ഒടിവിദ്യ

ഒടിയന്മാർ എന്ന ഒരു വിഭാഗം ദുർമന്ത്രവാദികളുടെ പ്രാചീന ശത്രുസംഹാര മാർഗ്ഗമാണ് ഒടിവിദ്യ .

പ്രയോഗരീതി

രാത്രികാലങ്ങളിൽ ഒടിയന്മാർ കാളയായോ പോത്തായോ പൂച്ചയായോ മറ്റേതെങ്കിലും രൂപത്തിലോ വഴിയിൽ ഇരയെ കാത്തുനിൽക്കുന്നു. ഇര വരുമ്പോൾവഴിയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ആക്രമിക്കുകയാണ് ഒരു രീതി. ഇര ചിലപ്പോൾ അന്നേരം തന്നെ മരിക്കാം, അല്ലെങ്കിൽ പനിപിടിച്ചോ ബോധം മറഞ്ഞോ മരണത്തിനിരയാവാം. മറ്റൊന്ന് ഒരു കോലോ ഈർക്കിലിയോ എടുത്ത് ഇരയുടെ നേരെ കാണിച്ച് ഒരു മന്ത്രം ജപിക്കുന്നു. ശേഷം അത് ഒടിച്ചാൽ ഇര ഒടിഞ്ഞ് നിലത്തു വീണു മരിക്കും. [1] അതുമല്ലെങ്കിൽ ചിലപ്പോൾ ഒടിയർ ഇരയുടെ കൈകാലുകൾ ഒടിച്ച് വിടും. പേടിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുകയെന്ന ക്വട്ടേഷൻ ഗുണ്ടകളുടെ ആദ്യകാലരൂപമാണ് ഒടിവിദ്യ എന്ന് വേണമെങ്കിൽ പറയാം. പ്രത്യേകമായി തയ്യാറാക്കുന്ന മഷി ചെവിയുടെ പിന്നിൽ തേച്ചാണ് ഒടിയൻ വേഷം മാറുന്നതെന്നാണ് വിശ്വാസം. അതിനായി പ്രത്യേക വ്രതാനുഷ്ഠാനങ്ങളും ഉണ്ടെന്നു പറയപ്പെടുന്നു. മഷി പുരട്ടി വേഷംമാറി നിൽക്കും. ആക്രമിച്ചു കഴിഞ്ഞാൽ വീണ്ടും പഴയ രൂപത്തിലാവും.

മൃഗങ്ങളുടെ കൊമ്പും തോലും ഉപയോഗിച്ച് വേഷം കെട്ടി മനുഷ്യനെ പേടിപ്പിക്കുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് ദിവ്യത്വം വരുത്താനുണ്ടാക്കിയ കഥകളാണിതെല്ലാം എന്ന് ചിലർ ഇതിനെക്കുറിച്ച് പറയുന്നു. തങ്ങളെ പലവിധത്തിൽ പീഡിപ്പിക്കുന്ന ആൾക്കാരെ പകൽവെളിച്ചത്തിൽ നേരിട്ട് എതിർക്കാനാവാത്ത അധഃസ്ഥിതവിഭാഗക്കാരുടെ അവസാന രക്ഷാമാർഗ്ഗമാണിതെന്നും ചിലർ ഒടിവിദ്യയെ വിശദീകരിക്കുന്നു. പലർക്കും കേട്ടുകേൾവിയിൽ മാത്രം പരിചയമുള്ള ഒടിവിദ്യ അറിയാവുന്നവർ കേരളത്തിൽ വള്ളുവനാട് ഭാഗത്താണ് നിലനിന്നിരുന്നത്.

ഒടിവിദ്യ പരിഹാരങ്ങൾ

'ഒടി' ഇറക്കുന്ന ഗരുഡപഞ്ചാക്ഷര പ്രയോഗത്തിൽ വെളുത്ത ശംഖുപുഷ്പം സമൂലം അരച്ച് ആട്ടിൻപാലിൽ കലക്കിയതും മന്ത്രവും ഉപയോഗിക്കുന്നു. മരംകൊണ്ട് പാമ്പിനെ ഉണ്ടാക്കി മന്ത്രംകൊണ്ട് ആകർഷിച്ചാൽ ഒഴിയാബന്ധനം തീരുമെന്നും പറയുന്നു. പച്ചമഞ്ഞൾ ഇടിച്ചുപിഴിഞ്ഞ നീരിൽ ആയിരത്തൊന്ന് കുരുമുളകും ആയിരത്തൊന്നു തെച്ചിപ്പൂവും കൂടി ഉപദ്രവദേഹത്തിൽ ഉഴിഞ്ഞ് ഹോമം ചെയ്ത് പുരുഷോത്തമമന്ത്രവും ബന്ധനമന്ത്രവും ഉപയോഗിച്ചാണ് ബാധയിറക്കുന്നത്. ഇതിന് തലചുറ്റി ഉഴിഞ്ഞ ആണി പാലുള്ള വൃക്ഷത്തിൽ തറയ്ക്കണമമെന്ന് പറയുന്നു.

പണ്ട് ജീവിച്ചിരുന്ന ചെമ്പ്രയെഴുത്തച്ഛൻ എന്ന ഒരു മന്ത്രവാദി ഒടിവിദ്യപ്രയോഗത്തിന് പരിഹാരം നടത്തികൊടുക്കുമായിരുന്നു.[2]

അവലംബങ്ങൾ

  1. ഐതിഹ്യമാല
  2. ഐതിഹ്യമാല
3. http://www.mathrubhumi.com/extras/parampara/index.php?id=184663&pagenum=2
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.