ഇസ്‌ലാം
ഇസ്‌ലാം (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ് ആണ് ഈ മതത്തിലെ അവസാനത്തെ പ്രവാചകൻ. പ്രപഞ്ച സൃഷ്ടാവായ അല്ലാഹു നൽകിയ ധർമവ്യവസ്ഥയാണ് ഇത്. ആദം മുതൽ മുഹമ്മദ് വരെ അനേകം പ്രവാചകന്മാർ ഈ സന്ദേശത്തിന്റെ പ്രവാചകരായി നിയുക്തരായവരാണ്. "അല്ലാഹു" (അറബിയിൽ: ﷲ) എന്ന ഏകദൈവത്തിന്റെ വിശ്വാസത്തിലധിഷ്ഠിതവുമായ മതമാണ്. ഇസ്ലാമിന്റെ അനുയായികളെ മുസ്ലിംകൾ എന്ന് വിളിക്കുന്നു. ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാന വിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൈവദൂതനാണെന്നും അദ്ദേഹത്തിന് ജിബ്‌രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാനത്തെ ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് (ദൈവത്തിന്) മാത്രമായി സമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായി കൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്‌ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്‌ലാം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
ഇസ്ലാം മതം |
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
ഹനഫി • മാലികി |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
മസ്ജിദുൽ ഹറം • മസ്ജിദുന്നബവി |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഇസ്ലാമും വിമർശനങ്ങളും |
ഇസ്ലാം കവാടം |
ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യവംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട്[1] (ക്രിസ്തുമതം മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന് ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു.[2][3] ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.
നിരുക്തം
സ ,ല, മ ( sīn-lām-mīm)(سلم) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. മനുഷ്യൻ ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. [4] സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന ‘സലാം’ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. [5] ഖുർആനിൽ ‘ഇസ്‌ലാം’ എന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അനുസരണം, കീഴ്വണക്കം, സമാധാനം തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ‘ദീൻ’ അഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്.
വിശ്വാസങ്ങൾ
ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ്(സ്വ) നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വിശുദ്ധഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദാവൂദ് നബി (ദാവീദ്), മൂസ നബി (മോശെ), ഈസ നബി (യേശു ക്രിസ്തു) എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂർ , തൌറാത്ത്, ഇഞ്ചീൽ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്റെ പ്രവാചകത്വം എന്നും മുഹമ്മദ് നബി മുഖേന ഇസ്‌ലാം ഉണർത്തുന്നു.
ഇസ്ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർആനും പ്രവാചകചര്യയും(سنة) കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് ഖുർആൻ. പ്രസ്തുത ഖുർആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചകചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബുഖാരി, മുസ്‌ലിം, തിർമിദി, ഇബ്നു മാജ, അഹ്മദ്, നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ മുവത്വ, ദാരിമി, കൻസുൽ ഉമ്മാൽ തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.
ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാരമാണ്:
- ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്)
- ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ)
- ദൈവത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)[6]
- ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ൽ)
- അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. (ഖിയാമ)
- ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന് വിശ്വസിക്കുക. (ഖദ്‌ർ)[7]
ദൈവം
ഏകദൈവ വിശ്വാസമാണ് (തൗഹീദ്) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. "അല്ലാഹു" എന്ന അറബി വാക്കാണ് പൊതുവെ ഏകദൈവത്തെ കുറിക്കാൻ ഇസ്‌ലാം ഉപയോഗിക്കുന്നത്. ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ്(പേര്) അല്ലാഹു. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. എങ്കിലും സൗകര്യപ്രദമായ രീതിയിൽ "അവൻ" "നാഥൻ" തുടങ്ങിയ പുരുഷസംജ്ഞകൾ അല്ലാഹുവിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. അല്ലാഹു എന്നത് അറബി വാക്കായ അൽ (the), ഇലാഹ് (god) എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. അതുകൊണ്ട് തന്നെ അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്[8]. ഖുർആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1-പറയുക, ഏറ്റവും മുഖ്യമായ കാര്യം: അല്ലാഹു ഏകനാകുന്നു. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സർവ്വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു. 3-അവൻ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല; അവൻ സന്താനമായി ജനിച്ചിട്ടുമില്ല. 4-അവനു തുല്യനായി ആരും( ഒന്നും) ഇല്ല.
മലക്കുകൾ
മലക്കുകളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ്. ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാർ’ എന്ന് സാമാന്യാർത്ഥം നൽകാമെങ്കിലും ‘ദൂതൻ’ (മനുഷ്യപ്രകൃതി ഉള്ളതല്ല) എന്ന അർത്ഥവും കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ഖുർആൻ പ്രകാരം മലക്കുകൾക്ക് സ്വന്തമായി ചിന്താശേഷിയില്ല. അവ സമ്പൂർണ്ണമായും ദൈവത്തിന്റെ ആജ്ഞാനുവർത്തികളാണ്.[9], [10] ദൈവത്തിന്റെ ആജ്ഞയനുസരിച്ച് പ്രവാചകന്മാർക്കും മറ്റും സന്ദേശമെത്തിക്കുക, ദൈവത്തെ സ്തുതിക്കുക, ഓരോ മനുഷ്യരുടെയും കർമ്മങ്ങൾ രേഖപ്പെടുത്തുക, മനുഷ്യന്റെ കാലാവധിയെത്തുമ്പോൾ (മരണസമയത്ത്) ജീവനെടുക്കുക എന്നിവയെല്ലാമാണ് മലക്കുകളുടെ ജോലികളിലുൾപ്പെടുന്ന കാര്യങ്ങൾ. ഇപ്രകാരം പ്രവാചകന്മാർക്കും ദൈവദൂതന്മാർക്കും ദൈവിക സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കാണ് ‘ജിബ്‌രീൽ’ (ഗബ്രിയേൽ മാലാഖ).ഹിറാ ഗുഹയിൽ മുഹമ്മദ് നബിക്കു വഹ്‌യ് നൽകുവാനായി എത്തിയതും ജിബ്രീൽ മാലാഖയാണ്.
ഗ്രന്ഥങ്ങൾ
ഖുർആൻ
ഇസ്ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ[11] ഖുർആൻ പൂർണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. മുഹമ്മദ് നബി (സ) ക്ക് തന്റെ നാൽപതാം വയസ്സിൽ പ്രവാചകത്വം ലഭിക്കുകയും അന്നു മുതൽ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വർഷക്കാലയളവിൽ വിവിധ സന്ദർഭങ്ങളിലായി ജിബ്‌രീൽ(ഗബ്രിയേൽ) മാലാഖ മുഖേന അവതരിച്ചു കിട്ടിയ ദൈവിക സന്ദേശമാണ് ഖുർആൻ എന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികൾ ഖുർആൻ വചനങ്ങൾ എഴുതി വെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരുന്നു. കൽപ്പലകകൾ, തോൽ തുടങ്ങിയവയിൽ എഴുതി വെച്ചിരുന്ന ഖുർആന്റെ പുസ്തകരൂപത്തിലുള്ള ക്രോഡീകരണം നടന്നത് ഖലീഫ അബൂബക്റിന്റെ കാലത്താണ്.[12]
ഖുർആനിൽ 114 അദ്ധ്യായങ്ങൾ (സൂറത്) ആണുള്ളത്. ആകെ വചനങ്ങൾ (ആയത്ത്) 6236 ആണ്. ഖുർആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങൾ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർആനിക വചനങ്ങൾ “മക്കാ ജീവിതകാലത്ത് അവതരിച്ചത്“(മക്കി), “മദീനാ ജീവിതകാലത്ത് അവതരിച്ചത്”(മദനി) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മക്കയിൽ അവതരിക്കപ്പെട്ടവ മുസ്‌ലിം സമൂഹത്തിന് നൈതികവും ആത്മീയവുമായ ഉപദേശങ്ങളടങ്ങിയതും മദീനയിൽ അവതരിക്കപ്പെട്ടവ ധാർമ്മികവും സാമൂഹികവുമായ ഉപദേശങ്ങൾ ഉള്ളവയുമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.[13] ഖുർആന്റെ വ്യാഖ്യാന ശാസ്ത്രം തഫ്‌സീർ എന്നറിയപ്പെടുന്നു.[14]
ഖുർആൻ എന്ന അറബി ഭാഷാപദത്തിന്റെ അർത്ഥം ‘പാരായണം ചെയ്യപ്പെടേണ്ടത്‘ എന്നാണ്.[15] ‘ഖുർആൻ‘ എന്ന പദം അറബി ഭാഷയിൽ ആദ്യം ഉപയോഗിക്കപ്പെടുന്നത് ഖുർആനിൽത്തന്നെയാണ്.[16]
പൂർവ വേദങ്ങൾ
ഖുർആന് മുമ്പ് ദൈവത്തിൽ നിന്ന് മുൻ പ്രവാചകർക്ക് ഗ്രന്ഥങ്ങൾ അവതരിച്ചതായി മുസ്‌ലിംകൾ വിശ്വസിക്കുന്നു. അവയിൽ ചില ഗ്രന്ഥങ്ങളുടെ നാമങ്ങൾ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവ താഴെ.
- ഇഞ്ചീൽ (ഈസ നബിക്ക് അവതരിച്ചത്.)
- തൗറാത്ത് (മൂസ നബിക്ക് അവതരിച്ചത്.)
- സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്.)
- വേദഗ്രന്ഥങ്ങൾക്കു പുറമെ
- ശീസിന്റെ 50 ഏടുകൾ
- ഇദ്രീസിന്റെ 30 ഏടുകൾ
- മൂസയുടെ 10 ഏടുകൾ
- ഇബ്രാഹീമിന്റെ 10 ഏടുകൾ
- ഇവയും ദൈവത്തിൽ നിന്നവതരിച്ചതാണ്. [17]
പ്രവാചകന്മാർ
ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണു പ്രവാചകന്മാരിലുള്ള വിശ്വാസം. ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരിൽനിന്നും ദൈവം തിരഞ്ഞെടുത്തവരാണു പ്രവാചകന്മാർ . ഓരോ പ്രദേശങ്ങൾക്കും ജനസമൂഹങ്ങൾക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചകന്മാരുണ്ട്. പ്രവാചകൻമാർ നിയോഗിക്കപ്പെടാത്ത ഒരു സമൂഹവും ഉണ്ടായിട്ടില്ല എന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രവാചകന്മാരിൽ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് (സ) എന്ന് മുസ്‌ലിംകൾ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ട്[18]. പക്ഷെ ഇരുപത്തഞ്ച് പേരുടെ പേർ മാത്രമേ ഖുർആനിൽ പറഞ്ഞിട്ടുള്ളൂ. അവ താഴെ കൊടുക്കുന്നു:
പ്രവാചകന്മാരിൽ ആദ്യത്തേത് ആദം(അ) ആണെന്നാണ് സെമിറ്റിൿ വിശ്വാസം. യേശുവും, മോശെയും ഇസ്രായീൽ ജനതയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരാണെന്ന് മുസ്‌ലിംകൾ കരുതുന്നു.
അന്ത്യവിധിനാൾ
അന്ത്യവിധി നാളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലുൾപ്പെടുന്നു.[19] അന്ത്യവിധിനാളിൽ ദൈവം മനുഷ്യരെയെല്ലാം ഒരുമിച്ചു കൂട്ടുകയും അവരിൽ ദൈവിക കൽപ്പനയനുസരിച്ച് ജീവിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും നൽകുന്നുവെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.[20]ഖുർആൻ പ്രകാരം ഓരോ മനുഷ്യന്റെയും കർമ്മഫലം നിർണ്ണയിക്കപ്പെടുക ‘വിധിനിർണ്ണയത്തിന്റെ’ ദിവസമാണ്.
അന്ത്യനാളിൽ എല്ലാ മനുഷ്യരും ഒന്നിച്ചു കൂടുന്ന ഈ സ്ഥലത്തെ മഹ്ശറ എന്നു വിളിക്കുന്നു.
വിധിവിശ്വാസം
ഇസ്‌ലാമിക വിശ്വാസത്തിൽ ദൈവഹിതത്തെ പറ്റി വിവരിക്കുന്നത് "ദൈവം എല്ലാത്തിനെയും പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു" എന്നാണ്. ഇത് ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു. “പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേല്പിക്കേണ്ടത്"(9:51) "മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം അവർ ഭിന്നിച്ചപ്പോൾ (വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കുവാനും, (നിഷേധികൾക്ക്) താക്കീത് നൽകുവാനുമായി, അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവർ(ജനങ്ങൾ) ഭിന്നിച്ച വിഷയത്തിൽ തീർപ്പുകൽപ്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുക്കുകയുണ്ടായി. എന്നാൽ വേദം നൽകപ്പെട്ടവർതന്നെ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം അതിൽ(വേദവിഷയത്തിൽ) ഭിന്നിച്ചിട്ടുള്ളത് അവർ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ ഏതൊരു സത്യത്തിൽനിന്ന് അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്പര്യപ്രകാരം സത്യവിശ്വാസികൾക്ക് വഴി കാണിച്ചു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു"(2:213). ഈ ലോകത്ത് നല്ലതും ചീത്തയും അടക്കം എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധി അനുസരിച്ചാണ്. അല്ലാഹു അനുവദിക്കപ്പെടാതെ ഒന്നും തന്നെ സംഭവിക്കുകയില്ല. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ തിന്മക്കെതിരെയുള്ള ദൈവത്തിന്റെ അഭാവത്തെകുറിച്ച് പറയുന്നത് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയാത്ത ഒരു ഫലം ഭാവിയിൽ കിട്ടും എന്നാണ്. ഇസ്‌ലാമിക പണ്ഡിതന്മാർ സമർത്ഥിക്കുന്നത് എല്ലാകാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിലും മനുഷ്യന് ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, കഴിവുമുണ്ട്. അത് കൊണ്ട് അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവൻ തന്നെ ഉത്തരവാദിയായിരിക്കും.
കർമ്മങ്ങൾ
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ
- വിശ്വാസം പ്രഖ്യാപിക്കുക (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നുമുള്ള അടിയുറച്ച വിശ്വാസം)
- നിസ്കാരം (കൃത്യ നിഷ്ടയോടെയുള്ളനിർവഹിക്കുക)
- സകാത്ത് നൽകുക
- വ്രതം (റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക)
- തീർഥാടനം (പ്രാപ്തിയുള്ളവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹജ്ജ് നിർവഹിക്കുക)
മുഹമ്മദ് നബിക്ക് ശേഷം
ഖുലഫാഉർറാശിദുകൾ
ക്രി.വ. 632-ല് തന്റെ 63ാം വയസ്സിൽ മുഹമ്മദ് നബി അന്തരിച്ചപ്പോഴേക്കും അറേബ്യ മുഴുവനും ഇസ്‌ലാമിന് വിധേയമായിത്തിർന്നിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ അബൂബക്കറിനെ ഭരണകർത്താവായി തിരഞ്ഞെടുത്തു. അബുബക്കർ പ്രതിനിധി എന്നർത്ഥം വരുന്ന ഖലീഫ എന്ന പേർ സ്വീകരിച്ചു. അബൂബക്കറിനു ശേഷം ഖലീഫയായത് ഉമർ ആയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണ കർത്താവായിരുന്നു അദ്ദേഹം. ഉമറിന്റേതു പോലുള്ള ഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നു ഗാന്ധിജി പറഞ്ഞത് ഇദ്ദേഹത്തേക്കുറിച്ചാണ്. പിന്നീട് ഉസ്മാനും അദ്ദേഹത്തിനു ശേഷം അലിയും ഖലീഫമാരായി. ഈ നാലു പേരെ ഖുലഫാഉർറാശിദുകൾ എന്നു വിളിക്കുന്നു.
ഇസ്‌ലാം സ്വീകരിക്കൽ
'അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു' ; 'മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നുأشهد ان لا إلاه الا الله و اشهد أن محمد الرسول الله എന്നീ രണ്ടു സാക്ഷ്യ വചനങ്ങൾ മനസ്സിലുറപ്പിച്ച് ചൊല്ലി ഇസ്‌ലാമിക മത നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തി മുസ്‌ലിമാകുന്നു.
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
- ഇസ്ലാം വിശ്വാസികളുടെ ലോകജനസംഖ്യ (രാജ്യങ്ങൾ തിരിച്ചുള്ള പട്ടിക)
- Guinness World Records 2003, pg 102
- സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world (The second-largest religion in the world after Christianity, Islam is also the fastest-growing religion.)
- പി.ഏസ്., വേലായുധൻ. (1985). ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്. തിരുവനന്തപുരം, കേരള .: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,.
- സ്റ്റഡി ഖുർആൻ എന്ന സൈറ്റിലെ ലേൻ എഡ്വേറ്ഡ് വില്ല്യമിന്റെ ശബ്ദ താരാവലി. ശേഖരിച്ചത് 2007ഏപ്രിൽ 12
- ഖുർആൻ 2:136
- (സഹീഹു മുസ്‌ലിം)قال: {أن تؤمن بالله وملائكته وكتبه ورسله واليوم الآخر, وتؤمن بالقدر خيره وشره}(رواه مسلم)
- "Islam and Christianity", Encyclopedia of Christianity (2001): Arabic-speaking Christians and Jews also refer to God as Allāh.
- ഖുർആൻ 21:19-20
- ഖുർആൻ 35:1
- "Qur'an". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17-ൽ.
- Muhammad and his power|P.De Lacy Johnstone MA പേജ് 176
- "Islam". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്
-
- Esposito (2004), pp.79–81
* "Tafsir". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്
- Esposito (2004), pp.79–81
-
- Teece (2003), pp.12,13
* C. Turner (2006), p.42
- Teece (2003), pp.12,13
- "Qu'ran". Encyclopaedia of Islam Online. ശേഖരിച്ചത് 2007-05-02. : The word Qur'an was invented and first used in the Qur'an itself.
- വേദങ്ങൾ
- കുട്ടി, അഹമദ് (1993). ഇസ്ലാമിക വിജ്ഞാനകോശം. കോഴിക്കോട്, കേരളം: കലിമ ബുക്സ്. pp. pp. 529. Unknown parameter
|coauthors=
ignored (|author=
suggested) (help)CS1 maint: Extra text (link) - L. Gardet. "Qiyama". Encyclopaedia of Islam Online. ശേഖരിച്ചത് 2007-05-02.
- Smith (2006), p.89; Encyclopedia of Islam and Muslim World, p.565