അത്താഴം

രാത്രിയിലെ ഭക്ഷണമാണ് അത്താഴം. അല്ലിലെ തായം, (അതായത് രാത്രിയിലെ പങ്ക്) എന്നതാണ് അത്താഴം എന്ന പദത്തിന്റെ മൂലരൂപം. സംസ്കൃതത്തിൽ സായമാശം എന്നും തമിഴിൽ അത്താളം എന്നും പറയുന്നു.

അത്താഴത്തിന്റെ വിഭങ്ങൾ

അത്താഴം ലഘുവായിരിക്കണമെന്ന അർഥത്തിൽ അത്താഴം അത്തിപ്പഴത്തോളം എന്നും അത്താഴമുണ്ടാൽ അര വയറേ നിറയാവൂ എന്നും മറ്റും പഴഞ്ചൊല്ലുകളുണ്ട്. എന്നാൽ സാധാരണക്കാരുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനമായ ആഹാരം അത്താഴമാണ്. താഴ്ന്ന വരുമാനക്കാരിൽ ഭൂരിഭാഗവും പ്രാതലിനും കൂടി ഉദ്ദേശിച്ചുകൊണ്ടാണ് അത്താഴം തയ്യാറാക്കുന്നത്.

ആയുർവേദ വിധിയനുസരിച്ച് സന്ധ്യയ്ക്ക് അല്പം മുമ്പായിട്ടാണ് അത്താഴം കഴിക്കേണ്ടത്. ഉച്ചയ്ക്കുള്ള ആഹാരമാണ് 'മുത്താഴം. മുത്താഴം കഴിച്ചാൽ മുള്ളിലും കിടക്കണം എന്നും അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം എന്നും പഴമൊഴികൾ ഉണ്ട്.

അത്താഴത്തെപ്പറ്റി പല നാടൻപാട്ടുകളിലും, ആട്ടപ്രകാരത്തിലും ധാരാളം പരാമർശങ്ങളുണ്ട്. അത്താഴത്തിനു കണ്ണിമാങ്ങ പുളിയൻ മോരും കരിങ്കാളനും എന്നാണ് ആട്ടപ്രകാരത്തിലുള്ള വർണന. സ്ത്രീകളുടെ സദസ്സിനെ അത്താഴക്കോടതി എന്നും ദാരിദ്യത്തെ സൂചിപ്പിക്കുന്നതിന് അത്താഴപ്പട്ടിണി എന്നും പറയാറുണ്ട്. അത്താഴം മുട്ടിക്കുക എന്നാൽ ചെറിയ ഉപദ്രവങ്ങൾ വരുത്തിവയ്ക്കുക എന്നാണ് അർഥം. പുളവൻ, നീർക്കോലി മുതലായവ കടിച്ചാൽ അത്താഴം കഴിക്കാൻ പാടില്ലാത്തതുകൊണ്ട് ഇവയെ അത്താഴം മുടക്കികൾ എന്നു പറയാറുണ്ട്. അത്താഴത്തിന് ഇംഗ്ലീഷിൽ സപ്പർ (Supper) എന്നു പറയുമെങ്കിലും രാത്രിയിൽ നടത്തുന്ന വിരുന്നുകൾ ഡിന്നർ (Dinner) എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. യേശുവിന്റെ അന്ത്യവിരുന്നാണ് തിരുവത്താഴം. ക്ഷേത്രങ്ങളിൽ രാത്രിയിൽ നടത്തുന്ന ദേവപൂജയ്ക്ക് അത്താഴശീവേലി എന്നാണ് പറയുന്നത്. റംസാൻ നോമ്പുകാലങ്ങളിൽ അർധരാത്രിക്കുശേഷം അത്താഴം കഴിക്കാനായി ഓരോ ഗൃഹത്തിലും ചെന്ന് വ്രതക്കാരെ വിളിച്ചുണർത്തുന്ന ആളാണ് അത്താഴപക്കീർ. വിവാഹം മുതലായ അടിയന്തരങ്ങളുടെ തലേദിവസം നടത്തുന്ന സദ്യയ്ക്ക് അത്താഴമൂട്ട്, അത്താഴസദ്യ എന്നെല്ലാം പറയാറുണ്ട്. ക്ഷണിക്കാതെ അത്താഴമുണ്ണാൻ ചെല്ലുന്നതിനെ ഉദ്ദേശിച്ച് അത്താഴം കേറുക എന്നൊരു ശൈലിയും പ്രചാരത്തിലുണ്ട്.

ഇവ കൂടി കാണുക

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അത്താഴം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.