അസുരൻ

ഹിന്ദുപുരാണപ്രകാരം അധികാരമോഹികളായ ഒരു വിഭാഗമാണ് അസുരന്മാർ. നന്മയുടെ മൂർത്തികളായ ദേവന്മാരുമായി മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും കശ്യപന്റെ മക്കളാണ്.[1]

മൈസൂരിലെ ചാമുണ്ഡി കുന്നിലുള്ള മഹിഷാസുര പ്രതിമ

ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ ദിതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ.

അസുരന്മാരെ പാപികളും രാക്ഷസന്മാരായി വിശേഷിപ്പിച്ചുപോരാറുണ്ട്. എന്നാൽ വേദകാലഘട്ടത്തിന്റെ തുടക്കത്തിൽ അസുരന്മാർക്ക് ദേവകളുടെ സ്ഥാനം നല്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാൽ പിൽക്കാലവേദഗ്രന്ഥങ്ങളിൽ ഇവരെ കൂടുതൽ അഹങ്കാരികളും അധികാരമോഹികളുമായാണ്‌ ചിത്രീകരിക്കുന്നത്. വരുണൻ അസുരനായിട്ടാണ് വൈദിക കാലഘട്ടത്തിൽ കണ്ടിരുന്നത്. പിന്നീട് ദേവനായി മാറ്റപ്പെടുകയുണ്ടായി.

ഗീതയിൽ

പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദേവന്മാരുടെ പ്രതിനായകസ്ഥാനത്താണ് അസുരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദേവന്മാർക്ക് ദേവഗുണമുള്ളപ്പോൾ അസുരന്മാർക്ക് രാക്ഷസഭാവമാണ് ഇവ കല്പിച്ചുനൽകിയത്. ഇഹലോകത്തിലെ എല്ലാ ചരാചരങ്ങൾക്കും ദൈവികഗുണവും അസുരഗുണവുമുണ്ടെന്ന് ഭഗവത് ഗീതയുടെ പതിനാറാം അധ്യായത്തിൽ (16.6) പറയുന്നു. അഹംഭാവം, അഹങ്കാരം, മിഥ്യാഭിമാനം, കോപം, നിഷ്ഠുരത, അജ്ഞത തുടങ്ങിയവയാണ് ഗീതയിൽ (16.4) അസുരഗുണങ്ങളായി വിശേഷിപ്പിക്കുന്നത്.

അവലംബം

  1. "Kasyapa". Encyclopedia Mythica. ശേഖരിച്ചത്: നവംബർ 13, 2008.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.