹിത്യ, ബൌദ്ധിക മുന്നേറ്റമാണ് കാൽപ്പനികത (റൊമാന്റിസിസം). ഭാഗികമായി നവോത്ഥാന കാലഘട്ടത്തിലെ രാഷ്ട്രീയ, സാമൂ‍ഹിക, പ്രഭുത്വ കെട്ടുപാടുകളോടും കലയെയും പ്രകൃതിയെയും ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ച് വസ്തുനിഷ്ഠമാക്കാനുള്ള ശ്രമങ്ങൾക്കും എതിരായ ഒരു കലാപമായിരുന്നു കാൽപ്പനികത എന്നുപറയാം. ശക്തമായ വികാരങ്ങളെ കലാസ്വാദന അനുഭവത്തിന്റെ ഒരു പ്രധാന ഉറവിടമായി കാൽപ്പനികത പ്രതിഷ്ഠിച്ചു. ഭയം, ഞെട്ടൽ, പ്രകൃതിയുടെ ഉത്കൃഷ്ടതയെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാവുന്ന അത്ഭുതഭാവം തുടങ്ങിയ വികാരങ്ങൾക്ക് കാൽപ്പനികത ഊന്നൽ കൊടുത്തു.

വാണ്ടറർ എബോവ് ദ് സീ ഓഫ് ഫോഗ് by കാസ്പർ ഡേവിഡ് ഫ്രീഡ്രിച്ച്

ഫ്രഞ്ച് വിപ്ലവം, വ്യാവസായിക വിപ്ലവം എന്നിവയിലെ സംഭവ വികാസങ്ങളും തത്ത്വശാസ്ത്രങ്ങളും കാൽപ്പനികതയെ സ്വാധീനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. സമൂഹത്തെ മാറ്റി മറിച്ച കലാകാരന്മാരുടെയും തെറ്റായി മനസ്സിലാക്കപ്പെട്ടു എന്ന് കരുതപ്പെട്ട നായകന്മാരുടെയും നേട്ടങ്ങളെ കാൽപ്പനികത ഉയർത്തിക്കാണിച്ചു. കലയെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കൽപ്പങ്ങളിൽ നിന്നും സ്വതന്ത്രമാക്കിക്കൊണ്ട് വ്യക്തികളുടെ ഭാവനയെ ഒരു പ്രധാന ശക്തിയായി കാൽപ്പനികത അംഗീകരിച്ചു. ചരിത്രപരവും പ്രകൃത്യാലുള്ളതുമായ വിധിയുടെ അനിഷേധിത്വത്തിനു കാൽപ്പനികത വളരെ പ്രാധാന്യം കൊടുത്തു.

ഇതും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.