കപടശാസ്ത്രം

ശാസ്ത്രം എന്ന പേരിൽ വിശ്വസിക്കപ്പെടുകയോ പ്രചരിക്കപ്പെടുകയോ ചെയ്യുന്ന വിശ്വാസങ്ങളോ, സമ്പ്രദായങ്ങളോ, അവകാശവാദങ്ങളോ ആണ് കപടശാസ്ത്രം (Pseudo science) എന്ന് സാമാന്യേന വിശേഷിപ്പിക്കപ്പെടുന്നത്. ഇവകൾക്ക് ഉപോൽബലകമായ തെളിവുകളോ, വിശ്വാസ്യതയോ ഉണ്ടാവുകയില്ല[1]. ഇവ പലപ്പോഴു അംഗീകൃതമായ അടിസ്ഥാനശാസ്ത്ര സിദ്ധാന്തങ്ങൾക്ക് നിരക്കാത്തതും ശാസ്ത്രീയമാർഗങ്ങളിലൂടെ പരീക്ഷിച്ച് ബോധ്യപ്പെടാൻ കഴിയാത്തവയും ആയിരിയ്ക്കും. അവ്യക്തവും പരസ്പരവിരുദ്ധവുമായ ആശയങ്ങൾ, വ്യക്ത്യനുഭവങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ളതും പരീക്ഷണങ്ങളിലൂടെ ആവർത്തിക്കാൻ ശേഷിയില്ലാത്തവയുമായ അവകാശവാദങ്ങൾ, വിദഗ്ദ്ധപരിശോധനയോട് തുറന്ന സമീപനം കാണിക്കുന്നതിനുള്ള വൈമുഖ്യം എന്നിവയാണ് കപടശാസ്ത്രങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ[2]. പൊതുജനത്തിന് ശാസ്ത്രവിഷയങ്ങളിൽ ഉള്ള അറിവില്ലായ്മയോ, പരിമിതമോ അവ്യക്തമോ ആയ അറിവോ ഒക്കെ മുതലെടുത്ത് സാമ്പത്തികചൂഷണത്തിനും പ്രശസ്തിക്കും ആൾബലം ഉണ്ടാക്കുന്നതിനും ഒക്കെയുള്ള വിദഗ്ദ്ധമായ ഒരു ഉപാധി എന്ന നിലയിലാണ് പല കപടശാസ്ത്രശാഖകളും നിലനിൽക്കുന്നത്.

കപടശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ

കപടശാസ്ത്രങ്ങളെ തിരിച്ചറിയുവാൻ പൊതുവേ ശാസ്ത്രീയ രീതിശാസ്ത്രത്തിനെയാണ് ഉപയോഗപ്പെടുത്തുന്നത്. രീതിശാസ്ത്രങ്ങൾ അവ പ്രയോഗിക്കപ്പെടുന്ന ശാസ്ത്രശാഖയ്ക്കനുസരിച്ച് മാറാറുണ്ട് എങ്കിലും പരക്കെ അംഗീകരിക്കപ്പെട്ട ചില അടിസ്ഥാനസത്യങ്ങൾ സാമാന്യമായി ശാസ്ത്രജ്ഞർ ഉപയോഗിക്കാറുണ്ട്. അവകാശപ്പെടുന്ന ഫലങ്ങൾ എല്ലാവർക്കും സ്വയം ബോധ്യപ്പെടുന്ന വിധത്തിലുള്ളതാണോ എന്ന് പരീക്ഷിക്കുകയാണ് ഒരു രീതി. മറ്റൊന്ന് സമാനമായ സാഹചര്യങ്ങളിൽ ഇതേ ഫലം കൃത്യമായി പുനഃസൃഷ്ടിക്കാനും അംഗീകൃതശാസ്ത്രസിദ്ധാന്തങ്ങളിലൂടെയോ, അവകളുടെ സമ്മിശ്രണങ്ങളിലൂടെയോ ആ ഫലം വിശദീകരിക്കാനും കഴിയുമോ എന്ന് പരീക്ഷിക്കലാണ്. തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് മറ്റൊരു മാർഗം. ജർമൻകാരനായ കാൾ പോപ്പർ ആണ് ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വേർതിരിച്ചറിയാൻ ഈ രീതി മുന്നോട്ട് വെച്ചത്. ഉദാഹരണത്തിന് 'മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ്' എന്ന പ്രസ്താവന ശരിയെന്നോ തെറ്റെന്നോ തെളിയിക്കാൻ കഴിയാത്തതാണ് എന്നതിനാൽ ഇത് ശാസ്ത്രീയഅന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല. അവ്യക്തവും പർവതീകരിക്കപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങളും അംഗീകൃത ശാസ്ത്രങ്ങളിലെ സാങ്കേതികപദങ്ങളുടെ ദുരൂഹമായ മിശ്രണങ്ങളുമാണ് കപടശാസ്ത്രങ്ങളുടെ മറ്റൊരു പ്രകടമായ ലക്ഷണം. ഉദാഹരണത്തിന്, "ഭൂമിയിലെ ജൈവിക ഊർജ്ജത്തിന്റെ വിതാനം കാരണം കാന്തികബലരേഖകൾക്ക് മാറ്റം വരുത്തുകയും ന്യൂട്രോൺ കണങ്ങളെ ഉത്തരധ്രുവത്തിൽ നിന്നും ഭൂവൽക്കശിലകളിലൂടെ മധ്യരേഖാപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യുന്നു" എന്ന പ്രസ്താവന അടിസ്ഥാനശാസ്ത്രം അറിയാത്തവർക്ക് വളരെ ആധികാരികമായ ഒന്നായി തോന്നിയേക്കാം. അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികപദങ്ങളാണ് അതിനു കാരണം. എന്നാൽ ഇത്തരം പ്രസ്താവനകൾ പലപ്പോഴും പൊതുഭാഷയിൽ 'വെളുത്ത വേദന', 'നീളം കൂടിയ ജലദോഷം' എന്നൊക്കെ പറയുന്നതുപോലെ അബദ്ധപ്രസ്താവനയാണ്.

ചില കപടശാസ്ത്രങ്ങൾ

ഇത് കൂടി കാണൂ

അവലംബം

  1. ശാസ്ത്രവും കപടശാസ്ത്രവും, ഒരു സംഘം ലേഖകർ, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
  2. http://www.quackwatch.com/01QuackeryRelatedTopics/pseudo.html
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.