അറബിക്കടൽ

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് അറബിക്കടൽ (Arabian Sea). അറേബ്യൻ ഭൂപ്രദേശങ്ങളെ സ്പർശിക്കുന്നതിനാലാണ് ഈ പേരുവന്നത്. 2400 കിലോ മീറ്ററോളം വീതിയുള്ള ഈ കടലിന്റെ കിഴക്കു ഭാഗത്ത് ഇന്ത്യയും, വടക്ക് പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യൻ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കൻ വൻ‌കരയിലെ സൊമാലിയയും നിലയുറപ്പിക്കുന്നു. വേദ കാലഘട്ടങ്ങളിൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4652 മീറ്ററാണ്. ഇന്ത്യക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം. 3862000 ച.കി.മി വിസ്തീർണവും ശരാശരി 2734 മീറ്റർ ആഴവുമുണ്ട്. ഒമാൻ ഉൾക്കടൽ ഇതിനെ പേർഷ്യൻ ഉൾക്കടലുമായി ഹോർമുലസ് കടലിടുക്കു വഴി ബന്ധിപ്പിക്കുമ്പോൾ ഏഡൻ ഉൾക്കടൽ, ബാസൽ മൻഡേബ് വഴി ഇതിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യക്കും യൂറോപ്പിനും ഇടയിലെ പ്രധാനകച്ചവടമാർഗ്ഗത്തിന്റെ ഭാഗമായിരുന്നു ഈ കടൽ.

അറബിക്കടൽ
നിർദ്ദേശാങ്കങ്ങൾ18°N 66°E
പരമാവധി വീതി2,400 km (1,500 mi)
വിസ്തീർണ്ണം3,862,000 km2 (1,491,000 sq mi)
പരമാവധി ആഴം4,652 m (15,262 ft)

സിന്ധു നദിയാണ് അറബിക്കടലിലേക്ക് നേരിട്ടൊഴുകിയെത്തുന്ന പ്രധാന നദി. നർമദ, തപ്തി, മാഹി എന്നിവയും കേരളത്തിലെ ഒട്ടനവധി നദികളും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇന്ത്യ, ഇറാൻ, ഒമാൻ, പാകിസ്താൻ, യെമൻ, സൊമാലിയ മാലദ്വീപുകൾ എന്നീ രാജ്യങ്ങൾ അറബിക്കടലിന്റെ തീരഭൂമി പങ്കിടുന്നു. മുംബൈ, സൂററ്റ്, മംഗലാപുരം,കോഴിക്കോട്, കൊച്ചി(ഇന്ത്യ), കറാച്ചി, ഗ്വദാർ(പാകിസ്താൻ), ഏദൻ(യെമൻ) എന്നിവയാണ് അറബിക്കടൽ തീരങ്ങളിലെ പ്രധാന നഗരങ്ങൾ. മാലദ്വീപ്, ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവ പൂർണ്ണമായും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സഞ്ചയമാണ്. കൊച്ചി, മുംബൈ, കറാച്ചി, ഏഡൻ എന്നിവയാണ് അറബിക്കടലിലെ മുഖ്യ തുറമുഖങ്ങൾ.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.