ഉരുളക്കിഴങ്ങ്

മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് (ഇംഗ്ലീഷ്: Potato). ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ്‌ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌.[1] ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു[2]. 2005-ൽ യു. എൻ. ജനറൽ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സർക്കാരും വർഷാചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയർത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിർമാർജ്ജനവും വർഷാചരണം ലക്ഷ്യം വെക്കുന്നു.

ഉരുളക്കിഴങ്ങ്
Scientific classification
Kingdom:
Plantae
Division:
Magnoliophyta
Class:
Magnoliopsida
Subclass:
Asteridae
Order:
Solanales
Family:
Solanaceae
Genus:
Solanum
Species:
S. tuberosum
Binomial name
Solanum tuberosum
L.

കുലവും സ്ഥലവും

സൊളാനേസി കുലത്തിൽ പെട്ട ഉരുളക്കിഴങ്ങ് (സൊളാനം ട്യുബറോസം) ആദ്യമായി കൃഷിചെയ്തത് 8000 വർഷങ്ങൾക്കു മുൻപ് തെക്കേഅമേരിക്കയിലെ ടിറ്റിക്കാക്ക തടാകത്തിനു സമീപത്തായി ബൊളീവിയ - പെറു അതിർത്തിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. 1532-ൽ സ്പെയിനി‍ന്റെഅധിനിവേശത്തോടെ പെറുവിൽ നിന്ന് ഈ ഭക്ഷ്യവിള യൂറോപ്പിലേക്കും പിന്നീടു മറ്റുപ്രദേശങ്ങളിലേക്കും എത്തി.

പൊട്ടറ്റോ എന്ന പദം ബറ്ററ്റ എന്ന സ്പാനിഷ് പദത്തിൽ നിന്നാണു രൂപം കൊണ്ടത്. അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാൽ നാലാം സ്ഥാനത്തുള്ള ഈ ഭക്ഷ്യ വിള ലോകത്തിലേറ്റവും അധികം സ്ഥലത്തു കൃഷിചെയ്യുന്ന മുഖ്യ വിളയാണ്. ഇതുവരെ ഏകദേശം 7500 വ്യത്യസ്ത വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്, ഇതിൽതന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്

ഉരുളക്കിഴങ്ങ് ചെടി

ഉൽ‌പ്പാദനം

2007ൽ 32 കോടി ടൺ ഉരുളക്കിഴങ്ങാണ് ഉൽ‌പ്പാദിപ്പിക്കപ്പെട്ടത്. ഉൽ‌പ്പാദനത്തിൽ ഒന്നാം സ്ഥാനം ചൈനക്കാണ്. രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം റഷ്യക്കും, ഇന്ത്യക്കും. ഒരു വ്യക്തി ഒരു വർഷം ശരാശരി 103 കിലോഗ്രാം ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കൃഷിനടക്കുന്നുണ്ട്.

ഒറ്റനോട്ടത്തിൽ

ഉരുളക്കിഴങ്ങിന്റെ പൂവ്.
  • പ്രതിവർഷം ഏഴു കോടി ടൺ ഉരുളക്കിഴങ്ങു ചൈന ഉൽ‌പ്പാദിപ്പിക്കുന്നു.
  • ലോകത്തിലെ 100 കോടിയിലേറെ ആളുകൾ ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നു.
  • ഏകദേശം 125 രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു.
  • ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ച ഏറ്റവും വലിയ ഉരുളക്കിഴങ്ങ് ഉൽ‌പ്പാദിപ്പിച്ചത് ഇഗ്ലണ്ടിലാണ് - 1975 ൽ. തൂക്കം എട്ടു കിലോഗ്രാം.
  • ബഹിരാകാശത്തെത്തിയ ആദ്യ ഭക്ഷ്യവിളയാണ് ഉരുളക്കിഴങ്ങ്. 1995 ൽ കൊളമ്പിയയിലായിരുന്നു ബഹിരാകാശ യാത്ര.
  • ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ അതിലെ അന്നജം പഞ്ചസാരയായി മാറും. പാകംചെയ്യുമ്പോൾ ഉരുളക്കിഴങ്ങ് മധുരിക്കുന്നതിനുള്ള കാരണം ഇതാണ്.
  • ഏകദേശം 5000 ൽ പരം വ്യത്യസ്ത ഉരുളക്കിഴങ്ങു വിഭാഗങ്ങൾ പെറുവിലെ ലിമയിലുള്ള ഇൻറർനാഷനൽ പൊട്ടറ്റോ സെന്ററിൽ ഉണ്ട്.

ചിത്രശാല

അവലംബം

  1. http://www.pnas.org/cgi/content/full/102/41/14694
  2. http://www.khaleejtimes.com/DisplayArticleNew.asp?xfile=data/theworld/2007/October/theworld_October534.xml&section=theworld&col=

പുറത്തേക്കുള്ള കണ്ണികൾ

http://www.cipotato.org/

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.