അവിയൽ

വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയൽ. മിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, മുരിങ്ങക്ക, പടവലങ്ങ, ബീൻസ്, പച്ചമുളക് എന്നിവയാണ്. ചിലർ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതൽ വിഭവങ്ങളുടെ കൂടെയോ അവിയൽ ഭക്ഷിക്കാം.

അവിയൽ

തയ്യാറാക്കുന്ന വിധം

ആദ്യമായി പച്ചക്കറികൾ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തിൽ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. മുക്കാൽ ഭാഗം വെന്ത് കഴിയുംമ്പോൾ തൈര്‌ ചെർത്ത്, ചിരകിയ തേങ്ങ, പച്ചമുളക് എന്നിവ അരകല്ലിൽ നന്നായ് അരച്ച് കറിയിൽ ചേർക്കുക. കുറച്ചു വെളിച്ചെണ്ണ തുവുക. കറിവേപ്പില തണ്ടൊടു കുടി ഇടുക. മധ്യ കേരളത്തിൽ തൈര് ചേർക്കാറില്ല.

കേരളത്തിന്റെ പല ഭാഗങ്ങളിലും പല വിധത്തിലാണ് അവിയലുണ്ടാക്കുന്നതു . എന്നിരിക്കിലും അവിയൽ മലയാളിയുടെ ഇഷ്ടവിഭവമാണ് . ആരോഗ്യത്തിനുത്തമവും സ്വാദിഷ്ഠവുമായ ഈ വിഭവം തികച്ചും കേരളീയമാണ് .ഉണക്കമീൻ ചേർത്തു മീനവിയലും മരച്ചീനി ചേർത്ത് മരച്ചീനി അവിയലും ഉണ്ടാക്കാറുണ്ട് . ഇത്തരത്തിൽ അവിയൽ പലതരത്തിലാണ് . എന്നാലും അവിയൽ എന്ന് പറഞ്ഞാൽ നേരത്തെ പറഞ്ഞിട്ടുള്ള പച്ചക്കറി അവിയലാണ് .

അവിയലിന്റെ ചരിത്രം

അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു .ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി . അപ്പോൾ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു . ബുദ്ധിമാനായ ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . തമ്പി ഉടനെ അവിടെക്കിടന്ന അരിഞ്ഞെറിഞ്ഞിരുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു .അവയെല്ലാം കൂടി ഏതാണ്ട് രണ്ടു വലിയ വട്ടികൾ നിറച്ചുണ്ടായിരുന്നു . അതിനെയെല്ലാം കൂടി ഒരു പാത്രത്തിലിട്ട് വേവിച്ച് എരിശ്ശേരി എന്ന കറിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പാചകമറിയാത്ത ഇരയിമ്മനും ബന്ധുവായ ബ്രാഹ്മണനും കൂടിയുണ്ടാക്കിയത് വേറെയൊരു കൊഴുത്ത സാധനമായി . അവ ചോറിനു വിളമ്പിയപ്പോൾ , അതിന്റെ അസാധ്യരുചിയും മണവും കണ്ടു ആൾക്കാർ തമ്മിൽ പിടിവലിയായത്രേ . തമ്പുരാനും കുറെയധികം ഭക്ഷിച്ചു . പിന്നീട് ഈ സാധനംതന്നെ ഇരയിമ്മൻ തമ്പി അവിയൽ എന്ന് പേരിടുകയും അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയിൽ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപ്പോൾ അത് മുമ്പത്തേതിനേക്കാൾ കൂടുതൽ രുചികരമായിത്തീർന്നു . അത്തരത്തിൽ അവിയലിന്റെ ജനനമുണ്ടായി .

പുറത്തേക്കുള്ള കണ്ണികൾ

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.